'എം.ഡി വന്നത് ഞാനും കണ്ടു'

സി.പി.എമ്മിന്റെ സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വേർപാടാണ് വാരാദ്യത്തിൽ മലയാളി സമൂഹത്തെ കരയിപ്പിച്ചത്. ഇ.കെ. നായനാർക്ക് നൽകിയത് പോലൊരു യാത്രയയപ്പായിരുന്നു  കോടിയേരിയുടേതും.  നായനാർ അന്തരിച്ച വേളയിലാണ്  കൈരളി ടിവി ഒ.ബി വാൻ വാടകയ്‌ക്കെടുത്ത് കവറേജ് ഗംഭീരമാക്കിയത്. ടെക്്‌നോളജി വീണ്ടും വളർന്നു. മലയാളത്തിൽ ന്യൂസ് ചാനലുകളുടെ എണ്ണവും പെരുകി. സി.പി.എമ്മിന്റെ സൗമ്യ മുഖം, പുഞ്ചിരിയ്ക്കുന്ന സഖാവ് എന്നൊക്കെ ചിലർ വിശേഷിപ്പിച്ചു കണ്ടു. ഇത്തരം പ്രയോഗങ്ങളോട് യോജിക്കാനാവില്ല. മനുഷ്യനന്മയുടെ പക്ഷത്ത് നിൽക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെല്ലാം നല്ലവരായിരിക്കുമല്ലോ. നാല്് ദശകങ്ങൾക്കപ്പുറം മാഹി മഹാത്മാ ഗാന്ധി കോളജിന്റെ പോർട്ടിക്കോയിൽ അന്നത്തെ എസ്.എഫ്്.ഐക്കാർ കാത്തിരുന്നത് ഒരു വലിയ ഹീറോയെ കാണാനായിരുന്നു. പോണ്ടിച്ചേരി സംസ്ഥാനത്തിൽ പെടുന്ന കോളജിലെ ആദ്യ എസ്.എഫ്.ഐ ചെയർമാൻ. അടിയന്തരാവസ്ഥ കാലത്ത്് ചെറുപ്രായത്തിലേ ജയിൽ ജീവിതം അനുഭവിച്ച പോരാളി. പരിചയപ്പെട്ട ആരെയും മറക്കാതിരിക്കുക എന്നതാണ് കോടിയേരിയുടെ ഏറ്റവും വലിയ ക്വാളിറ്റി. 'ഇഞ്ഞെന്താ ഈട' എന്ന ചോദ്യത്തിൽ ഒളിഞ്ഞിരിപ്പുണ്ട് ആ സ്‌നേഹവും കരതുലും.  മുഖ്യമന്ത്രിയുടെ മണ്ഡലമായ ഇപ്പോഴത്തെ ധർമടത്തിൽ പെടുന്ന പാലയാടൊക്കെ പണ്ട് മോസ്‌കോ, ബെയ്ജിംഗ് പോലുള്ള സ്ഥലമായിരുന്നു. ഒറ്റ പാർട്ടി മാത്രം. തലശ്ശേരി ഏരിയയിലെ എസ്.എഫ്.