പൊക്കിൾക്കൊടിയുടെ ഭൂപടം; ഹൃദയഗന്ധമുള്ള കഥകൾ 

വെള്ളിയോടൻ 
ഇസ്മായിൽ കൂളത്ത്

രാജ്യമില്ലാത്തവരുടെ രാജ്യത്ത് നിന്ന് സംസാരിക്കുന്നവരുടെ നാവാണ് ശീർഷക കഥയായ പൊക്കിൾക്കൊടിയുടെ ഭൂപടം. തലവെട്ടി മാറ്റിയ പാസ്‌പോർട്ടുമായി രാജ്യത്തിന്റെ അതിരുകൾ കടക്കുന്നവരുടെ വിറങ്ങലിച്ച ജീവിതമാണ് ഈ കഥയിൽ കഥാകൃത്ത് വായനക്കാരുമായി പങ്ക് വെക്കുന്നത്. എല്ലാ കപടതകൾക്കിടയിലും ആരുമറിയാതെ മറഞ്ഞു കിടക്കുന്ന നന്മകളെ അനാവൃതമാക്കുന്നുണ്ട് ഈ കഥ. 

 

നമ്മുടെ ചരിത്ര കൃതികളൊക്കെ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തി വെച്ചിരിക്കുന്നത് സാഹിത്യ കൃതികളിലാണ്. സാഹിത്യ കൃതികളിലൂടെയുള്ള നിരന്തരമായ വായന, ചരിത്രത്തിന്റെ നഗ്നമായ ചില സത്യങ്ങൾ വായനക്കാരന് മുമ്പിൽ തുറന്നിടപ്പെടും.  ഒരു എഴുത്തുകാരൻ താൻ ജീവിക്കുന്ന കാലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ, കഥാപരിസരങ്ങൾ അവന് മുമ്പിൽ സ്വയം ഉരുത്തിരിഞ്ഞു വരുന്നു. ഇസ്മായിൽ കൂളത്ത് രചിച്ച 'പൊക്കിൾക്കൊടിയുടെ ഭൂപടം' എന്ന കഥാ സമാഹാരം വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളുടെ ആവിഷ്‌കാരമാണ്. തനിക്ക് മുമ്പിൽ പല വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ജീവിതങ്ങളെ, അതിന്റെ തന്മയീഭാവം ചോർന്ന് പോകാതെയാണ് ഇസ്മായിൽ കൂളത്ത് അടയാളപ്പെടുത്തി വെച്ചിരിക്കുന്നത്. 

ആതുര കേന്ദ്രങ്ങളിലെ കോവിഡ് നൊമ്പരങ്ങളുടെ കഥ പറയുകയാണ് (അ)നിശ്ചിതം എന്ന കഥയിൽ. കോവിഡ് ദൈന്യതയും അതോടൊപ്പം  പ്രണയത്തിന്റെ വേദനകളും മാതൃവാത്സല്യത്തിന്റെ ആഴവും  എല്ലാം തന്നെ അതിന്റെ തീവ്രതയോട് കൂടി തന്നെ അവതരിപ്പിക്കുമ്പോഴും കോവിഡ് കാലത്ത് മനുഷ്യൻ അവനവനിലേക്ക് തന്നെ ചുരുങ്ങി, പൂർണമായും സ്വാർത്ഥനാകുന്നതെങ്ങനെയെന്ന് കഥാകൃത്ത് വായനക്കാർക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. പ്രവാസത്തിന്റെ ഏറ്റവും ആർദ്രതയുള്ള മുഖമാണ്  'കണ്ണീർക്കനലിലെ ബിരിയാണി' എന്ന കഥയിൽ എഴുത്തുകാരൻ വരച്ചിട്ടുള്ളത്. കരുതലിന്റെ സഹോദര സ്‌നേഹം, ത്യജിക്കലിന്റെ പ്രവാസ മനസ്സ് , ഒക്കെയും ഒരു മാലയിലെ മുത്തുകൾ പോലെ കോർത്തു വെച്ചിട്ടുണ്ട്. അനാഥത്വത്തിൽ നിന്നും സനാഥത്വത്തിലേക്കുള്ള വാതിലുകൾ തുറന്നിട്ട് അതിലെ വഴി നടക്കാൻ സഹായിക്കുന്ന ചില ജന്മങ്ങളുണ്ട് ഈ ഭൂമിയിൽ. അത്തരം ജന്മങ്ങളുടെ നേർചിത്രമാണ് ഈ കഥ. 
മനസ്സിന്റെ സഞ്ചാരപാതയുടെ ഒരു നനഞ്ഞ ചിത്രമാണ്  അരികെ എന്ന കഥയിൽ കാണാൻ കഴിയുന്നത്.  കാലങ്ങൾ കൊണ്ട് പോലും മായ്ക്കാൻ കഴിയാത്ത ബന്ധങ്ങളുടെ ഓർമ്മച്ചിത്രമാണ് അരികെ എന്ന കഥയിൽ കഥാകൃത്ത് വരച്ചു വെച്ചിട്ടുള്ളത്. ദേഹത്തിനപ്പുറം നിൽക്കുന്ന ആത്മാവിന്റെ പ്രണയാനുഭവത്തെ വികാര സാന്ദ്രമായാണ് ഇതിൽ ചേർത്ത് വെച്ചിട്ടുള്ളത്. വായനക്കാരന്റെ നാസികയിലേക്ക്, ഹൃദയത്തിന്റെ ഗന്ധം പടർന്ന് കയറുന്ന ഒരു കഥയാണിത്. 
ഏകതാനതയുള്ള പുറം കാഴ്ചയിൽ നോക്കിയിരിക്കുന്ന ഒരു നിഷേധിയുടെ  ഓർമ്മകളിലൂടെയാണ് യാത്രയുടെ അന്ത്യം എന്ന കഥ സഞ്ചരിക്കുന്നത്.  ഈ കഥയിൽ ദിവ്യമായ മുഖമുള്ള ചില മനുഷ്യരെ വായനക്കാർക്ക് കണ്ടെത്താൻ കഴിയും. മൗനത്തിന്റെ വായ്‌വട്ടത്തിനു പോലും ഉൾക്കൊള്ളാനാവാത്ത, പ്രണയത്തിന്റെ മാസ്മരിക സൗന്ദര്യം വരച്ചിടുന്ന കഥയാണ് മേഘക്കിനാവ്. 

