Sorry, you need to enable JavaScript to visit this website.

44 വര്‍ഷം അന്നം നല്‍കിയ നാട്, സൗദിയുടെ മാറ്റങ്ങള്‍ ആസ്വദിച്ച പ്രവാസിയുടെ ഓമര്‍മ

ഇന്ന് തുടക്കം കുറിച്ച സൗദി ദേശീയ ദിനത്തില്‍ ഒരു പ്രവാസി എന്ന നിലയില്‍ ഒരു തിരിഞ്ഞു നോട്ടം....
1978 മേയ് 16 നാണ് ജിദ്ദ ഷറഫിയ എയര്‍പോര്‍ട്ടില്‍ ഇറങ്ങി പ്രവാസത്തിന്ന് തുടക്കം കുറിച്ചത്.44 വര്‍ഷവും നാല് മാസവും അന്നം നല്‍കിയ നാട്. നന്ദിയോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കൂ..
ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് എന്നിവരുടെ ഭരണകാലവും ഇപ്പോള്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേയും ഭരണവും ആസ്വദിക്കുകയും ആസ്വദിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.  
അബ്ദുല്ല രാജാവിന്റെ കാലത്താണ് ദേശീയ ദിനം ആഘോഷിക്കാനും സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപനവും ആരംഭിച്ചത്. സൗദിയുടെ വളര്‍ച്ചയുടെ പള്‍സറിഞ്ഞു, പുരോഗതി നേരില്‍ അനുഭവിച്ചു.

