Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രണ്ടുവിരൽ മുതൽ കുക്കടി വരെ; യുവതികളുടെ കണ്ണീർ വീഴ്ത്തുന്ന കാടൻ രീതികൾ!

പെണ്ണുങ്ങളുടെ ലൈംഗികാവയവത്തിൽ (യോനി) കൈയിടുകയോ? എന്തൊരു വൃത്തികെട്ട ചോദ്യമാണെന്നു പറഞ്ഞ് പലരും മുഖം ചുളിച്ചേക്കും. പക്ഷേ, ലജ്ജിക്കാതെ തരമില്ല. ബലാൽസംഗക്കേസിൽ സ്ത്രീയുടെ ലിംഗത്തിൽ ഡോക്ടർമാർ രണ്ടു വിരലിട്ട് നടത്തുന്ന (ടി.എഫ്.ടി) പരിശോധന രാജ്യത്തെ പരമോന്നത കോടതി നിരോധിച്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത് ഇന്നലെയാണ്. നിർമിതബുദ്ധിയും റോബോട്ടിക് സംവിധാനങ്ങളുമെല്ലാമായി നാട് വെളിച്ചത്തിലേക്ക് വഴിനടക്കുമ്പോഴും എത്ര പ്രാകൃതമാണ് നമ്മുടെ നാടും അതിനെ പിന്തുണയ്ക്കുന്ന ചിലരുടെയെങ്കിലും വൈകൃത മനസ്സുമെന്ന് വീണ്ടും ബോധ്യംവരുത്തുന്നതാണ് സുപ്രീംകോടതിയുടെ വിധി.
 സ്ത്രീശാക്തീകരണ പരിപാടികളും വനിതാക്ഷേമ പദ്ധതികളുമെല്ലാം അരങ്ങുവാഴുമ്പോഴും ഇത്തരം പ്രാകൃത രീതികളൊക്കെ ഇപ്പോഴുമുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ടാവാം. എന്നാൽ, ഉണ്ട് എന്നതാണ് സമകാലീന യാഥാർത്ഥ്യം. ഏറിയും കുറഞ്ഞും പല സംസ്ഥാനങ്ങളിലും ഇത് നിലനിൽക്കുന്നു. സംസ്‌കാരത്തിലും പാരമ്പര്യത്തിലുമെല്ലാം സത്രീകൾക്ക് പവിത്രമായ സ്ഥാനം വകവെച്ചു കൊടുത്തുവെന്ന് മേനി നടിക്കുമ്പോഴും അവരെ ചുറ്റിപ്പറ്റി പലവിധത്തിലുള്ള അന്ധവിശ്വാസങ്ങളും അരുതായ്മകളും മനുഷ്യാവകാശ ധ്വംസനങ്ങളും കൊടികുത്തി വാഴുകയാണിവിടെ. 

കന്യകാത്വം അഥവാ 'കുക്കടി പ്രഥ'

 നവവധുവിന്റെ കന്യകാത്വ പരിശോധനയായ 'കുക്കടി പ്രഥ' നടക്കുന്ന രാജ്യമാണ് നമ്മുടേത്. വിവാഹിതരായ ദമ്പതികളുടെ മധുവിധു വേളയിൽ വെളുത്ത വിരി വിരിച്ചാണീ പരിശോധന. 'കുകാരി കി രസ്' എന്നും ഇതിന് പേരുണ്ട്. വിവാഹശേഷം വധുവിനെയും വരനെയും ബന്ധുജനങ്ങൾക്കാപ്പം ലോഡ്ജിലേക്കോ ഹോട്ടലിലേക്കോ മറ്റോ അയക്കും. അതിനു മുമ്പ് ആയുധങ്ങളൊന്നും വധുവിന്റെ പക്കലില്ലെന്നുറപ്പാക്കാൻ വരന്റെ ബന്ധുക്കൾ അവളെ നഗ്നയാക്കി പരിശോധിക്കും. ശേഷം വരന്റെ കൈയിൽ നൽകുന്ന വെളുത്ത തുണിയിലൂടെ വധുവിന്റെ കന്യകാത്വം ഉറപ്പിക്കും. ലൈംഗികബന്ധത്തിനു ശേഷം വധുവിന്റെ രക്തംപൊടിഞ്ഞ തുണി വരന്റെ അമ്മയ്ക്കു കൈമാറുന്നു. നവവധുവരൻമാർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ബന്ധുക്കളായ ദമ്പതികൾ നവവധുവരന്മാരുടെ മുന്നിൽ ശാരീരികബന്ധത്തിലേർപ്പെടുന്ന കാടൻ സമ്പ്രദായമാണിത്. 
