മോസ്‌കൊ - വൈവിധ്യങ്ങളുടെ നാടാണ് റഷ്യ. പതിനഞ്ചോളം വംശീയ വിഭാഗങ്ങളുണ്ട് ഈ രാജ്യത്ത്. എന്നാൽ ലോകകപ്പ് വേദികളായി തെരഞ്ഞെടുത്ത 11 നഗരങ്ങളും യൂറോപ്യൻ ഭാഗത്തായതിനാൽ വംശീയ വൈജാത്യം പ്രകടമാവില്ല. അതിന് അപവാദമാണ് മുസ്‌ലിം ഭൂരിപക്ഷമായ കസാൻ. മിനാരങ്ങളുടെ നാട്ടിന് ഇനി കാൽപന്തിന്റെ കൊയ്ത്തുകാലമാണ്. ജർമനിയും ഫ്രാൻസും സ്‌പെയിനുമൊക്കെ ഈ നഗരത്തിൽ കളിക്കും.
45,000 പേർക്കിരിക്കാവുന്ന കസാൻ അരീനയുടെ ചാരുതയാർന്ന രൂപകൽപന ഫുട്‌ബോൾ പ്രേമികളുടെ മനം കവരും. വോൾഗയുടെ പോഷകനദിയായ കസാൻകയുടെ തീരത്ത് അഞ്ചു വർഷം മുമ്പാണ് സ്റ്റേഡിയം നിർമിച്ചത്. താൽക്കാലികമായി പൂൾ നിർമിച്ച് ഈ സ്റ്റേഡിയത്തിൽ നടത്തിയ 2015 ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പ് കാണാൻ ഗാലറികൾ നിറഞ്ഞു. എന്നാൽ പ്രാദേശിക ക്ലബ് റൂബിൻ കസാന്റെ കളികൾക്ക് 20 ശതമാനം ഇരിപ്പിടങ്ങൾ പോലും നിറയാറില്ല.
മോസ്‌കോയിൽ നിന്ന് കിഴക്കോട്ടേക്ക് ഒന്നര മണിക്കൂർ വിമാന യാത്രയുണ്ട് കസാനിലേക്ക്. താതാർ സംസ്‌കാരത്തിന്റെ അഭിമാനം നെഞ്ചിലേറ്റുന്ന നഗരമാണ് കസാൻ. ഐതിഹാസികമായ കസാൻ ക്രെംലിന്റെ ചുമരിനോട് ചേർന്നു തന്നെ വലിയൊരു മുസ്‌ലിം പള്ളിയുണ്ട്. എന്നാൽ നഗര കേന്ദ്രത്തിൽ ബാറുകളും നിശാജീവിതവും തുടിച്ചുനിൽക്കുന്നു. തെരുവുകളിൽ പലപ്പോഴും റഷ്യനൊപ്പം താതാർ ഭാഷയും കേൾക്കാം.
2009 ൽ നൗകാമ്പിൽ ബാഴ്‌സലോണയെ തോൽപിച്ച ചരിത്രമുണ്ട് റൂബിൻ കസാന്. ആ വർഷം റഷ്യൻ ലീഗ് കിരീടവും അവർ നേടി. റൂബിൻ കളിക്കാരനായ സർദാർ അസ്മൂൻ ഇറാൻ ജഴ്‌സിയിൽ തന്റെ ക്ലബ് സ്റ്റേഡിയത്തിൽ സ്‌പെയിനിനെ നേരിടുമ്പോൾ കാണികളുടെ നിറഞ്ഞ പിന്തുണ ഉറപ്പാണ്. താതാർ വിഭവങ്ങൾ കളിയുടെ ആവേശക്കാഴ്ചകൾക്കൊപ്പം രുചിയുടെ വിരുന്ന് കൂടിയാവും. വോൾഗാ തീരത്ത് നിർമിച്ച കൃത്രിമ ബീച്ചുകളിലിരുന്ന് കൂറ്റൻ സ്‌ക്രീനിൽ കളി കാണാം.
ആറ് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ നടക്കും. ജൂൺ 16 ന് ഫ്രാൻസും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ കളി. ജൂൺ 20 ന് സ്‌പെയിൻ-ഇറാൻ, 24 ന് പോളണ്ട്-കൊളംബിയ, 27 ന് നിലവിലെ ചാമ്പ്യന്മാരായ ജർമനി-തെക്കൻ കൊറിയ എന്നീ ഗ്രൂപ്പ് മത്സരങ്ങൾക്കൊപ്പം ഒരു പ്രി ക്വാർട്ടറും ഒരു ക്വാർട്ടറും ഇവിടെ അരങ്ങേറും.