Sorry, you need to enable JavaScript to visit this website.

യാദവും കോലിയും തിരിച്ചടിച്ചു, ഇന്ത്യക്ക് ജയം

ഹൈദരാബാദ്- ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്ത 186 റൺസ് നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 36 പന്തിൽ 69 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ വിജയശില്പി. അഞ്ചു ഫോറും അഞ്ചു സിക്‌സും അടങ്ങുന്നതായിരുന്നു സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്‌സ്. പതിനാലാമത്തെ ഓവറിൽ കാമറൂൺ ഗ്രീനിന്റെ പന്തിൽ നായകൻ ആരോൺ ഫിഞ്ചിന് ക്യാച്ച് നൽകിയാണ് യാദവ് പുറത്തായത്. മുൻ നായകൻ വിരാട് കോലിയും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 48 പന്തിൽനിന്ന് 63 റൺസാണ് കോലി അടിച്ചെടുത്തത്. അവസാന ഓവറിലെ രണ്ടാമത്തെ പന്തിലാണ് കോലി പുറത്തായത്. ആദ്യ പന്ത് സിക്‌സറിന് പറത്തിയ കോലിക്ക് രണ്ടാമത്തെ പന്തിൽ പിഴച്ചു. 
ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് ഓപണർ കെ.എൽ രാഹുലിനെ നഷ്ടമായിരുന്നു. ഡാനിയേൽ സാംസിന്റെ പന്തിൽ വെയ്ഡിനായിരുന്നു ക്യാച്ച്. നാലാമത്തെ ഓവറിൽ നായകൻ രോഹിത് ശർമ്മയും പുറത്തായി. കമ്മിൻസിന്റെ പന്തിൽ ഡാനിയേൽ സാംസിന് ക്യാച്ച്. ഹാർദിക് പാണ്ഡ്യേ ഇന്ത്യക്ക് വേണ്ടി 16 പന്തിൽനിന്ന് 25 റൺസ് നേടി. ഇന്ത്യ വിജയത്തിലേക്ക് നീങ്ങുമ്പോൾ ഒരു റൺസുമായി ദിനേശ് കാർത്തികായിരുന്നു ക്രീസിലുണ്ടായിരുന്നത്.
ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് അർധസെഞ്ചുറി നേടിയ യുവതാരങ്ങളായ ടിം ഡേവിഡിന്റെയും കാമറൂൺ ഗ്രീനിന്റെയും കരുത്തിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. വെടിക്കെട്ട് തുടക്കമാണ് ഓപ്പണർ കാമറൂൺ ഗ്രീൻ നൽകിയത്. നായകൻ ആരോൺ ഫിഞ്ചിനെ സാക്ഷിയാക്കി ഗ്രീൻ അടിച്ചുതകർത്തു. ആറുപന്തിൽ നിന്ന് ഏഴുറൺസെടുത്ത ഫിഞ്ചിനെ അക്ഷർ പട്ടേൽ ഹാർദിക് പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. സഹതാരം പുറത്തായിട്ടും കാമറൂൺ ഗ്രീൻ വെടിക്കെട്ട് നിർത്തിയില്ല. 
ഫിഞ്ചിന് പകരം ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഗ്രീൻ ടീം സ്‌കോർ 50 കടത്തി. വെറും 3.5 ഓവറിലാണ് ടീം സ്‌കോർ 50 കടന്നത്. പിന്നാലെ ഗ്രീൻ അർധസെഞ്ചുറി നേടി. 19 പന്തുകളിൽ നിന്നാണ് ഗ്രീൻ അർധശതകം കുറിച്ചത്. ട്വന്റി 20യിൽ ഇന്ത്യയ്ക്കെതിരെ ഒരു താരത്തിന്റെ അതിവേഗ അർധസെഞ്ചുറി. എന്നാൽ അധികം വൈകാതെ ഗ്രീനിനെ മടക്കി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് ആശ്വാസം സമ്മാനിച്ചു. 21 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 52 റൺസ് നേടി ടീമിന് മികച്ച തുടക്കം സമ്മാനിച്ച ശേഷമാണ് ഗ്രീൻ ക്രീസ് വിട്ടത്. 
ഗ്രീനിന് പകരം ക്രീസിലെത്തിയ ഗ്ലെൻ മാക്സ്വെൽ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടു. എട്ടാം ഓവറിലെ നാലാം പന്തിൽ അനാവശ്യ റണ്ണിന് ശ്രമിച്ച മാക്സ്വെല്ലിനെ അക്ഷർ പട്ടേൽ റൺ ഔട്ടാക്കി. 11 പന്തുകളിൽ നിന്ന് ആറുറൺസ്. പിന്നാലെ സ്റ്റീവ് സ്മിത്തിനെയും യൂസ്വേന്ദ്ര ചാഹൽ പുറത്താക്കി. ചാഹലിന്റെ പന്തിൽ കയറിയടിക്കാൻ ശ്രമിച്ച സ്മിത്തിനെ കാർത്തിക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ വിക്കറ്റ് നഷ്ടപ്പെടാതെ 44 എന്ന നിലയിൽ നിന്ന് ഓസീസ് 84 ന് നാല് വിക്കറ്റ് എന്ന പരിതാപകരമായ അവസ്ഥയിലെത്തി. 
ടിം ഡേവിഡും ജോഷ് ഇംഗ്ലിസും ചേർന്ന് 12 ഓവറിൽ ഓസീസിന്റെ സ്‌കോർ 100 കടത്തി. എന്നാൽ ഇതും അധികനേരം നീണ്ടുനിന്നില്ല. 22 പന്തുകളിൽ നിന്ന് 24 റൺസെടുത്ത ഇംഗ്ലിസിനെ അക്ഷർ രോഹിത് ശർമയുടെ കൈയ്യിലെത്തിച്ചു. ഇംഗ്ലിസ് മടങ്ങുമ്പോൾ ഓസീസ് അഞ്ചിന് 115 റൺസ് എന്ന നിലയിലായിരുന്നു. അതേ ഓവറിൽ തന്നെ അപകടകാരിയായ മാത്യു വെയ്ഡിനെയും അക്ഷർ കൂടാരം കയറ്റി. മൂന്ന് പന്തിൽ നിന്ന് ഒരു റൺ മാത്രമെടുത്ത വെയ്ഡിനെ അക്ഷർ തന്നെ ക്യാച്ചെടുത്ത് പുറത്താക്കി. ഓസീസ് സ്‌കോർ 117 ന് ആറ്.
ഡാനിയൽ സാംസാണ് ക്രീസിലെത്തിയത്. ഡേവിഡും സാംസാണും ചേർന്ന് ടീം സ്‌കോർ 150 കടത്തി. പിന്നാലെ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. 25 പന്തുകളിൽനിന്ന് ടിം ഡേവിഡ് അർധ സെഞ്ചുറി കണ്ടെത്തി. ഡേവിഡിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 അർധസെഞ്ചുറി കൂടിയാണിത്. എന്നാൽ അതേ ഓവറിലെ മൂന്നാം പന്തിൽ ഡേവിഡിനെ ഹർഷൽ രോഹിതിന്റെ കൈയ്യിലെത്തിച്ചു. 27 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 54 റൺസെടുത്താണ് താരം ക്രീസ് വിട്ടത്. ഇന്ത്യക്ക് വേണ്ടി അക്ഷർ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ, ചാഹൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
 

Latest News