Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏത് പട്ടിക്കുമുണ്ട് ഒരു ദിവസം

 

ലോകകപ്പ് ഫുട്‌ബോളിന്റെ അവിസ്മരണീയമായ ഏടുകളിലേക്ക് ഒരു പട്ടിക്കുട്ടി കടന്നുകയറിയത് 1966 ലാണ്. ഇംഗ്ലണ്ടില്‍ നടന്ന ഒരേയൊരു ലോകകപ്പിന് പന്തുരുളുന്നതിന് നാലു മാസം മുമ്പായിരുന്നു ആ സംഭവം. പിക്ക്ള്‍സ് എന്ന ആ പട്ടി ലോകകപ്പ് ചരിത്രത്തിലെ കൗതുകമുള്ള ഒരു അധ്യായമാണ്. 
ലോകകപ്പിന് പന്തുരുളാന്‍ കാത്തുനില്‍ക്കുമ്പോഴാണ് അതു സംഭവിച്ചത്, കൃത്യം പറഞ്ഞാല്‍ 1966 മാര്‍ച്ച് 20 ഞായറാഴ്ച. കപ്പ് കളവ് പോയി. ഇംഗ്ലണ്ടില്‍ മാത്രമല്ല, ലോകമെങ്ങും പരിഭ്രാന്തി പരന്നു. ഒരു കപ്പ് സൂക്ഷിക്കാന്‍ കഴിയാത്ത നിങ്ങളെ എന്തിന് കൊള്ളാമെന്ന് ബ്രസീല്‍ ഫെഡറേഷന്‍ രൂക്ഷമായ ഭാഷയില്‍ ഇംഗ്ലണ്ട് അസോസിയേഷനെ ശകാരിച്ചു. ബ്രസീലുകാര്‍ക്ക് അതിന് അര്‍ഹതയുണ്ട്. അവരല്ലേ നിലവിലെ ലോക ചാമ്പ്യന്മാര്‍? കപ്പിന്റെ നേരവകാശികള്‍.
ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ പ്രദേശത്ത് സ്റ്റാമ്പ് പ്രദര്‍ശനത്തില്‍ ലോകകപ്പ് കാണിച്ച് ആളെ കൂട്ടാനുള്ള അഭ്യര്‍ഥന ഫിഫ പ്രസിഡന്റ് സ്റ്റാന്‍ലി റൂസ് അംഗീകരിച്ചത് മൂന്ന് നിബന്ധനകളോടെയാണ്. കണ്ണാടിക്കൂട്ടില്‍ ഭദ്രമായി സൂക്ഷിക്കണം, 24 മണിക്കൂറും കാവല്‍ വേണം, 30,000 പൗണ്ടിന് ഇന്‍ഷുര്‍ ചെയ്തിരിക്കണം. എല്ലാം അംഗീകരിച്ചു. 
പക്ഷെ ഞായറാഴ്ച രാവിലെ 11 നും 12 നുമിടയില്‍ കവര്‍ച്ചക്കാര്‍ പിന്‍വാതിലിലൂടെ കയറി ഒരു തെളിവും അവശേഷിപ്പിക്കാതെ ലോകകപ്പുമായി കടന്നു കളയുമ്പോള്‍ കാവല്‍ക്കാരന്‍ ആ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് നടന്ന കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്നു. ലണ്ടന്‍ മെട്രോപോളിസ് പോലീസിന്റെ മൂക്കിനു മുമ്പിലായിരുന്നു ലോകത്തെ ഞെട്ടിച്ച മോഷണം.


