ബ്രിട്ടന്റെ ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയിൽ ഭരണചക്രം ആര് തിരിക്കും? ലിസ് ട്രസിന്റെ പിൻഗാമിക്കായി ചർച്ചകൾ സജീവം ആയി. ലിസിനെതിരെ മത്സരിച്ചപ്പോൾ 43 ശതമാനം വോട്ടു പിടിച്ച സുനാകിനു ഇപ്പോൾ 58 ശതമാനം പേരുടെ പിന്തുണയുണ്ട്.
ഓക്സ്ഫോർഡിൽ നിന്നും സാമ്പത്തിക ശാസ്ത്ര ബിരുദവും ഫുൾബ്രൈറ്റ്സ്കോളർഷിപ്പോടെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എംബിഎയും നേടിയിട്ടുള്ള സുനാകിനു രാജ്യത്തെ രക്ഷിക്കാനാവുമെന്നാണ് വലിയൊരു വിഭാഗം കരുതുന്നത്. ലിസ് ട്രസിനോട് തോറ്റ ശേഷം മുഖ്യധാരയിൽനിന്നും അകന്ന് നിന്ന സുനാകിന് ടോറി എംപിമാരിൽ പലരുടേയും പരസ്യപിന്തുണയുണ്ട്. ബോറിസിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബോറിസിന് പിന്തുണ അറിയിച്ച് 38 എംപിമാർ രംഗത്തുണ്ട്. നേതൃപോരാട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയ പെന്നി മോർഡന്റിന് 12 എംപിമാരുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്.
പാർട്ടിയിൽ പ്രശ്നങ്ങൾ കൊഴുക്കുമ്പോഴും അതൊന്നും ഗൗനിക്കാതെ ബോറിസ് കരീബിയൻ ദ്വീപിൽ ഹോളിഡേയിലാണ്. ഗേൾ ഫ്രണ്ട് ഒപ്പമുണ്ടോയെന്നറിയില്ല. മൂപ്പർ സ്വന്തം പണമെടുത്താണ് പണ്ടും ഇത്തരം കറക്കങ്ങൾ നടത്തിയത്. അതും സാദാ വിമാനത്തിലെ ഇക്കോണമി ക്ലാസിൽ. യു.കെയിലുമുണ്ടാവുമല്ലോ ദുഷ്ടൻ മല്ലൂസ്. അവരിൽ ചിലർ കസേര നഷ്ടപ്പെട്ട ലിസ് ട്രസിന്റെ അവസ്ഥയും മുഖ്യമന്ത്രി പിണറായി വിജയന്റെ യുകെ സന്ദർശനവും കോർത്തിണക്കി സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം സൃഷ്ടിക്കുകയാണ്. യുകെ യാത്ര കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിലേക്ക് മടങ്ങിയത്. അതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചതോടെ മുഖ്യമന്ത്രിയെ പരിഹസിച്ചാണ് സോഷ്യൽ മീഡിയയിൽ ട്രോൾ നിറയുന്നത്. 'ഉല്ലാസ യാത്ര ഫലം കണ്ടു തുടങ്ങി' എന്ന ക്യാപ്ഷനിലാണ് കോങ്കി മനസ്സുള്ളവരുടെ പരിഹാസം. ഏതായാലും പ്രതീക്ഷിച്ചതിലും കൂടുതൽ നേടായെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത് വെറുതെയായില്ല. വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ ഒരു രസികൻ പ്രയോഗവും ഇൻസ്റ്റയിൽ കണ്ടു. അവിടെ വാഹനങ്ങൾക്ക് പോകാൻ (നോർവേയിൽ) പ്രത്യേക വെഹിക്കിളുകളാണെന്ന് അദ്ദേഹം പറയുന്നത് കേട്ടു. തമാശയതല്ല, ചില വിരുതന്മാർ പറയുന്നത് ശിവൻ കുട്ടി എങ്ങിനെ വിദ്യാഭ്യാസ മന്ത്രിയായി എന്നത് പഠിക്കാൻ നോർവേയിൽ നിന്നൊരു സംഘം കേരളത്തിലേക്ക് ഉടൻ വരുമെന്നാണ്. എന്തൊക്കെ കാണണം?