ഐ പ്രതിനിധികളെ അഭിസംബോധന ചെയ്ത് ചിറക്കുനിയിലെ ഒരു ചെറിയ വീട്ടിൽ വെച്ച്് കോടിയേരി പറഞ്ഞു: 'സഖാക്കളേ, നമ്മുടെ ലക്ഷ്യം വിപ്ലവമാണ്. സമ്പന്നനും ദരിദ്രനുമില്ലാത്ത ലോകം കെട്ടിപ്പടുക്കുക. അതിന് ഏറെയൊന്നും സഞ്ചരിക്കേണ്ടതില്ല. എല്ലാരും ഉത്സാഹിച്ചാൽ ഈടന്ന് നമ്പർ ബസ് (തലശേരി ഭാഗത്ത് ടൗൺ ബസുകൾ  അങ്ങിനെയാണ് അറിയപ്പെടുക) കയറി തലശ്ശേരി സ്റ്റാൻഡിലെത്തുന്ന സമയം മതി. ലളിതമായ ശൈലിയിൽ കമ്യൂണിക്കേറ്റ്് ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു.  അങ്ങിനെയൊക്കെയാണല്ലോ ഭരണതുടർച്ചയ്ക്ക്  സാഹചര്യമൊരുക്കാൻ മറുഭാഗത്തെ കക്ഷികളെ പോലും ഇടതുപക്ഷത്തെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചത്. 
കോടിയേരി അന്തരിച്ചതുമായി ബന്ധപ്പെട്ട്  മലയാളം ന്യൂസ് ചാനലുകളിൽ പലതിലും കോടിയേരിയുടെ നോൺ സ്‌റ്റോപ്പ്് ലൈവ് കവറേജ് ഉണ്ടായിരുന്നു. അതിനിടയ്ക്ക് മറ്റു പ്രധാന വാർത്തകളെല്ലാം സ്‌കിപ്പ് ചെയ്തു കൊണ്ടേയിരുന്നു. തലശ്ശേരിയിൽ നിന്ന് കണ്ണൂരിലെ പയ്യാമ്പലത്തേക്കാണ് വിലാപയാത്ര വന്നത്. ഈ വഴിയിലാണ് ബൈപാസിനോട് ചേർന്നു കിടക്കുന്ന ചാല. അതേ ദിവസം രാവിലെ നിയന്ത്രണം വിട്ട പാൽ ലോറി നിരവധി ഷോപ്പുകൾ ഇടിച്ചു തകർത്തിരുന്നു. അതൊന്നും ഒന്നിലും കണ്ടില്ല. ഒരേ അവതാരം വാർത്ത വായിക്കുമ്പോൾ കോടിയേരിയുടെ ജന്മദേശമായ മാടപ്പീടിക മാടക്കത്തറയും മാടായിപ്പാറയുമായെല്ലാം മാറുന്നതും കേട്ടു. പ്രമുഖ ചാനലിലെ ന്യൂസ് റീഡർക്ക് വിശിഷ്ട വ്യക്തി അനുശോചിക്കാനെത്തിയത് സംബന്ധിച്ച് ആരോ നൽകിയ സിഗ്നലാണ് ബഹുരസം. നമ്മുടെ ശൈലജ ടീച്ചർ അസംബ്ലിയിൽ വെച്ച് ഇയാൾ ഞമ്മളെ കൊയപ്പത്തിലാക്കുമോ എന്നു സംശയം പ്രകടിപ്പിച്ചത് പോലെ എയറിലിരുന്നായിപ്പോയി വായനക്കാരിയുടെ പ്രതികരണം. അതെ, എം.ഡി എത്തിയത് ഞാനും കണ്ടു. നീലക്കുപ്പായമിട്ട എം.ഡിയെ ഒപ്പിയെടുക്കുന്ന തിരക്കിലായി പിന്നീട് ക്യാമറ. 

