Sorry, you need to enable JavaScript to visit this website.

വീട്ടിൽ വന്ന് കൊച്ചിനെ  കാണാനാവാതെ കോടീശ്വരൻ 

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരതയാത്ര കേരളത്തിൽ പര്യടനം തുടരുകയാണ്. ചില ടിവി ചാനുലകളിലും  അവരുടെ സോഷ്യൽ മീഡിയ പേജുകളിലും കണ്ണോടിച്ചാൽ ഓരോ നാട്ടിലും ലഭ്യമായ പഴംപൊരിയുടേയും ബോണ്ടയുടേയും സ്വാദ് അറിയാനാണ് ഈ യാത്രയെന്ന നിഗമനത്തിലെത്താം. കൊച്ചയിൽ ഇതാ രാഹുലിനെ കാത്തിരിക്കുന്ന വിഭവ സമൃദ്ധമായ സദ്യ, ചാലക്കുടിയിലെ പുലാവ് പ്രിയ ഭക്ഷണമായി എന്നിങ്ങനെ പോകുന്നു ഹെഡ് ലൈൻസ്. ബി.ജെ.പിയേക്കാൾ യാത്രയെ വിമർശിക്കുന്നത് ഇടതു പ്രൊഫൈലുകളും നേതാക്കളുമാണ്. ഭാരത് ജോഡോ യാത്ര ഫലം കണ്ടു തുടങ്ങിയെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇതിന് ഉദാഹരണമായി പറയുന്നത് അഖിലേന്ത്യാ ഇമാം ഓർഗനൈസേഷൻ പ്രസിഡന്റുമായി ദൽഹി മസ്ജിദിൽ ആർ.എസ്.എസ് മേധാവി നടത്തിയ കൂടിക്കാഴ്ചയുടെ കാര്യമാണ്. 
രാജ്യത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാകൂവെന്നും മോഹൻ ഭാഗവതിനോട് കോൺഗ്രസ് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കസ്തൂർബ മാർഗിലുള്ള മദ്രസയും പള്ളിയും മോഹൻ ഭാഗവത് സന്ദർശിച്ചത്. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ മുഖ്യ പുരോഹിതൻ ഡോ ഉമർ അഹമ്മദ് ഇല്യാസിയുമായും ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. 'ഭാരത് ജോഡോ യാത്ര ആരംഭിച്ചിട്ട് 15 ദിവസമേ ആയിട്ടുള്ളൂ, അപ്പോൾ തന്നെ അതിന്റെ ഫലം പുറത്തുവന്നു. ഗോഡ്‌സെ മൂർദാബാദ് എന്ന് ബി.ജെ.പി വക്താവ് അടുത്തിടെ ടിവിയിൽ പറഞ്ഞു. മോഹൻ ഭഗവത് അന്യമതത്തിൽപ്പെട്ട ഒരാളുടെ വീട്ടിൽ പോയി. ഇതാണ് ഭാരത് ജോഡോ യാത്രയുടെ ഫലം' കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ് പറഞ്ഞു. ഭാരത് ജോഡോ യാത്ര പൂർത്തിയാകുമ്പോഴേക്കും രാജ്യത്ത് ഭരണകൂടം സൃഷ്ടിച്ച ഭിന്നിപ്പും വിദ്വേഷവും അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.  പവൻ ഖേരയും  സമാന പ്രതികരണം പങ്കുവെച്ചിരുന്നു. ഭാരത് ജോഡോ 15 ദിവസം പൂർത്തിയായപ്പോൾ ബി.ജെ.പി നേതാക്കൾ ഗോഡ്‌സേക്ക് മൂർദാബാദ് വിളിക്കുന്നു, മന്ത്രിമാർ വർഗീയ പ്രതികരണങ്ങളിൽ ജാഗരൂകരാകുന്നു, ഭാഗവത് ഇമാമിനെ സന്ദർശിക്കുന്നു. എന്താണ് അടുത്തത് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം, എന്നായിരുന്നു പവൻ ഖേരയുടെ ട്വീറ്റ്. 