*** *** ***
പ്രിയ ഗുരുനാഥൻ കെ.എം റോയിയെ ഓർത്തു പോയ ദിവസമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ഇന്റർനെറ്റും വാസൂട്ടിയുമൊന്നും യഥാർഥ്യമായിട്ടില്ലാത്ത 90കളുടെ തുടക്കത്തിൽ ചില ലേഖകന്മാർ ദിനപത്രത്തിൽ വൃക്ക വാണിഭ റാക്കറ്റിനെ പറ്റി ചാമ്പി കൊണ്ടേയിരിക്കും. ഒന്നും തടയാത്ത ദിവസം കിടക്കട്ടെ ഒരു കിഡ്നി മോഷണം എന്ന ലൈനിൽ. ഇതു കണ്ടുമടുത്ത് റോയ് സാർ ഒരു എഡിറ്റോറിയൽ മീറ്റിംഗിൽ ഇത്തരം എക്സ്ക്ലൂസീവ് കൊടുക്കുന്നതിലെ മണ്ടത്തരം എടുത്തുകാട്ടി. ബസ് സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും മറ്റു തിരക്കുള്ള സ്ഥലങ്ങളിലും ചെന്ന് പാന്റിന്റേയും ഷർട്ടിന്റേയും പോക്കറ്റ് കീറി കാര്യം സാധിക്കുന്നത് പോലെ വൃക്ക അടിച്ചു മാറ്റൽ നടക്കില്ല. അതൊരു സർജിക്കൽ പ്രോസസാണ്. അതൊക്കെ യാഥാർഥ്യം. അമേരിക്കയിലെ വൻകിട ആശുപത്രികളിൽ പോലും അവയവ മാറ്റത്തിന് മാസങ്ങളുടെയും ചിലപ്പോൾ വർഷങ്ങളും കാത്തിരിക്കേണ്ടി വരുമെന്ന് കേട്ടിട്ടുണ്ട്. മാച്ചാവുന്ന ഡോണറെ കണ്ടെത്തുകയൊക്കെ പ്രശ്നമല്ലേ. അല്ലാതെ മട്ടൻ സ്റ്റാളിൽ ചെന്ന് രണ്ടു ബ്രെയിനിങ്ങെടുത്തോ എന്നു പറയുന്നത് പോലെ നടക്കില്ലെന്ന് ചുരുക്കം. ആദ്യം ചില ഓൺലൈനുകളിലാണ് ഈ വിശേഷം കണ്ടത്. ഹിറ്റ് കൂട്ടാനുള്ള പല വിദ്യകളിലൊന്നായി കണ്ടതുമായിരുന്നു. ആലുവയിലെ ഇറച്ചിക്കടയിൽ ജോലി ചെയ്ത ഷാഫി എന്ന പ്രതി ഇത്രയും ഭയങ്കരനോ എന്ന് വിചാരിച്ചിരിക്കെ മാതൃഭൂമിയിലും ഇതേ വാർത്ത പൊങ്ങി. ഇലന്തൂരിലെ ശരീരങ്ങളിൽ നിന്ന് അവയവം കാണുന്നില്ലേയെന്നൊരു സംശയം. തൊട്ടുതലേ ദിവസം ആക്ടിവിസ്റ്റ് ജി.