***  ***  ***

സിനിമയുടെ പ്രൊമോഷനിടെ നടൻ ശ്രീനാഥ് ഭാസി യുട്യൂബ് അവതാരകയോട് അസഭ്യം പറയുകയും മറ്റ് അണിയറ പ്രവർത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തോടെയാണ് അഭിമുഖങ്ങളിലെ നിലവാര തകർച്ചയെ കുറിച്ച് ചർച്ച  തുടങ്ങിയത്. സംഭവത്തിൽ അവതാരകയുടെ പരാതിയെ തുടർന്ന് നടനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.  സംഭവത്തിൽ അവതാരകയും നടനും തമ്മിൽ കാര്യങ്ങൾ ഒത്തുതീർപ്പാക്കിയതിനെ തുടർന്ന് കേസ് സ്‌റ്റേ ചെയ്യുകയായിരുന്നു.
ശ്രീനാഥ് ഭാസി വിവാദത്തിന് പിന്നാലെ മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകം ആണ് എന്ന നിർമാതാക്കളുടെ ആരോപണത്തിന് മറുപടിയുമായി നടൻ മമ്മൂട്ടി രംഗത്തെത്തി.  താരങ്ങൾക്ക് മാത്രമല്ല ലഹരി മരുന്ന് ലഭിക്കുന്നത് എന്ന് മമ്മൂട്ടി തുറന്നടിച്ചു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. ലഹരി ഉപയോഗിക്കരുത് എന്ന് ബോർഡ് എഴുതിവെക്കാം എന്നല്ലാതെ എന്ത് ചെയ്യാനാകും? ലഹരി ഉപയോഗം സംബന്ധിച്ച് പൊതുസമൂഹമാണ് ചിന്തിക്കേണ്ടത് എന്നും ലഹരി ഉപയോഗം ഒട്ടും ഗുണകരമായ ഒരു കാര്യമല്ല. 
 ഇതിനിടെ, അവതാരകയോട് മോശമായിപ്പെരുമാറിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസി നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക് നേരിടുകയാണ്. നടൻ മാപ്പ് പറയുകയും പരാതിക്കാരി പരാതി പിൻവലിക്കുകയും ചെയ്‌തെങ്കിലും വിലക്ക് ചെറിയൊരു കാലയളവിലേക്ക് തുടരുമെന്നാണ് നിർമ്മാതാക്കളുടെ സംഘടന പറയുന്നത്.  ആരുടെയും അന്നം മുട്ടിക്കുന്ന നടപടി ശരിയല്ലെന്നായിരുന്നു ഇക്കാര്യത്തിൽ മമ്മൂട്ടിയുടെ പ്രതികരണം. അതേസമയം, സംഭവത്തിൽ നിർമ്മാതാക്കൾക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഷൂട്ടിംഗിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും. നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണെന്ന് ഹരീഷ് പറയുന്നു. രജനികാന്തും, കമലഹാസനും, ചിരഞ്ജീവിയും, മമ്മൂട്ടിയും,മോഹൻലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ്. യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കിൽപ്പെട്ട രജനി സാർ ഒരു പോലിസുകാരന്റെ ബൈക്കിൽ കയറി സമയത്തിന് ലൊക്കേഷനിൽ എത്തിയപ്പോൾ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയർത്തി അത്ഭുതം കൊണ്ടതാണ്- നിർമാതാവായി മാറിയ ഹരീഷ് പേരടി പറയുന്നു. 

