ആർ.എസ്.എസുകാരന്റെ കോമ്പല്ലുകളും തുറുകണ്ണുകളും

സമാധാനം ജനങ്ങൾക്ക് അത്ര മേൽ പ്രിയപ്പെട്ട പോംവഴി ആയതുകൊണ്ടായിരിക്കുമോ മനുഷ്യ സ്‌നേഹം അഭിനയിക്കുന്ന മാലോകരെല്ലാം അലമുറയിടുന്നത്?
ഷുഹൈബിന്റെ കൊല ദയാവധമാണെന്നൊന്നും ഒരു സി. പി. എം നേതാവും ഇതുവരെ പറഞ്ഞിട്ടില്ല! നെയ്യാറ്റിൻകരയിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ സഖാവ് ടി. പിയെ കൊന്നത് തെറ്റാണെന്ന (നൈതിക കാരണങ്ങളാൽ അല്ല) അടക്കം നേതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. അകക്കമ്മിറ്റികളിലെങ്കിലും പിണറായി വിജയൻ പ്രതികരിച്ചത് അങ്ങനെയായിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ ഒരു അനുശോചനവും കൂടി അന്ന് നടന്നുവെന്നാണ് ഓർമ്മ. ഷുഹൈബിന്റെ വധവും പാർട്ടി സമ്മേളന സമയത്ത് നടന്നത് ഇതുപോലെ ധർമ്മ നീതിയല്ല എന്നല്ല, എന്നു തന്നെയായിരുന്നു കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ഉള്ളിലിരിപ്പ്. വല്ലാത്തൊരു ഗതികേടിലാണ് അവരും. അവരെ പിന്തുണക്കുന്ന സാംസ്‌കാരിക സാഹിത്യ നായകരും. സമയദോഷം ഒരു ഇടതു വ്യതിയാനമാണെന്ന കാര്യം ഇപ്പോൾ സി.പി.എം അനുഭവിക്കുന്നുണ്ടാകും. അടിമുടി ആയുധമണിഞ്ഞ ആധുനിക ഭരണ കൂടങ്ങളെ സായുധ വിപ്ലവത്തിലൂടെ തോൽപിക്കൽ - ഇന്നൊരു സ്വപ്‌നം മാത്രമാണ്. 
കുറച്ച് ചെറുപ്പക്കാരുമായി ഗ്രാന്റ്മ എന്ന കപ്പലിൽ കരയ്ക്കടുത്ത് ബാറ്റിസ്റ്റയെ തോൽപിച്ച കാസ്‌ട്രോയും ചെഗുവേരയും ടീഷർട്ടുകളിലും ബനിയനുകളിലും മാത്രം? 
പിന്നെയെന്താണ് ചെയ്യുക? സർക്കാരുകളുടെ രൂപീകരണവും നിലനിർത്തലും? അത് പക്ഷേ ഒരുപാട് സഭാ മര്യാദകളിൽ കുടുങ്ങി നമ്മുടെ സ്വപ്‌നങ്ങളെ കരിച്ചു കളയില്ലേ? ഏതായാലും സഭകൾ പന്നിക്കൂടുകളാണെന്ന ലെനിനിസ്റ്റ് ആവേശം - പന്നികൾക്കെന്ന പോലെ യാഥാർത്ഥ്യ ബോധത്തിനും എതിരാണ്. ഒരു കാര്യം ഉറപ്പായും നമ്മൾ പറയണം. ഷുഹൈബുമാരെ കൊല്ലരുത്. ഇത് കൂട്ടായി പറയാൻ നേരത്തെ പറഞ്ഞ നല്ലവരായ സാഹിത്യകാരന്മാരെ കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് വിളിച്ചു പറയണം. ശാരീരികമായും ദുർബ്ബലരായ അവരെ സംരക്ഷിക്കാനുള്ള ഊർജം  കോൺഗ്രസുകാർ നശിപ്പിച്ചു കളയരുത്. കാരണം ആർ. എസ്. എസുകാർ കോമ്പല്ലുകളും തുറുകണ്ണുകളുമായി ഇപ്പോഴും രംഗത്തുണ്ട്.
കൊടുങ്ങല്ലൂരിൽ നിന്നും പല്ലുപോയ ഒരു അടിയന്തരാവസ്ഥാ തടവുകാരൻ.
                


 

Latest News