പത്ത് കഥയുള്ള കഥകൾ 

ഷാർജ  അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ മൂന്നിന് പ്രകാശനം ചെയ്യുന്ന കഥാസമാഹാരം. 132 കൊല്ലം മുമ്പ് കഥാസാഹിത്യ ശാഖ തുടങ്ങിവെച്ചവരിൽ പെട്ട  വേങ്ങയിൽ കുഞ്ഞിരാമൻ നായനാരോ, മൂർക്കോത്ത് കുമാരനൊ സ്വപ്‌നത്തിൽ പോലും ഇതൊന്നും കണ്ടിരിക്കില്ല.

വായനക്കാരെ തനിക്കൊപ്പം ചേർത്ത് നിർത്തി കൂടെ കൊണ്ടു പോകുന്നതാണ് നല്ല കഥ പറച്ചിലിന്റെ രീതി. ലിപി ബുക്‌സ് പ്രസിദ്ധീകരിച്ച , മുഹമ്മദലി പൂനൂരിന്റെ 'ചില നേരങ്ങളിൽ 'എന്ന കഥാ സമാഹാരത്തിലെ പത്ത് കഥകളും ഈ ഗണത്തിൽ വരുന്നവയാണ്. എല്ലാം നല്ല ഉൾക്കാഴ്ചയുള്ളവ. വായിച്ചു കഴിയുമ്പോൾ വെറുതെ സമയം കളഞ്ഞല്ലോ , എന്ന് നിരാശപ്പെടേണ്ടിവരുന്ന എഴുത്തുകളുടെ കാലത്ത് കാമ്പുള്ള കഥകൾ പിറക്കുകയെന്നത് നിസാരകാര്യമല്ല. വാക്കുകൾ കൂട്ടിച്ചൊല്ലാൻ തുടങ്ങുന്ന കുഞ്ഞുങ്ങൾ മുതിർന്ന മനുഷ്യരോടാവശ്യപ്പെടുന്നത് ഒരു കഥ പറഞ്ഞു തരുമോ എന്നായിരിക്കും.  മനുഷ്യരുടെ കഥകൾ അറിയാത്തവർ മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ കഥ പറഞ്ഞ് കുഞ്ഞുങ്ങളെ മുഷിപ്പിക്കും. അലോസരപ്പെടുത്താതെ നല്ല കഥ പറഞ്ഞു കൊടുക്കാൻ കഴിയുന്ന മുതിർന്നവരും അതുകേൾക്കുന്ന കുട്ടികളും ഭാഗ്യം ചെയ്തവരാണ്. സർഗ സൃഷ്ടിയുടെ ആദ്യഘട്ട പണിപ്പുരയായിരിക്കുമത്. 
ജീവിതമെന്ന കഥ വ്യാഖ്യാനിക്കുന്നവയാണ് എല്ലാ കഥകളും എന്ന് പറയാറുണ്ട്.  
പ്രത്യയ ശാസ്ത്ര ഭാരമൊന്നുമില്ലാതെ താൻ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ മുഹമ്മദലി ലളിതമായി പറഞ്ഞു തരുന്നു. കഥയുടെ ഇതി വൃത്തത്തേക്കാൾ പ്രധാനമാണ് അവ കൈകാര്യം ചെയ്യുന്ന സാമൂഹ്യപ്രശ്‌നങ്ങളും സാമൂഹ്യ പരിസരവും.   ജീവിതത്തിലെ അധികകാലം വിദേശ സമൂഹങ്ങൾക്കൊപ്പം കഴിഞ്ഞയാളാണ് മുഹമ്മദലി. അതു കൊണ്ട് തന്നെ ബന്ധങ്ങളും വിപുലമായിരിക്കും. കഥകളിലും ബഹുഭാഷാ അറിവിന്റെ സ്വാധീനം കാണാനാവും. അറബി ഭാഷ അതിന്റെ തെളിമയോടെ മുഹമ്മദലിയുടെ കഥകളിൽ കടന്നു വരുന്നുണ്ട്. മുഹമ്മദലി തന്നെ അത് പറയുന്നു- ഒരു അറേബ്യൻ കിനാവും , മറ്റ് കഥകളും ആത്മാനുഭവങ്ങളും ഗവേഷണങ്ങളും  എല്ലാം ചേർന്നുണ്ടായതാണ്. മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാതയിലും  മറ്റും മുഹമ്മദലി ഉപയോഗിച്ചതു പോലുള്ള അറബി പ്രയോഗങ്ങൾ കാണാം. വാഹനം ഓടിക്കുന്നതിനിടക്ക് കലഹമുണ്ടായപ്പോൾ ഒരു കഥാപാത്രം പറഞ്ഞവാക്കുകൾ - യഖ്രി ബെയതക് (നിന്റെ തറവാട് മുടിഞ്ഞു പോകട്ടെ ) എന്നായിരുന്നു.  