Sorry, you need to enable JavaScript to visit this website.
Tuesday , May   30, 2023
Tuesday , May   30, 2023

ഭാര്യയെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ശിക്ഷ വരുമ്പോള്‍

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ എനിക്ക് യാതൊരു താല്‍പര്യവുമില്ല. പക്ഷേ, ഭര്‍ത്താവ് അതിനെന്നെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തോട് ഭര്‍ത്താവ് എന്ന നിലക്കുള്ള ബന്ധവും പ്രണയവും ലൈംഗിക താല്‍പര്യവും എനിക്ക് നഷ്ടപ്പെട്ടിട്ട് മൂന്നു, നാല് വര്‍ഷങ്ങളായി.അദ്ദേഹത്തിന്റെ സമീപനങ്ങളും എന്നോടുള്ള പെരുമാറ്റവും കുടുംബത്തില്‍ നിന്ന് എനിക്കുണ്ടായ ചില അനുഭവങ്ങളുമൊക്കെ ഇതിന് കാരണമാണ്. വര്‍ഷങ്ങളായി ഭര്‍ത്താവ് എന്നോട് ചെയ്ത കാര്യങ്ങള്‍, എന്നെ അദ്ദേഹത്തില്‍ നിന്ന് മാനസികമായി തീര്‍ത്തും അകറ്റുകയായിരുന്നു.  ഭര്‍ത്താവിനോട് എന്നല്ല, മറ്റൊരു പുരുഷനോടും എനിക്ക്ലൈംഗികമായ താല്‍പര്യമില്ല. കുടുംബത്തിലെ ചില പുരുഷന്‍മാരില്‍ നിന്ന് നേരത്തെ ഉണ്ടായ ദുരനുഭവങ്ങള്‍ എന്നില്‍ പുരുഷവിരക്തി  ഉണ്ടാക്കിയിട്ടുമുണ്ട്. ഇത് ഞാന്‍ അദ്ദേഹത്തോട് പലതവണ തുറന്നു പറഞ്ഞതാണ്. വീട്ടിലെ മറ്റു കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നെ ഒഴിവാക്കിയോ, അല്ലാതെയൊ അദ്ദേഹത്തിന് മറ്റൊരു വിവാഹം കഴിക്കാം. ഇതും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവ് പക്ഷേ, ലൈംഗിക ബന്ധത്തിന് എന്നെ നിര്‍ബന്ധിക്കുന്നു. ഓരോ തവണയും അദ്ദേഹമതിന് ശ്രമിക്കുമ്പോള്‍, ഞാന്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ അകന്ന് പോവുകയാണ്. ഒരുതരം വെറുപ്പ് മനസ്സില്‍ രൂപപ്പെടുന്നതു പോലെ! ഇക്കാര്യമോര്‍ക്കുമ്പോള്‍, അദ്ദേഹം വീട്ടിലുണ്ടാകുന്നത് തന്നെ എനിക്ക് പേടിയാണ്. ഇതെന്നെ മാനസികമായി തളര്‍ത്തുന്നുണ്ട്, ശാരീരികമായി രോഗിയാക്കുകയും ചെയ്യുന്നു.'
ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വന്ന ആ സ്ത്രീയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഇന്നലെ വായിച്ച ഒരു കോടതി വാര്‍ത്തയാണ്. ഭാര്യയുടെ അനുമതിയില്ലാത്ത ലൈംഗിക ബന്ധം കുറ്റകരമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
'വൈവാഹിക ബലാത്സംഗം ' (Marital Rape) എന്നാണിത് വിശേഷിപ്പിക്കപ്പെടുന്നത്.
താല്‍പര്യമില്ലാത്ത ലൈംഗിക ബന്ധം എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. നിരവധി സ്ത്രീപുരുഷന്‍മാര്‍ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്.
