ലോകകപ്പ് ഫുട്ബോളിനുള്ള അര്‍ജന്റീനാ ടീമിന്റെ പ്രഖ്യാപനം അടുക്കുന്തോറും ഒരു ത്രികോണ പ്രണയം ചൂടുപിടിക്കുകയാണ്. മോറൊ ഇകാര്‍ഡിക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെടുകയാണെങ്കില്‍ അതിനു കാരണം ഭാര്യ വാന്‍ഡ നാരയായിരിക്കുമെന്നാണ് പ്രചാരണം. ഹവിയര്‍ മസ്ചെരാനൊ പരിക്ക് ഭേദമായി കായികക്ഷമത വീണ്ടെടുക്കുകയാണെങ്കില്‍ ഇകാര്‍ഡി ടീമിലുണ്ടാവില്ലെന്ന് കോച്ച് ജോര്‍ജെ സാംപോളി തന്നെ ഇകാര്‍ഡിയെ അറിയിച്ചതായാണ് വാര്‍ത്ത. അഗ്വിരൊ കായികക്ഷമത നേടേണ്ടത് മെസ്സിയുടെ കൂടി ആഗ്രഹമാണ്. ടീമില്‍ മെസ്സിക്ക് ഏറ്റവുമടുപ്പമുള്ള കളിക്കാരിലൊരാളാണ് അഗ്വിരൊ.
ഇറ്റലിയിലെ ഇന്റര്‍ മിലാനില്‍ കഴിഞ്ഞ രണ്ടു സീസണിലായി അമ്പതോളം ഗോളടിച്ച സ്ട്രൈക്കറാണ് ഇകാര്‍ഡി. അതേസമയം അത്ര ഫോമിലല്ലാത്ത പൗളൊ ദിബാല ടീമിലെത്തുമെന്നും സൂചനയുണ്ട്. അവസാന സന്നാഹ മത്സരങ്ങള്‍ക്കുള്ള ഇരുപത്തിമൂന്നംഗ ടീമില്‍ ഇകാര്‍ഡിയെയും ദിബാലയെയും ഉള്‍പെടുത്താതിരുന്നത് ഏവരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ മെസ്സിയുടെ പൊസിഷനിലും ശൈലിയിലും കളിക്കുന്ന ദിബാലയെ മെസ്സിയുടെ റിസര്‍വായി ടീമിലുള്പെടുത്താമെന്നാണ് അവസാന ധാരണ.
എന്നാല്‍ ഇകാര്‍ഡിയുടെ കാര്യം വിചിത്രമാണ്. മൂന്നു വര്‍ഷത്തിനിടയിലാദ്യമായി നൈജീരിയക്കെതിരായ സന്നാഹ മത്സരത്തിനുള്ള ടീമിലുണ്ടായിരുന്നുവെങ്കിലും ഇരുപത്തഞ്ചുകാരന് വീണ്ടും അവഗണിക്കപ്പെട്ടു. അര്‍ജന്റീനാ ടീമംഗം മാക്സി ലോപസിന്റെ ഭാര്യയായിരുന്ന വാന്‍ഡ നാരയെ ഇകാര്‍ഡി തട്ടിയെടുത്തുവെന്ന പ്രചാരണമാണ് താരത്തിന്റെ അര്‍ജന്റീനാ ഭാവി വെള്ളത്തിലാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. മോഡലായ വാന്‍ഡ നാരയില്‍ ലോപസിന് മൂന്ന് ആണ്‍മക്കളുണ്ട്. ലോപസിന്റെ ഭാര്യയായിരിക്കെ ഇകാര്‍ഡിയുമായി നാര ബന്ധം പുലര്‍ത്തിയിരുന്നു. അത് വെളിപ്പെട്ടതോടെ 2013 ലാണ് ഇവര്‍ വേര്‍പിരിയുന്നത്. ലോപസ് അര്‍ജന്റീനാ ടീമില്‍ പ്രിയങ്കരനാണ്. നാര-ഇകാര്‍ഡി ബന്ധം അര്‍ജന്റീനാ ഗോസിപ് മാഗസിനുകളില്‍ ചൂടുള്ള വാര്‍ത്തയായി. 2014 ല്‍ ഇവര്‍ വിവാഹിതരായി.
ഇകാര്‍ഡി ഇടക്ക് ടീമിലെത്തിയത് തന്നെ വാന്‍ഡ നാരയുടെ ഇടപെടല്‍ കാരണമാണെന്ന് ആരോപിച്ചത് ഡിയേഗൊ മറഡോണയാണ്. എഡ്ഗാഡൊ ബൗസയും ജെറോഡൊ മാര്ടിനോയും കോച്ചായിരിക്കുമ്പോള്‍ ഇകാര്ഡിക്കു വേണ്ടി നാര പലപ്പോഴും ഇടപെട്ടിട്ടുണ്ടെന്ന് മറഡോണ കുറ്റപ്പെടുത്തിയിരുന്നു.