***  ***  ***

വ്യാപാര പ്രമുഖനായി മാത്രമല്ല അതിലുപരി സഹൃദയനായ ഒരു കലാകാരന്റെ സ്ഥാനം കൂടി പൊതുസമൂഹത്തിൽ ലഭിച്ച വ്യക്തിയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ദുബായിൽ സംസ്‌കരിച്ച ശേഷം നടന്ന അനുസ്മരണ ചടങ്ങിൽ പിതാവിന്റെ ഓർമ്മകൾ  ഡോ. മഞ്ജു രാമചന്ദ്രൻ പങ്കുവെച്ചിരുന്നു.  ഇനി എത്ര ജന്മമുണ്ടെങ്കിലും ഇതേ അച്ഛന്റെ മകളായി തന്നെ ജനിക്കണമെന്നും മഞ്ജു പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ മുഴുവൻ അച്ഛനെ കുറിച്ചുള്ള കുറിപ്പുകളാണ്. അദ്ദേഹം ഒരു സാധാരണ വ്യക്തിയായിരുന്നില്ല. നേരിൽ കാണാത്ത ആളുകൾ പോലും അച്ഛനെ സ്‌നേഹിക്കുന്നു. എല്ലാവരുടെയും മനസിൽ അദ്ദേഹത്തിന് ഒരിടം കൊടുത്തു. അച്ഛനും ഞാനും തമ്മിൽ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകാറുണ്ട്. കൊച്ചു  കുട്ടികളെ പോലെ എന്നോട് വഴക്കടിക്കും. കുറച്ച് കഴിഞ്ഞാൽ ഫോണിൽ വിളിച്ച് സ്‌നേഹത്തിൽ സംസാരിക്കും. അദ്ദേഹം മറ്റുള്ള അച്ഛന്മാർ മക്കളെ ഓമനിക്കുന്നതു പോലെ എന്നെ ഓമനിച്ചിട്ടില്ല. ഈ ഒരു കാര്യത്തിൽ എനിക്ക് അച്ഛനോട് ചെറിയ പരിഭവമുണ്ട്. എന്തുകൊണ്ടാണിങ്ങനെ എന്നെനിക്കറിയില്ല. അതിനുള്ള ഉത്തരം അദ്ദേഹം നൽകിയിട്ടുമില്ല- മഞ്ജു പറഞ്ഞു.
ഞാൻ ജുവലറിയിൽ ജോലിക്ക് കയറിയപ്പോൾ മറ്റുള്ള ജോലിക്കാരോട് പെരുമാറുന്നതുപോലെ തന്നെയാണ് അച്ഛൻ എന്നോടും പെരുമാറിയത്. യാതൊരു പരിഗണനയും നൽകിയില്ല. അദ്ദേഹത്തിന്റെ ഓഫീസിന്റെ ഒരു മൂലയിലാണ് എന്നെ ഇരുത്തിയിരുന്നത്. ഈ പാഠങ്ങളെല്ലാം ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ എന്നെ പ്രാപ്തയാക്കി. വിവാഹം കഴിഞ്ഞപ്പോൾ നിന്റെ ജീവിതത്തിൽ ഞാൻ ഇടപെടാൻ വരില്ലെന്നാണ് പറഞ്ഞത്. ഗർഭിണിയായിരുന്ന സമയത്ത് എനിക്ക് ഛർദ്ദിയാണെന്നും വയ്യാന്നും പറഞ്ഞ് അച്ഛനെയും അമ്മയെയും വിളിച്ചു. ഗർഭകാലം ഇങ്ങനെയാണെന്നും ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്നും അച്ഛൻ പറഞ്ഞു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം എന്നെക്കാണാൻ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കെത്തി. അച്ഛൻ കൊണ്ടുവന്ന പെട്ടി തുറന്നപ്പോൾ അതിൽ എനിക്ക് വളരെ ഇഷ്ടമുള്ള അമ്മയുണ്ടാക്കുന്ന മാങ്ങ കൂട്ടാനും തക്കാളി കറിയും ഉണ്ടായിരുന്നു. ആ ദിവസമാണ് അച്ഛൻ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസിലായത്. ഇനി എത്ര ജന്മമുണ്ടെങ്കിലും എനിക്ക് അച്ഛന്റെ മകളായി ജനിക്കണം. ഒരാളെയും അച്ഛൻ കുറ്റം പറയുന്നതു കണ്ടിട്ടില്ല, എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും- മഞ്ജു പറഞ്ഞു.

