Sorry, you need to enable JavaScript to visit this website.

ഇതിഹാസങ്ങൾ പടിയിറങ്ങുമ്പോൾ

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മധ്യ അർജന്റീനയിലെ പരാനാ നദിയുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന റൊസാരിയോ പട്ടണത്തിൽ നിന്ന് പോർച്ചുഗലിലെ മഡെയ്‌റ ദ്വീപസമൂഹത്തിന്റെ  ആസ്ഥാനമായ ഫഞ്ചാലിലേക്കുള്ള ദൂരം ഒമ്പതിനായിരം കിലോമീറ്ററിനടുത്ത് വരും. സാംസ്‌കാരികമായും ജീവിത രീതി കൊണ്ടും വൈവിധ്യം പുലർത്തുന്ന ഈ നഗരങ്ങളെ കാൽപന്ത് പ്രേമം തലയിലേറ്റിയ കൊച്ചുകുട്ടികൾക്ക് പോലും സുപരിചിതമാണ്. വർത്തമാനകാല ഫുട്‌ബോളിന്റെ സൂര്യനും ചന്ദ്രനുമെന്ന് വിശേഷിപ്പിക്കാവുന്ന ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും പിറവികൊണ്ട  നഗരങ്ങളാണ് അവ. രണ്ട് പതിറ്റാണ്ടോളമായി ഫുട്‌ബോൾ ലോകം  ഈ ഇതിഹാസങ്ങളുടെ കാൽക്കീഴിലാണെന്ന് സംശയമില്ലാതെ പറയാം. മെസ്സി ജന്മസിദ്ധമായ കഴിവുകൾ ഉള്ളയാളാണെന്നും റൊണാൾഡോ അശ്രാന്തമായ കഠിനാധ്വാനം കൊണ്ടാണ് ലോക ഫുട്‌ബോളിനെ കീഴടക്കിയതെന്നുമാണ് നിരൂപകരുടെ വിലയിരുത്തൽ.  ചിലപ്പോഴൊക്കെ ഫുട്‌ബോളിന് കൊടുങ്കാറ്റിന്റെ ക്രൗര്യഭാവവും മറ്റു ചിലപ്പോൾ ഒരു തെളിനീരരുവിയുടെ  ശാന്തതയും നൽകി ഫുട്‌ബോൾ പ്രേമികളെ ആനന്ദിപ്പിച്ചിട്ടുണ്ട് ഇരുവരും.
ഇന്നും ലോക ഫുട്‌ബോളിന്റെ രാജവീഥിയിലൂടെ ഇരുവർക്കും പ്രയാണം തുടരാൻ കഴിയുന്നത് കാൽപന്ത് കളിയോടുള്ള അവരുടെ അർപ്പണ ബോധമാണ്. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശവും വിജയിക്കുവാനുള്ള ത്വരയും എല്ലാവർക്കും എപ്പോഴും നിലനിർത്തുവാൻ കഴിഞ്ഞെന്നു വരില്ല. അവ രണ്ടും രക്തത്തിൽ അലിഞ്ഞു ചേർന്നവരാണ് റൊണാൾഡോയും മെസ്സിയും. എത്രയോ വന്മതിലുകൾ ആ കാലുകളുടെ പ്രഹരത്താൽ തകരുന്നത് നാം കണ്ടു. വജ്രം പോലെ തിളക്കമുള്ള ഇരുവരും ചിലപ്പോൾ മിന്നൽപിണരുകളായും ഇടിമുഴക്കങ്ങളായും എതിരാളികളെ കുടഞ്ഞറിയുന്നത് വിസ്മയത്തോടെ അല്ലാതെ ആർക്കാണ് നോക്കിനിൽക്കാൻ കഴിയുക? വൻകര ചാമ്പ്യന്മാരായി ഇരുവരും യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയും സിംഹാസനത്തിൽ അധികാരാരോഹണം നടത്തിയിട്ടുണ്ടെങ്കിലും ഐതിഹാസികതയുടെ പടവുകളിൽ ഇരുവർക്കും വിശ്വ കിരീടത്തിന്റെ മേമ്പൊടി ചാർത്താനായിട്ടില്ല. പൂർണതയിലെത്താൻ വിശ്വകിരീടം നേടിയ ആനന്ദ കണ്ണീരിന്റെ ആത്മഹർഷവും അനർഘനിമിഷങ്ങളും വന്നുചേരണമെന്ന് വാശിപിടിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, രണ്ടു പതിറ്റാണ്ടോളമായി ഫുട്‌ബോൾ എന്ന ഭൂഗോളത്തെ അടക്കി ഭരിക്കുന്ന ഇരുവർക്കും അതൊരു വലിയ കുറവ് തന്നെയാണ്. കനക കിരീടത്തിലേക്കുള്ള വഴികളിൽ ദൗർഭാഗ്യങ്ങളും ദുർവിധികളും പലകുറി വേട്ടയാടിയ ഇരുവരും കാൽപന്ത് മൈതാനങ്ങളുടെ വെള്ള വരകൾക്ക് പുറത്തേക്ക് നടന്നു തുടങ്ങുവാൻ സമയമായി എന്നത് ഒരു സത്യമാണ്. 
മധ്യപൗരസ്ത്യ ദേശമായ ഖത്തർ എന്ന കൊച്ചുരാജ്യത്ത് വിശ്വ മാമാങ്കത്തിന്റെ കൊടിമരങ്ങൾ ഉയർന്നു കഴിഞ്ഞു. അവിടെ ഊദ് പുകച്ച് സൗരഭ്യം പരത്തുന്നൊരു കനക കിരീടം കാത്തു നിൽക്കുന്നുണ്ട്. ആ സൗരഭ്യം പുൽകുക എന്ന അനർഘ നിമിഷങ്ങളിലേക്കുള്ള വഴികളിൽ കടമ്പകൾ ഒരുപാട് താണ്ടാനുണ്ട് ഇരുവർക്കും. നാൽപതിനോട് അടുക്കുന്ന ഇരുവർക്കും അവരുടെ യൗവനത്തിലെന്ന പോലെ മഹാമതിലുകൾ തകർക്കാനും കോട്ടകൾ പിളർത്താനും കഴിയുമോ എന്ന് കാത്തിരുന്നു കാണാം. ഒരു നിയോഗം പോലെ ഇതിഹാസങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് അതിന് കഴിഞ്ഞാൽ അത് കാലത്തിന്റെ കാവ്യനീതിയാവും.

.
 

Latest News