Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വായന - കഥകൾക്ക് മരുന്നിന്റെ മണം

ആമയുടെ തോടുകൾ പോലെയാണ് ഓരോ ഡോക്ടറുടേയും പരിശോധനാമുറികൾ. പുറമെ നിന്നു നോക്കിയാൽ സുരക്ഷിതമെങ്കിലും ഇനിയും വീടാത്ത ഒരു ഹൃദയത്തിന്റെ കടം അവിടെ ബാക്കിയാവുന്നുണ്ട്.സ്‌നേഹവും കരുണയും ആകുലതയും ഭയവും അസ്വസ്ഥതയും സംഘനൃത്തമാടുന്ന അവിടെ നിന്നാണ് കഥകളുടെ പുതിയ പുതിയ പ്രെസ്‌ക്രിപ്ഷ്യനുകൾ പിറവിയെടുക്കുന്നത്. മരുന്നുകളുടെ മണമുള്ള കഥകൾ.ലോകത്തിലാദ്യമായി ഡോക്ടർമാർ മാത്രമെഴുതിയ കഥകളുടെ സമാഹാരം സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.

മരുന്നുകളുടെ കുറിപ്പടിയെഴുതുന്ന പേന താഴെ വെച്ച് ഡോക്ടർമാർ രണ്ടാംപേനയെടുത്തത് കഥകളെഴുതാൻ. വിഷാദവും ജീവിതാസക്തികളും മൃത്യുഭീതിയും ചൂഴ്ന്നു നിൽക്കുന്ന കൺസൾട്ടിംഗ് റൂമുകളിൽ നിന്ന് കഥയുടെ കൽപനകളെ പുണർന്ന മലയാളി ഡോക്ടർമാരുടെ സർഗസാഫല്യം. ആതുരാലയത്തിനകത്തും പുറത്തുമുള്ള കാഴ്ചകളുടേയും വിചാരവികാരങ്ങളുടേയും ഹൃദയതാളമുള്ള എഴുത്തുകളാണവയത്രയും. മലയാള സാഹിത്യത്തിൽ  ഡോക്ടർമാരുടെ സംഭാവനകളെക്കുറിച്ച് ആലോചിക്കുമ്പോൾ എടുത്തു പറയാൻ  മാത്രം ഒന്നുമില്ല എന്ന് കാണാം. ഏറെയും വൈദ്യശാസ്ത്ര സംബന്ധമായ ഗ്രന്ഥങ്ങളും അതിലുപരി അനുഭവക്കുറിപ്പുകളിലും ഒതുങ്ങി നിൽക്കുന്നു. അതിൽത്തന്നെ മനോരോഗ വിദഗ്ധരും കാൻസർ സ്‌പെഷലിസ്റ്റുകളും മുന്നിട്ടു നിൽക്കുന്നു. 
രോഗികളുമായുള്ള ദീർഘകാല സമ്പർക്കമാവാം കാരണം.  വൈദ്യേതര വൈജ്ഞാനിക മണ്ഡലങ്ങളിൽ കൈവെക്കുന്നവർ വളരെ ചുരുക്കം. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്  ലഭിച്ചിട്ടുള്ള ഡോ . കെ. സുഗതൻ,  പിന്നെ ഡോ. ബി. ഇഖ്ബാൽ, ഡോ. കെ. രാജശേഖരൻ  നായർ, ഡോ. പി. കെ. സുകുമാരൻ, ഡോ. വി.പി ഗംഗാധരൻ തുടങ്ങി ചുരുക്കം ചിലർ.  എന്നാൽ സർഗാത്മക രചനകളിലേക്കു കടന്നാൽ അതിലേറെ വിരലിൽ എണ്ണാവുന്നവരെയുള്ളു എന്ന് കാണാം. 
സാഹിത്യ അക്കാദമി വിശിഷ്ടംഗത്വം ലഭിച്ചിട്ടുള്ള ഡോ. പുനത്തിൽ കുഞ്ഞബ്ദുല്ല, നോവലിന്  സാഹിത്യ അക്കാദമി അവാർഡ്  കരസ്ഥമാക്കിയ ഡോ . ഖദീജാ മുംതാസ്, ഒരു കാലത്ത് കഥയെഴുത്തിൽ സജീവമായിരുന്ന ഡോ. ടി .എൽ. ജോൺസ്, ഡോ. കെ. എം. ജോസഫ്, ഡോ. സുവർണ നാലപ്പാട്ട്, ഡോ. ടി. പി. നാസർ തുടങ്ങി ഡോ. സുനീഷ് കൃഷ്ണൻ. ഡോ. മനോജ് വെള്ളനാട്, ഡോ. ശ്യാം കൃഷ്ണൻ, ഡോ. ഷാജഹാൻ, ഡോ. ശ്രീരേഖ  വരെയെത്തി നിൽക്കുന്നു, എഴുത്തിലെ ഡോക്ടർമാരുടെ നിര. പിന്നെയും അറിയപ്പെടാത്ത എത്രയോ പേർ കാണാമറയത്തുണ്ട്. 