***  ***  ***

ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ആഞ്ജലീന ജോളി. വിമാനത്തിൽ വച്ചു നടന്ന മോശം അനുഭവമാണ് തന്നെ വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് ആഞ്ജലീന പറയുന്നു. രണ്ടുപേരുടെയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തർക്കം സംബന്ധിച്ച കേസിലാണ് ബ്രാഡ് പിറ്റിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
മാനസികമായും ശാരീരികമായും തന്നെയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചതായി ആഞ്ജലീന ജോളി ആരോപിച്ചു. വിമാനത്തിൽ വച്ച് ആറ് മക്കളിൽ ഒരാളെ ബ്രാഡ് പിറ്റ് ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തടിച്ചു, മക്കളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ചു. തന്റെ മുടിയിൽ കയറിപ്പിടിച്ച് വലിച്ചുവെന്നും തന്റെയും കുട്ടികളുടേയും മേൽ ബിയർ ഒഴിച്ചുവെന്നും ആഞ്ജലീന ആരോപിച്ചു. വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറൽ അധികാരികൾ സംഭവം അന്വേഷിച്ചെങ്കിലും നടനെതിരേ കുറ്റം ചുമത്തിയില്ലെന്നും ആഞ്ജലീന കൂട്ടിച്ചേർത്തു. 2004ൽ മിസ്റ്റർ ആന്റ് മിസ്സിസ് സ്മിത്ത് എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മിൽ പ്രണയത്തിലാകുന്നത്. 2014 ഇവർ വിവാഹിതരാകുകയും രണ്ട് വർഷം കഴിഞ്ഞ് വേർപിരിയുകയും ചെയ്തു. ഈ വക സങ്കടങ്ങൾ കേൾക്കുമ്പോൾ ഇതെല്ലാം ആഗോള പ്രതിഭാസമാണെന്നറിയുന്നതിലൊരു സുഖമുണ്ട്. 

***  ***  ***

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ചില ലീഗ് നേതാക്കളുടെ പ്രതികരണം കണ്ടു. കൊടുവള്ളി എം.എൽ.എ എം.കെ മുനീർ കടുത്ത ഭാഷയിലാണ് അവരുടെ ചെയ്തികൾക്കെതിരെ നിലപാടെടുത്തത്. പി.എം.എ സലാം ഒന്നു മയപ്പെടുത്തി. ആശ്ചര്യപ്പെടുത്തിയത് കെ.എം. ഷാജിയുടെ സോമർസാൾട്ടാണ്. ഷാജി കെ. വയനാട് എന്ന പ്രസംഗകനാണ് പിൽക്കാലത്ത് കെ.എം. ഷാജി എം.എൽ.എയും മുൻ എം.എൽ.എയുമൊക്ക ആയി മാറിയത്. മുനീറിനെ പോലെ ഇത്തരം സംഘങ്ങളെ നിശിതമായി വിമർശിച്ച് തെരഞ്ഞെടുപ്പ് ജയിച്ച ആളുമാണ് ഷാജി. മലക്കം മറിച്ചിലിന് ശേഷം  ഇതേ ഷാജി പറയുന്നു അനാഥമായ പോപ്പുലർ ഫ്രണ്ടുകാരെ ലീഗിന് ഏറ്റെടുക്കാമെന്ന്. ഇത് വലിയ വിവാദമായി. കുഞ്ഞാപ്പ നാദാപുരത്ത് വെച്ച് പാർട്ടിയുടെ ഇക്കാര്യത്തിലുള്ള നിലപാട് വിശദീകരിക്കുകയും ചെയ്തു. ആലപ്പുഴയിലെ കുട്ടിയെ കൊണ്ട് വിഷലിപ്തമായ മുദ്രാവാക്യം വളിപ്പിച്ചവരെയൊന്നും മതസൗഹാർദത്തിന്റെ വിളനിലമായ കേരളത്തിൽ അംഗീകരിക്കാനാവില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.  നേതാക്കന്മാർ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പൊതു വേദികളിൽ എഴുന്നള്ളിക്കരുതെന്ന് ലീഗ് അധ്യക്ഷൻ തങ്ങൾ വാണിംഗ് നൽകിയതോടെ വെടിനിർത്തലായി. ഇതിൽ നിന്നെല്ലാം ഒന്നു വ്യക്തം. തെരഞ്ഞെടുപ്പു കാലമൊന്നുമല്ലെങ്കിലും നേതാക്കൾക്ക് ലൈംലൈറ്റിൽ നിറഞ്ഞുനിൽക്കണ്ടേ. ഇതു തന്നെയാണ് സാംസ്‌കാരിക ലോകത്തും സംഭവിക്കുന്നത്. വെറുതെയിരിക്കേ വിവാദമുണ്ടാക്കി ഞങ്ങൾ ഇവിടെയൊക്കെയുണ്ടെന്ന് നാട്ടാരെ ഉണർത്തുക. 
മലയാളികൾ അടുത്തിടെയായി ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിൽ ഒന്നാണ് കുഴിമന്തി. വ്യത്യസ്തമായ പാചകരീതിയും സ്വാദും ഇതിനെ മിക്കവാറും ഭക്ഷണപ്രിയരുടെയും പ്രിയപ്പെട്ടതാക്കുന്നു. എന്നാൽ കുഴിമന്തിയെച്ചാല്ലി സമൂഹമാധ്യമങ്ങളിൽ ഒരു പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു.  നടനും എഴുത്തുകാരനുമായ വി. കെ ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കണമെന്ന നടന്റെ കുറിപ്പാണ് പോരിന് വഴിവെച്ചത്. പോസ്റ്റിന് പിന്നാലെ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖർ രംഗത്തെത്തുകയും ചെയ്തു. ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും.മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്. പോസ്റ്റിനെച്ചൊല്ലി ചർച്ചകൾ കനത്തതോടെ വി.കെ ശ്രീരാമന് പിന്തുണയുമായി ഇടത് ചിന്തകൻ സുനിൽ പി. ഇളയിടം രംഗത്തെത്തി. നടന്റെ കുറിപ്പിന് ഇമോജിയിലൂടെയാണ് സുനിൽ പി. ഇളയിടം പിന്തുണ അറിയിച്ചത്. ഇത് വിമർശനങ്ങൾ ഉയർത്തിയതോടെ അദ്ദേഹവും വിശദീകരണം അറിയിച്ചിരിക്കുകയാണ്. കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദക്കുട്ടി പ്രതികരിച്ചത്. 