എൻ സായിബാബയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വാർത്ത കൊടുത്തപ്പോൾ ശിർദി സായിബാബയുടെ ചിത്രം കൊടുത്തതിന്റെ ട്രെഡീഷൻ നിലനിർത്തിയതാവാം. ഇറച്ചിവെട്ടുകാരനെ കിഡ്്നി ട്രാൻസ്പ്ലാന്റേഷൻ വിദഗ്ധനാക്കി അവതരിപ്പിക്കുന്നതിനിടെ സമൂഹ മാധ്യമങ്ങളിൽ രസകരമായ ചില കുറിപ്പുകളും കണ്ടു. മൂന്നിൽ തോറ്റ ഷാഫി ജപ്പാനിലെ സർവകലാശാലയിൽനിന്ന് തപാൽ മാർഗമാണ് അവയവ മാറ്റത്തെ കുറിച്ച് പഠിച്ചതെന്നാണ് ഒരു കുറിപ്പ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ തലശ്ശേരിയിലെ ഡോ: സൗമ്യ സരിൻ ഇതിന്റെ ശാസ്ത്രീയ വശങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
*** *** ***
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രണ്ടു മൂന്നു ദിവസം മുംബൈയിലുണ്ടായിരുന്നു. അന്ധേരി ഫ്ളൈ ഓവറിൽ അഞ്ചു രൂപയ്ക്ക് സ്റ്റാർ ഹോട്ടലിലെ ലെഫ്റ്റ് ഓവർ ബിരിയാണിയുടെ ആദായ വിൽപനയുണ്ടെന്ന് കേട്ടിട്ട് വന്നതൊന്നുമല്ല. മുംബൈയിലും അഹമ്മദാബാദിലും ചില ചടങ്ങുകളിൽ സംബന്ധിച്ചു. അതൊക്കെ പോട്ടെ, ആരാണ് ഇന്ത്യയിലെത്തിയ ഈ വി.വിഐ.പി? കഷ്ടകാലത്തിനെങ്ങാനും ഒരു ലോക മഹായുദ്ധമുണ്ടായാൽ ആദ്യം ഫയർ എൻജിനുമായെത്തേണ്ട പുംഗവൻ. എന്നിട്ട് ദേശീയ ദിനപത്രങ്ങളും ചാനലുകളും വാർത്ത കൊടുത്ത് ആഘോഷമാക്കിയോ? വലുതായിട്ട് ഒരിടത്തും കണ്ടില്ല. രാജ്ദീപ് സർദേശായി കേരള കൗമുദിയിലെ വി.എസ് രാജേഷിന് അനുവദിച്ച അഭിമുഖത്തിലൂടെ കണ്ണോടിച്ചാൽ ഇതിന്റെ കാരണം വ്യക്തമാവും. സർക്കാരിനെതിരെയുള്ള ഒന്നും കൊടുക്കാതിരിക്കുക എന്ന വിഷയത്തിലാണ് പ്രമുഖ സ്ഥാപനങ്ങൾ മത്സരിക്കുന്നത്. വല്ലതും കൊടുക്കുന്നെങ്കിൽ അത് പ്രതിപക്ഷത്തിനെതിരെയുമായിരിക്കും.