 

***           ***               ***

 

മലയാളി മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ല എന്നാണ് മലയാളി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗവർണർ പറഞ്ഞത്. ന്യൂദൽഹിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിൽ പ്രതികരിക്കാത്ത മലയാളി മാധ്യമങ്ങളോട് ഇനി സംസാരിക്കില്ല എന്നാണ് ഗവർണർ സ്വീകരിച്ചിരിക്കുന്ന നിലപാട്. പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മാധ്യമ പ്രവർത്തകർ മൗനം പാലിച്ചെന്നും മാധ്യമപ്രവർത്തകർ പ്രതിഷേധം ഉയർത്തിയില്ലെന്നുമാണ് ഗവർണറുടെ ആരോപണം. മലയാളി മീഡിയയോട് സംസാരിക്കാനില്ലെന്നും ഹിന്ദി മാധ്യമങ്ങളോട് സംസാരിക്കാം എന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ ദൽഹി കേരള ഹൗസിൽ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് പ്രതികരണത്തിനായി ഗവർണർ പ്രത്യേകം സമയം നൽകുകയും ചെയ്തു. ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് പങ്കില്ല എന്നാണ് കരുതുന്നത് എങ്കിൽ, എനിക്ക് നിങ്ങളോട് പ്രതികരിക്കാനില്ല. മാധ്യമങ്ങൾ കാത്ത് നിൽക്കുമ്പോൾ അവരെ കാണുന്നതും പ്രതികരിക്കുന്നതും സാമാന്യ മര്യാദയാണ്. അതാണ് താനിപ്പോൾ ചെയ്തത് എന്നായിരുനനു ഗവർണർ പറഞ്ഞത്. നേരത്തെ രാജ്ഭവനിലെ വാർത്താ സമ്മേളനത്തിൽ കാര്യമായി ഒന്നും ഗവർണർക്ക് ഉന്നയിക്കാനായിരുന്നില്ല. മാത്രമല്ല, മാധ്യമപ്രവർത്തകർ ഗവർണറുടെ വാദത്തെ ചോദ്യമുനയിൽ നിർത്തുകയും ചെയ്തിരുന്നു.  ഇതിന് പിന്നാലെയാണ് അദ്ദേഹം ദൽഹിയിൽ മലയാളി മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പഴയ ആരോപണങ്ങൾ തന്നെ ആവർത്തിച്ചായിരുന്നു ഗവർണറുടെ അസാധാരണ വാർത്താസമ്മേളനം. ഇതിൽ താൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനെ വിമർശിച്ച മുഖ്യമന്ത്രിയെ അദ്ദേഹം പരിഹസിച്ചിരുന്നു. തന്നെ കാണാൻ വരുന്ന മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറയാനാകില്ല എന്നും പിണറായി വിജയനെ പരിഹസിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് മലയാളി മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമായി. 

 

***           ***               ***

 


