Sorry, you need to enable JavaScript to visit this website.

മോചനത്തിന്റെ നീലാകാശം, അയ്യായിരം റിയാല്‍ അകലെ

ഒരു വിസ എന്നു കേള്‍ക്കുമ്പോള്‍ ഗള്‍ഫിലേക്ക് എടുത്ത് ചാടി പുറപ്പെടുന്നവര്‍ക്ക് ഖുന്‍ഫുദ ജയിലില്‍ മൂന്ന് വര്‍ഷമായി, ഇനിയും ഒരു പക്ഷേ അനന്തമായി നീണ്ടുപോയേക്കാവുന്ന തടവുമായി, ജീവിതം അനുഭവിച്ച് തീര്‍ക്കുന്ന മിഥുന്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

മിഥുന്‍- എന്നെയും നിങ്ങളെയുംപോലെ പ്രവാസമെന്ന മോഹവലയിത്തിലേക്ക് ലേബര്‍ വിസയില്‍  ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്ക് 4 വര്‍ഷം മുമ്പ് വിമാനം കയറിയ ബീഹാറുകാരന്‍, ഒന്നര ലക്ഷം രൂപ ഏജന്റിന് കൊടുത്ത് ഒരു തണുത്തുറഞ ഡിസംബറില്‍ റിയാദില്‍ വന്നിറങ്ങുന്നു. അവിടെനിന്നു 1500 കിലോമീറ്റര്‍ അകലെയുള്ള ഖുന്‍ഫുദയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പണിത് കൊണ്ടിരിക്കുന്ന ഡാമിലെ വര്‍ക്ക് സൈറ്റിലേക്ക് കമ്പനി ട്രാന്‍സ്ഫര്‍ ചെയ്തതോടെയാണ് മിഥുന്റെ പ്രവാസം ദുരിതത്തിലേക്ക് നീങ്ങുന്നത് .

ഡാം പണിക്ക് വന്ന മിഥുന് പക്ഷേ വളയം പിടിക്കാനാണ് നിയോഗം, ലൈസന്‍സ് എടുത്തിട്ടില്ല എന്നു പറഞ്ഞിട്ടും കമ്പനി സമ്മതിച്ചില്ല. ജോലി വേണോ, െ്രെഡവിംഗ് ചെയ്യണം. വീട്ടിലെ പ്രാരബ്ധം ആലോചിച്ചിട്ടോ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ സിമന്റ് കടത്തുന്നതിനേക്കാള്‍ നല്ലതാണെന്ന് തോന്നിയത് കൊണ്ടോ, മിഥുന്‍ െ്രെഡവിംഗ് ജോലി ഏറ്റെടുത്തു.

അധികമൊന്നും വാഹനങ്ങള്‍ കടന്നു വരാത്ത ആ ഉള്‍ഗ്രാമത്തില്‍, അന്ന് മിഥുനെ തേടിയെത്തിയത് ഒരു അപകട മരണമായിരുന്നു. അവനോടിച്ചിരുന്ന വാഹനത്തില്‍ സ്വദേശി കുടംബം സഞ്ചരിച്ചിരുന്ന വാഹനമിടിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു.

സൗദിയില്‍ ഗുരുതരമായ കുറ്റങ്ങളിലൊന്നാണ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത്. അതിനൊപ്പം ഒരു മരണംകൂടി സംഭവിച്ചാല്‍ പിന്നെ പറയണോ? കോടതിയും വ്യവഹാരവുമായി. 40 ലക്ഷം ഇന്ത്യന്‍ രൂപ ബ്ലഡ് മണിയായി നല്‍കണം. അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു കൂര പോലുമില്ലാത്തവന് 40 ലക്ഷം എന്നത് കിട്ടാക്കനിയാണന്ന് പറയേണ്ടതില്ലല്ലോ. അനന്തമായി ആയുഷ്ക്കാലം ജീവിതം ഇവിടെ തീരാതിരിക്കട്ടെ എന്ന് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ പറ്റും.

ഇത് വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ അറിവില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇവിടത്തെ നിയമങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക. ഒരു കാരണവശാലും ലൈസന്‍സില്ലാതെ വാഹനം ഓടിക്കരുത്. പുതിയ ട്രാഫിക് നിയമമനുസരിച്ച് ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പതിനായിരം മുതല്‍ 25000 വരെ റിയാല്‍ പിഴ ചുമത്താന്‍ വകുപ്പുണ്ട്, ഓര്‍മ്മിക്കുക.