 സ്ത്രീയെ അപമാനിക്കുന്നുവെന്ന് മാത്രമല്ല, പരിശോധനയിൽ അവൾ പരാജയപ്പെട്ടാൽ വൻ ക്രൂരതകൾക്കും പീഡനങ്ങൾക്കും പിഴ ഒടുക്കാനും അവളും കുടുംബവും നിർബന്ധിതമാകുന്ന സാഹചര്യം. രാജസ്ഥാനിലെ ഗോത്രവർഗമായ സാൻസി വിഭാഗത്തിലും മഹാരാഷ്ട്രയിലെ കഞ്ചർബർട്ട് വിഭാഗങ്ങളിലും 'കുക്കടി പ്രഥ' ഇപ്പോഴും നടമാടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വാർത്തകളുമുണ്ടായി. സത്രീ കന്യകയാണോ എന്നറിയാൻ ജലപരീക്ഷയും അഗ്നിപരീക്ഷയും നടത്തുന്ന ഏർപ്പാടുമുണ്ട്. സ്ത്രീയുടെ തല വെള്ളത്തിൽ താഴ്ത്തി എത്രനേരം പിടിച്ചുനിൽക്കുമെന്ന് പരീക്ഷിക്കുന്നതാണ് ജലപരീക്ഷണം. ചുട്ടുപഴുത്ത ഇരുമ്പ് കയ്യിലേന്തി സ്ത്രീ കന്യകാത്വം തെളിയിക്കുന്നതാണ് അഗ്നിപരീക്ഷ. ഇതിന് കഴിഞ്ഞില്ലെങ്കിൽ മുൻ പങ്കാളിയുടെ പേര് പരസ്യമാക്കി ശിക്ഷ ഏറ്റുവാങ്ങുന്നതാണീ രീതി. മദ്ധ്യപ്രദേശിൽ സർക്കാർ നടത്തിയ സമൂഹവിവാഹത്തിൽ പങ്കെടുത്ത 350 നവവധുക്കളെ കന്യകാത്വ പരിശോധനയ്ക്കു വിധേയമാക്കിയതും വലിയ വിവാദമായിരുന്നു. അവസാനം, ഷഹദോൾ ജില്ലയിലെ ഗോർതാര ഗ്രാമക്കാരിയായ യുവതിയുടെ പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്താണ് അധികൃതർ തടിയെടുത്തത്. മുമ്പ് വിവാഹിതരായവർ സർക്കാർ ആനുകൂല്യം തട്ടിയെടുക്കാൻ വീണ്ടും സമൂഹവിവാഹങ്ങളിൽ പങ്കെടുക്കുന്നത് തടയാനാണീ പരിശോധനയെന്നാണ് ഉദ്യോഗസ്ഥർ അതിനായി ന്യായീകരണം നിരത്തിയത്. 
 അതിന്റെയെല്ലാം വേറൊരു പതിപ്പാണ് സത്രീയുടെ ലിംഗത്തിൽ രണ്ടുവിരലുകൾ കടത്തി ഡോക്ടർമാർ നടത്തുന്ന ടി.എഫ്.ടി (ടു ഫിംഗർ ടെസ്റ്റ്) ലിംഗ പരിശോധന. ഇതെല്ലാം അതി പ്രാകൃതവും സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണ്. ഇതിൽ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടികളെ രണ്ടുവിരൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത് നിരോധിച്ചതാണ് സുപ്രികോടതി വിധിയുടെ കാതൽ. അതിജീവിതകളുടെ സ്വകാര്യത, ശാരീരികവും മാനസികവുമായ അന്തസ്സ് എന്നിവയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണീ പരിശോധനകൾ. പുരുഷാധിപത്യ മനോഘടനയിൽനിന്നാണ് ഇത്തരം രണ്ടുവിരൽ പരിശോധനകൾ ഉണ്ടാവുന്നതെന്നാണ് വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയും അഭിപ്രായപ്പെട്ടത്. ഇന്നും ഇത്തരം പ്രാകൃത പരിശോധനകൾ തുടരുന്നുവെന്നത് ഖേദകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടു വിരൽ പരിശോധന നടത്തരുതെന്ന് നേരത്തെയും കോടതി നിർദേശം നല്കിയതാണ്. അതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നു മാത്രമല്ല, അത് ലൈംഗിക കുറ്റകൃത്യത്തിന് ഇരയായവരെ വീണ്ടും ഇരയാക്കി, ട്രോമയിലേക്കു തള്ളിവിടുകയാണ്. സജീവ ലൈംഗിക ജീവിതമുള്ള ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടില്ലെന്ന തെറ്റായ ധാരണയാണ് ഈ പരിശോധനയ്ക്കു പിന്നിലെന്നും കോടതി നിരീക്ഷിച്ചു. 
