മ്യൂണിക് - കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടു പേർ ഈ ലോകകപ്പ് വീട്ടിലിരുന്ന് കാണേണ്ടിവന്നേക്കും. ജർമനിയുടെ കഴിഞ്ഞ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ഗോൾകീപ്പർ മാന്വേൽ നോയർ ടീമിൽ പോലും എത്താൻ സാധ്യതയില്ല. ബയേൺ മ്യൂണിക്കിന്റെ അവസാന ജർമൻ ലീഗ് മത്സരത്തിലും നോയർ കളിക്കില്ലെന്നാണ് സൂചന. ഇടതു കാലിലെ ക്ഷതം കാരണം ഈ സീസണിന്റെ സിംഹഭാഗവും വിട്ടുനിന്ന നോയർ ഇനി ലോകകപ്പ് ടീമിലെത്താൻ സാധ്യത കുറവാണ്. പരിശീലനത്തിനിടെ പരിക്കേറ്റ നോയർ സെപ്റ്റംബറിനു ശേഷം കളിച്ചിട്ടില്ല.
ബയേൺ അവസാന ലീഗ് മത്സരത്തിൽ സ്റ്റുട്ഗാടുമായാണ് കളിക്കുക. ടീമിൽ നോയർ ഉണ്ടാവില്ലെന്ന് കോച്ച് ജൂപ് ഹെയ്ൻക്സ് പറഞ്ഞു. ഈ സീസണിൽ നോയർ ബയേണിന് കളിക്കുകയേ ഇല്ലെന്നായിരുന്നു ഹെയ്ൻക്സ് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് തിരുത്തി. ബയേണിന് ഈ സീസണിൽ മറ്റൊരു മത്സരം കൂടിയുണ്ട്. എയ്ൻട്രാഷ് ഫ്രാങ്ക്ഫർടിനെതിരെ മെയ് 19 ന് ജർമൻ കപ്പ് ഫൈനൽ. മുപ്പത്തിരണ്ടുകാരൻ ജനുവരിയിൽ കളിക്കളത്തിൽ തിരിച്ചെത്തേണ്ടതായിരുന്നു. പരിക്ക് ആവർത്തിക്കുമെന്ന ഭയം കാരണമാണ് തിരിച്ചുവരവ് വൈകുന്നത്. ഈ മാസം 15 ന് ജർമനി ലോകകപ്പ് ടീം പ്രഖ്യാപിക്കും.
കാൽമുട്ടിലെ പരിക്കാണ് ബ്രസീലിന്റെ ഡാനി ആൽവേസിനെ അലട്ടുന്നത്. മൂന്നാഴ്ചയെങ്കിലും മുപ്പത്തഞ്ചുകാരന് വിട്ടുനിൽക്കേണ്ടി വരുമെന്ന് പാരിസ് സെയ്ന്റ് ജർമാൻ അറിയിച്ചു. ചൊവ്വാഴ്ച ഫ്രഞ്ച് കപ്പ് ഫൈനലിൽ ലെ ഹെർബസിനെ നേരിടുമ്പോഴാണ് പി.എസ്.ജി താരത്തിന് പരിക്കേറ്റത്. മൂന്നാം ഡിവിഷൻ ക്ലബ്ബായ ലെ ഹെർബസിനെ 2-0 ന് തോൽപിച്ച് പി.എസ്.ജി കിരീടം നേടിയിരുന്നു. ആൽവേസിന്റെ കരിയറിലെ മുപ്പത്തെട്ടാമത്തെ കിരീടമാണ് ഇത്.
ബ്രസീൽ കോച്ച് ടിറ്റി തിങ്കളാഴ്ച ടീമിനെ പ്രഖ്യാപിക്കാനിരിക്കുകയാണ്.
ആൽവെസിന്റെ പി.എസ്.ജി സഹ താരം നെയ്മാർ കായികക്ഷമത നേടുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ് ബ്രസീൽ. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ നെയ്മാർ രണ്ടു മാസമായി കളിച്ചിട്ടില്ല. ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരം സ്വിറ്റ്സർലന്റിനെതിരെ ജൂൺ 17 നാണ്, അഞ്ചാഴ്ച ബാക്കിയുണ്ട്.