Man does not weave this web of life.
He is merely a strand of it.
Whatever he does to the web, he does to himself.
(From Chief Seattle speech)
1854 - ൽ അമേരിക്കയിലെ ഗോത്രവർഗത്തലവനായ സിയാറ്റിൽ മൂപ്പൻചെയ്ത പ്രസംഗം ഇപ്പോഴും പ്രസക്തമാണ്. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ യഥാർത്ഥത്തിൽ അവൻ തന്നോട് തന്നെ ചെയ്യുന്ന ക്രൂരതയാണ് എന്ന തിരിച്ചറിവ് ഉണ്ടാവുന്നില്ല എന്ന് അദ്ദേഹം പറയുന്നു. സിയാറ്റിൽ മൂപ്പന്റെ പരിസ്ഥിതി ദർശനത്തെ പറ്റി ഇനിയും നമ്മൾ മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. നദീം നൗഷാദ് എഴുതി നിയതം ബുക്സ് പ്രസിദ്ധീകരിച്ച 'കാറ്റ് നിലാവിൽ തൊട്ട്' എന്ന നോവൽ വായിക്കുമ്പോൾ സിയാറ്റിൽ മൂപ്പന്റെ വാക്കുകളുടെ പ്രാധാന്യം അത് നമ്മെ വീണ്ടും ഓർമ്മപ്പെടുത്തും.
നേഹ എന്ന സ്കൂൾ വിദ്യാർഥിയും പബൻ എന്ന നാടോടി ബാലനും തമ്മിലുള്ള സൗഹൃദമാണ് ഈ നോവലിന്റെ പ്രമേയം. നേഹക്ക് സ്കൂളിൽപോവുന്നതിനെക്കാൾ താൽപര്യം വഴിയിലുള്ള കാട്ടിൽ ചുറ്റിത്തിരിയാനായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്ന മിക്ക ദിവസങ്ങളിലും അവൾ പബനെ കണ്ടു മുട്ടാൻ തുടങ്ങി. അങ്ങനെ അവരുടെ സൗഹൃദം വളർന്നു. അവൾ പബന്റെ കൂടെ കാട് മുഴുവൻ ചുറ്റിക്കറങ്ങി.
പബൻ അവളോട് ചോദിച്ചു:
പക്ഷികളും മരങ്ങളും തമ്മിൽ ഒരു ബന്ധമുണ്ട്. അതെന്താണന്നറിയോ?
ഇല്ല
പല വൃക്ഷങ്ങളുടെയും വിത്തുകൾ ഇത് പോലുള്ള പക്ഷികൾ കാഷ്ടിച്ചതിനു ശേഷമേ മുളക്കുകയുളളൂ. ഓരോ വലിയ വൃക്ഷവും അനേകം വന്യജീവികളെ തീറ്റിപ്പോറ്റുന്നുണ്ട്.
മലമുഴക്കി വേഴാമ്പലുകൾ ഓരോ കട്ടാൽവൃക്ഷത്തിന്റേയും വിത്തുകൾ പേറി സഞ്ചരിക്കുന്നു. പക്ഷികൾ പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുന്ന വിത്തുകളാണ് ഈ മരങ്ങളെ നിലനിർത്തുന്നത്.
- പബന് കൊറേ കാര്യങ്ങൾ അറിയാലോ?
കാട് തന്ന അറിവാണ്. ഇതൊന്നും സ്കൂളിൽ നിന്ന് കിട്ടില്ല.
അത് നുണ.
എന്നാൽ പറ നിനക്ക് എത്ര പക്ഷികളെ അറിയാം?
കാക്ക, മൈന, പ്രാവ്......
തീർന്നോ?
അവൻ പൊട്ടിച്ചിരിച്ചു. (പേജ് 67)
നമ്മുടെ വ്യവസ്ഥാപിത വിദ്യാഭ്യാസം കുട്ടികൾക്ക് പരിസ്ഥിതിയെ പറ്റി ഒരു ബോധമുണ്ടാക്കാൻ സഹായിക്കുന്നില്ല എന്ന് മാത്രമല്ല അത് പരിസ്ഥിതി വിരുദ്ധം കൂടിയാണ് എന്നൊരു വിമർശനം ഈ നോവൽ മുന്നോട്ട് വെക്കുന്നുണ്ട്. കാട്ടിലെ ഓരോ പ്രവർത്തനവും വളരെ വിശദമായി തന്നെ നോവലിസ്റ്റ് രേഖപ്പെടുത്തുന്നുണ്ട്. ഓരോ ചെറിയ ജീവികളുടെ പ്രവർത്തനം മുതൽ കാട്ടിലെ വെളിച്ചവും മഴയും മഞ്ഞും എല്ലാം വളരെ മിഴിവോടെ വരച്ചു വെച്ചിട്ടുണ്ട്.