  ബലാത്സംഗ കേസിൽ സ്ത്രീയുടെ മൊഴിയുടെ സാധുതയ്ക്ക് അവരുടെ ലൈംഗിക ചരിത്രവുമായി ബന്ധമില്ല. സജീവ ലൈംഗിക ജീവിതമുള്ള ഒരു സ്ത്രീ, താൻ ബലാത്സംഗം ചെയ്യപ്പെട്ടെന്നു പറഞ്ഞാൽ വിശ്വസിക്കാതിരിക്കുന്നത് പുരുഷാധിപത്യ മനോഘടനയാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടു വിരൽ പരിശോധന നടത്തുന്നവർക്കെതിരെ പെരുമാറ്റ ദൂഷ്യത്തിനു നടപടിയെടുക്കാൻ നിർദേശിച്ച കോടതി ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും മാർഗനിർദേശം നല്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
 
കന്യകാത്വവും ബലാത്സംഗവും

  ആദ്യരാത്രി, കന്യകാത്വം എന്നതൊക്കെ സംബന്ധിച്ച് സമൂഹത്തിൽ ഇന്നും പലതരത്തിലുള്ള മൂഢവിശ്വാസങ്ങളും തെറ്റിദ്ധാരണകളുമുണ്ട്. ഒരിക്കലും ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത ഒരു സ്ത്രീയുടെ വിശുദ്ധിയെ കുറിക്കാനാണ് കന്യകാത്വം എന്ന വാക്ക് പൊതുവെ ഉപയോഗിക്കുന്നത്. ആദ്യ ലൈംഗികബന്ധത്തിൽ സ്ത്രീയുടെ യോനിനാളത്തിനുള്ളിലെ കന്യാചർമ്മം പൊട്ടി രക്തം വരുമെന്നും അതുവഴി അവൾ കന്യകയാണെന്നും കരുതുന്നതാണ് പരമ്പരാഗത വിശ്വാസം. അങ്ങനെ സംഭവിക്കാത്ത സ്ത്രീകളെ തിരിച്ച് അവളുടെ വീട്ടിലേക്കുതന്നെ അയക്കുന്ന പതിവുമുണ്ടായിരുന്നു. 
 സ്ത്രീയുടെ കന്യാചർമ്മം എന്നത് വളരെ നേർത്ത ഭാഗമാണ്. ഇത് കഠിനമായ ജോലി ചെയ്യുമ്പോൾ പൊട്ടാൻ സാധ്യതയുണ്ട്. അതല്ലാതെ, പുരുഷനുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ മാത്രമേ കന്യാചർമം പൊട്ടുകയുള്ളൂ എന്നൊന്നുമില്ല. സ്‌ട്രെസ്സ് ധാരാളമുള്ള കായിക ഇനങ്ങളിൽ ഏർപ്പെടുന്നതുൾപ്പെടെ വിവിധ കാരണങ്ങളാൽ സ്ത്രീക്ക് കന്യകാത്വം നഷ്ടമാവാം. ഇനി ഒരു സ്ത്രീ ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ അവളുടെ കന്യാചർമം പൊട്ടിയില്ലെന്നും രക്തം വന്നില്ലെന്നും വരാം. അതിനർത്ഥം അവൾ കന്യകയല്ലെന്ന് വിധി എഴുതാനാവില്ലെന്നു ചുരുക്കം. 
 ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗിക സമ്പർക്കത്തെയോ/അതിക്രമത്തെയോ ആണ് ബലാത്സംഗമായി കാണുക. ലൈംഗികാസ്വാദനത്തേക്കാൾ കീഴടക്കലിന്റെ കാമകേളീ അധികാരമാണ് പലപ്പോഴും ബലാത്സംഗത്തിലുള്ളത്. വിവാഹബന്ധത്തിൽ പോലും ധാരാളമായി ബലാത്സംഗം നടക്കാറുള്ളതായി പല കോടതിവിധികളും ചൂണ്ടിക്കാണിക്കുന്നു. ഇത് നാൾക്കുനാൾ വർധിച്ചുവരികയാണ്. ഓരോ ദിവസവും പേടിപ്പെടുത്തുന്ന നൂറുകണക്കിന് ബലാൽസംഗ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന കേസുകൾ അതിലും എത്രയോ കൂടുതലാവും. ഇതിനുള്ള ശിക്ഷയും സുരക്ഷാ ജാഗ്രതയും ബോധവത്കരണവുമെല്ലാം എമ്പാടുമുണ്ടെങ്കിലും ഈ ക്രൂരകൃത്യം ഇല്ലാതാവുന്നില്ലെന്നു മാത്രം.

എന്താണ് രണ്ടുവിരൽ പരിശോധന?