ഇന്ത്യയിൽ തുടർച്ചയായി മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നതിനെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിമർശിച്ചു. മുംബൈയിൽ പ്രസംഗിക്കവെയാണ് നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റശേഷമുള്ള സംഭവങ്ങളിൽ വിമർശം ഉന്നയിച്ചത്. മനുഷ്യാവകാശ കൗൺസിൽ അംഗമെന്ന നിലയിൽ എല്ലാ വ്യക്തികളുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുത്. മഹാത്മാഗാന്ധിയുടെയും ജവാഹർലാൽ നെഹ്റുവിന്റെയും മൂല്യങ്ങൾ സംരക്ഷിക്കണം. മാധ്യമ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വിദ്യാർഥികളുടെയും അവകാശം സംരക്ഷിക്കണം. ലിംഗസമത്വത്തിലും സ്ത്രീസ്വാതന്ത്ര്യത്തിലും ഇന്ത്യ ഇനിയും മുന്നേറാനുണ്ടെന്നും ഐക്യരാഷ്ട്ര സംഘടന തലവൻ പറഞ്ഞു. ഇതു കണ്ടിട്ടാണോ എന്നറിയില്ല, നമ്മുടെ ജുഡീഷ്യറിയും സടകുടഞ്ഞെഴുന്നേറ്റ ലക്ഷണമുണ്ട്.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതിയും. പരാതികൾക്കായി കാത്തു നിൽക്കേണ്ടതില്ല. സ്വമേധയാ കേസെടുക്കുകയും അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കുകയും വേണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ നമ്മൾ ജീവിക്കുന്നത്', എന്നിട്ടും മതത്തിന്റെ പേരിൽ എവിടെയാണ് എത്തി നിൽക്കുന്നത്? വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബെഞ്ച് ചോദിച്ചു. മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേർന്നതല്ല വിദ്വേഷ പ്രസംഗങ്ങൾ. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആരുടെ ഭാഗത്തു നിന്നായാലും വിദ്വേഷ പ്രസംഗങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും സുപ്രീംകോടതി പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ ആളുടെ മതം നോക്കേണ്ടതില്ല. നടപടി ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട സർക്കാരുകൾ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇസ്്ലാം മതം വിശ്വാസികളെ ഭീകരരായി മുദ്ര കുത്തുകയും ഉന്നം വെക്കുകയും ചെയ്യുന്നതിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
ദൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്കാണ് വിദ്വേഷ പ്രസംഗികർക്കെതിരേ സ്വമേധയ നടപടി എടുക്കാൻ സുപ്രീം കോടതി നിർദേശം നൽകിയത്. സമീപകാലത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഉണ്ടായ ചില വിദ്വേഷ പ്രസംഗങ്ങളിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി. ഹർജിക്കാരനായ ഷഹീൻ അബ്ദുല്ല ചൂണ്ടിക്കാട്ടിയ വിദ്വേഷ പ്രസംഗങ്ങളിൽ സ്വീകരിച്ച നടപടി അറിയിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു. കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കബിൽ സിബലിനോട് തമാശയായിട്ടാണെങ്കിലും കോടതി ഉന്നയിച്ച ചോദ്യം ശ്രദ്ധേയമായി. താങ്കൾ നിയമമന്ത്രിയായ ഘട്ടത്തിൽ ഇതെല്ലാം തടയാൻ വല്ലതും ചെയ്തു കൂടായിരുന്നുവോ എന്നായിരുന്നു ചോദ്യം.
*** *** ***
നടൻ ജയസൂര്യ മുമ്പൊക്കെ നല്ല കാര്യങ്ങൾ ചെയ്ത് വാർത്താ പ്രാധാന്യം നേടിയ ആളാണ്. കൊച്ചിയിലെ റോഡ് തകർന്ന ഘട്ടത്തിൽ പൊതുമരാമത്തു വകുപ്പിന്റെ കണ്ണു തുറപ്പിക്കാൻ അദ്ദേഹത്തിനായി. ഇപ്പോൾ സമയം അത്ര ശരിയല്ല. ചിലവന്നൂർ കായൽ കയ്യേറി മതിൽ നിർമിച്ചെന്ന കേസിൽ വിജിലൻസ് അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ നടനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും 6 വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഹർജിക്കാരനായ ഗിരീഷ് ബാബു കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്തതോടെയാണു കുറ്റപത്രം സമർപ്പിച്ചത്.കടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും ജയസൂര്യ നിർമിച്ചിരുന്നു. ഇതു ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതെന്നാണ് ആരോപണം. കണയന്നൂർ താലൂക്ക് സർവേയർ ആണ് ഇതു കണ്ടെത്തിയത്.
തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചു കായലിനു സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമിച്ചതിനു കോർപറേഷൻ അധികൃതർ ഒത്താശ ചെയ്തെന്നായിരുന്നു പരാതി. ജയസൂര്യയും കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥരായിരുന്നവരും ഉൾപ്പെടെ 4 പേർക്കെതിരെയാണു കുറ്റപത്രം.
