ന്യൂഡല്‍ഹി- സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ ഗിനിയയില്‍ തടഞ്ഞുവെക്കപ്പെട്ട കപ്പലിലെ മലയാളിയായ ചീഫ് ഓഫീസര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശി സനു ജോസിനെയാണ് ഗിനിയ നാവിക സേന അറസ്റ്റുചെയ്തത്. കപ്പലിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളെന്ന നിലയിലാണ് സനു അറസ്റ്റിലായത്. ഗിനിയ നാവികസേനാ കപ്പലിലേക്കു മാറ്റിയ സനുവിനെ നൈജീരിയന്‍ നാവിക സേനയ്ക്ക് കൈമാറുമോയെന്ന് ആശങ്കയുണ്ട്. തടവിലായ മറ്റ് നാവികരെ തടവു കേന്ദ്രത്തില്‍ നിന്ന് കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്.
നാവികരുമായി ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും മോചിപ്പിക്കാന്‍ ശ്രമം തുടരുന്നതായും ഗിനിയയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് ഹെറോയിക് ഐഡന്‍ എന്ന കപ്പലിലെ 26 ജീവനക്കാരെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഗിനിയയില്‍ തടവിലാക്കിയത്. ഇവരില്‍ 16 പേര്‍ ഇന്ത്യക്കാരും ഒരാള്‍ പോളണ്ടുകാരനും ഒരാള്‍ ഫിലിപ്പൈന്‍ സ്വദേശിയും എട്ടുപേര്‍ ശ്രീലങ്കക്കാരുമാണ്.
ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ് കപ്പലിന്റെ ക്യാപ്റ്റന്‍. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും കപ്പലിലെ ജീവനക്കാരനാണ്. നാവിഗേറ്റിങ് ഓഫീസറാണ് ഇദ്ദേഹം. കൊച്ചി സ്വദേശിയായ മില്‍ട്ടനാണ് കപ്പലിലെ മറ്റൊരു മലയാളി.
നൈജീരിയയില്‍നിന്ന് ക്രൂഡ് ഓയില്‍ നിറച്ച് നോട്ടര്‍ഡാമില്‍ ഇറക്കാന്‍ നിര്‍ദ്ദേശം ലഭിച്ച കപ്പല്‍ നൈജീരിയയിലെത്തിയപ്പോള്‍ സാങ്കേതിക തടസ്സത്തെ തുടര്‍ന്ന് താമസമുണ്ടാവുകയായിരുന്നു. നൈജീരിയന്‍ അതിര്‍ത്തിയില്‍ അനുമതിക്കായി കാത്തിരിക്കവെയാണ് ഗിനിയയിലെ നേവി ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി ജീവനക്കാരെ അറസ്റ്റ് ചെയ്തത്. കപ്പലിനടുത്തേക്ക് ബോട്ട് വരുന്നതു കണ്ട് കടല്‍ക്കൊള്ളക്കാരാണെന്ന ധാരണയില്‍ അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്ക് കപ്പല്‍ മാറ്റിയിട്ടതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് അറസ്റ്റ് എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കപ്പലിന് രണ്ടു മില്യന്‍ യു എസ് ഡോളര്‍ പിഴയിടുകയും അത് അടക്കുകയും ചെയ്‌തെങ്കിലും ജീവനക്കാരുടെ മോചനോ കപ്പല്‍ വിട്ടുകൊടുക്കലോ ഉണ്ടായിട്ടില്ല. അറസ്റ്റ് നടന്ന് മൂസുമാസമായിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ പൗരന്മാരുടെ കാര്യത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തിയിട്ടില്ല.






