Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മെസ്സിക്ക് ഹാട്രിക്, ഗോൾഡൻ ബൂട്ട് അരികെ

മഡ്രീഡ് - നാലു മത്സരങ്ങൾ ശേഷിക്കെ സ്പാനിഷ് ഫുട്‌ബോൾ ലീഗ് കിരീടം സ്വന്തമാക്കി ബാഴ്‌സലോണ ആഭ്യന്തര ഡബ്ൾ തികച്ചു. ലിയണൽ മെസ്സിയുടെ ഹാട്രിക്കിൽ ഡിപോർടിവൊ ലാ കൊറൂണ്യയെ 4-2 ന് തകർത്തതോടെയാണ് ബാഴ്‌സക്ക് ഇരുപത്തഞ്ചാം ലീഗ് കിരീടമുറച്ചത്. കഴിഞ്ഞ പത്ത് സീസണിൽ ഏഴാമത്തേത്. 33 തവണ ലീഗ് ചാമ്പ്യന്മാരായ റയൽ മഡ്രീഡ് സീസണിന്റെ ആദ്യ പാദത്തിൽ മങ്ങിയതോടെ തന്നെ ബാഴ്‌സലോണ കിരീടത്തിലേക്ക് കുതിപ്പ് തുടങ്ങിയിരുന്നു. 
ഏതാണ്ട് പിഴവറ്റ പ്രകടനമാണ് അവർ കാഴ്ചവെച്ചത്. അവശേഷിച്ച നാലു കളികളിൽ തോൽവി ഒഴിവാക്കിയാൽ ലാ ലിഗയിൽ അപരാജിതരായി സീസൺ പൂർത്തിയാക്കുന്ന ആദ്യ ടീമെന്ന പദവി ബാഴ്‌സലോണക്ക് കിട്ടും. എന്നാൽ ഇരട്ട ദുഃഖത്തോടെയാണ് ബാഴ്‌സലോണ ഈ സീസൺ പൂർത്തിയാക്കുക. 
യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ അപ്രതീക്ഷിതമായി അവർ ക്വാർട്ടറിൽ പുറത്തായി. ആദ്യ പാദത്തിൽ 4-1 ലീഡ് നേടിയിട്ടും റോമയോട് അവർ എവേ ഗോളിൽ പുറത്തായത് അവിശ്വസനീയമായിരുന്നു. ടീമിന്റെ പ്രതീകമായിരുന്ന ക്യാപ്റ്റൻ ആന്ദ്രെസ് ഇനിയെസ്റ്റ വിടവാങ്ങുന്നതും ബാഴ്‌സലോണക്ക് വലിയ ദുഃഖം സമ്മാനിക്കും.  ഡിപോർടിവോക്കെതിരെ കണ്ടത് മിന്നുന്ന പ്രകടനമൊന്നുമായിരുന്നില്ല. വാലറ്റക്കാർക്കെതിരെ രണ്ട് ഗോൾ ലീഡ് ബാഴ്‌സലോണ കളഞ്ഞുകുളിച്ചതായിരുന്നു. എന്നാൽ അവസാന എട്ട് മിനിറ്റിലെ രണ്ടു ഗോളോടെ ടീമിനെ ജയിപ്പിച്ച ലിയണൽ മെസ്സി ഹാട്രിക് പൂർത്തിയാക്കി. ഡിപോർടിവൊ തരംതാഴ്ത്തപ്പെട്ടു. കളി തുടങ്ങുമ്പോൾ ബാഴ്‌സലോണക്ക് കിരീടമുറച്ചിരുന്നില്ലെങ്കിലും ഡിപോർടിവൊ കളിക്കാർ എതിരാളികൾക്ക് ഗാർഡ് ഓഫ് ഓണർ നൽകി. അവരുടെ ആരാധകർ എതിർ ടീമിനെ പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രണ്ടു തവണ റയലും ഒരിക്കൽ അത്‌ലറ്റിക്കൊ മഡ്രീഡും ജയിച്ചതൊഴിച്ചാൽ സ്‌പെയിനിൽ ബാഴ്‌സലോണയുടെ വാഴ്ചയാണ്. 
കഴിഞ്ഞ സീസണിലേത് കൂടി പരിഗണിച്ചാൽ തുടർച്ചയായ നാൽപത്തൊന്നാമത്തെ ലീഗ് മത്സരത്തിലാണ് ബാഴ്‌സലോണ പരാജയമില്ലാതെ കുതിക്കുന്നത്. ഈ സീസണിൽ 26 കളികൾ ജയിച്ചു, നാലെണ്ണം സമനിലയായി. ഞായറാഴ്ച നൗകാമ്പിൽ റയൽ മഡ്രീഡ് എത്തുന്നുണ്ട്. വിയ്യാറയൽ, റയൽ സൊസൈദാദ് ടീമുകൾക്കെതിരെ നാട്ടിലും ലെവാന്റെക്കെതിരെ അവരുടെ ഗ്രൗണ്ടിലും മത്സരം ബാക്കിയുണ്ട്. 