ലൈംഗിക അതിക്രമത്തിന് ഇരയായവളുടെ യോനിക്കുള്ളിൽ ഡോക്ടർ രണ്ട് വിരലുകൾ പ്രവേശിപ്പിച്ച് കന്യാചർമം കേടുകൂടാതെയുണ്ടോ എന്നുറപ്പാക്കുന്ന ശാരീരിക പരിശോധനയാണിത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് നിർണയിക്കാൻ, യോനിയിലെ പേശികളുടെ അയവ് പരിശോധിക്കുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ കന്യാചർമം കീറാമെന്നും സ്ത്രീയുടെ ലൈംഗികാവയവത്തിന്റെ രൂപമാറ്റം കണ്ടെത്താമെന്നും അനുമാനിച്ചാണ് ഈ പരിശോധന. ഇതിലൂടെ ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നു ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ലെന്നാണു ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷട്ര സംഘടയുടെയും മറ്റും വിലയിരുത്തൽ.  
 ഇത് ധാർമികമായും മനുഷ്യാവകാശപരമായുമെല്ലാം തെറ്റുമാണ്. ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവോ എന്നത് കന്യാചർമത്തിന്റെ അവസ്ഥ നോക്കി മാത്രം നിർവചിക്കാവതല്ല. സൈക്കിൾ ചവിട്ടുന്നത് മുതൽ സ്വയംഭോഗം വരെ പല കാരണങ്ങളാൽ കന്യാചർമത്തിന് ഭംഗമുണ്ടാവാൻ സാധ്യതയുണ്ടെന്നു വിവിധ മെഡിക്കൽ പഠനങ്ങളുണ്ട്. പരുക്കില്ലാത്ത കന്യാചർമം ലൈംഗികാതിക്രമത്തെ തള്ളിക്കളയുന്നില്ലെന്നും, പരുക്കുള്ള കന്യാചർമം മുൻകാലങ്ങളിലെ ലൈംഗിക ബന്ധമല്ല സൂചിപ്പിക്കുന്നതെന്നും ഗവേഷണങ്ങൾ ധാരാളമുണ്ട്. ചില സ്ത്രീകൾക്കു ജന്മനാതന്നെ കന്യാചർമം ഉണ്ടാകണമെന്നില്ല. ഒരിക്കൽ ലൈംഗിക അതിക്രമത്തിലൂടെ കടന്നുപോയ അതിജീവിതയെ വൈദ്യശാസ്ത്രം ഇത്തരം പരിശോധനകളിലൂടെ വീണ്ടും വീണ്ടും ശിക്ഷിക്കുകയാണെന്നു ചുരുക്കം.

'കുക്കടി പ്രഥ'യുടെ ചരിത്രം

  ഇന്ത്യയിൽ ബ്രിട്ടിഷുകാർ വന്നതിനുശേഷമാണ് 'കുക്കടി പ്രഥ' ശക്തമായതെന്നാണ് വിലയിരിത്തൽ. ബ്രിട്ടിഷുകാരുൾപ്പെടെ വിദേശികളിൽ ചിലർ, സ്ത്രീകളെ നിർബന്ധിച്ച് ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ശേഷം അവരെ ഉപേക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, രാജ്പുത് തുടങ്ങിയ ചില സമുദായങ്ങളിൽ മരുമകളാകുന്ന പെൺകുട്ടി നേരത്തേ ആരെങ്കിലുമായി ശാരീരികബന്ധം പുലർത്തിയിട്ടുണ്ടാകരുതെന്നു ഭർത്താവിന്റെ മാതാപിതാക്കൾ ശഠിച്ചു. അങ്ങനെയാണ് കന്യകാത്വ പരിശോധനയ്ക്കായി കുക്കടി സമ്പ്രദായം ഉണ്ടാക്കിയതെന്നാണ് ഒരു വാദം. സ്ത്രീകളുടെ ചർമവിശുദ്ധി പരിശോധിക്കലാണ് ഉദ്ദേശ്യമെങ്കിലും ഇതൊരു ധനസമ്പാദന ചൂഷണ മാർഗവുമായി. കന്യകാത്വം നഷ്ടപ്പെട്ടവളാണ് ഭാര്യ എന്നത് ഭർത്താക്കന്മാർക്ക് വരുമാനത്തിനുള്ള അവസരവുമാക്കി പലരും. കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ട യുവതിയുടെ വീട്ടുകാരിൽനിന്ന് തോന്നിയതുപോലെ പണം പിഴയായി ഈടാക്കുമത്രെ.