മനുഷ്യരാശിയെ പിടിച്ചുലച്ച കൊറോണ കാലത്ത് ഇറ്റലിയിലെ ഒരു നഴ്‌സിൽനിന്ന് കേട്ട വോയ്‌സ് ക്ലിപ്പിൽ നിന്നാണ്  'ലൊംബാർഡിയിലെ കൊറോണ കാലം '   പിറന്നത്. മിലാൻ പട്ടണം അടങ്ങുന്ന ഇറ്റലിയുടെ വടക്കൻ പ്രദേശമാണ് ലൊംബാർഡി. കഥയിലെ സെർജി എന്ന, എസ്തറിന്റെ പ്രിയ തമന്റെ കോവിഡ് മരണം രേഖപ്പെടുത്തുന്നത് ഒരു ആരോഗ്യ പ്രവർത്തകന്റെ കൃത്യതയോടെയാണ്..... മോണിറ്റർ വീണ്ടും അസ്ഥിരതയിലേക്ക്. പെട്ടന്നതാ കർവ് ഫഌറ്റാവുന്നു.... എല്ലാം  നിശ്ചലം.  ഇറ്റലിയിലെ അനേകായിരം  കൊറോണ മരണങ്ങളുടെ നേർ ചിത്രം ഇതിലുണ്ട്. വടക്കെ മലബാറിലെ ഒരു പ്രദേശത്ത് താമസിച്ചതിന്റെ കഥയാണ് വെളിച്ചം വന്ന വഴി. ആ കാലത്ത് പാവങ്ങളെ ചൂഷണം ചെയ്തിരുന്ന മനുഷ്യരുടെ കഥ മുഹമ്മദലി  മനാഹരമായി എഴുതുന്നു.2000ത്തിൽ കംപ്യൂട്ടറുകളെ വിഴുങ്ങുമെന്ന് ഭയപ്പെട്ടിരുന്ന വൈ റ്റു കെ. കഥാവിഷയമാക്കിയ മുഹമ്മദലി  ആ കാലമാണ് പകർത്തി വെക്കുന്നത്. ബ്രിട്ടീഷുകാർ പൊറോട്ടയും ചാറും എങ്ങനെയാണ് മഹത്വവൽക്കരിക്കുന്നതെന്ന് മുഹമ്മദലി തമാശയായി പറഞ്ഞു തരുന്നു- പൊറോട്ട ഡിപ്പ് എന്നാണവർ ആ പ്രാതൽ വിഭവത്തിനിട്ട പേര്. രണ്ട് റിയാലിന്റെ താണ് സംഗതി. പേരിൽ എന്തൊരു പ്രൗഢി.    
 'ചെറുകഥ' 1890-ൽ തുട    ങ്ങിയ സാഹിത്യശാഖയാണ്.  
വികാസത്തിന്റെ പല ഘട്ടങ്ങൾ കടന്നാണ് ഇന്നത്തെ അവസ്ഥയിൽ മലയാള ചെറുകഥ എത്തി നിൽക്കുന്നത്.   ഇന്നും ചെറുകഥ സാഹിത്യ    ശാഖ  സജീവമായി നിൽക്കുന്നുവെന്നതിന്റെ തെളിവാണ് ആ സാഹിത്യ ശാഖയിൽ മുളപൊട്ടുന്ന , മുഹമ്മദലിയെ പോലുള്ളവരുടെ എഴുത്തുകൾ.
ഈ കഥ സമാഹാരം  ഷാർജ  അന്താരാഷ്ട്ര പുസ്തകോത്സയത്തിൽ നവംബർ മൂന്നിന് പ്രകാശനം ചെയ്യുകയാണ്. 132 കൊല്ലം മുമ്പ് ഈ സാഹിത്യ ശാഖ തുടങ്ങിവെച്ചവരിൽ പെട്ട  വേങ്ങയിൽ കുഞ്ഞിരാമൻ നായരോ, മൂർക്കോത്ത് കുമാരനോ സ്വപ്‌നത്തിൽ പോലും ഇതൊന്നും കണ്ടിരിക്കില്ല. അവർ വെട്ടി തെളിച്ച വഴിയിൽ പുതു തലമുറ അവർക്കാവുംവിധം മുന്നേറുന്നു. മലയാളത്തിന്റെ മഹത്വമാണ് ഇവരൊക്കെ നാനാ ദിക്കുകളിൽ എത്തിക്കുന്നത്.  

Latest News