Sorry, you need to enable JavaScript to visit this website.

നാം സംസാരിച്ചില്ലെങ്കില്‍ ശവശരീരങ്ങള്‍ സംസാരിച്ചു തുടങ്ങും 

കശ്മീരിലെ സ്ഥിതിഗതികള്‍ ഏറെ ആശങ്കാജനകമാണ്. 1989 നോളം ഗുരുതരമാണ് കാര്യങ്ങള്‍. കാശ്മീരിനെ നിരീക്ഷിക്കുന്നവര്‍ വളരെ നിരാശയോടെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. സൈന്യം നടത്തുന്ന ഏറ്റുമുട്ടല്‍ കൊല കളില്‍ കൊല്ലപ്പെടുന്നവരുടെ സംസ്‌കാര ചടങ്ങുകള്‍ പൊതു മനസിന്റെ വളരെ കൃത്യമായ സൂചകങ്ങളാണ്. കശ്മീര്‍ പോലീസില്‍ അംഗങ്ങള്‍ ആയിരുന്ന പലരും ഹിസ്ബിലെക്കും മറ്റു ഭീകര ഗ്രൂപ്പുകളിലെക്കും ദിനം പ്രതി ഒഴിഞ്ഞു പോകുന്നു. സര്‍ക്കാരിന്റെ കടും പിടുത്തവും പിടിപ്പുകേടും സര്‍വോപരി ജനവിരുദ്ധമായ ഇടപെടലുകളും കശ്മീരികളെ ജനാധിപത്യ വിശ്വാസങ്ങളില്‍ നിന്ന് അകറ്റുകയും മത തീവ്രവാദ നിലപാടുകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇന്നലെ കൊല്ലപ്പെട്ട കോളജ് അദ്ധ്യാപകനും സംഘവും മഞ്ഞുകട്ടയുടെ മേല്‍പ്പാളി മാത്രമാണ്. അനേകം വിദ്യാ സമ്പന്നര്‍ ഇപ്പോള്‍ ഭീകര ഗ്രൂപ്പുകളില്‍ സജീവമാണ്. രഹസ്യങ്ങള്‍ ചോര്‍ത്താനും വേണ്ടയിടത്ത് പ്രവര്ത്തിക്കാനുമായി സര്‍ക്കാരിന്റെ ഏജന്‍സികളുടെ പിന്തുണയോടെ ഭീകര ഗ്രൂപ്പുകളില്‍ കടന്നു കൂടുകയും പിന്നീട് തന്റെ ചാര വേഷം അഴിച്ചു വച്ച് ഭീകരരെ സഹായിക്കുകയും ചെയ്യുന്ന കഥകള്‍ ഏറെ പുറത്തു വരുന്നുണ്ട്. മാര്‍ച്ചില്‍ നസീര്‍ അഹ്മദ് പണ്ഡിറ്റ് എന്ന പോലീസുകാരന്‍ കാലുമാറിയത് ഒരു ഉദാഹരണം മാത്രം. ഭീകര ഗ്രൂപ്പുകളില്‍ ചേരുകയും ആ വിവരം ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയ യില്‍ അറിയിക്കുകയും ചെയ്യുന്ന അത്ര നിര്‍ഭയരായിരിക്കുന്നു ഭീകരത.

അടുത്ത വര്ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ക്കു വിജയിച്ചു കയറണമെങ്കില്‍ പ്രധാനമായും മൂന്നു കാര്യങ്ങളില്‍ ശ്രദ്ധിക്കണം. അമിത്ഷായും നാഗ്പൂര്‍ ക്യാമ്പും ചേര്‍ന്ന് ഒരുക്കുന്ന കെണികളില്‍ ഒന്നാമാതായി ബാബറി മസ്ജിദ് പോലെയുള്ള സ്ഥിരം വര്‍ഗീയ കാര്‍ഡ് തന്നെ. രണ്ടാമതായി സാധ്യമാവുകയാണെങ്കില്‍ പാകിസ്ഥാനുമായി ഒരു സംഘര്‍ഷം സൃഷ്ടിച്ച്, ദേശീയത മുന്നില്‍ വച്ച് ജനങ്ങളെ സമീപിക്കാം. മൂന്നാമത്തെ കാര്യം കശ്മീരിലെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ എടുത്തു കാണിച്ച് വര്‍ഗീയതയും ദേശീയതയും കലര്‍ന്ന മിക്‌സ് ഉപയോഗിച്ച് വോട്ടര്‍മാരെ സമീപിക്കാം എന്നതാണ്.

സാമ്പത്തിക നയങ്ങളിലും വിദേശ നയത്തിലും എല്ലാം തകര്‍ന്നു തരിപ്പണമായ ബിജെപി ഭരണത്തിന് രണ്ടുകാലില്‍ എണീറ്റു നില്‍ക്കാന്‍ വേറെ വഴികളൊന്നും നിലവിലില്ല. ബിജെപിയുടെ മുഴുവന്‍ പൊതുജന സമ്പര്‍ക്ക പരിപാടികളിലും 'ജിഹാദി' എന്ന് ആക്ഷേപിച്ചു പറയുന്നത് വെറുമൊരു വാചക പ്രയോഗമല്ല, ഭാവിയില്‍ ആര്‍ എസ് എസ്സുകാര്‍ കൊന്നൊടുക്കാന്‍ നിശ്ചയിച്ച ആള്‍ക്കൂട്ടത്തിന് പൊതുവായി നിശ്ചയിച്ച പേരാണത്.

കാശ്മീരിലെ പുതു തലമുറയുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടു മാത്രമേ അവരെ രാജ്യത്തോട് ചേര്‍ത്ത് നിര്ത്താനാവൂ. കൊന്നും കൊലവിളിച്ചും വീട്ടുകാരെ പിടിച്ചു കൊണ്ടു വന്ന് ഷീല്‍ഡ് ആക്കി നിര്‍ത്തി പിടി കൂടിയും നശിപ്പിച്ചും എത്ര കാലം ഒരു സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകാനാവും? പരമ്പരാഗതമായി ഉപയോഗിച്ച വെറുപ്പ് എന്ന ആയുധം കൈ വെടിയുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യ ബോധം സ്വന്തമാക്കുകയും ചെയ്യാതെ സമാധാനം കാംക്ഷിക്കുന്നത് വെറും സ്വപ്നമാണ്. രാജ്യത്തെ എല്ലാ രാഷ്ട്രീയ നീക്കങ്ങളും നമ്മളെ എല്ലാവരെയും ബാധിക്കും എന്ന് അറിയുക. ബിജെപി പിന്തുണയുള്ള ബലാല്‍സംഗം രാജ്യത്തെ എത്ര നാണം കെടുത്തി എന്ന് ചിന്തിച്ചാല്‍ ഇക്കാര്യം പിടികിട്ടും. ഇത് നമ്മുടെ രാജ്യമാണ്. നമുക്ക് ബാധ്യതയുണ്ട്. നാം സംസാരിക്കണം. അല്ലെങ്കില്‍ ശവശരീരങ്ങള്‍ സംസാരിച്ചു തുടങ്ങും!

Latest News