 
കന്യകാത്വം പാഠ-നിയമ പുസ്തകങ്ങളിൽ

 പാഠപുസ്തകങ്ങളിലും കന്യകാത്വം നിറംപിടിപ്പിച്ചാണുള്ളത്. അതിനാലാണ് 2019-ൽ മഹാരാഷ്ട്ര ആരോഗ്യ സർവ്വകലാശാല തങ്ങളുടെ എം.ബി.ബി.എസ് സിലബസിൽനിന്ന് 'കന്യകാത്വത്തിന്റെ ലക്ഷണങ്ങൾ' എന്ന പാഠഭാഗംതന്നെ നീക്കിയത്. രണ്ടാം വർഷത്തെ സിലബസിൽ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി എന്ന വിഷയത്തിലായിരുന്നു ഈ പാഠഭാഗം. സേവാഗ്രാമിലെ മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രൊഫസറായ ഡോ. ഇന്ദ്രജിത് ഖാണ്ഡേക്കർ ആണ് യാതൊരുവിധ ശാസ്ത്ര അടിത്തറയുമില്ലാതിരുന്നിട്ടും ദശാബ്ദങ്ങളായി പഠിപ്പിക്കുന്ന ഈ പാഠഭാഗം നീക്കണണമെന്ന് മഹാരാഷ്ട്രാ ആരോഗ്യ സർവ്വകലാശാലയോട് രേഖാമൂലം ആവശ്യപ്പെട്ടത്. 
 'എത്രയോ കാലമായി നമ്മൾ അശാസ്ത്രീയമെന്ന് തിരിച്ചറിയാതെ രണ്ടു വിരലുകൾ ഉപയോഗിച്ചുള്ള കന്യകാത്വ പരിശോധനയെ ആധികാരികതയോടെ പഠിപ്പിച്ചുപോരുന്നു. ഇത് അശാസ്ത്രീയമാണ് എന്നതുമാത്രമല്ല, ഒരു വ്യക്തിയുടെ, വിശേഷിച്ചും ലൈംഗിക പീഡനത്തിന് ഇരയായ ഒരാളുടെ മനുഷ്യാവകാശങ്ങളുടെ ക്രൂരമായ ലംഘനം കൂടിയാണ് ഇത്തരം പരിശോധനകൾ. അത് അവരുടെ ആത്മാഭിമാനത്തിന് ക്ഷതമുണ്ടാക്കും. ഒരു സ്ത്രീയുടെ കന്യകാത്വം എന്നത് അവരുടെ സ്വകാര്യമായ കാര്യമാണ്. അതേപ്പറ്റി മറ്റൊരാളും വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും ഡോ. ഖാണ്ഡേക്കർ കത്തിൽ വ്യക്തമാക്കി. ഒരു സ്ത്രീ കന്യകയാണെന്ന് എങ്ങനെ ഉറപ്പുവരുത്തും? കന്യകാത്വത്തിന്റെ വിവിധ ലക്ഷണങ്ങൾ? ട്രൂ വിർജിനിറ്റിയും ഫാൾസ് വിർജിനിറ്റിയും തമ്മിലുള്ള വ്യത്യാസം? എന്നതടക്കമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ സ്ത്രീവിരുദ്ധ ചോദ്യങ്ങൾ എത്രമാത്രം പരിഹാസ്യമാണെന്നും അദ്ദേഹം ഓർമപ്പെടുത്തുകയുണ്ടായി. 
 എന്നാൽ 'പുരുഷന്മാരുടെ വിർജിനിറ്റി' എങ്ങനെ കണ്ടുപിടിക്കാം എന്നൊരു സംശയം പോലും ആർക്കും ഇന്നുവരെ വന്നിട്ടില്ല. അത് സാധ്യമല്ലെന്ന് ശാസ്ത്രവും അംഗീകരിക്കുന്നു. ഒരു ക്രിമിനൽ കേസിലും, ഇരയായോ കുറ്റാരോപിതനായോ ഉൾപ്പെട്ട പുരുഷന്റെ വിർജിനിറ്റി ആ കേസിന്റെ മെറിറ്റിനെ ബാധിക്കുന്നില്ല. സ്ത്രീകളുടെ കാര്യം വരുമ്പോൾ മാത്രം എന്തിനാണ് നമ്മുടെ പോലീസ് സംവിധാനം അവരുടെ 'കന്യകാത്വം' പരിശോധിക്കാൻ തത്രപ്പെടുന്നത്? 
