Sorry, you need to enable JavaScript to visit this website.

ടിക്കറ്റിനായി അടിപിടി, നിരവധി പേര്‍ക്ക് പരിക്ക്

ഇന്ത്യ-ഓസ്‌ട്രേലിയ
രണ്ടാം ട്വന്റി20
വെള്ളി വൈകു: 4.30

ഹൈദരാബാദ് - ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ട്വന്റി20യുടെ ടിക്കറ്റിനായി ഹൈദരാബാദില്‍ ക്രിക്കറ്റ് ആരാധകരുടെ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം ട്വന്റി20 വെള്ളിയാഴ്ച നാഗ്പൂരില്‍ നടക്കുകയാണ്. മഴ കാരണം ഇന്നലെ ഇന്ത്യന്‍ ടീം പരിശീലനത്തിന് ഇറങ്ങിയില്ല. 
ഞായറാഴ്ചയിലെ മൂന്നാം ട്വന്റി20യുടെ ടിക്കറ്റിനായി ഹൈദരാബാദ് ജിംഖാന ഗൗണ്ടില്‍ മൂന്ന് കൗണ്ടറുകളിലാണ് വില്‍പന ആരംഭിച്ചത്. മൂവായിരം ടിക്കറ്റിനായി മുപ്പതിനായിരത്തിലേറെ പേരുടെ ക്യൂ ഉണ്ടായിരുന്നു. പലരും പുലര്‍ച്ച അഞ്ച് മുതല്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു. മതിയായ സൗകര്യമൊരുക്കാതെയാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ടിക്കറ്റ് വില്‍പന നടത്തിയതെന്ന് പോലീസ് കുറ്റപ്പെടുത്തി. ക്യൂ നിന്നവര്‍ക്ക് കുടിവെള്ളം കിട്ടാന്‍ പോലും സൗകര്യമുണ്ടായിരുന്നില്ല. മൂന്നു വര്‍ഷം മുമ്പാണ് ഹൈദരാബാദില്‍ അവസാന ഇന്റര്‍നാഷനല്‍ മത്സരം അരങ്ങേറിയത്. 
ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഇരുനൂറിനു മേലെ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും ഓസ്‌ട്രേലിയ അനായാസം അത് പിന്തുടര്‍ന്നു. അവസാന നാലോവറില്‍ 55 റണ്‍സ് വേണമായിരുന്നു ഓസീസിന് ജയിക്കാന്‍. നാലു പന്ത് ശേഷിക്കെ അവര്‍ അത് അടിച്ചെടുത്തു. മൊഹാലിയിലെ പിച്ച് ബാറ്റിംഗിന് പറ്റിയതായിരുന്നു, ഔട്ഫീല്‍ഡ് മിന്നല്‍വേഗത്തില്‍ പന്ത് പറക്കുന്നതായിരുന്നു, ബൗണ്ടറി ചെറുതുമായിരുന്നു, മഞ്ഞുവീഴ്ച പേരിനു പോലും ഉണ്ടായില്ല. ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ കളിച്ചത്. പക്ഷെ ഓസീസിന്റെ കാര്യവും വ്യത്യസ്തമല്ല. ഡേവിഡ് വാണറും മിച്ചല്‍ മാര്‍ഷും മിച്ചല്‍ സ്റ്റാര്‍ക്കും മാര്‍ക്കസ് സ്റ്റോയ്‌നിസിസുമൊന്നും ഇല്ലാതെയാണ് അവര്‍ ഇറങ്ങിയത്. 
ബുംറ ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തിയേക്കും. ഉമേഷ് യാദവിനാണ് സ്ഥാനം നഷ്ടപ്പെടുക. യുസവേന്ദ്ര ചഹലിനു പകരം ആര്‍. അശ്വിനെയും ഇന്ത്യ കളിപ്പിച്ചേക്കും. 
നാഗ്പൂര്‍ പിച്ചില്‍ ബൗളര്‍മാര്‍ക്ക് താരതമ്യേന മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കാം. ഇവിടെ നടന്ന 12 ഇന്റര്‍നാഷനല്‍ ട്വന്റി20 മത്സരങ്ങളില്‍ ശരാശരി ഫസ്റ്റ് ഇന്നിംഗ്‌സ് സ്‌കോര്‍ 151 മാത്രമാണ്. 2019 ല്‍ അവസാനമായി ഇവിടെ നടന്ന ട്വന്റി20യില്‍ ബംഗ്ലാദേശിനെതിരെ ദീപക് ചഹര്‍ ഏഴ് റണ്‍സിന് ആറു വിക്കറ്റെടുത്തിരുന്നു. 12 കളികളില്‍ ഒമ്പതിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. 

Latest News