ഈ സീസണിൽ റയൽ ഒരു പ്രശ്‌നമേ ആയിരുന്നില്ല. വലൻസിയ മീശ പിരിച്ചു, ബാഴ്‌സലോണയെ 1-1 ന് തളച്ചു. എന്നാൽ തൊട്ടുപിന്നാലെ ഡിസംബറിൽ മൂന്നു കളി തോറ്റതോടെ അവരുടെ കാറ്റഴിഞ്ഞു. അത്‌ലറ്റിക്കൊ മഡ്രീഡിനെതിരെ 11 പോയന്റ് ലീഡുണ്ടായിരുന്നു. 
എന്നാൽ ഫെബ്രുവരിയിൽ അഞ്ച് കളിയിൽ ബാഴ്‌സ മൂന്ന് സമനില വഴങ്ങിയതോടെ ലീഡ് അഞ്ച് പോയന്റ് ആയി കുറഞ്ഞു. നൗകാമ്പിൽ ജയിച്ചിരുന്നുവെങ്കിൽ രണ്ട് പോയന്റ് പിന്നിലെത്താമായിരുന്നു അത്‌ലറ്റിക്കോക്ക്. എന്നാൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ ബാഴ്‌സലോണ ജയിച്ചു. ലീഡ് എട്ട് പോയന്റായി ഉയർന്നു. 
കഴിഞ്ഞയാഴ്ചയാണ് ബാഴ്‌സലോണ മുപ്പതാം തവണ കോപ ഡെൽറേ നേടിയത്. എട്ടാം തവണയാണ് അവർ ആഭ്യന്തര ഡബ്ൾ പൂർത്തിയാക്കുന്നത്. അതിൽ മൂന്നും അവസാന നാലു വർഷങ്ങളിലായിരുന്നു. 
മെസ്സിയുടെ മുപ്പതാം ഹാട്രിക്കായിരുന്നു ഇത്. ക്രിസ്റ്റ്യാനൊ റൊണാൾഡൊ (34) മാത്രമാണ് മുന്നിൽ. എല്ലാ ടൂർണമെന്റിലുമായി മെസ്സിക്ക് 41 ഹാട്രിക്കുണ്ട്. ഡിപോർടിവോക്കെതിരെ മെസ്സിയുടെ മൂന്നു ഗോളിനും വഴിയൊരുക്കിയത് ലൂയിസ് സോറസായിരുന്നു. ഫെലിപ്പെ കൗടിഞ്ഞോയാണ് ആദ്യ ഗോളടിച്ചത്. ഹാട്രിക്കോടെ യൂറോപ്യൻ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലിവർപൂളിന്റെ മുഹമ്മദ് സലാഹിനെ (31) മറികടക്കാൻ മെസ്സിക്കായി (32). മെസ്സിക്ക് നാലു കളി ബാക്കിയുണ്ട്. സലാഹിന് രണ്ടെണ്ണമേയുള്ളൂ. 
മെസ്സിയും ഇനിയെസ്റ്റയും നേടുന്ന മുപ്പത്തിരണ്ടാമത്തെ കിരീടമാണ് ഇത്. ഒമ്പതാമത്തെ ലീഗ് കിരീടവും. 
എന്നാൽ തുടർച്ചയായി മൂന്നാം തവണയാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ പുറത്തായത്. 2016 നു ശേഷം ചാമ്പ്യൻസ് ലീഗിൽ എവേ നോക്കൗട്ട് മത്സരം ബാഴ്‌സലോണ ജയിച്ചിട്ടില്ല. പ്രമുഖ കളിക്കാരെ വിശ്രമമില്ലാതെ കളിപ്പിച്ചതാണ് തോൽവിക്ക് പ്രധാന കാരണമെന്ന് വിലയിരുത്തലുണ്ട്. 
ആന്റോയ്ൻ ഗ്രീസ്മാനെ അവർ നോട്ടമിട്ടിട്ടുണ്ട്. ബ്രസീലിയൻ പ്ലമേക്കർ ആർതറും വരുന്നുണ്ട്. അഞ്ച് വർഷം മുമ്പ് റഫീഞ്ഞ സീനിയർ ടീമിലെത്തിയ ശേഷം തങ്ങളുടെ ലാ മാസിയ അക്കാദമിയിൽ നിന്നുള്ള പ്രതിഭകളുടെ വരവ് നിലച്ചതും ബാഴ്‌സലോണയെ അലട്ടുന്നുണ്ട്. മെസ്സി ഇപ്പോഴും ഉജ്വല ഫോമിലാണെന്നതാണ് ആശ്വാസം. തുടർച്ചയായ ഏഴ് സീസണിൽ മുപ്പതോ അധികമോ ഗോളടിക്കുന്ന ആദ്യ ലാ ലിഗ കളിക്കാരനായി മെസ്സി. ഒരേസമയം സ്‌ട്രൈക്കറായും പ്ലേമേക്കറുമായാണ് ഇപ്പോൾ മെസ്സി കളിക്കുന്നത്. 32 ഗോളടിച്ചതിനു പുറമെ 12 ഗോളടിക്കാൻ അവസരമൊരുക്കി, 81 അവസരങ്ങൾ സൃഷ്ടിച്ചു. 
 

Latest News