ഇഷ്ടമില്ലാതിരുന്നിട്ടും ഭര്‍ത്താവിന്റെ ലൈംഗിക പൂര്‍ത്തീകരണത്തിന്, കടുത്ത മാനസിക പിരിമുറുക്കം സഹിച്ച്,ചിലപ്പോള്‍ ശാരീരിക ഉപദ്രവങ്ങള്‍ ഭയന്ന്
വഴങ്ങിക്കൊടുക്കേണ്ടി വരുന്ന ഭാര്യമാരുണ്ട്. മറുഭാഗത്ത്, ഭാര്യമാരുടെ നിസ്സഹകരണം കാരണം, വര്‍ഷങ്ങളായി വിഭാര്യര്യായി കഴിയുന്ന, അതിന്റെ
മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഭര്‍ത്താക്കന്‍മാരെയും എനിക്കറിയാം. രണ്ടാമത്തെ പ്രശ്‌നം മറ്റൊരു കുറിപ്പില്‍ പറയാം.
ദാമ്പത്യത്തിന്റെ അടിസ്ഥാന ഘടകം പ്രണയവും കാരുണ്യവുമാണ്. എന്നാല്‍, ദാമ്പത്യത്തില്‍ ഏറ്റവും അവിഭാജ്യ ഭാഗമായ ലൈംഗിക ബന്ധം പ്രണയവും കാരുണ്യവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. പ്രണയാതുരമായ മനസ്സിന്റെ ദാഹം, ശാരീരിക പുണര്‍ച്ചകളിലൂടെ, ലൈംഗിക ഉള്‍ക്കൊള്ളലുകളിലൂടെ ശമിപ്പിക്കപ്പെടുന്നു. ദമ്പതികള്‍ക്കിടയിലെ ശാരീരിക ആനന്ദങ്ങള്‍, മനസ്സിനെ പ്രണയത്തിന്റെ പുതിയ അനുഭൂതികളിലേക്ക് ആനയിക്കുന്നു. ലൈംഗിക ബന്ധത്തിന് ശേഷം, ഇണകള്‍ പരസ്പരം പുണര്‍ന്ന് നല്‍കുന്ന കവിളിലെ, നെറ്റിത്തടത്തിലെ ചുംബനം ഇതിന്റെ അടയാളമാണ്. സ്ഖലന സുഖത്തിനു ശേഷം, ഇണയെ അവഗണിച്ച് മാറിക്കിടക്കുമ്പോള്‍, പ്രണയമില്ലാത്ത ഭോഗത്തിനാണ് താന്‍ വിധേയപ്പെട്ടതെന്ന് മറ്റേയാള്‍ വേദനിക്കുന്നതും അതുകൊണ്ടുതന്നെ.
പ്രണയമോഹവും കാമദാഹവും തമ്മിലുള്ള ഈ കെമിസ്ട്രി കൃത്യമായി പ്രവര്‍ത്തിച്ചാല്‍, ദാമ്പത്യത്തിന്റെ സന്ദര്യം ആസ്വദിക്കാനാകും.
'പ്രണയമില്ലാതെ ഭോഗിക്കുന്ന മനുഷ്യനെ' കുറിച്ച് പ്രിയ കവി സച്ചിദാനന്ദന്‍ മാസ്റ്റര്‍ എഴുതിയിട്ടുണ്ട്. പ്രണയമില്ലാത്ത ലൈംഗികത ദുരന്തമാണ്. ദൗര്‍ഭാഗ്യവശാല്‍ ആ ദുരന്തം ഏറ്റുവാങ്ങുന്നവരാണ് നമ്മില്‍ ചിലര്‍,പുരുഷന്‍മാരെക്കാള്‍ കൂടുതലായുംചില സ്ത്രീകള്‍. പുരുഷലൈംഗികത പൊതുവെ പെട്ടന്ന് ആരംഭിക്കുന്നതും
വൈകാതെ അവസാനിക്കുന്നതും ആണെന്ന് പറയാറുണ്ട്. സ്ത്രീക്ക് പക്ഷേ,അതിന് അപേക്ഷികമായി, കൂടുതല്‍മുന്നൊരുക്കങ്ങള്‍ ആവശ്യമായേക്കും.