കോടീശ്വരനെന്ന് പറഞ്ഞിട്ട് കാര്യമില്ല, സ്വന്തം കൊച്ചിന്റെ അടുത്ത് വരാൻ പറ്റാത്ത അവസ്ഥയിലാണ് 25 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലി.   വീട്ടിൽ കയറാൻ പറ്റാത്ത വിധത്തിൽ ഫോൺവിളികളും സഹായം ചോദിച്ച് ആളുകളും എത്തിയതോടെയാണ് സഹിക്കാൻ പറ്റാതെ  ഭാഗ്യശാലി അനൂപ് ഒളിവിൽ പോയത്. വീടിന് പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ലെന്നും പൈസ തന്റെ കയ്യിൽ കിട്ടിയിട്ടില്ലെന്നും അനൂപ് സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. തന്റെ കുഞ്ഞിന് വയ്യാതായിരിക്കുകയാണെന്നും അതിനെ ആശുപത്രിയിൽ പോലും കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയാണെന്നും വീഡിയോയിൽ അനൂപ് പറയുന്നു. ഇപ്പോൾ പല വീടുകളിലായി മാറി മാറി നിൽക്കുകയാണ്. ശ്വാസം മുട്ടൽ മൂലം ഏതാണ്ട് രണ്ട് മാസത്തോളമായി ജോലിക്ക് തന്നെ പോയിട്ടെന്നും അനൂപ് വീഡിയിൽ പറയുന്നുണ്ട്. വീടുകൾ മാറി മാറിയാണ് നിൽക്കുന്നത്. ആളുകൾ വീട് കണ്ട് പിടിച്ചാണ് എത്തുന്നത്. രാവിലെ തുടങ്ങുന്നതാണ് സഹായം ചോദിച്ച് എന്തെങ്കിലും താ മോനെ എന്ന് പറഞ്ഞ്. എല്ലാവരോടും പറയാനുള്ളത് ഇതാണ് -എനിക്ക് ക്യാഷ് ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ എത്ര പറഞ്ഞിട്ടും ആളുകൾ വിശ്വസിക്കുന്നില്ല. എല്ലാവരും എന്നെ കണ്ട് കണ്ട് ഒരിടത്തേക്കും പോകാൻ പറ്റുന്നില്ല. ഇപ്പോൾ പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ തന്നെ ഗേറ്റിൽ ആളുകൾ തട്ടുന്നുണ്ട്. പൈസ കിട്ടിയാലും ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. രണ്ട് വർഷത്തേക്ക് ആ പൈസ ഒന്നും ഞാൻ ചെയ്യുന്നില്ല. അത് അക്കൗണ്ടിൽ ഇടാനാണ് ഉദ്ദേശിക്കുന്നത്. അടുത്തുള്ള വീട്ടുകാർ വരെ ഇപ്പോൾ ശത്രുക്കളായി-  അനൂപ് പറയുന്നു.

***           ***               ***

 

ബിഗ് ബോസിൽ നിന്നും ലഭിച്ച പ്രതിഫലത്തെ കുറിച്ചും അത് എങ്ങനെ ചെലവഴിച്ചുവെന്നതിനെ കുറിച്ചും മനസ് തുറക്കുകയാണ് ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥികളായ പൊളി ഫിറോസും ഭാര്യ സജിനയും. 53 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും ഷോയിൽ നിന്നും പുറത്തായത്. ഇത്രയും ദിവസത്തിനിടയിൽ നല്ലൊരു തുക തങ്ങൾക്ക് ലഭിച്ചിരുന്നതായി ഇരുവരും പറയുന്നു. കേരള കൗമുദി ചാനലിനോടായിരുന്നു ഫിറോസിന്റെ പ്രതികരണം. 'ബിഗ് ബോസിൽ നിന്നും ലഭിച്ച വളരെ ഫലപ്രദമായാണ് ഞങ്ങൾ ഉപയോഗിച്ചത്. ജീവിതത്തിൽ വളരെ ഗുണപ്പെട്ട പൈസയായിരുന്നു അത്. ഞങ്ങളുടെ വീടെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന്റെ മെയിൻ മുടക്ക് ആ തുകയിൽ നിന്നായിരുന്നു. തെറ്റില്ലാത്ത ഒരു തുകയാണ് ഞങ്ങൾക്ക് ലഭിച്ചത്. രണ്ട് പേരും കൂടി പോയത് കൊണ്ട് ഞങ്ങൾക്ക് രണ്ട് പേർക്കും പൈസ ലഭിച്ചു' 'ഡെയ്ഞ്ചറസ് ബോയ്‌സിന് ശേഷം വളരെ ലോ ആയൊരു അവസ്ഥയുണ്ടായിരുന്നു ആളുകളിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ബിഗ് ബോസ് ഷോയ്ക്ക് ശേഷം വീണ്ടും ജനങ്ങളിലേക്ക് എത്താനും ജനങ്ങളുടെ സ്‌നേഹം മനസിലാക്കി തിരിച്ചുവരാനുമായി. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഞങ്ങളെ സംബന്ധിച്ച് വലിയൊരു സംഭവമായിരുന്നു'. ഷോയ്ക്ക് ശേഷം വർക്കുകൾ നല്ല രീതിയിൽ വരുന്നുണ്ടെന്നും ഇരുവരും പറഞ്ഞു. 