*** *** ***
പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിൽ തിരിച്ചെത്തി. യുവതി പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ എൽദോസ് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് വീട്ടിൽ തിരിച്ചെത്തിയത്. കാണാതായ വസ്ത്രം തിരിച്ചു കിട്ടിയോ ആവോ? തിരുവനന്തപുരം അഡി. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിലാണ് വീട്ടിൽ തിരിച്ചെത്തിയത്.
ആരെയും ഉപദ്രവിക്കാൻ ശക്തിയുള്ള ആളല്ല താൻ. നിരപരാധിത്വം തെളിയിക്കും. ഏതെങ്കിലും മൂടുപടത്തിനുള്ളിൽ ജീവിക്കാറില്ല. പൊതുപരിപാടികളിൽ നൃത്തം ചെയ്യുകയും കവിത ചൊല്ലുകയും ചെയ്യുന്നത് തന്റെ നിഷ്കളങ്കത കൊണ്ടാണ്. തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളെക്കുറിച്ച് കെപിസിസിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. കോടതി ഉത്തരവ് പരിശോധിച്ച് വക്കീലുമായി സംസാരിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാമെന്നും എൽദോസ് പറഞ്ഞു. നിലവിൽ കേസ് കോടതിയുടെ പരിഗണനയിലാണ്. നിബന്ധനകൾക്ക് വിധേയമായാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതിനാൽ വിശദാംശങ്ങൾ പങ്കുവെക്കാൻ സാധിക്കുകയില്ല. അന്വേഷണവുമായി പൂർണമായും സഹകരിക്കും. യുവതി ഉന്നയിച്ചത് ആരോപണങ്ങൾ മാത്രമാണ്, താൻ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെടും. കുറ്റവിമുക്തനാകുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി കൂട്ടിച്ചേർത്തു.
*** *** ***
മകൾക്ക് കാർ കാരണം ജീവൻ നൽകേണ്ടി വന്നെങ്കിലും മകളുടെ ഓർമയിൽ പുതിയ ഓഡി കാർ സ്വന്തമാക്കിയിരിക്കുകയാണ് കൊല്ലത്തെ വിസ്മയുടെ അച്ഛൻ ത്രിവിക്രമനും അമ്മ സജിതയും. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടം ആകാത്തതിന്റെ പേരിലാണ് കിരൺ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീഡനമായിരുന്നു വിസ്മയ അനുഭവിച്ചിരുന്നത്. പീഡനം സഹിക്കാനാവാതെ വിസ്മയ ജീവനൊടുക്കിയതോടെ മകളുടെ ഓർമക്കായി പുതിയ ഓഡി കാർ സ്വന്തമാക്കിയിരിക്കുകയാണ് കുടുംബം. സഹോദരൻ വിജിത്ത് ആണ് സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. സ്ത്രീധനപീഡനം കാരണം ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയെന്ന കേസിൽ ഭർത്താവ് കിരൺകുമാറിനെ മേയ് 24നാണ് കോടതി ശിക്ഷിച്ചത്. പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട കിരൺകുമാർ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനാണ്.കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21നാണ് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