 കേരളത്തിലും കന്യകാത്വ പരിശോധനയ്ക്ക് വിധേയമാവണമെന്ന വിചിത്രമായൊരു നിർദ്ദേശം കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. തികച്ചും അപരിഷ്‌കൃതങ്ങളായ 'വിർജിനിറ്റി' ടെസ്റ്റുകൾ നടത്താൻ ഉത്തരവിടാൻ കോടതി പോലും ആശ്രയിക്കുന്നത് ഇത്തരം വൈദ്യശാസ്ത്ര പാഠപുസ്തകങ്ങളാണെന്നും അതിനാൽ ആദ്യം അവ സിലബസിൽ നിന്ന് തുടച്ചുനീക്കണമെന്ന് ഡോ. ഖാണ്ഡേക്കർ അടിവരയിടുകയുണ്ടായി. എന്തായാലും 'രണ്ടു വിരൽ കന്യകാത്വ പരിശോധന സ്ത്രീകളുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന' 2013-ലെ സുപ്രീം കോടതി ഉത്തരവിനെ കൂടുതൽ ബലപ്പെടുത്തുന്നതും ജനാധിപത്യഇന്ത്യയുടെ കണ്ണ് തുറപ്പിക്കേണ്ടതുമാണ് പുതിയ കോടതി വിധി.
 'ബലാത്സംഗത്തിന്റെയും ലൈംഗിക പീഡനങ്ങളുടെയും ഇരകൾ' സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിയാണോ എന്ന് പരിശോധിക്കണമെന്നാണ് പോലീസിന്റെ ഭാഗത്തുനിന്നും പീഡനക്കേസുകളിൽ മെഡിക്കൽ പരിശോധകന് കിട്ടുന്ന ആദ്യ നിർദേശം! ഈ പരിശോധനയുടെ സാംഗത്യം തന്നെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. ഇരയുടെ സെക്‌സ് ലൈഫും അവർക്കു നേരെ നടന്ന അതിക്രമവും തമ്മിൽ ബന്ധിപ്പിച്ച് എന്ത് വിശകലനമാണ് പോലീസ് നടത്താൻ ഉദ്ദേശിക്കുന്നത് എന്നത് ഏറെക്കാലമായി ഉയരുന്ന ചോദ്യമാണ്. മൂന്നു പതിറ്റാണ്ടിലേറെക്കാലം പഴക്കമുള്ള ഒരു സർക്കുലറിന്റെ ബലത്തിൽ ലൈംഗിക പീഡനക്കേസുകളിലെ പ്രതികളിൽ നിന്നും ശുക്ലം ശേഖരിക്കാനായി പോൺ വീഡിയോകൾ കാണിച്ചിരുന്നവരാണ് നമ്മുടെ പോലീസ് സംവിധാനം. പല ഭാഗത്തുനിന്നും ഉയർന്ന ശക്തമായ പ്രതിഷേധങ്ങൾക്കു ശേഷമാണ് ഈ പരിപാടി അവസാനിപ്പിച്ച് രക്തസാമ്പിളുകൾ ശേഖരിച്ച് അതിൽ നിന്ന് ഡി.എൻ.എ തെളിവുകൾ പരിശോധിക്കാൻ തുടങ്ങിയത്. ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പരിശോധനകൾക്ക് നിർബന്ധിക്കുന്നതിലൂടെ പീഡനങ്ങളുടെ ഇരകളെ വീണ്ടുമൊരു മാനസികക്ലേശത്തിന് വിധേയരാക്കുകയാണ് ചെയ്യുന്നത്. 'ഇന്ന് ശാസ്ത്രീയമായ എത്രയോ മാർഗങ്ങൾ സംശയദൂരീകരണത്തിന് നിലവിലുണ്ട്. ബയോടെക്‌നോളജി രംഗത്തുണ്ടായ പുരോഗതി ഡി.എൻ.എ മാച്ചിങ്ങ് പോലുള്ള പല സാങ്കേതിക വിദ്യകളും മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നിട്ടും ഇത്തരം പ്രാകൃത പരിശോധനാ മാർഗങ്ങളെ അവലംബിക്കുന്ന രീതി തീർച്ചയായും തൂത്തെറിയേണ്ടതു തന്നെയാണ്.
 എന്നാൽ, 2011-ലെ കേരളാ മെഡിക്കോ ലീഗൽ പ്രോട്ടോക്കോളും, 2013ലെ സുപ്രീം കോടതി വിധിയിലെ പരാമർശവും കൃത്യമായി മനസ്സിലാക്കിയ കേരളത്തിലെ ഒരു ഡോക്ടറും 'രണ്ടു വിരൽ' പരിശോധനയ്ക്ക് തയ്യാറാവുന്നില്ല എന്നതാണ് ലഭ്യമായ വിവരം. അങ്ങേയറ്റം അധാർമികമായ കന്യകാത്വ പരിശോധന പുരുഷാധിപത്യപരമായ ആശയമാണെന്നതിലും സംശയമില്ല. മാനുഷിക ധാർമികതയ്ക്കും മെഡിക്കൽ ധാർമികതയ്ക്കും എതിരായ ഈ പരിശോധന അതിജീവിതയുടെ സ്വകാര്യതയെ ലംഘിക്കുന്നതും മനുഷ്യവകാശങ്ങൾക്കു വിരുദ്ധവുമാണ്. ബോധവത്കരണത്തോടൊപ്പം ശക്തമായ നിയമനടപടിയും ഉണ്ടായാലേ രണ്ടുവിരൽ ഉൾപ്പെടെയുള്ള കുക്കടി ക്രൂരതകൾ ഫലപ്രദമായി തടയാനൊക്കൂ.