***           ***               ***

 

ടിവിയിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന വിദ്വേഷ പ്രസംഗങ്ങളിൽ അവതാരകർക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. എന്തുകൊണ്ടാണ് സർക്കാർ നിശബ്ദ കാഴ്ചക്കാരയി തുടരുന്നതെന്നും കോടതി ചോദിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ ഉള്ള ഈ പ്രസംഗങ്ങൾ നിയന്ത്രണാതീതമാണെന്നും കോടതി നിരീക്ഷിച്ചു. ആരെങ്കിലും അങ്ങനെ ചെയ്യുന്ന നിമിഷം വിദ്വേഷ പ്രസംഗം തുടരാതിരിക്കാനുള്ള കാര്യം ചെയ്യേണ്ടത് അവതാരകരുടെ കടമയാണെന്നും പത്രസ്വാതന്ത്ര്യം പ്രധാനമാണ്. നമ്മുടേത് അമേരിക്കയെപ്പോലെ സ്വതന്ത്രമല്ല, പക്ഷേ എവിടെ രേഖ വരയ്ക്കണമെന്ന് അറിയണം എന്നും ജസ്റ്റിസ് കെ എം ജോസഫ് കഴിഞ്ഞ വർഷം മുതൽ സമർപ്പിച്ച ഒരു കൂട്ടം ഹർജികളുടെ വാദം കേൾക്കുമ്പോൾ നിരീക്ഷിച്ചു. വിദ്വേഷ പ്രാചരണത്തിന്റെ അംബാസഡർക്ക് കഴിഞ്ഞ ദിവസം ഇ.ഡി ക്ലീൻ ചിറ്റ് കൊടുത്തതും എല്ലാവരും കണ്ടതാണല്ലോ. 

***           ***               ***

 

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് നടൻ ശ്രീനാഥ്  ഭാസിക്കെതിരെ കേസ്. അഭിമുഖത്തിനിടെ തെറിവിളിച്ചുവെന്നാണ് പരാതി. എന്നാൽ  താൻ ആരെയും തെറിവിളിച്ചിട്ടില്ലെന്ന് വിവാദങ്ങളോട് പ്രതികരിക്കവേ താരം പറഞ്ഞു. ആരെയും ഞാൻ തെറിവിളിച്ചിട്ടില്ല എന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യനായി പെരുമാറിയതാണെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാധ്യമ പ്രവർത്തക നൽകിയ പരാതിയിലാണ് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ഭാസിക്കെതിരെയുള്ള കേസ്. അഭിമുഖത്തിനിടെ തെറി വിളിച്ചുവെന്നാണ് പരാതി. ചട്ടമ്പി എന്ന ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു സംഭവം. വനിതാ കമ്മീഷനിലും ഇതിന്റെ  ഭാഗമായി പരാതി നൽകിയിരുന്നു. അതേസമയം മറ്റ് ചില മാധ്യമങ്ങളും ശ്രീനാഥ് ഭാസിക്കെതിരെ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. മുമ്പ്  നടത്തിയ പല അഭിമുഖങ്ങളിലും ശ്രീനാഥ് ഭാസി ഇത്തരത്തിൽ പെരുമാറിയെന്നായിരുന്നു പരാതി. ജൂലൈയിൽ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി ആലപ്പുഴയിലെ യുവ സംരംഭകർ രംഗത്തെത്തിയിരുന്നു. ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം ചടങ്ങിനെത്തിയില്ലെന്നായിരുന്നു പരാതി. നടനെതിരെ നടപടിക്കൊരുങ്ങുകയാണെന്ന് സംരംഭകർ അന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. ഇതിനായി ആറുലക്ഷം രൂപ ശ്രീനാഥ് പ്രതിഫലം  ആവശ്യപ്പെട്ടു. നാല് ലക്ഷം രൂപ മുൻകൂറായി നൽകിയ ശേഷം ബാക്കി തുക ഉദ്ഘാടന ദിവസം നൽകുമെന്നായിരുന്നു കരാർ.