*** *** ***
അശ്ലീല ചിത്രത്തിൽ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചുവെന്ന പരാതിയുമായി തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവാവ്. സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനും എതിരെയാണ് യുവാവ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ പുറത്ത് വിട്ടു. ദീപാവലിക്ക് ചിത്രം റിലീസ് ചെയ്താൽ ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്ന് യുവാവ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. സിനിമയിൽ ഹീറോ ആകാൻ ആഗ്രഹിച്ച് ഇറങ്ങിത്തിരിച്ച 26കാരനാണ് ചതിയിൽ അകപ്പെട്ടിരിക്കുന്നത്. ഒടിടിയിൽ റിലീസ് ചെയ്യുന്ന വെബ് സീരിസിലേക്ക് നായകനെ തേടിയുളള പരസ്യം കണ്ടാണ് യുവാവ് അപേക്ഷ അയച്ചത്. പ്ലേസ്റ്റോറിൽ ലഭിക്കുന്ന ഈ ഒടിടി പ്ലാറ്റ്ഫോം അശ്ലീല ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ആപ്പ് ആണ്. ഇക്കാര്യങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് യുവാവ് പറയുന്നു. യുവാവിന്റെ സുഹൃത്തായ പ്രൊഡക്ഷൻ കൺട്രോളർ ആണ് ഒരു വെബ് സീരിസ് ഉണ്ടെന്നും അതിൽ അഭിനയിക്കണം എന്നും പറഞ്ഞ് സമീപിച്ചത്. തുടർന്നാണ് യുവാവ് ഷൂട്ട് നടക്കുന്ന അരുവിക്കരയിൽ എത്തിയത്. ഒരു കിലോമീറ്റർ അകത്തോട്ട് മാറി, ആളൊഴിഞ്ഞ വില്ലയിൽ ആയിരുന്നു ചിത്രീകരണമെന്ന് യുവാവ് പറയുന്നു. ഷൂട്ടിംഗിനുളള സംവിധാനങ്ങളൊക്കെ അവിടെ തയ്യാറായിരുന്നു. അശ്ലീല ചിത്രമാണ് എന്ന് താൻ കരുതിയിരുന്നില്ലെന്നും യുവാവ് പറയുന്നു. തന്നോട് കഥയുടെ ഔട്ട്ലൈൻ പറഞ്ഞ ശേഷം മേക്കപ്പിട്ട് വരാൻ പറഞ്ഞു. താൻ മേക്കപ്പ് ഇട്ട് വന്നു. അതിന് ശേഷം ചില രംഗങ്ങൾ ചിത്രീകരിച്ചു. അതിന് ശേഷം തന്നോട് പറഞ്ഞു, ഷൂട്ട് മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ ഒരു കരാറിൽ ഒപ്പ് വെയ്ക്കണം എന്ന്. എന്തിനാണ് കരാർ എന്ന് താൻ ചോദിച്ചപ്പോൾ അത് വേണം എന്ന് അവർ പറഞ്ഞു. 'ആദ്യമായി നായകനായിട്ട് അഭിനയിക്കുന്നതിന്റെ ടെൻഷനിൽ തനിക്ക് കരാർ ശരിക്കും വായിച്ച് നോക്കാൻ പറ്റിയില്ല.
അങ്ങനെ ഒപ്പിട്ട് കൊടുത്തു. ശേഷം മുറിയിലേക്ക് കയറിയപ്പോഴാണ് പറയുന്നത്, സിനിമ അഡൾട്ട്സ് ഒൺലി ആണെന്നും ലേഡിയുമായി ഇടപഴകി അഭിനയിക്കണം എന്നും. താൻ പറഞ്ഞു അത് ബുദ്ധിമുട്ടാണ് എന്ന്. എങ്കിൽ എന്തിന് കരാർ ഒപ്പിട്ടുവെന്ന് അവർ ചോദിച്ചു'. കരാറിൽ ഒപ്പിട്ടത് കൊണ്ട് നിർബന്ധമായും ചെയ്തേ പറ്റൂ എന്ന് പറഞ്ഞു. അതല്ലെങ്കിൽ ഷൂട്ടിന്റെ നഷ്ടപരിഹാരമായി 5 ലക്ഷം രൂപ തരേണ്ടിവരും എന്ന് പറഞ്ഞു. ഓടിപ്പോയാൽ അവർ പിടിക്കും. അങ്ങനെയാണ് കണ്ണ് നിറഞ്ഞ് കൊണ്ട് അത് ചെയ്തത്. അതിപ്പോൾ റിലീസ് ചെയ്യാൻ പോവുകയാണെന്ന് യുവാവ് പറയുന്നു. പീഡന എപ്പിസോഡുകളുടെ റിവേഴ്സും തുടങ്ങി.