ഇതിന്റെ ശാസ്ത്രം പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ, ഒരു കാര്യമുണ്ട്; കിടപ്പറയില്‍ പലപ്പോഴും ഭാര്യമാരെ ഒട്ടും പരിഗണിക്കാത്ത ഭര്‍ത്താക്കന്‍മാരുണ്ട്. ഭാര്യമാരോട് ക്രൂരത കാണിക്കുന്നവരെയും കാണാം.
ഒരു ദിവസം, ലൈംഗിക ബന്ധത്തില്‍ താല്‍പര്യമില്ലാതെ, എന്തോ കാരണത്താല്‍ അതിന് വയ്യാതെ കിടക്കുന്ന ഭാര്യയെ, കാമ ദാഹം തീര്‍ക്കാന്‍ പറ്റാത്തതിന്റെ ദേഷ്യത്തില്‍ കഠിനമായി ഉപദ്രവിക്കുന്ന ഭര്‍ത്താവിനെക്കുറിച്ച് കേട്ടത് ഈയടുത്താണ്. രാത്രി മുഴുവന്‍ അവള്‍ ഉറങ്ങാതിരിക്കുന്ന വിധത്തിലാണ്
അയാളുടെ ശാരീരിക പീഢനം. ശേഷം, അയാള്‍ പോയി ഉറങ്ങുകയും ചെയ്യുന്നു!
പ്രണയവും പരിഗണനയും കിട്ടാത്ത ചില ഭാര്യമാര്‍, യാന്ത്രിക ദാമ്പത്യത്തിന്റെ ഭാഗമായി ലൈംഗികതക്ക് വിധേയപ്പെട്ട് കടന്നു പോകും, വിശേഷിച്ചും പഴയ തലമുറയില്‍. എന്നാല്‍, ദാമ്പത്യത്തില്‍ പങ്കാളിത്ത സ്വഭാവം അനിവാര്യമായും പ്രതീക്ഷിക്കുന്ന സ്ത്രീകള്‍ പ്രണയമില്ലാത്ത ലൈംഗികതയെ
പ്രശ്‌നവും പ്രയാസവുമായി കാണും.
എങ്കിലും, പരാതികള്‍ പറഞ്ഞും വേദനകള്‍ സഹിച്ചും അവര്‍ ജീവിതം കഴിക്കും. കുടുംബത്തില്‍ അവള്‍ അസംതൃപ്തയും കിടപ്പറയില്‍ അവളൊരും ശവരൂപവുമായിരിക്കും.
മൂന്നാമതൊരു വിഭാഗം സ്ത്രീകളുണ്ട്. പ്രണയവും പരിഗണനയും മാത്രമല്ല, സമയവും സമ്മതവും ലൈംഗിക ബന്ധത്തിന് അനിവാര്യമാണെന്ന്
ഇവര്‍ മനസ്സിലാക്കുന്നു. അത്, പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നു. ഇതില്‍ ഏതെങ്കിലും ഒന്നിന്റെ അഭാവത്തില്‍ അവര്‍ ലൈംഗിക ബന്ധത്തില്‍ നിന്ന്
തീര്‍ത്തും മാറി നില്‍ക്കും. എന്നിട്ടും നടക്കുന്ന ലൈംഗിക ബന്ധത്തെ, 'വൈവാഹിക ബലാത്സംഗം' എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തേക്കാം. തന്നെ മാത്രം പരിഗണിച്ചും, യാതൊരു വിധ പരസ്പര സഹരണവുമില്ലാതെ തന്റെ ഇഷ്ടങ്ങള്‍ മാത്രം നോക്കിയുമാണ് ഭാര്യ ഈ നിലപാട്  എടുക്കുന്നതെങ്കില്‍, അത് ദാമ്പത്യത്തിന്റെ പാരസ്പര്യത്തിന് ഒട്ടും ചേര്‍ന്നതല്ല, പ്രശ്‌ന കാരണമാണ്.  