https://www.malayalamnewsdaily.com/sites/default/files/2022/09/20/salah1.jpg
ഓരോ രാജാക്കന്മാര്‍ വരുമ്പോഴും പുതിയ പുതിയ പരിഷ്‌കാരങ്ങളും പുരോഗതിയും സ്വദേശികളുടേയും വിദേശികളുടേയും സുരക്ഷയും അഭിവൃദ്ധിയും ഉറപ്പ് വരുത്തി.
എടുത്ത് പറയേണ്ട പുരോഗതി നിലവിലെ ഭരണ കൂടത്തിന്റേത് തന്നെ, പ്രത്യേകിച്ചും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍. സൗദി മാറി, മാറി കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതോടൊപ്പം രാജ്യത്തിന്റെ സമ്പദ്ഘടന പെട്രോളിയത്തില്‍ മാത്രം ഊന്നല്‍ കൊടുക്കാതെ മറ്റു ധാതുപദാര്‍ത്ഥങ്ങളിലും  കാര്‍ഷിക മേഖലകളിലും  ടൂറിസം മേഖലകളിലും സ്വയം പര്യാപ്തയാകാന്‍ കൂടുതല്‍ ഫാക്ടറികളിലും രാജ്യത്തിന്റെ വരുമാനം കണ്ടെത്താന്‍ തുടങ്ങി. കൂടുതല്‍ വിദേശ നിക്ഷേപകര്‍ വന്നു കൊണ്ടിരിക്കുന്നു.
ബിനാമി കച്ചവടം തടയാന്‍ വിദേശികള്‍ക്ക് കച്ചവട ലൈസന്‍സ് നല്‍കി അവരെ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ഭാഗമാക്കി.
ഒരു രാജ്യത്തിന്റെ സംസ്‌കാരവും വളര്‍ച്ചയും ആ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിലാണെന്ന് മനസ്സിലാക്കി വമ്പിച്ച കുതിച്ചു ചാട്ടമാണ് വിദ്യാഭ്യാസ മേഖലയില്‍  നടത്തിയത്. സ്വദേശി വിദ്യാര്‍ത്ഥികള്‍ക്ക് സ്വദേശത്തും വിദേശത്തും സ്‌കോളര്‍ഷിപ്പ് നല്‍കി അവരെ കൈപിടിച്ചുയര്‍ത്തി.
മുഹമ്മദ് ബിന്‍ സല്‍മാന്റെ 2030 വിഷന്‍ ലോകത്തിന്ന് തന്നെ മാതൃകയാണ്. 2030 ആകുമ്പോഴേക്കും സൗദി ലോകത്തെ പരിഷ്‌കൃത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നതില്‍ സംശയമില്ല.
മക്ക-മദീന ഹറം വികസനം നേരില്‍ കണ്ടാസ്വദിച്ചു.
വന്നയുടനെ മാര്‍ബിള്‍ എന്താണെന്നറിയാതെ ഹറമില്‍ ത്വവാഫ് ചെയ്തപ്പോള്‍ അടിയിലൂടെ വെള്ളം പാസ്സ് ചെയ്ത കല്ലുകളാണെന്ന് വിശ്വസിച്ച് നാട്ടിലേക്ക് കത്തെഴുതിയത് ഇന്നും  തമാശയോടെ ഓര്‍ക്കുന്നു. കുറഞ്ഞ സ്ഥലം മാര്‍ബിള്‍ ഒഴിച്ചാല്‍ തവാഫിന്റെ മറ്റു ഭാഗങ്ങള്‍ ചരല്‍ക്കല്ലായിരുന്നു എന്നാണ് ഓര്‍മ. സംസം കണര്‍ നേരില്‍ കാണാന്‍ സാധിച്ചു.
ചെറുതും വലുതുമായ പട്ടണങ്ങളെ ഒരു ടൗണ്‍ പ്ലാനിംങ്ങോടുകൂടി നവീകരിച്ചു കൊണ്ടിരിക്കുന്ന പ്രകിയയിലാണ് സൗദി ഭരണകൂടം.
കോവിഡിനെ നിയന്ത്രിച്ച് കോവിഡ് ബാധിച്ചവരും അത് മൂലം  മരിച്ചവരും  ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്നായിരുന്നു സൗദി. സൗദിയുടെ ആരോഗ്യ മേഖല അത്രയും ശക്തമാണ്.
സ്ത്രീ ശാക്തീകരണം നടപ്പിലാക്കിയ ഒരു രാജ്യമാണ് സൗദി. പഴയകാല ചിന്താഗതിയില്‍ മാറ്റം വരുത്തി െ്രെഡവിംഗ് ലൈസന്‍സും വിദ്യാഭ്യാസത്തിനനുസരിച്ച ജോലിയും അവര്‍ക്ക് നല്‍കി. ഇന്ന് ലക്ഷക്കണക്കിന് യുവതികള്‍ എല്ലാ മേഖലയിലും ജോലി ചെയ്യുന്നു.
നമസ്‌കാര സമയത്ത് ബാങ്ക് മാത്രം പുറമേക്ക് കേള്‍ക്കാനും നമസ്‌കാരം പുറമേക്ക് കേള്‍ക്കേണ്ട എന്നതും നമസ്‌കാര സമയത്ത് നിര്‍ബന്ധമായും കടകള്‍ അടക്കേണ്ടതില്ല എന്ന നിയവും ഈ അടുത്ത കാലത്താണ് നടപ്പാക്കിയത്.
1978 ല്‍ പെട്രോള്‍ ലിറ്ററിന്ന്  18 ഹലാലയുണ്ടായിരുന്നത് (0.18 SR) ഇന്നത് SR 2.13 ല്‍ എത്തി നില്‍ക്കുന്നു.
ഇന്ത്യന്‍ രൂപ 1,000 ന് 445 റിയാലുള്ള സ്ഥാനത്ത് ഇന്ന് 50 റിയാല്‍ മതി.
41 വര്‍ഷം ഒരേ കമ്പനിയില്‍ ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. 1981 മുതല്‍ ജിദ്ദയില്‍ സന്തോഷത്തോടെ കുടുംബവുമായി താമസിക്കുന്നു.. അല്ലാഹുവിന്ന് സ്തുതി.
സ്വന്തമായി ഫോണോ മൊബൈലോ സോഷ്യല്‍ മീഡിയോ ഇല്ലാതെ പബ്ലിക് ഫോണ്‍ ബൂത്തുകളേയും കത്തുകളേയും മാത്രം ആശ്രയിച്ച കാലത്തു നിന്നും ഇന്ന് എല്ലാം വിരല്‍ തുമ്പില്‍ എത്തിനില്‍ക്കുന്നു.
കെ.എം.സി.സി, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഇന്ത്യന്‍ വര്‍ക്കിംഗ് എബ്രോഡ് (IWA - under indian embassy), ആദ്യ ജിദ്ദ മലയാളി കൂട്ടായ്മ, തിരൂരങ്ങാടി മുസ്ലിം വെല്‍ഫയര്‍ ലീഗ്, എം.ഇ.എസ്, എം.എസ്.എസ്, പി.എസ്.എം.ഒ ജിദ്ദ അലുംനി ചാപ്റ്റര്‍, ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്), ഇന്ത്യന്‍ പില്‍ഗ്രിം വെല്‍ഫര്‍ ഫോറം (IPWF - under Indian consulate), ഇന്ത്യന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ (ഐവ), സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ജി.സി.സി ഇസ്ലാഹി കൊഓര്‍ഡിനേഷന്‍ കമ്മറ്റി തുടങ്ങിയ കൂട്ടായ്മകളില്‍ സംഘടനകളുടെ തുടക്കക്കാരില്‍ ഒരുവനാകാനും പല സംഘടനകളുടേയും പ്രധാന ഭാരവാഹിയാകാനും സാധിച്ചു, പലതിലും ഇന്നും സജീവ രംഗത്തുണ്ട്.
10,000 ല്‍ അധികം വിദ്യാര്‍ത്ഥികളുള്ള ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ (IISJ) മാനേജ്‌മെന്റ് കമ്മറ്റി മെമ്പറായി 2006 ല്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഔസാഫ് സഈദ് നിയമിച്ചു. 2010 ല്‍ കാലാവധി തീരുമ്പോള്‍ ഒന്നര വര്‍ഷത്തോളം സ്‌കൂള്‍ ചെയര്‍മാനായും പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചു. 4 മക്കള്‍ IISJ ല്‍ LKG മുതല്‍ പ്ലസ് ടു വരെ പഠിച്ചു. ഇന്ന് 3 പേരമക്കള്‍ അവിടെ പഠിക്കുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷം മാത്രമാണ് ഈ രാജ്യം നല്‍കിയത്. ഒരു പാട് തവണ ഹജ്ജ് നിര്‍വ്വഹിക്കാനും കണക്കില്ലാത്തത്ര ഉംറ നിര്‍വ്വഹിക്കാനും സാധിച്ചു. ആദ്യ ഹജ്ജും ഉംറയും 1978 ലായിരുന്നു.
ഈ രാജ്യത്തിന്റെ ദേശീയ ദിനത്തിന്ന് ആശംസകള്‍. സൗദി രാജ്യം പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കട്ടെ എന്നും സല്‍മാന്‍ രാജാവിനും മുഹമ്മദ് രാജകുമാരനും ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

 

Latest News