ഇന്നലെ രാത്രി വാതിലില്‍ മുട്ടിയ അടുത്ത ജില്ലക്കാരനും പറയാനുണ്ടായിരുന്നത് സമാന കഥ തന്നെയായിരുന്നു. മൂന്ന് വര്‍ഷമായി ഹൗസ് െ്രെഡവറായി ജോലി തുടങ്ങിയിട്ട്. ഇതുവരെ ലൈസന്‍സ് എടുത്തിട്ടില്ല. ഇപ്പോള്‍ വാഹനം അപകടത്തില്‍പെട്ടു. അത് നന്നാക്കാനുള്ള പണം നല്‍കിയാല്‍ ജയിലില്‍ പോവാതെ കഴിയാം. ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ 15000 റിയാല്‍ റിപ്പയറിംഗ് ചിലവ്. മുറിവാടകയും ചിലവും കഴിഞ്ഞാല്‍ ബാക്കിയാവുന്നത് നിസ്സാരതുക. വിവരമറിഞ്ഞപ്പോള്‍ സ്‌പോണ്‍സര്‍ കയ്യൊഴിഞ്ഞു. നിസ്സഹായമായ ആ കണ്ണുകളിലേക്ക് നോക്കി നമുക്ക് എങ്ങിനെയാണ് അയാളെ  ആശ്വസിപ്പിക്കാന്‍ കഴിയുക.

അഭ്യര്‍ഥനയാണ്, എന്ത് പ്രലോഭനങള്‍ ഉണ്ടായാലും ഇത്തരം നിയമവിരുദ്ധമായ രീതിയില്‍ ജോലി ചെയ്യരുത്. നമുക്ക് നാം മാത്രമേ കാണൂ.

മിഥുനിലേക്ക്.....
മിഥുന്‍ ജയിലായിട്ട് നാല് വര്‍ഷമായി. ബ്ലഡ് മണിയായി കോടതി വിധിച്ചത് രണ്ടേകാല്‍  ലക്ഷം റിയാല്‍. ഓരോ തവണ ഇന്ത്യന്‍ എംബസി ജയില്‍ വിസിറ്റിംഗിന് വരുമ്പോഴും ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ പോംവഴിയില്ലാതെ അവരും കൈ മലര്‍ത്തി.
മിഥുന്‍ അത്രമേല്‍ ജയിലില്‍ പ്രിയപ്പെട്ടവനായത് കൊണ്ടാവാം, ജയില്‍ ഡയറക്ടര്‍ കോടതിക്ക് പുറത്ത് ഒരു ശ്രമം നടത്തിയത്. നിരന്തരമായ ചര്‍ച്ചകളും വിലപേശലും നടന്നു. പുറം തിരിഞ്ഞു നിന്ന കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി. പണം ആവശ്യപെട്ട കുടുംബത്തിനെ മിഥുന്റെ നിസ്സഹായാവസ്ഥ ബോധ്യപെടുത്തി. ആദ്യ ചര്‍ച്ചയില്‍ തന്നെ ഒന്നേകാല്‍ ലക്ഷം വിട്ടുകൊടുക്കാന്‍ സമ്മതിച്ചു. ഒരുലക്ഷം റിയാല്‍ എന്നത് പിന്നെയും  ബാലികേറാമലയാണ്. അമ്പതിനായിരം റിയാല്‍ കമ്പനിയില്‍നിന്നു ഈടാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. എന്നാലും വേണം അമ്പതിനായിരം.  

ജയിലധികൃതര്‍ പിന്നെയും കനിവ് കാട്ടി. അവിടെയുള്ള മുഴുവന്‍ ജോലിക്കാരെയും കൂട്ടി പതിനായിരം രൂപ അവര്‍ റെഡിയാക്കി. ബാക്കി 30000 റിയാല്‍  എവിടെനിന്നെങ്കിലും സംഘടിപ്പിക്കാന്‍ ആവശ്യപെട്ടു.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഈ അവസ്ഥയില്‍ ബാക്കി പണം കണ്ടെത്തുക പ്രയാസം തന്നെയാണ്. വീണ്ടും ചര്‍ച്ചയില്‍ അക്കാര്യം അപകടത്തിനിരയായ കുടുംബത്തെ ബോധ്യപെടുത്തി. മകനെയും മകളെയും നഷ്ടപെട്ട ആ പിതാവ് കനിഞ്ഞു. ഒരു ലക്ഷത്തില്‍ നിന്നു 75000 ആക്കി കുറച്ചു. അതായത് ഇനി അയ്യായിരം റിയാല്‍ കൂടി ഉണ്ടായാല്‍ നമുക്ക് മിഥുനെ പുറംലോകം കാണിക്കാം. ആരൊക്കെയാണ് സഹായത്തിനെത്തുക?

 

 

Latest News