ലാഹോർ - വിവാഹാമോചന അഭ്യൂഹവാർത്തകൾക്കിടെ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് ജന്മദിനാശംസ നേർന്ന് ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്.
ജന്മദിനാശംസകൾ... സന്തോഷകരവും ആരോഗ്യപ്രദവുമായ ജീവിതം നേരുന്നു, ഈ ദിവസം ആഘോഷിക്കൂ എന്നായിരുന്നു മാലിക്കിന്റെ ട്വീറ്റ്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും മാലിക്കിന്റെ ജന്മദിനാശംസ ട്വീറ്റിനോട് സാനിയ പ്രതികരിച്ചിട്ടില്ല.
ദിവസങ്ങൾക്കു മുമ്പ് സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്‌റ്റോറിയാണ് മാലിക്കും സാനിയയും തമ്മിലുള്ള വിവാഹ മോചന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. 'തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ' എന്നായിരുന്നു സാനിയയുടെ പോസ്റ്റ്. ഇതിന് പിന്നാലെ പാക് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും ഇരുവരും വേർപിരിയാൻ സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഷുഹൈബ് മാലികിന്റെ ഒരു ഒഫിഷ്യൽ സ്റ്റാഫ് വിവാഹമോചനം നടന്നതായും ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂവെന്നും ഇതിലപ്പുറം തനിക്ക് പ്രതികരിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിമിഷംവരേയും സാനിയയോ മാലിക്കോ കുടുംബങ്ങളോ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും പരസ്യമാക്കിയിട്ടില്ല.