ബസാറിലെ പൂച്ചകൾ എന്ന കഥയിലെത്തുമ്പോൾ, ആർദ്രതയുടെ മറ്റൊരു മുഖമാണ് കഥാകൃത്ത് വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് . വിഷാദത്തിന്റെ ചുഴിയിൽ നിന്നും ആശുപത്രിയുടെ അകത്തളങ്ങളിൽ പെട്ട്  പോയ ഒരു മനുഷ്യന്റെ വൈകാരിക തലങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കഥ.  അച്ഛൻ, മകൻ  എന്നീ രണ്ട് അവസ്ഥകളുടെ വൈകാരികവും മനോഹരവുമായ  സമ്മേളനം ഈ കഥയിൽ  വായനക്കാരന് കാണാൻ കഴിയും. വാവച്ചിയും ബഷീറും തമ്മിലുള്ള വികാരനിർഭരമായ ഭാവതലങ്ങൾ വളരെ കൃത്യമായി തന്നെ കഥാകൃത്ത് വരച്ചു വെച്ചിട്ടുണ്ട്. വേദനയുടെ ചെങ്കുത്തായ പാതയിലൂടെയുള്ള കഥാഖ്യാനം. മരുഭൂമിയുടെ വലിച്ചെറിയലുകളിൽ പെട്ട് പോയൊരാൾ, ആശുപത്രിക്കിടക്കയിൽ പ്രിയപ്പെട്ടൊരാൾക്കായി കാത്തിരിക്കുന്ന വേദന നിറഞ്ഞ നിമിഷങ്ങളുടെ ആവിഷ്‌കാരം കൂടിയാണ് ഈ കഥ.
വേരുകളിൽ വേനലിറങ്ങുമ്പോൾ എന്ന കഥ മനുഷ്യന് പ്രകൃതിയോടും ആവാസ വ്യവസ്ഥിതിയോടുമുള്ള ജൈവികബന്ധത്തെ അടയാളപ്പെടുത്തിവെക്കുന്നു. തന്റെ വീട്ട് വളപ്പിലെ കുളം വിൽക്കപ്പെടുന്നുവെന്നും അത് നികത്തപ്പെടുന്നുവെന്നും അറിയുന്ന നിമിഷത്തിൽ, ആത്മഹത്യക്കൊരുങ്ങുന്ന അപ്പു എന്ന ബാലനിലൂടെയാണ്, കഥയുടെ സഞ്ചാരഗതി. ഗാമീണ ജീവിതത്തിന്റെ വിയർപ്പും വിങ്ങലുകളും ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ആക്രിക്കച്ചവടത്തിന്റെ പഴമയിൽ നിന്നും കൗമാരക്കാരിയുടെ യൗവ്വന യുക്തതയിലേക്കും അമ്മയുടെ അടുക്കള മുഖങ്ങളിലേക്കും ഈ കഥ വായനക്കാരെ നടത്തിക്കുന്നു. തവളകളും മണ്ണട്ടകളും ചേർന്നുള്ള ഒരു അഭൗമ സംഗീത സദസ്സ് നമ്മുടെ ആവാസ വ്യവസ്ഥിതിയിൽ കഥാകൃത്ത് കാണുന്നു. നമ്മുടെ ആവാസ വ്യവസ്ഥിതിയെ മനോഹരമായിട്ടാണ് കഥാകൃത്ത് ഈ കഥയിൽ ചിത്രീകരിച്ചിട്ടുള്ളത്. പ്രണയും വിവാഹവും രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നതിന്റെ ചിത്രീകരണമാണ് മണൽപുറ്റുകൾ എന്ന കഥ. ഉപാധികളാൽ കെട്ടുപിണഞ്ഞ ഒരു സ്ഥാപനമായി വിവാഹം മാറുമ്പോൾ അതിൽ നിന്നും മുക്തി നേടാൻ കൊതിക്കുന്ന പെൺമനസ്സിനെയാണ് ഈ കഥയിൽ കഥാകൃത്ത് വരച്ചു വെച്ചിട്ടുള്ളത്.
രാജ്യമില്ലാത്തവരുടെ രാജ്യത്ത് നിന്ന് സംസാരിക്കുന്നവരുടെ നാവാണ് ശീർഷക കഥയായ പൊക്കിൾക്കൊടിയുടെ ഭൂപടം. തലവെട്ടി മാറ്റിയ പാസ്‌പോർട്ടുമായി രാജ്യത്തിന്റെ അതിരുകൾ കടക്കുന്നവരുടെ വിറങ്ങലിച്ച ജീവിതമാണ് ഈ കഥയിൽ കഥാകൃത്ത് വായനക്കാരുമായി പങ്ക് വെക്കുന്നത്. എല്ലാ കപടതകൾക്കിടയിലും ആരുമറിയാതെ മറഞ്ഞു കിടക്കുന്ന നന്മകളെ അനാവൃതമാക്കുന്നുണ്ട് ഈ കഥ. സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ വില 170 രൂപ. പേജ് 128

[email protected]

Latest News