ഭര്‍ത്താവ് എന്ന വ്യക്തിയെ തന്റെ വ്യക്തിത്വത്തിന്റെ പാതിയായി മനസ്സിലാക്കി പരിഗണിക്കാനും, വിട്ടുവീഴ്ച്ചകളോടു കൂടി ഉള്‍ക്കൊള്ളാനും ഭാര്യക്ക് കഴിയണം. തന്റെ ഇഷ്ടത്തെക്കാള്‍ ഇണയുടെ ഇഷ്ടത്തിന് മുന്‍ഗണന നല്‍കുക എന്നത് ദാമ്പത്യത്തില്‍ പ്രധാനമാണ്. എന്നാല്‍, ഇതൊരിക്കലും ഏകപക്ഷീയമാകാന്‍ പാടില്ല. (അപ്രകാരം, തിരിച്ച് ഭര്‍ത്താവും ഭാര്യയെ തന്റെ വ്യക്തിത്വത്തിന്റെ പാതിയായി ഭാര്യയെ ഉള്‍ക്കൊള്ളണം). എന്നാല്‍, നീതീകരിക്കാവുന്ന കാരണങ്ങളാലാണ്, ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതം പറയുന്നതെങ്കില്‍, ശേഷം ഭര്‍ത്താവ്
നടത്തുന്ന നിര്‍ബന്ധ ശാരീരിക ബന്ധം ശരിയല്ല എന്ന് പറയാതെ വയ്യ. ഒരു ഘട്ടത്തിലെ താല്‍പര്യക്കുറവുകള്‍ പരിഹരിച്ച്, അടുത്ത ഘട്ടത്തില്‍ ശാരീരിക ബന്ധത്തിലേക്ക് എത്തുന്നതില്‍ നിന്ന് ഇത് ഭാര്യയെ കൂടുതല്‍ അകറ്റുകയാണ് ചെയ്യുക.ഇങ്ങനെ അകന്നുപോയിട്ടുള്ള സ്ത്രീകള്‍ സമൂഹത്തില്‍ കുറവല്ല.
ഇതു സംബന്ധിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്;

1. ദമ്പതികള്‍ പരസ്പരം മനസ്സിലാക്കിപെരുമാറുക എന്നതാണ് ഇതിനുള്ള
ഒന്നാമത്തെ പരിഹാരം. തന്റെ വശം മാത്രം ശരിയാണെന്ന് ഭാര്യയും ഭര്‍ത്താവും വാശിപിടിക്കരുത്. ഇണയെ
ക്ഷമാപൂര്‍വ്വം കേട്ട്, പറയുന്നതിലെ ശരികള്‍ ഉള്‍ക്കൊണ്ട്, അവരെ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. തന്നെക്കാള്‍ തന്റെ ഇണക്ക് മുന്‍ഗണന നല്‍കണം.
2. പെരുമാറ്റ പ്രശ്‌നങ്ങളും തന്മൂലം ഉണ്ടായ മാനസിക അകല്‍ച്ചയും ആയിരിക്കാം, ശാരീരിക ബന്ധത്തില്‍ താല്‍പര്യം നഷ്ടപ്പെടാനുള്ള ഒരു കാരണം. ഇത്, വര്‍ഷങ്ങള്‍ക്കൊണ്ട് സംഭവിക്കാം. ചിലപ്പോള്‍ പെട്ടന്നും ആയേക്കാം. അകാരണമായ കോപം, അവഗണന, അടി, ഇകഴ്ത്തല്‍, സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കായ്ക തുടങ്ങിയവ സഹിച്ച്, ക്ഷമിച്ച് കുറച്ച് കാലം കഴിയുമ്പോള്‍ ഭാര്യ മാനസികമായി ഭര്‍ത്താവില്‍ നിന്ന്
അകന്ന് പോയിട്ടുണ്ടാകും. സ്വാഭാവികമായും അവള്‍ക്ക് അദ്ദേഹത്തോട് ശാരീരിക താല്‍പ്പര്യം ഉണ്ടാകില്ലെന്ന് മാത്രമല്ല, അത് വെറുക്കുകയും ചെയ്യും.
