അല്‍റയ്യാന്‍ - ലോകകപ്പില്‍ വെയ്ല്‍സിനെതിരെ അമേരിക്കയുടെ ഗോളടിച്ചത് ലൈബീരിയന്‍ പ്രസിഡന്റ് ജോര്‍ജ് വിയയുടെ മകന്‍ തിമോത്തി. ബാലന്‍ഡോര്‍ നേടിയ ഏക ആഫ്രിക്കക്കാരനായ ജോര്‍ജ് മകന്റെ ലോകകപ്പ് അരങ്ങേറ്റം കാണാന്‍ ഗാലറിയിലുണ്ടായിരുന്നു. ലോകകപ്പ് കളിക്കാനാവാത്ത മികച്ച കളിക്കാരുടെ പട്ടികയിലാണ് എപ്പോഴും ജോര്‍ജ് വിയക്ക് സ്ഥാനം. ജോര്‍ജ് വിയ കളിക്കുന്ന കാലത്തോ ശേഷമോ ലൈബീരിയക്ക് ലോകകപ്പ് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അച്ഛന് സാധിക്കാത്ത സ്വപ്‌നം മകന്‍ അമേരിക്കന്‍ ടീമിലൂടെ സാധ്യമാക്കി.
പി.എസ്.ജി, എ.സി മിലാന്‍ തുടങ്ങിയ ടീമുകള്‍ക്ക് കളിച്ച ജോര്‍ജ് വിയ കളിയില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും രണ്ടാം ശ്രമത്തില്‍ ലൈബീരിയന്‍ പ്രസിഡന്റാവുകയും ചെയ്തു. അച്ഛനോടൊപ്പം തിമോത്തിയയുടെ അമ്മയും അമ്മാവനും കളി കാണാനുണ്ടായിരുന്നു.
ലോകകപ്പില്‍ ഗോളടിക്കുകയെന്നത് ഏതു കളിക്കാരന്റെയും സ്വപ്‌നമാണെന്നും കുടുംബത്തിന്റെ മുന്നില്‍ അതു സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും തിമോത്തി പറഞ്ഞു.
മുന്‍ അമേരിക്കന്‍ കളിക്കാരായ ക്ലോഡിയൊ റയ്‌ന, ഡാനിയേല്‍ ഈഗന്‍ ദമ്പതികളുടെ മകന്‍ ജിയൊ റയ്‌നയും അമേരിക്കന്‍ ടീമിലുണ്ട്. പക്ഷെ പരിക്കു കാരണം ഇറങ്ങിയില്ല.