***  ***  ***

യുവനടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം ജീവനക്കാർ പൂട്ടിയിട്ടെന്ന് പരാതി. മൊബൈൽ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫിസ് ജീവനക്കാരിയുമായി സംസാരിച്ചു തെറ്റിയതോടെ ഷട്ടർ താഴ്ത്തി പൂട്ടിയിടുകയും കയ്യിൽ പിടിച്ചുവലിച്ചെന്നും നടി ആരോപിച്ചു.'എന്നോടു കയർത്ത പെൺകുട്ടിയുടെ ഫോട്ടോ എടുത്തതിന്റെ പേരിൽ ഗുണ്ടായിസം കാണിക്കുകയായിരുന്നു. നടിയാണെന്നു പറയാതെ സാധാരണ പെൺകുട്ടി എന്ന നിലയിലാണ് ഷോറൂമിൽ പോയത്. കയ്യിൽ പിടിച്ചുവലിച്ചപ്പോൾ നഖം തട്ടി മുറിവേറ്റു. ഉടനെ പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചു, അവർ സ്ഥലത്തെത്തി. തുടർന്നു പോലീസ് സ്‌റ്റേഷനിൽ പോയെങ്കിലും പരാതി നൽകിയില്ല. ആക്രമിച്ച പെൺകുട്ടി മാപ്പു പറഞ്ഞു- നടി വിശദീകരിച്ചു. 25 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുടെ അപക്വ പെരുമാറ്റമായി കരുതി ക്ഷമിച്ചെന്നും നടി കൂട്ടിച്ചേർത്തു. ഈ സംഭവം റിപ്പോർട്ട് ചെയ്ത ഓൺലൈൻ മാധ്യമത്തിൽ കണ്ട ഒരു കമന്റ് ഇങ്ങിനെ. ഇവർ ഏത് പടത്തിൽ അഭിനയിച്ച നടിയാണ്?

 

Latest News