3. ഇങ്ങനെ അകന്നുപോയ ഭാര്യയെ ലൈംഗിക ബന്ധത്തിലേക്ക് ആകര്‍ഷിക്കാനായി പെട്ടന്നൊരുനാള്‍ ഭര്‍ത്താവ് തന്റെ പെരുമാറ്റ രീതി മാറ്റുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്താല്‍, അത് തനി വേഷംകെട്ടും കോപ്രായവുമായി ഭാര്യക്ക് തോന്നുക സ്വാഭാവികമാണ്. ഫലമോ, തീര്‍ത്തും വിപരീതവുമായിരിക്കും. വര്‍ഷങ്ങള്‍ക്കൊണ്ട് മുറിഞ്ഞുപോയത്,പെട്ടന്നൊരു നാള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയില്ല. മാസങ്ങളെങ്കിലും എടുത്ത് സ്വാഭാവിക രീതിയിലാകണം അത്
ചെയ്യേണ്ടത്.
4. ലൈംഗിക ബന്ധം നടക്കാന്‍ വേണ്ടി മാത്രമാകരുത് ഭര്‍ത്താവിന്റെ സ്വഭാവമാറ്റം. മറിച്ച്, തന്റെ പെരുമാറ്റ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ്, തെറ്റുകള്‍
തിരുത്തി, നല്ല ദാമ്പത്യം സാധ്യമാക്കുക എന്നതായിരിക്കണം ലക്ഷ്യം. നഷ്ടപ്പെട്ട ലൈംഗിക ബന്ധം അതിലൂടെ സ്വാഭാവികമായി തിരിച്ചു വരാന്‍
ഭര്‍ത്താവ് കാത്തിരിക്കണം. 'ഞാന്‍ മാറിയിരിക്കുന്നു, ഇനി നിനക്കെന്താണ് പ്രശ്‌നം, ഞാന്‍ പറയുന്നതുപോലെ ആകണം' എന്ന് ഭര്‍ത്താവ് ആവശ്യപ്പെടുകയല്ല വേണ്ടത്. മറിച്ച്, അദ്ദേഹം മാറിയിരിക്കുന്നു എന്ന് ബോധ്യപ്പെട്ട്, ഭാര്യ സ്‌നേഹത്തോടെ ഭര്‍ത്താവിനോട് താല്‍പര്യം പ്രകടിപ്പിക്കണം. ഇതിനുള്ള സാഹചര്യമാണ്, ക്ഷമയാണ് ഉണ്ടാകേണ്ടത്.
5. തനിക്ക് താല്‍പര്യമില്ല എന്നു പറഞ്ഞ്, കാലാകാലം മാറി നില്‍ക്കുകയല്ല ഭാര്യചെയ്യേണ്ടത്. മറിച്ച്, സ്വയം മാറാന്‍ ശ്രമങ്ങള്‍ നടത്തണം. മനസ്സിനെ അതിന്
പാകപ്പെടുത്താനുള്ള പരിശീലനം വേണം. ഭര്‍ത്താവിന്റെ മാറ്റത്തെ, ഗുണാത്മമായി സ്വീകരിക്കുന്ന മനസ്സ് ഭാര്യക്ക് ഉണ്ടാവുക എന്നതും പ്രധാനമാണ്.
