Sorry, you need to enable JavaScript to visit this website.

അസീസിന്റെ അനുചരൻ

മലപ്പുറം അസീസുമായുള്ള നീണ്ട കാലത്തെ സൗഹൃദം ഓർത്തെടുക്കുകയാണ് തറയിൽ മുഹമ്മദ് എന്ന കുഞ്ഞാൻ. കുഞ്ഞാന്റെ പതിനഞ്ചാം വയസ്സിൽ തുടങ്ങിയതാണ് അവർ തമ്മിലുള്ള ബന്ധം. ആ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ നിറമുള്ള ഒരുപാട് ഓർമകളാണ്  മനസ്സിനെ പൊതിയുന്നത്. തിങ്കളാഴ്ചയാണ് മലപ്പുറം അസീസിന്റെ രണ്ടാം ചരമ വാർഷികം


മലപ്പുറം കുന്നുമ്മൽ കിഴക്കേത്തലയിലെ ത്രിപുരാന്തക ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് നഗ്നപാദനായി പന്ത് തട്ടിയിരുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞാന് കളിക്കാൻ ബൂട്ട് നൽകിയത് മലപ്പുറം അസീസാണ്. അന്ന് തുടങ്ങിയതാണ് അവർ തമ്മിലുള്ള ബന്ധം. അത് അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. കിഴക്കേത്തലയിൽ കുഞ്ഞാന്റെ വീടിന് സമീപത്തായിരുന്നു അസീസ്‌ക്കയുടെ മാതൃ സഹോദരി ആയമ്മത്താത്തയുടെ വീട്. റോഡിന്റെ ഓരത്തെ ആ വീടിന്റെ വരാന്ത ബാല്യക്കാരുടെ  ഒത്തുകൂടൽ കേന്ദ്രമായിരുന്നു. സായാഹ്നങ്ങളിലും സ്‌കൂൾ അവധി ദിനങ്ങളിലും കുട്ടികൾ  അവിടെ സമ്മേളിച്ചു. ബാംഗ്ലൂർ, കൊൽക്കത്ത, ബോംബെ എന്നിവിടങ്ങളിൽ നിന്നും ലീവിന് നാട്ടിൽ വരുമ്പോൾ ഇളയമ്മയെ കാണാൻ അസീസ്‌ക്ക അവിടെ വരും. ആയമ്മത്താത്തയുടെ മക്കളായ സൈതലവിയും ഹംസയും പേരുകേട്ട ഫുട്‌ബോളർമാരായിരുന്നു. അവിടെ വെച്ചാണ് കുഞ്ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഒരിക്കൽ നാട്ടിൽ വന്നപ്പോൾ അദ്ദേഹം കുഞ്ഞാനൊരു ബൂട്ട് നൽകി. പിന്നീട്  നാടണയുമ്പോഴെല്ലാം കാണും. കണ്ടില്ലെങ്കിൽ കൂട്ടുകാരെ വിട്ട്  വിളിപ്പിക്കും. അസീസ്‌ക്ക നാട്ടിലെത്തി മലപ്പുറം ജില്ലയിലെ വിവിധ ടീമുകൾക്ക് കളിച്ചപ്പോഴെല്ലാം കളി കാണാൻ ഒപ്പം കൂട്ടും. കുഞ്ഞാന് അത് അഭിമാനമായിരുന്നു. പത്രക്കടലാസിൽ പൊതിഞ്ഞ അസീസ്‌ക്കയുടെ ബൂട്ട് കുഞ്ഞാന്റെ കൈവശമായിരിക്കും. ഹാഫ് ടൈമിന്  ഡ്രസ്സിംഗ് റൂമിൽ കയറി കളിക്കാർ സോഡ കുടിക്കുമ്പോൾ അസീസ്‌ക്കയുടെ സോഡയുടെ പകുതി കുഞ്ഞാനുള്ളതായിരിന്നു.
തിരൂരിൽ നടന്ന മമ്മി ഹാജി മെമ്മോറിയൽ റോളിംഗ് ട്രോഫി രണ്ടാം പാദ ഫൈനൽ മത്സരം ഹാഫ് ടൈമിന് പിരിയുമ്പോൾ കോഴിക്കോട് ബ്ലാക്ക് ആന്റ് വൈറ്റിനെതിരെ മലപ്പുറം സൈതലവി മെമ്മോറിയിൽ ടീം  മൂന്ന് ഗോളിന് പിറകിലായിരുന്നു. ഓല കൊണ്ട് മറച്ച ഡ്രസ്സിംഗ് റൂമിൽ അസീസ്‌ക്കയടക്കമുള്ള കളിക്കാർ സോഡ കുടിക്കുകയാണ്. ആ സമയം ആകാംക്ഷയോടെ അസീസ്‌ക്കയോട് ചോദിച്ചു, ജയിക്കുമോ? പകുതി സോഡ കുഞ്ഞാന് നൽകി ഒന്നും മിണ്ടാതെ  അദ്ദേഹം ഗ്രൗണ്ടിലേക്കിറങ്ങി. ആ മാന്ത്രികക്കാലുകളിൽ നിന്ന് ഒന്നിന് പിറകെ ഒന്നൊന്നായി നാലു ഗോളുകൾ പിറന്നു. മലപ്പുറം ജേതാക്കളായി.
