ചെറിയുടെ സന്തോഷം,  നാട്ടിന്റെ ഉത്സവം 

കാടപ്പടിയിൽ നവീകരിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം നഫീസ അബൂബക്കർ നിർവഹിക്കുന്നു.
 ഡോ. ഇഖ്ബാലും നഫീസ ഉമ്മയും സംസാരിക്കുന്നു.
ഗ്രാമവാസികളുടെ സാന്നിധ്യം.

ഇന്ത്യയിലെ ഏറ്റവും ജനകീയ വിമാനത്താവളം കോഴിക്കോട്ടെ കരിപ്പൂർ വിമാനത്താവളമാണെന്ന് നിസ്സംശയം പറയാം. സാധാരണക്കാരുടെ സാന്നിധ്യം ഇതു പോലെ മറ്റൊരിടത്തും കാണാനാവില്ല. ഇവിടെ നിന്ന് പറന്നകലുന്നവരെ യാത്രയയക്കാനെത്തുന്നവരുടെ ആരവം ഒന്നു വേറെ തന്നെയാണ്. സ്വന്തക്കാരുമായി ഗൾഫിൽ നിന്നെത്തുന്ന വിമാനം പറന്നിറങ്ങുന്നത് കാണാൻ മതിലിൽ ചാടി നിൽക്കുന്നതൊക്കെ ആദ്യ ദശകങ്ങളിലെ കാഴ്ചയായിരുന്നു. രണ്ടും മൂന്നും ജീപ്പിലും കാറുകളിലുമായി യാത്ര അയക്കലും സ്വീകരിക്കലുമെല്ലാം കരിപ്പൂർ വിമാനത്താവളത്തിലെ പതിവ് രീതിയാണ്.  


പേര് കാലിക്കറ്റ് എയർപോർട്ടെന്നാണെങ്കിലും കാലിക്കറ്റ് സർവകലാശാല പോലെ ഇതും സ്ഥിതി ചെയ്യുന്നത് മലപ്പുറത്തിന്റെ തനിമ വിളിച്ചോതുന്ന ഗ്രാമത്തിലാണ്. കൊണ്ടോട്ടി, വേങ്ങര, ചേളാരി, കരിയാങ്കല്ല്, കാടപ്പടി പോലുള്ള പ്രദേശങ്ങളാണ് റൺവേയ്ക്ക് ചുറ്റും. ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളും ലോകമാകെ കീഴ്‌മേൽ മറിച്ചിട്ടും ഇതൊന്നും സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കാത്ത മേഖലയാണിതെന്ന് പറയാം. മനുഷ്യർ പരസ്പരം മുമ്പെന്ന പോലെ അടുത്തിട പഴകുന്നു.  സൗഹൃദങ്ങൾ പങ്ക് വെക്കുന്നു. ആഹ്ലാദാവസരങ്ങളിലും വിഷമഘട്ടത്തിലും ഈ ബെൽറ്റിലെ ഗ്രാമീണർ ഒരുമിക്കുന്നു. മനുഷ്യനന്മയുടെ ഗുണം ഏറ്റവും ദുഃഖകരമായ 2020 ഓഗസ്റ്റ് ഏഴിന് വിമാന ദുരന്തമുണ്ടായപ്പോൾ മലയാളികൾ അനുഭവിച്ചതുമാണല്ലോ. കോവിഡ് തുടങ്ങിയ കാലത്തെ പ്രവാസികളെ ഒഴിപ്പിച്ചു കൊണ്ടു വരുന്ന വന്ദേഭാരത് ഫ്‌ളൈറ്റാണ് അന്ന് രാത്രി മോശം കാലാവസ്ഥയിൽ റൺവേയിൽ തെന്നി മാറി താഴേക്ക് വീണത്. കനത്ത മഴയും കോവിഡ് ഭീഷണിയും വക വെക്കാതെ പ്രദേശത്തെ ആളുകൾ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. രണ്ടു പൈലറ്റുമാരും 19 യാത്രക്കാരുമാണ് സംഭവത്തിൽ മരിച്ചത്. പ്ലെയിൻ ക്രാഷ് എന്നു പറഞ്ഞാൽ മിക്കവാറും അതിലാരും ബാക്കിയാവാറില്ലെന്നതാണ് അനുഭവം. ഗുരുതരമായി പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രികളിലെത്തിക്കാൻ കൊണ്ടോട്ടിയിലേയും പരിസരങ്ങളിലേയും യുവാക്കൾക്ക് സാധിച്ചു. ചെങ്ങന്നൂരിലും ആലുവയിലും മഹാപ്രളയം ജീവിതം അസാധ്യമാക്കിയ വേളയിലും രക്ഷാ പ്രവർത്തനത്തിന് പുറപ്പെട്ടവരും ഈ മേഖലയിൽ നിന്നുള്ളവരാണ്. 


