Sorry, you need to enable JavaScript to visit this website.

പോര്‍ചുഗലിനെ പിന്തള്ളി സ്‌പെയന്‍ ഫൈനല്‍ റൗണ്ടില്‍

പാരിസ് - അവസാന വേളയില്‍ ആല്‍വരൊ മൊറാറ്റ നേടിയ ഏക ഗോളില്‍ പോര്‍ചുഗലിനെ തോല്‍പിച്ച് സ്‌പെയിന്‍ യൂറോപ്യന്‍ നാഷന്‍സ് ലീഗ് ഫുട്‌ബോളിലെ അവസാന ഫൈനല്‍ റൗണ്ട് സ്ഥാനം സ്വന്തമാക്കി. നെതര്‍ലാന്റ്‌സും ക്രൊയേഷ്യയും ഇറ്റലിയുമാണ് ഫൈനല്‍ റൗണ്ടിലെ മറ്റു ടീമുകള്‍. അടുത്ത ജൂണില്‍ നെതര്‍ലാന്റ്‌സിലാണ് ഫൈനല്‍ റൗണ്ട്. 
ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്ന സ്‌പെയിനിന് മുന്നേറാന്‍ പോര്‍ചുഗലിനെതിരെ ജയം തന്നെ വേണമായിരുന്നു. കഴിഞ്ഞ ഹോം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനോട് തോറ്റതോടെ സ്‌പെയിന്‍ രണ്ടാം സ്ഥാനത്തേക്ക് പോയിരുന്നു. ശക്തമായ പോരാട്ടത്തിനൊടുവില്‍ 88ാം മിനിറ്റിലായിരുന്നു മൊറാറ്റയുടെ ഗോള്‍. ലോകകപ്പിനുള്ള അവസാന മത്സരങ്ങളില്‍ താളം കണ്ടെത്താനാവാതിരുന്ന സ്‌പെയിനിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം. 
നികൊ വില്യംസ് ഉള്‍പ്പെടെ നിരവധി പകരക്കാരെ ഇറക്കിയാണ് രണ്ടു മിനിറ്റ് ശേഷിക്കെ സ്‌പെയിന്‍ വിജയം പിടിച്ചത്. വില്യംസായിരുന്നു ഗോളിന് ഹെഡറിലൂടെ പാസ് നല്‍കിയത്. 2018 നു ശേഷം നാട്ടില്‍ ആദ്യമായി കഴിഞ്ഞ കളിയില്‍ സ്വിറ്റ്‌സര്‍ലന്റിനോട് തോറ്റ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു കോച്ച് ലൂയിസ് എന്റിക്കെ. ആ കളിയിലെ നാലു പേര്‍ മാത്രമേ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നുള്ളൂ. ആക്രമണം നയിക്കാന്‍ മൊറാറ്റയെ കൊണ്ടുവന്നു. തുടക്കത്തില്‍ പോര്‍ചുഗലായിരുന്നു മികച്ച അവസരങ്ങള്‍ ഒരുക്കിയെടുത്തത്. ഗോളി ഉനായ് സിമോണ്‍ ആണ് പലതവണ സ്‌പെയിനിന്റെ രക്ഷക്കെത്തിയത്. ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോലും  സ്‌പെയിനിന് തൊടുത്തുവിടാനായില്ല. 
അതോടെ ഗാവിയെയും പെഡ്രിയെയും യെറമി പിന്റോയെയും കളത്തിലിറക്കി. അത് ഫലം കണ്ടു. ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളെന്നുറച്ച ശ്രമം സിമോണ്‍ തടുത്തിട്ടു. നിലവിലെ റണ്ണേഴ്‌സ്അപ്പാണ് സ്‌പെയിന്‍. പോര്‍ചുഗല്‍ 2019 ലെ പ്രഥമ നാഷന്‍സ് ലീഗ് ചാമ്പ്യന്മാരും.  
രണ്ടു പതിറ്റാണ്ടായി പോര്‍ചുഗലില്‍ ജയിക്കാനായിട്ടില്ലെന്ന ചരിത്രമാണ് സ്‌പെയിന്‍ തിരുത്തിയത്. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള അവസാന നാലു കളികളും സമനിലയായിരുന്നു. ഇതിനു മുമ്പ് പോര്‍ചുഗലിനെ സ്‌പെയിന്‍ അവസാനമായി തോല്‍പിച്ചത് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ്, 2012 ലെ യൂറോ കപ്പില്‍. അതിനു മുമ്പ് 2010 ലെ ലോകകപ്പ് പ്രി ക്വാര്‍ട്ടറിലെ സ്‌പെയിനിന്റെ വിജയം വിവാദമായിരുന്നു. ഡേവിഡ് വിയ നേടിയ വിജയഗോള്‍ ഓഫ്‌സൈഡായിരുന്നുവെന്നാണ് പോര്‍ചുഗലിന്റെ വാദം. 
പോര്‍ചുഗലില്‍ സ്‌പെയിന്‍ അവസാനം ജയിച്ചത് 2003 ലെ സൗഹൃദ മത്സരത്തിലാണ്. ഫെര്‍ണാണ്ടൊ ടോറസിന്റെ അരങ്ങേറ്റ മത്സരമായിരുന്നു. അതിനു ശേഷമാണ് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ അരങ്ങേറിയത്. 
തുടര്‍ച്ചയായ 22 മത്സരങ്ങൡ അജയ്യരായ ശേഷമാണ് സ്‌പെയിന്‍ കഴിഞ്ഞ കളിയില്‍ സ്വിറ്റ്‌സര്‍ലന്റിനോട് തോറ്റത്. അതോടെ ചെക് റിപ്പബ്ലിക്കിനെ 4-0 ന് തകര്‍ത്ത പോര്‍ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. 
സ്വിറ്റ്‌സര്‍ലന്റിനോട് തോറ്റ ചെക് റിപ്പബ്ലിക് തരംതാഴ്ത്തപ്പെട്ടു. സ്‌പെയിനിന് 11 പോയന്റായി. പോര്‍ചുഗലിന് പത്തും സ്വിറ്റ്‌സര്‍ലന്റിന് ഒമ്പതും പോയന്റാണ്. നാലു പോയന്റേയുള്ളൂ ചെക് റിപ്പബ്ലിക്കിന്. സ്‌പെയിന്‍ കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഫ്രാന്‍സിനോട് തോല്‍ക്കുകയായിരുന്നു.

Latest News