  'കുക്കടി പ്രഥ'യ്ക്ക് ഇരയായ സ്ത്രീ ഒരുപാട് ക്രൂരമുറകളാണ് നേരിടേണ്ടി വരുന്നത്. അങ്ങനെയുള്ള സ്ത്രീ നേരിട്ടുചെന്ന് പോലീസിനോട് പറഞ്ഞാൽ മാത്രമേ നിയമനടപടി സ്വീകരിക്കൂവെന്നാണ് പലേടത്തുമുള്ള സ്ഥിതി. വീട്ടുകാരെയും ഖാപ് പഞ്ചായത്തുകളെയും വെല്ലുവിളിച്ച് വിരലിൽ എണ്ണാവുന്ന സ്ത്രീകളേ ജീവഭയത്താൽ ആ വിധം പോലീസിനെ സമീപിക്കാൻ ധൈര്യംകാണിക്കൂ. ഭൂരിഭാഗം സ്ത്രീകളും ധാർമികച്യുതി നിറഞ്ഞ ഈ അനാചാരത്തെയും കഷ്ടതകളെയും ജീവിതകാലം മുഴുവൻ പേറാൻ വിധിക്കപ്പെടുകയാണ്. അവിടെയാണ് കോടതി വിധിയുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്.

ആപ്പിളും കിടക്കവിരിയിലെ രക്തക്കറയും

 ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം പ്രാകൃതമുറകളുണ്ട്. അർമേനിയയിൽ വധു കന്യകയാണോ എന്ന് തീരുമാനിക്കുന്നത് ആദ്യ രാത്രിയുടെ പിറ്റേന്നുള്ള പ്രഭാതത്തിൽ കിടക്കവിരിയിലെ രക്തക്കറ പരിശോധിച്ചാണ്. കിടക്കവിരി എല്ലാവർക്കും കാണാനായി തൂക്കിയിടണമത്രെ. തുടർന്ന് വരന്റെ ബന്ധുക്കൾ പരിശോധിച്ച് തൃപ്തരായാൽ അവർ വധുവിന്റെ മാതാപിതാക്കൾക്ക് സ്ഫടികത്തിൽ ചുവന്ന ആപ്പിൾ നൽകും. അങ്ങനെയാണ് ചുവന്ന ആപ്പിൾ കന്യകാത്വത്തിന്റെ പ്രിതീകമായതെന്നു ചിരിത്രം. എന്നാൽ ഒരു അന്താരാഷ്ട്ര വനിതാദിനത്തിൽ അർമേനിയയിലെ സ്ത്രീകൾ ഇതിനെതിരെ സംഘടിച്ച് പ്രതീകാത്മകമായി ആപ്പിളിന്റെ ശവസംസ്‌കാരം നടത്തി സമൂഹത്തെ ചിന്തിപ്പിക്കുകയുണ്ടായി. പ്രതിഷേധത്തിൽ സ്ത്രീകൾക്കൊപ്പം ഏതാനും പുരുഷകേസരികളും മുന്നോട്ടുവന്നതോടെ അർമേനിയൻ തലസ്ഥാനമായ യെരെവാൻ വാർത്തകളിൽ ഇടം നേടിയത് പലരും ഓർക്കുന്നുണ്ടാവും.
 സ്വന്തം കന്യകാത്വം ഓൺലൈൻ ലേലത്തിലൂടെ വിറ്റതിന്റെ പുകിലും നാം  കണ്ടതാണ്. നതാലി ഡൈലൻ (22) എന്ന അമേരിക്കൻ യുവതി 2008 സെപ്തംബറിൽ ഇന്റർനെറ്റിലൂടെ കന്യകാത്വം ലേലം ചെയ്യാൻ തീരുമാനിച്ചത് വലിയ ചർച്ചയ്ക്കിടെയാക്കിയിരുന്നു. പണത്തിനു വേണ്ടിയല്ല, സാമൂഹിക പരീക്ഷണം എന്ന നിലയ്ക്കാണ് കന്യകാത്വം ഇ-ലേലം വഴി വിറ്റഴിക്കാൻ തീരുമാനിച്ചതെന്നായിരുന്നു വിശദീകരണം. അന്ന് കോടികളാണ് ഇ-ടെണ്ടറിൽ വന്നത്. 38 ലക്ഷം യു.എസ് ഡോളറായിരുന്നു (ഏകദേശം 17 കോടി രൂപ) അവർക്കു ലഭിച്ച ഏറ്റവും ഉയർന്ന ബിഡ്. പിന്നെയും പലരും പേരുവിവരങ്ങൾ വെളിപ്പെടുത്തിയും അല്ലാതെയുമെല്ലാം ഇത്തരം ഇ-ലേലത്തിന്റെ ഭാഗമായി. 'വിർജിനിറ്റി കിറ്റുകൾ' ഓൺലൈനിലും ലഭ്യമാണ്.
