സൗദി അറേബ്യയും ആതിഥേയരായ റഷ്യയും ലോക ഫുട്ബോളിലെ ഏറ്റവും ഫോമിലുള്ള കളിക്കാരിലൊരാളായ മുഹമ്മദ് സലാഹിന്റെ ഈജിപ്തുമൊക്കെ അടങ്ങുന്ന ഗ്രൂപ്പെന്ന നിലയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നതാണ് ഗ്രൂപ്പ് എ. സൗദിയും റഷ്യയും തമ്മിലാണ് ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരം. ടൂർണമെന്റിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമുകൾ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ചരിത്രത്തിലാദ്യമാണ്.
റാങ്കിംഗിൽ പിന്നിലാണെന്നതിനു പുറമെ ഇരു ടീമുകളിലും ലോക നിലവാരത്തിലുള്ള കളിക്കാരുമില്ല. ഈ ടീമുകളിൽ ഏതാണ് മൂന്നാം സ്ഥാനത്ത് പോവുക എന്നതായിരിക്കും ചോദ്യം. ഈജിപ്തിനെ സൗദി അട്ടിമറിച്ചാൽ കണക്കുകൂട്ടൽ തെറ്റും.
ഉറുഗ്വായും ഈജിപ്തും മികച്ച കളിക്കാരുമായാണ് വരുന്നത്. ഈ ടീമുകൾ തമ്മിലുള്ള പോരാട്ടം ശ്രദ്ധേയമാവും. ലൂയിസ് സോറസും എഡിൻസൻ കവാനിയും ഒരു വശത്തും മുഹമ്മദ് സലാഹും മുഹമ്മദ് അൽനെനിയും മറുവശത്തും. ഈജിപ്തിനെ തോൽപിച്ച് ഉറുഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാരാവാനാണ് സാധ്യത. ഉദ്ഘാടന മത്സരം ജയിച്ച ആശ്വാസവുമായി റഷ്യ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കാം.
ഈജിപ്തിന് 28 വർഷത്തിനു ശേഷം ലോകകപ്പ് യോഗ്യത നേടിക്കൊടുത്തതിൽ സലാഹിന്റെ പങ്ക് നിർണായകമാണ്. കോംഗോക്കെതിരായ മത്സരത്തിന്റെ 94 ാം മിനിറ്റിൽ കിട്ടിയ പെനാൽട്ടി സലാഹ് ലക്ഷ്യത്തിലെത്തിച്ചതോടെയാണ് ഈജിപ്തിന് നാടകീയമായി ബെർത്തുറപ്പിച്ചതും രാജ്യത്ത് ആഘോഷത്തിരമാലകൾക്ക് തുടക്കമിട്ടതും.
സൗദിയുടെ മുഹമ്മദ് അൽസഹ്ലവി യോഗ്യതാ റൗണ്ടിൽ 16 ഗോളടിച്ചിട്ടുണ്ട്. പോളണ്ടിന്റെ ബയേൺ മ്യൂണിക് സ്ട്രൈക്കർ റോബർട് ലെവൻഡോവ്സ്കിക്കും യു.എ.ഇയുടെ അഹ്മദ് ഖലീലിനുമൊപ്പം യോഗ്യതാ റൗണ്ടിലെ ടോപ്സ്കോററാണ് സഹ്ലവി.
ഈജിപ്തിന്റെ നാൽപത്തഞ്ചുകാരൻ ഗോൾകീപ്പർ ഇസ്സാം അൽഹദരി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായമേറിയ കളിക്കാരന്റെ റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങുകയാണ്.
2014 ലെ ലോകകപ്പിൽ കൊളംബിയയുടെ വല കാത്ത ഫരീദ് മോണ്ട്രാഗനാണ് നിലവിൽ ലോകകപ്പ് കളിച്ച പ്രായമേറിയ താരം, 43 വയസ്സും മൂന്നു ദിവസവും പ്രായമുണ്ടായിരുന്നു ഫരീദ് ലോകകപ്പിൽ കന്നി മത്സരത്തിന് ഇറങ്ങുമ്പോൾ.
അറിയാമോ? ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കളിക്കുന്ന പ്രഥമ ഏഷ്യൻ ടീമാണ് സൗദി അറേബ്യ.