ഖത്തര്‍-ഇക്വഡോര്‍
രാത്രി 7.00
ദോഹ - ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടന മത്സരത്തോടെ ലോകകപ്പ് ഫുട്ബോളിന് ഞായറാഴ്ച തുടക്കം. ഖത്തര്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരാണ്. പക്ഷെ ഒരിക്കലും ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. ഗ്രൂപ്പ് എ കടന്നു കിട്ടുക തന്നെ അവര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും. 2010 ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തുപോയി ആതിഥേയരായ ദക്ഷിണാഫ്രിക്ക അനുഭവിച്ച നാണക്കേട് ആവര്ത്തിക്കാതിരിക്കുകയാവും ഖത്തറിന്റെ പ്രഥമ ലക്ഷ്യം. കോടികളൊഴുക്കി ഖത്തര്‍ ലോകകപ്പിന് ഒരുങ്ങിയത് ആദ്യ ആഴ്ചയില്‍ ആവേശം പൊലിഞ്ഞുപോവാനല്ല.
ഉദ്ഘാടന മത്സരമാണ് ഖത്തറിന് ഒരു ജയം നേടാനുള്ള ഖത്തറിന്റെ ഏറ്റവും മികച്ച അവസരം. ഖത്തറിനെക്കാള്‍ ഫിഫ റാങ്കിംഗില്‍ അഞ്ച് സ്ഥാനം മാത്രം മുന്നിലാണ് ഇക്വഡോര്‍. ലോകകപ്പിനായി മാത്രമല്ല, ലോകകപ്പില്‍ കളിക്കാനും ഖത്തര്‍ ഒരുക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2019 ലെ കോപ അമേരിക്ക ടൂര്‍ണമെന്റിലും 2021 ലെ കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലും യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഒരു ഗ്രൂപ്പിന്റെ ഭാഗമായും അവര്‍ വമ്പന്മാരുമായി ഏറ്റുമുട്ടി. 2019 ലെ ഏഷ്യന്‍ കപ്പില്‍ കിരീടം നേടിയത് ഖത്തറിന്റെ പുരോഗതിയുടെ പ്രകടമായ തെളിവായിരുന്നു. എങ്കിലും ലോകകപ്പ് മറ്റൊരു തലത്തിലാണ്. സന്നാഹ മത്സരത്തില്‍ ജമൈക്കയോട് സമനില വഴങ്ങിയതും ക്രൊയേഷ്യയുടെ അണ്ടര്‍-23 ടീമിനോട് 0-3 ന് തോറ്റതും നിരാശപ്പെടുത്തി.
നാല്പത്താറുകാരനായ കോച്ച ഫെലിക്സ് സാഞ്ചസ് 2017 മുതല്‍ ചുമതലയിലുണ്ട്. അതിനു മുമ്പ് ഖത്തര്‍ അണ്ടര്‍-19 ടീമിന്റെ കോച്ചായിരുന്നു സ്പെയിന്കാരന്. ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിലാണ് തന്ത്രങ്ങള്‍ സാഞ്ചസ് മിനുക്കിയെടുത്തത്. വല്ലാത്ത സമ്മര്‍ദ്ദം ടീമിനു മേലുണ്ടെന്നും എന്നാല്‍ പതിവു പോലെ കളിക്കാനാണ് ടീം ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടേതായ ശൈലിയില്‍ ഒരുങ്ങും. പുറംബഹളങ്ങള് ബാധിക്കാതെ നോക്കും. ഗാലറിയില്‍ അറുപതിനായിരം പേരാണ് കാത്തിരിക്കുന്നതെന്നറിയാം. ഞങ്ങളുടെ ആദ്യ ലോകകപ്പാണ്. ഈ അനുഭവം ആവശമാക്കി മാറ്റാന്‍ ശ്രമിക്കും -കോച്ച് പറഞ്ഞു.
ആ ആഘോഷം അലങ്കോലമാക്കാനുറച്ചാണ് ഇക്വഡോര്‍ എത്തുന്നത്. ഈ ലോകകപ്പിലെ കറുത്ത കുതിരകളായേക്കാം ഇക്വഡോര്‍ എന്ന് ചിലരെങ്കിലും വിലയിരുത്തുന്നുണ്ട്. അവസാന നിമിഷം വരെ അവരുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരുന്നു. ബൈറന് കാസ്റ്റിയൊ എന്ന കളിക്കാരന്റെ ജന്മസ്ഥലവും ജനനത്തിയ്യതിയും സംബന്ധിച്ച തര്‍ക്കം ഫിഫയിലും സ്പോര്‍ട്സ് കോടതികളിലും പലതവണ കയറിയിറങ്ങി. എല്ലാം തീര്‍പ്പായത് കഴിഞ്ഞയാഴ്ച മാത്രം. അടുത്ത ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോയന്റ് വെട്ടിക്കുറച്ചതിനാല്‍ അതിന്റെ പ്രതിധ്വനി അടങ്ങിയിട്ടില്ല. കാസ്റ്റിയോയെ ഇക്വഡോര്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് സ്വാഭാവികം. എങ്കിലും ഗുസ്താവൊ അല്‍ഫാരോയുടെ ടീമില്‍ മികച്ച പ്രതിഭകളുണ്ട്. കളിക്കാര്‍ക്കായി അല്‍ഫാരൊ പ്രധാനമായും ആശ്രയിച്ചത് ഇന്‍ഡിപെന്‍ഡന്റെ ഡെല്‍ വാലി അക്കാദമിയെയാണ്. ബയര്‍ ലെവര്‍കൂസന്റെ ഡിഫന്റര്‍ പിയറൊ ഹിന്കാപും ബ്രൈറ്റന്റെ മിഡ്ഫീല്‍ഡര്‍ മോയ്സസ് സായ്സീദോയും റയല്‍ വാലിദോലിദിന്റെ ഗോണ്‍സാലൊ പ്ലാറ്റയുമൊക്കെ ടീമിലുണ്ട്. മൂവര്‍ക്കും ഇരുപതാണ് പ്രായം.
ഇക്വഡോര്‍ കളിക്കാരെ പണം നല്കി വശീകരിക്കാന്‍ ശ്രമിച്ചെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തുന്നുണ്ട്. അനാവശ്യ വിമര്‍ശനങ്ങള്‍ വേദനിപ്പിക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങളായി ഒരുങ്ങിയത് ശാന്തമായി കളിക്കാനും ബഹളങ്ങള്‍ അവഗണിക്കാനുമാണെന്ന് ഖത്തര്‍ കോച്ച് സാഞ്ചസ് പറഞ്ഞു. വികാരം നിയന്ത്രിച്ചാലേ മികച്ച കളി പുറത്തെടുക്കാനാവൂ എന്ന് കോച്ച് കളിക്കാരെ ഓര്‍മിപ്പിച്ചു. വര്‍ഷങ്ങളായി ഈ കളിക്കാര്‍ കുടുംബങ്ങൡ നിന്ന് അകന്നു നില്ക്കുന്നു. അത് വലിയ ത്യാഗമാണ്. അതിന്റെ ഫലമാണ് കളിക്കളത്തില്‍ കാണാന്‍ പോവുന്നത് -അദ്ദേഹം പറഞ്ഞു.