ഇവരെയെല്ലാം അരങ്ങത്ത് കൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെയാണ് കോഴിക്കോട് ഐ.എം.എ ബ്രാഞ്ചിന്റെ കീഴിൽ 'സെക്കൻഡ്  പെൻ' രൂപീകരിച്ചത്. സ്‌റ്റെതസ്‌കോപ്പെടുക്കുന്ന കൈകളിലെ തൂലികാസ്പർശം. 
പ്രെസ്‌ക്രിപ്ഷ്യൻ കുറിക്കുന്ന ആദ്യ പേനയിൽ നിന്നും സർഗാത്മക  രചനകളിലേക്ക് കൂടുമാറ്റം. രണ്ടാമത്തെ പേന എന്നർത്ഥം വരുന്ന സെക്കൻഡ് പെൻ എന്ന പേര് നിർദ്ദേശിച്ചത് 'നമ്മുടെ ആരോഗ്യം'  പത്രാധിപർ ഡോ. ടി. സുരേഷ് കുമാറാണ്.  
എഴുത്തുകാരായ ഡോക്ടർമാരുടെ ഇന്ത്യയിലെ ഒരു പക്ഷെ ലോകത്തിലെ തന്നെ ആദ്യത്തെ ഈ ഗ്രൂപ്പ് മാസാന്ത  സാഹിത്യ ചർച്ചകൾ കൊണ്ടും പുസ്തക  പ്രകാശനം പ്രദർശനം കൊണ്ടും സജീവമായി  ഒരു വർഷമായി തുടരുന്നു. 
അവരുടെ ആദ്യത്തെ പ്രസാധന സംരംഭമാണ്  കഥാസ്‌കോപ്പ് എന്ന കഥാ സമാഹാരം. സെക്കൻഡ് പെന്നിന്റെ കോ ഓർഡിനേറ്ററായ   ഡോ. ടി. പി. നാസർ  എഡിറ്റ് ചെയ്ത  ഈ പുസ്തകത്തിന്റെ അവതാരികയെഴുതിയിരിക്കുന്നത് കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷ കൂടിയായിരുന്ന പ്രശസ്ത എഴുത്തുകാരി ഡോ. ഖദീജാ മുംതാസാണ്. 
ആമയുടെ തോടുകൾ പോലെയാണ് ഓരോ ഡോക്ടറുടേയും പരിശോധനാമുറികൾ. പുറമെ നിന്നു നോക്കിയാൽ സുരക്ഷിതമെങ്കിലും ഇനിയും വീടാത്ത ഒരു ഹൃദയത്തിന്റെ കടം അവിടെ ബാക്കിയാവുന്നുണ്ട്. 
സ്‌നേഹവും കരുണയും ആകുലതയും ഭയവും അസ്വസ്ഥതയും സംഘനൃത്തമാടുന്ന അവിടെ നിന്നാണ് കഥകളുടെ പുതിയ പുതിയ പ്രെസ്‌ക്രിപ്ഷ്യനുകൾ പിറവിയെടുക്കുന്നത്. മരുന്നുകളുടെ മണമുള്ള കഥകൾ ലോകത്തിലാദ്യമായി ഡോക്ടർമാർ മാത്രമെഴുതിയ കഥകളുടെ സമാഹാരം സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.
ഡോ. എം. മുരളീധരൻ പഠനവും എഴുതിയിരിക്കുന്നു. ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ ആർട്ടിസ്റ്റ് മദനൻ ഡിസൈൻ ചെയ്ത കവർ പേജ്  നാൽപതോളം പ്രശസ്തരായ എഴുത്തുകാർ ചേർന്നാണ് ഫേസ് ബുക്ക് പേജിലൂടെ പുസ്തകത്തിന്റെ പുറംചട്ടയുടെ പ്രകാശനം നിർവഹിച്ചത്.
കഥയില്ലാത്തവരല്ല ഡോക്ടർമാരെന്ന് 25 ഡോക്ടർമാരുടേയും രചനകളടങ്ങിയ ഈ പുസ്തകം അടിവരയിടുന്നു.   

കഥാസ്‌കോപ്
(ഡോക്ടർമാർ മാത്രമെഴുതിയ കഥകൾ)
എഡിറ്റർ: ഡോ. ടി.പി നാസർ
പ്രസാധനം: ഇൻസൈറ്റ് പബ്ലിക്ക
 

Latest News