ഒരു കാര്യം തീർത്തു പറയാം. മലപ്പുറം ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ ഇപ്പോഴും അയൽപക്കത്ത് താമസിക്കുന്നതാരെന്നും എന്താണ് ഇടപാടെന്നും എല്ലാവർക്കുമറിയാം. കൊച്ചിയിലെ നൂറു കണക്കിന് അംബരചുംബികളായ മന്ദിരങ്ങളിൽ തൊട്ടടുത്ത ഫ്ലാറ്റിലാരെന്ന് പോലും ആർക്കുമറിയില്ലല്ലോ. മാഫിയകളുടെ വിക്രിയകൾ പുറത്തു വരുമ്പോഴാണ് എല്ലാവരും ആശ്ചര്യപ്പെടാറ്. കോഴിക്കോട് നഗരത്തിന്റെ പുതുതായി വികസിച്ച പ്രദേശങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. പോലീസിലെ പ്രത്യേക സ്‌ക്വാഡ് എൽ.എം.എസ്.ഡി പോലുള്ള മാരക മയക്കുമരുന്ന് പിടികൂടുമ്പോഴും മോഡലുകൾ ജീവനൊടുക്കുമ്പോഴുമൊക്കെയാണ് സാമൂതിരിയുടെ നഗരത്തിന്റെ ചില ഭാഗങ്ങളിലെ മാറ്റം നമ്മൾ ശ്രദ്ധിക്കുക. പതിനേഴ് വർഷമായി കൊണ്ടോട്ടിയ്ക്കടുത്ത കാടപ്പടിയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഹോമിയോ ഡോക്ടർ ഇഖ്ബാലിന് പറയാനുള്ളത് മനുഷ്യസ്‌നേഹത്തിന്റെ അവിസ്മരണീയ അനുഭവങ്ങളെ കുറിച്ചാണ്. മംഗലാപുരത്ത് നിന്ന് ബി.എച്ച്.എം.എസ് ബിരുദമെടുത്ത് നാട്ടിൽ പ്രാക്ടീസ് തുടങ്ങിയ വേളയിൽ  2005 ൽ ക്ലിനിക്കിലെത്തിയ ആദ്യ പേഷ്യന്റ് നഫീസ അബൂബക്കർ എന്ന സ്ത്രീയായിരുന്നു. മുട്ടുവേദനയ്ക്ക് ചികിത്സ തേടിയാണ് ക്ലിനിക്കിലെത്തിയത്.  അഞ്ചാറ് മാസം മരുന്ന് കഴിച്ചപ്പോൾ രോഗം ഭേദമായി. നേരത്തേ അയൽവാസിയായിരുന്നു ഇവർ. ഇപ്പോൾ താമസം കാടപ്പടിക്കടുത്ത ഇല്ലത്തുമാടയിൽ. ഇഖ്ബാലിന്റെ ക്ലിനിക്കിലെ രേഖകൾ പ്രകാരവും ഇവരാണ് ചികിത്സ തേടിയെത്തിയ ആദ്യ രോഗി. 
ഷെരീഫ്, റഷീദ്, നൗഷാദ്, ഹാരിസ്, ലുഖ്മാൻ എന്നിവരാണ് നഫീസയുടെ മക്കൾ. ഇവരെല്ലാം ഇഖ്ബാലിന്റേയും കൂട്ടുകാർ. 17 വർഷങ്ങൾക്കിപ്പുറം പിന്നിട്ട വാരത്തിൽ നവംബർ 14ന് നവീകരിച്ച  ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും ഇവർ തന്നെ. തികച്ചും  സന്തോഷകരമായ അനുഭവമായിരുന്നു ഇത്.  കണ്ണിന്റെ കാഴ്ച്ച 95 ശതമാനവും ഇല്ലാതെയും കാലിന് നടക്കാനുള്ള ശേഷി കുറഞ്ഞ്  വിശ്രമജീവിതത്തിലിരിക്കവേയാണ് അവരെത്തിയത്.  ഇഖ്ബാലിന്റെ  നിർബന്ധമായിരുന്നു ഉമ്മ തന്നെ നവീകരിച്ച ക്ലിനിക്ക് ഉദ്ഘാടനം ചെയ്യണമെന്ന്. 
കേരളത്തിൽ മറ്റൊരു ജില്ലയിലുമില്ലാത്ത വിധം വിളിപ്പേരുകളുടെ സ്വന്തം നാടാണ് മലപ്പുറം. മാനു, കുട്ടിപ്പു, കുഞ്ഞുട്ടി എന്നിങ്ങനെ പലതും. ചെറി എന്നാണ് ഇഖ്ബാലിന്റെ ഓമനപ്പേര്.  ഇവർ ഉദ്ഘാടകയായി മാറിയത് രസകരമാണ്.  ഈ വർഷാദ്യം ക്ലിനിക്ക് നവീകരണ ജോലി ആരംഭിച്ചു. ആ സമയത്ത് നഫീസയുടെ മകൻ ഹാരിസിനെ അങ്ങാടിയിൽ വെച്ച് ഇഖ്ബാൽ കണ്ടുമുട്ടി. ഉമ്മായെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് അവനോട് പറഞ്ഞു. ആ സമയം മകന് ഉമ്മയുടെ ഫോൺ കോൾ. ചെറി, അനക്ക് ഇന്നെയൊക്കെ ഓർമയുണ്ടോ, ഞാനല്ലേ അന്റെ ആദ്യ രോഗി. ഇവർ ഇത്രയും പറഞ്ഞു തീരുന്നതിനിടയ്ക്ക് ക്ലിനിക്ക് ഉദ്ഘാടനത്തിന് ക്ഷണിച്ചു. മരിച്ചില്ലേൽ എന്തായാലും അന്റെ സന്തോഷത്തിൽ പങ്കു ചേരാനെത്തുമെന്ന് അവർ വാക്ക് നൽകി. നഫീസ അബൂബക്കറിന് കാഴ്ച കുറഞ്ഞു വരികയാണ്. ജീവിതത്തിന്റെ എൺപതുകളിലാണ് അവർ. ഇതൊന്നും പക്ഷേ, ചെറിയെ അനുഗ്രഹിക്കാൻ നവീകരിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്താൻ അവർക്ക് തടസ്സമായില്ല. 
കൊണ്ടോട്ടിയിലും പരിസരങ്ങളിലെ ഗ്രാമ പ്രദേശങ്ങളിലുമുള്ളവർക്ക് ചികിത്സ ഗുണം ചെയ്തുവെന്ന തിരിച്ചറിവിലാണ് പുതിയ സംരംഭം തുടങ്ങിയത്. മെഡിക്കൽ കോളജിൽ നിന്ന് രക്ത പകർച്ച (ബ്ലഡ് ട്രാൻസ്ഫ്യൂഷൻ)  നടത്തിയാലേ രക്ഷപ്പെടുവെന്ന് വിധിയെഴുതിയ എട്ട് വയസ്സുള്ള പറമ്പിൽ പീടികയിലെ കുട്ടിയ്ക്ക് മൂന്ന് മാസം മരുന്ന് നൽകിയപ്പോൾ സാധാരണ നില കൈവരിക്കാനായതാണ് ആദ്യം നാട്ടുകാർക്കിടയിൽ സംസാര വിഷയമായത്.  മൂക്കിൽ ദശ വളരുന്ന (അഡെനോയ്ഡ്) അവസ്ഥ അലോപ്പതി ചികിത്സയിൽ ശസ്ത്രക്രിയയിലൂടെ മാറ്റുകയെന്നതാണ് പതിവ്. സർജറിയുടെ കോംപ്ലിക്കേഷൻ ഒഴിവാക്കി നിരവധി കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകി ആരോഗ്യം വീണ്ടെടുക്കാനായി. 


