ദോഹ - ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ കളിയില്‍ പരിക്കേറ്റ ഇറാന് ഗോളി അലിരിസ ബെയരന്‍വന്തിനെ കുറച്ചു സമയത്തേക്കെങ്കിലും തുടരാനനുവദിച്ചത് ഫിഫ ചട്ടങ്ങള്‍ക്ക് എതിര്. പരിക്കേറ്റ് തലകറക്കം അനുഭവിക്കുന്ന കളിക്കാരനെ തുടരാനനുവദിക്കരുത് എന്നാണ് ചട്ടം. എന്നാല്‍ മിനിറ്റുകള്‍ക്കകം ഗ്രൗണ്ടില്‍ കിടന്ന അലിരിസയെ മാറ്റേണ്ടി വന്നു.
അതികായനായ ഗോള്‍കീപ്പര്‍ നഷ്ടപ്പെട്ടത് ഇറാന് വലിയ തിരിച്ചടിയായി. ഫ്രീകിക്ക് തടുക്കാന്‍ ചാടുന്നതിനിടെ സഹതാരം മാജിദ് ഹുസൈനിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂക്കിന് ഇടിയേറ്റ ഗോളി ദീര്‍ഘനേരത്തെ ചികിത്സക്കു ശേഷം എഴുന്നേറ്റെങ്കിലും തുടരാനായില്ല. രണ്ടാം ഗോളി ഹുസൈന് ഹുസൈനി കളത്തിലിറങ്ങി. കഴിഞ്ഞ ലോകകപ്പിലെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു ബെയരന്‍വന്ത്. പോര്‍ചുഗലിനെതിരായ 3-3 സമനിലയില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ പെനാല്‍ട്ടി തടുത്തിരുന്നു. പ്രധാന സ്ട്രൈക്കര്‍ സര്‍ദാര്‍ അസ്മൂന് പരിക്കു കാരണം വിട്ടുനില്‍ക്കേണ്ടി വന്നതും ഇറാന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.