അന്ന് മഴ കഴിഞ്ഞു വേനലിലേക്ക് പ്രവേശിക്കുന്ന സമയമായിരുന്നു. കാട് നിശ്ശബ്ദവും വിജനവുമായിരുന്നു. അവിടെവിടെയായി ചെറുപ്രാണികളുടെ മൂളക്കം മാത്രം കേട്ടു. മനുഷ്യരുടെ കാതുകൾക്ക് പിടിച്ചെടുക്കാൻപറ്റാത്ത സൂക്ഷ്മ ജീവികളുടെ പ്രവർത്തനങ്ങൾ താഴെതട്ടിൽ നടക്കുന്നുണ്ടായിരുന്നു. ഒരു നേർത്ത തണുത്ത കാറ്റ് വീശി. കാറ്റിൻെറ മൃദുല മർമരങ്ങൾ ശ്രദ്ധിക്കാൻ അവൾ ചെവി വട്ടം പിടിച്ചു. മരങ്ങളിൽ ഇലകൾ പച്ചയിൽ നിന്ന് മഞ്ഞയിലേക്ക് മാറുന്നത് അവൾ ശ്രദ്ധിച്ചു. ഇലകൾക്കിടയിലൂടെ സ്ഫടിക സമാനമായ ആകാശത്ത് മേഘങ്ങൾ സഞ്ചരിക്കുന്നു. സൂര്യൻ തിളങ്ങിത്തുടങ്ങി. നിലത്ത് വീണു കിടക്കുന്ന കരിയിലകളിൽ ഇന്നലെ രാത്രി പെയ്ത ചാറ്റൽ മഴയുടെ നനവുണ്ടായിരുന്നു. ഇളം കാറ്റിൽ കാട്ടുപൂക്കളുടെ സുഗന്ധം അവളുടെ മൂക്ക് പിടിച്ചെടുത്തു. പച്ചയും ചെമപ്പും കലർന്ന ഇലകൾ അവളെ വിസ്മയിപ്പിച്ചു. ഒരു മലയണ്ണാൻ ശബ്ദിച്ചുകൊണ്ട് ഇലച്ചാർത്തുകളുടെ ഇടയിലേക്ക് ഓടി മറഞ്ഞു. ചീവിടുകളുടെയും ചെറു പ്രാണികളുടെയും ശബ്ദത്തിന് അകമ്പടിയായി കുഞ്ഞു കുരുവികളുടെ ശബ്ദങ്ങളും അവൾ കേട്ടു. (പേജ് 23)
എളുപ്പം വായിച്ചു പോകാൻ പറ്റുന്ന ഒരു നോവലാണെങ്കിലും ഇതിനു ചില പരിമിതികൾകൂടിയുണ്ട്. കഥ വേഗം അവസാനിപ്പിക്കാനുളള ഒരു വ്യഗ്രത നോവലിസ്റ്റിനുള്ളത് പോലെ തോന്നുന്നു. ഫഌഷ്ബാക്കിലേക്ക് പോകാൻ വേണ്ടി എഴുതിയ ആദ്യത്തെ അധ്യായം മുഴച്ചു നിൽക്കുന്നതായി അനുഭവപ്പെടുന്നു. എന്നാൽ ഇതൊന്നും തന്നെ ഈ നോവലിനെ ചെറുതാക്കുന്നില്ല എന്ന കാര്യവും പറഞ്ഞു കൊള്ളട്ടെ. മലയാളത്തിലെ പരിസ്ഥിതി നോവലുകളിൽ എന്നും ഒരു സ്ഥാനം കാറ്റ് നിലാവിൽ തൊട്ടിന് ഉണ്ടാവും എന്ന കാര്യത്തിൽ തർക്കമില്ല.
കാറ്റ് നിലാവിൽ തൊട്ട് (നോവൽ)
നിയതം ബുക്സ്
വില- 120 രൂപ