***           ***               ***

 

'മൂൺലൈറ്റിങ്' അനുവദിക്കില്ലെന്ന മുന്നറിയിപ്പിന് പിന്നാലെ 300 ജീവനക്കാരെ പുറത്താക്കി വിപ്രോ. ഒരു സ്ഥാപനത്തിലെ സ്ഥിര ജോലിക്കൊപ്പം മറ്റൊരു കമ്പനിയിൽ കരാർ അടിസ്ഥാനത്തിലോ പ്രോജക്ട് അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നതാണ് മൂൺലൈറ്റിങ്. ഇത്തരത്തിലുള്ള ഇരട്ടജോലിയുമായി ബന്ധപ്പെട്ട് വിപ്രോ ഇതുവരെ 300 പേരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി അറിയിച്ചു. ഇരട്ടജോലി അനുവദിക്കില്ലെന്ന് വിപ്രോ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷവും ഇരട്ടജോലി തുടർന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി റിഷാദ് പ്രേംജി പറഞ്ഞു. വിപ്രോയിലും തങ്ങളുമായി മത്സരം നിലനിൽക്കുന്ന കമ്പനികളിലും ഒരേ സമയം ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഒരേ സമയം രണ്ടു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് വിശ്വാസ ലംഘനവും വഞ്ചനയുമാണെന്ന് റിഷാദ് പ്രേംജി മുമ്പ്  അഭിപ്രായപ്പെട്ടിരുന്നു.

***           ***               ***

 

പരസ്യ വരുമാനമില്ലാതെ സഫാരി ചാനൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് സന്തോഷ് ജോർജ് കുളങ്ങര. സഫാരി ചാനലിലെ പരിപാടികൾ ടെലികാസ്റ്റ് ചെയ്യാൻ മാത്രമായി നിർമ്മിക്കുന്നതല്ലെന്നും വിൽക്കാൻ വേണ്ടിയുള്ള തരത്തിലാണ് നിർമ്മിക്കുന്നതെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. റിപ്പോർട്ടർ ടിവിയിലെ മാപ്ര ഓണം 2022ൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സന്തോഷ് ജോർജ് ഇക്കാര്യം പറഞ്ഞത്. മറ്റ് സ്വകാര്യ ചാനലുകളോട് പരസ്യമിടാതെ മത്സരിക്കാനാണ് താൻ തീരുമാനിച്ചതെന്നും എന്ത് കാര്യം ചെയ്യുമ്പോഴും മനസിൽ കൃത്യമായ പദ്ധതികൾ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.  പരസ്യമിട്ട് മത്സരിക്കാൻ ഉദേശിച്ചില്ല സഫാരി ആരംഭിച്ചത്. പരസ്യമിടാതെ മത്സരിക്കാനാണ് തീരുമാനിച്ചത്. ഞാൻ ഏത് കാര്യം ചെയ്യുമ്പോഴും എന്റേതായ വഴി നോക്കും. ഇങ്ങനെയൊക്കെ വേണം, ഇങ്ങനെയാണ് കാര്യം നടക്കേണ്ടത്. ഇങ്ങനെ കൃത്യമായ പദ്ധതികൾ എനിക്കുണ്ട്.  ഞാൻ പരിപാടികൾ ടെലികാസ്റ്റ് ചെയ്യാൻ നിർമ്മിക്കുന്നത് അല്ല. അതിന്റെ സ്വഭാവം കണ്ടാൽ മനസിലാകും. ഹിസ്റ്ററി എന്ന പരിപാടിയുണ്ട്. അത് 45 ലോക ചരിത്രപുരുഷൻമാരുടെ ജീവിതം 60ഓളം എപ്പിസോഡുകളുള്ള വിഷ്യൽ പരിപാടിയാക്കി മാറ്റി.  കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും എന്തിന് ഒരു കുട്ടിക്ക് പിറന്നാൾ സമ്മാനം കൊടുക്കാൻ പോലും മാതാപിതാക്കൾ അതിന്റെ ഡിജിറ്റൽ കോപ്പികൾ വാങ്ങാറുണ്ട്. എല്ലാ പരിപാടികളും വിൽക്കാൻ വേണ്ടിയുള്ള തരത്തിലാണ് നിർമ്മിക്കുന്നത്. 

Latest News