  യു.എസിലെ മെഡിക്കൽ മാധ്യമമായ 'ഹെൽത്ത് ലൈൻ' പറയുന്നത് യുഎസ്, കാനഡ, സ്‌പെയിൻ, സ്വീഡൻ, നെതർലാൻഡ്‌സ്, ഈജിപ്ത്, ഇറാഖ്, ഇൻഡോനേഷ്യ, സിംബാംബ്‌വെ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഏറിയും കുറഞ്ഞും പലവിധ കന്യകാത്വ 'കുക്കടി' പരിശോധനകൾ നിലനിൽക്കുന്നുണ്ടെന്നാണ്. പരിശോധനയിൽ പരാജയപ്പെടുന്ന സ്ത്രീകൾക്കുള്ള ശിക്ഷ ഓരോ രാജ്യത്തും വ്യത്യസ്തമാണെന്നു മാത്രം. 
 1979ന് മുമ്പ്, യു.കെയിലെത്തി വിവാഹം കഴിക്കുന്ന ഇതര രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകൾ അതിഭീകരമായ വൈദ്യപരിശോധനകളിലൂടെ കന്യാകാത്വം തെളിയിക്കണമായിരുന്നു. ആ കിരാത നിയമത്തിന് അവസാനം കുറിച്ചത് ഒരു ഇന്ത്യൻ യുവതിയായിരുന്നുവെന്നതും ചരിത്രമാണ്. 1979 ജനുവരി 24ന് ഒരു ഇന്ത്യൻ യുവതി ഹീത്രോ വിമാനത്താളത്തിൽ വന്നിറങ്ങി. ഇന്ത്യൻ വംശജനായ തന്റെ പ്രതിശ്രുത വരനെ വിവാഹം കഴിക്കുകയായിരുന്നു ഉദ്ദേശ്യം. അക്കാലത്ത്, ബ്രിട്ടനിലേക്കു പ്രവേശിക്കുന്ന ആളുകൾക്ക് അവരുടെ പ്രതിശ്രുത വരനെ മൂന്നു മാസത്തിനുള്ളിൽ വിവാഹം കഴിക്കുമെങ്കിൽ വിസ ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ, യുവതിക്ക് കടുത്ത വൈദ്യപരിശോധന നേരിടേണ്ടി വന്നു. 35 വയസ്സുണ്ടായിരുന്ന യുവതി ഇതുവരെ വിവാഹം കഴിക്കാതിരുന്നതിനെപ്പറ്റിയായിരുന്നു എമിഗ്രഷൻ ഉദ്യോഗസ്ഥരുടെ സംശയം. ഇവർ വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും ആരോപണം ഉയർന്നതോടെ യുവതിയെ രണ്ടു വിരൽ പരിശോധനയ്ക്ക് അടക്കം നിർബന്ധിച്ചു. എന്നാൽ, യുവതി ശക്തമായി പ്രതികരിച്ചതോടെ ലണ്ടനിലെ പ്രധാന മാധ്യമങ്ങളുടെയെല്ലാം തലക്കെട്ടായി സംഭവം മാറി. പരിശോധനകൾ നടത്തിയെന്ന് സംശയിക്കുന്ന എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയെടുപ്പിക്കാനും അവരുടെ പോരാട്ടത്തിലൂടെ സാധിച്ചു. എന്തായാലും ഇന്ത്യയിലായാലും പുറത്തായാലും സന്ധിയില്ലാത്ത ചെറുത്തുനിൽപ്പിലൂടെ മാത്രമേ ഇത്തരം കാടത്തത്തിന് അറുതിവരുത്താനാവൂ എന്നുറപ്പ്. അങ്ങനെ നന്മയുടെ തങ്കത്തിളക്കമാർന്ന ഒരു വിധിയായി കോടതി ഉത്തരവിനെ നെഞ്ചോട് ചേർക്കാൻ നമുക്കായാൽ നന്ന്.
 

Latest News