ആശങ്കയുടെ അലകള്‍ ലോകമെങ്ങും പ്രസരിച്ചു. ലണ്ടന്‍ പോലീസ് പലരെയും ചോദ്യം ചെയ്തു. അവര്‍ പുറത്തുവിട്ട തെളിവുമായി യോജിക്കുന്നവര്‍ പലയിടത്തും കൈകാര്യം ചെയ്യപ്പെട്ടു. അവസാനം ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവിക്ക് ഒരു ഫോണ്‍ കോള്‍ കിട്ടി, 15,000 പൗണ്ടുമായി വന്നാല്‍ ട്രോഫി തരാം. അസോസിയേഷന്‍ പ്രതിനിധികളെന്ന വ്യാജേന ഡിറ്റക്ടീവുകള്‍ പറഞ്ഞ സ്ഥലത്തെത്തി. എഡ്വേഡ് ബെച്‌ലി എന്ന ആളെ അവര്‍ കണ്ടു. പെട്ടിയില്‍ കടലാസ് കെട്ടുകളായിരുന്നു. സൗത്ത് ലണ്ടനിലൂടെ ഡിറ്റക്ടിവുമൊത്ത് യാത്ര ചെയ്യവെ പിന്നിലൊരു പോലീസ് വാഹനം ബിചെലിയുടെ ശ്രദ്ധയില്‍ പെട്ടു. ഉടനെ അയാള്‍ ഇറങ്ങിയോടി. പോലീസ് ഓടിച്ച് പിടിച്ചു. 
പക്ഷെ കളവിന്റെ ചുരുളഴിഞ്ഞില്ല. താനൊരു പാവം ഇടനിലക്കാരനാണെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ബെച്‌ലിയുടെ വാദം. അതിന് അയാള്‍ക്ക് പിന്നീട് രണ്ടു വര്‍ഷം തടവും കിട്ടി. ശിക്ഷ എന്തായാലും, ഇംഗ്ലണ്ട് ജയിച്ചു കണ്ടാല്‍ മതിയെന്നാണ് ബെച്‌ലി കോടതിയില്‍ പറഞ്ഞത്. യഥാര്‍ഥ മോഷ്ടാവ് തിരശ്ശീലക്കു പിന്നില്‍ തന്നെ നിന്നു. ഇംഗ്ലണ്ട് മുള്‍മുനയിലും. 
ഒരാഴ്ച കഴിഞ്ഞിട്ടും കപ്പിനെക്കുറിച്ച് ഒരു വിവരവുമില്ല. ഡിറ്റ്ക്ടിവുകള്‍ പരാജയപ്പെട്ടിടത്ത് ഡേവിഡ് കോര്‍ബറ്റ് എന്നായാളും അയാളുടെ പട്ടി പിക്ക്ള്‍സും രംഗപ്രവേശം ചെയ്യുന്നത് അപ്പോഴാണ്. അനിയന്റെ ഭാര്യ പ്രസവിച്ചോ എന്ന് ഫോണ്‍ വിളിച്ചറിയാന്‍ പട്ടിയുമായി പുറത്തിറങ്ങിയതായിരുന്നു കോര്‍ബറ്റ്. വഴിയരികിലെ കുറ്റിച്ചെടികള്‍ക്കു സമീപത്തു നിന്ന് നീങ്ങാന്‍ പട്ടിക്ക് എന്തോ ഒരു മടി, അവന്‍ അവിടെ കുരച്ചു കുരച്ച് നിന്നു. കോര്‍ബറ്റ് തിരിച്ചുപോയി നോക്കിയപ്പോള്‍ ഒരു കടലാസ് പൊതിയില്‍ എന്തോ ഭാരമുള്ള വസ്തു. ബോംബാണെന്ന് കരുതി എറിഞ്ഞു കളഞ്ഞപ്പോഴാണ് അടിവശത്ത് എന്തൊക്കെയോ എഴുത്തുകള്‍ ശ്രദ്ധയില്‍ പെട്ടത്, ഉറുഗ്വായ്, ബ്രസീല്‍ എന്നൊക്കെ. പെട്ടെന്ന് മനസ്സിലൊരു ലഡു പൊട്ടി. ഇത് ലോകകപ്പ് തന്നെ. പക്ഷെ കണ്ടിട്ട് ലോകകപ്പിന്റെ ലുക്കില്ല. കോര്‍ബറ്റ് വീട്ടില്‍ കൊണ്ടുപോയപ്പോള്‍ ഭാര്യയും പറഞ്ഞു, ഏയ് ഇങ്ങനെയോ ലോകകപ്പ്? ലോക്കല്‍ പോലീസുകാര്‍ക്കും വിശ്വാസം വന്നില്ല. പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ മാറി. കോര്‍ബറ്റ് പ്രതിയായി. മണിക്കൂറുകള്‍ ചോദ്യം ചെയ്യപ്പെട്ട ശേഷമാണ് കോര്‍ബറ്റിന്റെ സത്യസന്ധത പോലീസിന് ബോധ്യപ്പെട്ടത്. ആഴ്ചകള്‍ക്കു ശേഷമാണ് സംശയദൃഷ്ടിയില്‍ നിന്ന് പൂര്‍ണമായും അയാളെ പോലീസ് ഒഴിവാക്കിയത്.
അതോടെ പിക്ക്ള്‍സായി ഹീറോ. കോര്‍ബറ്റിനും പിക്ക്ള്‍സിനും സമ്മാനപ്പെരുമയായി. ഇംഗ്ലണ്ടിന്റെ മാനം കാത്ത അവര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ മത്സരമായി. അത്തവണ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് കളിക്കാര്‍ക്ക് ലഭിച്ചതിനെക്കാള്‍ എത്രയോ ഇരട്ടി തുക കോര്‍ബറ്റിന് ലഭിച്ചുവെന്നാണ് കണക്ക്.
എങ്കിലും ഓരോ ലോകകപ്പ് വരുമ്പോഴും ഓര്‍മിക്കപ്പെടുന്നത് കോര്‍ബറ്റല്ല, പിക്ക്ള്‍സ് എന്ന പട്ടിയാണ്. കോര്‍ബറ്റിന്റെ പേര് ക്രമേണ എല്ലാവരും മറന്നു. പിക്ക്ള്‍സ് സിനിമകളില്‍ പോലും പ്രത്യക്ഷപ്പെട്ടു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയാഹ്ലാദ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടു (ചടങ്ങിലേക്കുള്ള വഴിയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ മൂത്രമൊഴിക്കുകയും ചെയ്തു). 
കപ്പ് കണ്ടെത്തിയതില്‍ ഏറ്റവും ആശ്വാസം ബ്രസീല്‍ ഫെഡറേഷനായിരുന്നു. നാലു വര്‍ഷത്തിനു ശേഷം ബ്രസീല്‍ ചാമ്പ്യന്മാരായതോടെ യൂള്‍റിമെ കപ്പ് എന്നറിയപ്പെട്ടിരുന്ന ആ ട്രോഫി ബ്രസീല്‍ എന്നെന്നേക്കുമായി സ്വന്തമാക്കി. പക്ഷെ ഇംഗ്ലണ്ടിനെ ശകാരിച്ച ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവിയുടെ വാക്കുകള്‍ അറം പറ്റി. യൂള്‍റിമെ കപ്പ് ബ്രസീല്‍ ഫെഡറേഷന്റെ ആസ്ഥാനത്തുനിന്ന് 1983 ല്‍ കളവ് പോയി. പൊടി പോലും കിട്ടിയില്ല. ആരോ ഉരുക്കി വിറ്റുവെന്നാണ് സംശയം. വര്‍ഷങ്ങള്‍ക്കു ശേഷം ട്രോഫിയുടെ അടിഭാഗം കണ്ടെടുത്തു. അത് ഫിഫ ആസ്ഥാനത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.


 

Latest News