കൊൽക്കത്തയിലും ബോംബെയിലും ബാംഗ്ലൂരിലും അസീസ്‌ക്ക കളിച്ചിരുന്നപ്പോൾ വിശേഷങ്ങളറിഞ്ഞിരുന്നത്  കൂട്ടുകാരനായ തറയിൽ ഉസ്മാനിൽ നിന്നായിരുന്നു (കേരള പോലീസിൽ ചേർന്ന ഉസ്മാൻ പിന്നീട് എസ്.ഐ വരെയായി. ഏതാനും വർഷം മുമ്പാണ് പിരിഞ്ഞത്).  ത്രിപുരാന്തക ക്ഷേത്രത്തിനടുത്ത ഗ്രൗണ്ടിൽ വൈകുന്നേരങ്ങളിൽ കുട്ടികളുടെ പന്ത് കളി തുടങ്ങുന്നതിന് മുമ്പ് സമീപത്തെ ഫ്രെയ്‌സർ ഹാൾ വായനശാലയിൽ  പത്രപാരായണം നടത്തുന്നത് ഉസ്മാന്റെ ശീലമായിരുന്നു. അസീസ്‌ക്കയുടെ കളി വിവരങ്ങൾ വള്ളി പുള്ളി വിടാതെ കുഞ്ഞാനെ ഉസ്മാൻ  അറിയിക്കുമായിരുന്നു.
ഓർക്കേ മിൽസിന് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞാനെയും അസീസ്‌ക്ക ബോംബെ കാണാൻ കൂടെ കൂട്ടി. ട്രെയിൻ യാത്രയിൽ അദ്ദേഹം സഹയാത്രികരോട് ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്നത് കേട്ട് അതിശയം തോന്നി. അതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് വർഷങ്ങൾക്ക് ശേഷം ദുബായിലേക്ക് ജോലിക്ക് പോയപ്പോൾ കുഞ്ഞാൻ ഹിന്ദി പഠിച്ചത്. പിന്നീട് അവർ തമ്മിൽ സംസാരം തുടങ്ങുന്നത് ഹിന്ദിയിലായിരുന്നു.
ഇടക്കാലത്ത് കുഞ്ഞാൻ പ്രവാസത്തിന് അവധി നൽകി നാട്ടിൽ തങ്ങിയപ്പോൾ മലപ്പുറത്തെ ഒരു സൂപ്പർ മാർക്കറ്റിൽ വെച്ചായിരുന്നു സ്ഥിരമായി അസീസ്‌ക്കയെ കണ്ടുമുട്ടിയിരുന്നത്. കൊറോണ എന്ന മഹാമാരി വ്യാപകമായതോടെ മൊബൈൽ ഫോണിലായി ക്ഷേമാന്വേഷണങ്ങൾ. സുഹൃത്തും ഫിഫ റഫറി അബ്ദുൽ ഹക്കീമിന്റെ സഹോദരനുമായ എൻജിനീയർ ബഷീറുമൊത്ത് അസീസ്‌ക്കയുടെ നാടായ മക്കരപ്പറമ്പ് വഴി കടന്നുപോകവേ മൊബൈലിൽ വിളിച്ചപ്പോഴാണ് സുഖമില്ലെന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും ഭേദമില്ലെന്നും അറിഞ്ഞത്. പിന്നീട്  അസീസ്‌ക്കയുടെ വിളി വന്നത് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നാണ്. അദ്ദേഹത്തെ കൊണ്ടുവരാൻ ഹോസ്പിറ്റലിലെത്തിയപ്പോഴാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമായത്. അരോഗദൃഢഗാത്രനായിരുന്ന ആ മനുഷ്യൻ പാടെ ക്ഷീണിതനായിരുന്നു. അസീസ്‌ക്കയേയും കയറ്റി വാഹനം കോഴിക്കോട്ടു നിന്നും മക്കരപ്പറമ്പിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ കുഞ്ഞാെന്റ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
പിന്നീട് ചികിത്സ തുടർന്നപ്പോഴും എല്ലാം ഭേദമായി പൂർണ ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചെത്തുമെന്നായിരുന്നു  കുഞ്ഞാന്റെ മനസ്സ് പറഞ്ഞിരുന്നത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് പടച്ചവന്റെ വിളിക്ക്  അദ്ദേഹം ഉത്തരം നൽകുകയായിരുന്നു. അസീസ്‌ക്ക വിടവാങ്ങിയിട് ഈ ജനുവരി പതിനഞ്ചിന് രണ്ട് വർഷം തികയുകയാണ്. അദ്ദേഹത്തിന്റെ മരണം കുഞ്ഞാന് താങ്ങാവുന്നതിലപ്പുറമായിരുന്നു. നീണ്ട 46 വർഷത്തെ ബന്ധത്തിനിടയിൽ  ഒരിക്കൽ പോലും അദ്ദേഹം മുഖം കറുപ്പിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇളയ സഹോദരനായിരുന്നു കുഞ്ഞാൻ. മികച്ച ഫുട് ബോൾ താരത്തിന്റെ, അതിലുപരി  നല്ലൊരു മനുഷ്യന്റെ വേർപാടിന്റെ വേദന ഇന്നും കുഞ്ഞാന്റെ മനസ്സിനെ വീർപ്പുമുട്ടിക്കുകയാണ്.

Latest News