എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളു. പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി സർക്കാർ ആരംഭിച്ച വലിയ യജ്ഞത്തിന്റെകൂടി ആദ്യഫലങ്ങളാണ് ഈ എസ്.എസ്.എൽ.സി പരീക്ഷ. സർക്കാർ സ്‌കൂളുകളിൽ പോകുന്നത് അഭിമാനകരമായി മാറുന്ന അവസ്ഥ സംജാതമായിട്ടുണ്ടെന്ന് നിസ്സംശയം പറയാം. വിദ്യാലയങ്ങളുടെ മുഖച്ഛായയും മാറിവരുന്നു.
ടൈൽസ് പതിച്ച ക്ലാസ് മുറികളും സ്മാർട്ട് ബോർഡുകളും ഇന്റർനെറ്റ് അധിഷ്ഠിത അധ്യാപനവുമെല്ലാം സർക്കാർ വിദ്യാലയങ്ങളുടെ ഭാഗമായിരിക്കുന്നു. നൂറുകണക്കിന് സർക്കാർ സ്‌കൂളുകൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരാൻ തയാറായിരിക്കുകയാണ്. ജയിക്കുന്നവരെ മാത്രം പരീക്ഷയെഴുതിക്കുകയും അങ്ങനെ ജയിക്കുന്നവരുടെ മാത്രം വിദ്യാലയം എന്ന കൃത്രിമ പ്രതിച്ഛായ സൃഷ്ടിക്കുകയും ചെയ്യുന്ന സ്വകാര്യ വിദ്യാലയങ്ങളുടേതല്ല, മാനുഷിക മുഖമുള്ള, നന്മയുടെ പ്രസാരണമുള്ള, തോൽക്കുന്നവരുടേതു കൂടിയായ വിദ്യാലയങ്ങളായി അവ മാറുന്നതിൽ അഭിമാനമുണ്ടാകണം. തോൽക്കുന്നവർ അകറ്റിനിർത്തപ്പെടേണ്ടവരല്ല എന്ന ബോധവും അത് സൃഷ്ടിക്കണം.
സാമൂഹിക ബോധ പ്രചോദിതമായ സർക്കാർ വിദ്യാലയങ്ങളുടെ ഈ മാനുഷികമുഖം ഉയർത്തിക്കാട്ടി ജിസാനിൽ പ്രവാസിയും മാധ്യമ പ്രവർത്തകനുമായ താഹ കൊല്ലേത്ത് എഴുതിയ കുറിപ്പ് വായിക്കാം:
'എന്റെ പ്രിയ സുഹൃത്ത് ടി.ആർ. ബാബുവിൻറെയും വിജയലക്ഷ്മിയുടെയും മകൾ ഇന്ദു ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചതറഞ്ഞപ്പോൾ അതിയായ സന്തോഷവും അഭിമാനവും തോന്നി. സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങളിലും പല തവണ വിജയം കൊയ്തിട്ടുണ്ട് ഈ കൊച്ചു മുടക്കി. പ്രിയപ്പെട്ട ഇന്ദുമോൾക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ സ്മാരക സ്‌കൂളിൽനിന്നാണ് ഇന്ദു ഈ വിജയം നേടിയത്. ഇന്ദു അടക്കം 26 കുട്ടികൾ എ പ്ലസ് നേടിയ ഈ പൊതുവിദ്യാലയത്തിൽ പരീക്ഷയെഴുതിയതിൽ ഒരാൾ മാത്രമാണ് തോറ്റത്. ഒരു വിഷയത്തിൽ മാത്രം തോറ്റ ആ വിദ്യാർഥിയുടെ പരാജയം വലിയൊരു സത്യമാണ് നമ്മോട് വിളിച്ചുപറയുന്നത്. വിജയികളോടൊപ്പമെത്താൻ ആ കുട്ടിയും അധ്യാപകരും രക്ഷിതാക്കളുമെല്ലാം നടത്തിയ പരിശ്രമങ്ങൾ ലക്ഷ്യം കണ്ടില്ലെങ്കിലും അഭിനന്ദനാർഹമാണ്. വിജയം ഉറപ്പില്ലാത്ത ആ വിദ്യാർഥിയെ പരീക്ഷയിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിൽ സ്‌കൂളിന് നൂറുശതമാനം വിജയം നേടാമായിരുന്നുവെന്ന് ചിലർ വിചാരിക്കും. മിടുക്കന്മാർക്ക് മാത്രം പ്രവേശനം കൊടുത്ത് മോശക്കാരെ പരീക്ഷയെഴുതുന്നതിൽനിന്നു പോലും ഒഴിവാക്കി നൂറു ശതമാനത്തിൻറെ മേനി നടിക്കുന്ന നമ്മുടെ വിദ്യാഭ്യാസ കാപട്യങ്ങളെ സത്യസന്ധതകൊണ്ട് വെല്ലുവിളിച്ചിരിക്കുകയാണ് ഈ ഗ്രാമീണ പൊതുവിദ്യാലയം. ഞങ്ങളുടെ നാടിന്റെ അഭിമാനമായ ഈ വിദ്യാലയം കാണിച്ച സത്യസന്ധത നൂറു ശതമാനം വിജയത്തേക്കാൾ ആയിരമിരട്ടി തിളക്കമുള്ളതാണ്. നമ്മുടെ പൊതു വിദ്യാലയങ്ങൾ നൽകുന്ന വലിയ സാമൂഹിക പാഠമാണിത്.
ജയിക്കുന്നവരെ മാത്രമല്ല തോൽക്കുന്നവരെയും ലോകത്തിനു വേണം. പരീക്ഷകളിൽ വിജയിച്ചവർ തോറ്റുപോകുന്ന മറ്റു രംഗങ്ങളിൽ ഈ പരാജിതർക്ക് വിജയിക്കാൻ കഴിയുമെന്ന് തീർച്ചയാണ്. നമ്മുടെ കുട്ടികൾ തോറ്റുപോകുന്നത് അവരുടെ മാത്രം കുറ്റം കൊണ്ടല്ലെന്ന തിരിച്ചറിവ് നമുക്കു വേണം. ഒരു കാലത്ത് ഒത്തിരി കുട്ടികൾ തോറ്റിരുന്ന ഈ സ്‌കൂൾ ഇന്ന് എത്തി നിൽക്കുന്ന അഭിമാനാർഹമായ ഈ വിജയം വെറുതെ ഉണ്ടായതല്ല. അതിനു പിന്നിൽ കുട്ടികളുടെ കഠിനാധ്വാനത്തോടൊപ്പം അധ്യാപകരുടെ ആത്മാർഥമായ പരിശ്രമങ്ങളും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ജാഗ്രതയോടെയുള്ള ഇടപെടലുകളുമുണ്ട്. ഞങ്ങളുടെ സ്‌കൂളിന്റെ ഈ നേട്ടത്തിൽ അഭിമാനിക്കുന്നു.