പ്രദേശവാസികൾക്ക്  നൽകിയ ശ്രദ്ധേയമായ ചികിത്സാനുഭവങ്ങൾ ഇഖ്ബാൽ ഓർത്തെടുത്തു.  പരപ്പനങ്ങാടിയിലെ ബിസിനസുകാരൻ ഫിറോസ് എന്ന മുപ്പത്തിയഞ്ചുകാരൻ ഗുരുതരമായ ആരോഗ്യ പ്രശ്‌നവുമായാണ് ക്ലിനിക്കിലെത്തിയത്. മൂത്രമൊഴിക്കുന്നത് പോലെ രക്തം പോവുകയെന്നതായിരുന്നു അസുഖം. ഹെമച്വേറിയ വിതൊട്ട് എനികോസ് എന്നാണ് മെഡിക്കൽ വിദഗ്ധർ ഈ അസുഖത്തെ വിശേഷിപ്പിക്കുന്നത്. മലപ്പുറം ജില്ലയുടെ മെഡിക്കൽ സിറ്റിയായ പെരിന്തൽമണ്ണയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലായിരുന്നു ഫിറോസ് ചികിത്സ തേടിയിരുന്നത്. അവിടെ നിന്ന് സംഗതി കൈവിടുമെന്നായപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്കോ നഗരത്തിലെ ബൈപാസ് റോഡിലെ പ്രധാന സ്വകാര്യ ആശുപത്രിയിലേക്കോ കൊണ്ടുപോകുന്നത് സംബന്ധിച്ചാണ് ബന്ധുക്കൾ ചർച്ച ചെയ്തിരുന്നത്. ഇതിലൊരു ബന്ധുവിന്റെ നിർദേശ പ്രകാരം കോഴിക്കോട്ടേക്ക് പോകുന്ന വഴിയിൽ കരുണയിലേക്ക് അഭിപ്രായമറിയാൻ കൊണ്ടുവന്നു. ഒറ്റ ഡോസ് മരുന്ന് നൽകിയതോടെ യുവാവിന്റെ അസുഖം പമ്പ കടന്നു. അനുഭവസ്ഥനായ ഫിറോസ് പിന്നീട് ഇതേ അസുഖമുള്ള പലരേയും ഇങ്ങോട്ട് റഫർ ചെയ്യാനും തുടങ്ങിയതോടെയാണ് ഡോ: ഇഖ്ബാലിന് പൂർണ തൃപ്തിയായത്. ഇൻഫെർട്ടിലിറ്റി ചികിത്സയെന്നത് ഇപ്പൊഴൊരു ബിഗ് ബിസിനസാണ്.

 

കരുണയിലെ ഇഖ്ബാലിന്റെ ഭാര്യ സീനത്ത് ബിന്ദ് സ്‌പെഷ്യലൈസ് ചെയ്യുന്നത് ഇതിലാണ്. ചുരുങ്ങിയ ചെലവിൽ ഇത് സാധ്യമാവുന്നു. ഇഖ്ബാലിന്റെ പിതാവ് അബ്ദുൽ ഹമീദ് ജിദ്ദയിലെ മുൻ പ്രവാസിയാണ്. കൊണ്ടോട്ടി നഗരത്തിൽ കരുണ എന്ന പേരിൽ അദ്ദേഹവും ചികിത്സാലയം നടത്തുന്നു. ഉദ്ഘാടന ചടങ്ങിൽ ഉമ്മ ഫാത്തിമാബി ടീച്ചറും പ്രമുഖ വ്യവസായിയും തലാൽ ഗ്രൂപ്പ് എം.ഡി അബ്ദുൽ സലാം ചൊക്ലിയും ബന്ധുക്കളും സുഹൃത്തുക്കളും പ്രദേശവാസികളും പങ്കെടുത്തു. നവീകരണത്തോടെ ക്ലിനിക്കിന്റെ സംവിധാനത്തിലും മാറ്റമുണ്ടായി. പുതുതായി ഒരു ഫാർമസിസ്റ്റെത്തി. ജർമനിയിൽ നിർമിച്ച ഔഷധങ്ങൾ കൂടുതലായി സ്‌റ്റോക്ക് ചെയ്തു. നവീകരിച്ച ക്ലിനിക്ക് ഉദ്ഘാടനം നഫീസ നിർവഹിച്ച കാര്യം ഫേസ്ബുക്കിലെത്തിയപ്പോൾ ഒരാൾക്കൊരു സംശയം. ചെറിക്ക് കൂടുതൽ രോഗികളെ കിട്ടണമേ എന്നായിരുന്നുവോ ദുആ എന്ന സംശയാലുവിന് നഫീസ ഉമ്മയുടെ മകൻ നൽകിയ മറുപടി  കരുണ ക്ലിനിക്കിലെത്തുന്ന രോഗികൾക്കെല്ലാം ഷിഫ നൽകണമേ എന്ന് പ്രാർഥിച്ചാണ് ഉമ്മ തിരിച്ചു പോയതെന്നാണ്.  

 

Latest News