6. ഭാര്യാ  ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലെ താല്‍പ്പര്യക്കുറവ്, ശാരീരികമോ മാനസികമോ ആയ കാരണങ്ങളാലാകാം സംഭവിക്കുന്നത്. ഇതിന്, നല്ല ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ തേടാന്‍  വൈകിക്കരുത്. യഥാസമയം ഇത് ചികിത്സിക്കപ്പെട്ടില്ലെങ്കില്‍, കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
7. ദമ്പതികള്‍ക്കിടയിലെ പ്രണയം വീണ്ടെടുക്കാന്‍ പല വഴികളുണ്ട്. അവ പരീക്ഷിച്ചു നോക്കുക. രണ്ടു പേര്‍ മാത്രമായുള്ള യാത്രകള്‍ ഉദാഹരണം.
പ്രവാചകവര്യന്റെ പ്രസിദ്ധമായൊരു വചനമുണ്ട്; 'ഭര്‍ത്താവ് ഭാര്യയെ ശാരീരിക ബന്ധത്തിന് ക്ഷണിച്ചിട്ടും
അവളതിന് വിസമ്മതിച്ചാല്‍, പ്രഭാതം വരെ മാലാഖമാര്‍ അവളെ ശപിച്ചു കൊണ്ടിരിക്കും'. ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇത്.
ഭാര്യ ഭര്‍ത്താവിനോട് കാണിക്കേണ്ട അനുസരണത്തിന്റെ, പൂര്‍ത്തീകരിക്കേണ്ട ബാധ്യതയുടെ ഗൗരവം ഇത് ഓര്‍മ്മപ്പെടുത്തുന്നു. അതിനാല്‍, ഭര്‍ത്താവിന്റെ വിഹിതമായ ശാരീരിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഭാര്യ അകാരണമായി വിസമ്മതം പറയാന്‍ പാടില്ലാത്തതാണ്.
എന്നാല്‍, ഈ നബിവചനം ഒരു പൊതു നിയമമാണ്. സാധാരണ സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ടത്. അതേ സമയം, ഈ അനുസരണത്തിന് ചില നിബന്ധനകളുണ്ട്, വിധിയില്‍ വത്യാസം വരാവുന്ന സാഹചര്യങ്ങളുടെ മാറ്റങ്ങളും. ദാമ്പത്യ ജീവിതത്തെയും, ഭാര്യ  ഭര്‍തൃ ബാധ്യതകളെയും കുറിച്ചുള്ള ഖുര്‍ആന്‍ സൂക്തങ്ങളും മറ്റു നബി വചനങ്ങളും ചേര്‍ത്തുവെച്ചു കൊണ്ട് മാത്രമേ, ഈ നബി വചനത്തിലെ നിയമത്തെ
മനസ്സിലാക്കാവൂ. 'സ്‌നേഹവും കാരുണ്യവും' ദാമ്പത്യത്തിന്റെ അടിത്തറയാണെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ഈ വേദതത്വം
പാലിക്കാതെ, നബി വചനത്തിലെ നിയമത്തെക്കുറിച്ച് മാത്രം പറയരുത്. 'ഭാര്യ ഭര്‍ത്താവിന് നല്‍കേണ്ട അനുസരണം' പോലെ പ്രധാനമാണ്,
'ഏറ്റവും നല്ല പുരുഷന്‍, ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്'  എന്ന നബിവചനത്തിലെ ധര്‍മ്മവും. ഭാര്യയോടുള്ള സ്‌നേഹം, സഹായം, സല്ലാപം, ഉള്‍ക്കൊള്ളല്‍ എന്നിവയുടെമാതൃകകള്‍ നബി ജീവിതത്തിലുണ്ട്. ഇവയുടെയെല്ലാം പൂരണമാണ്, ഭാര്യ ഭര്‍ത്താവിന് നല്‍കേണ്ട അനുസരണം.
അവഗണന, അടങ്ങാത്ത കോപം, ആവശ്യങ്ങളുടെ തിരസ്‌കാരം, ശാരീരികമര്‍ദ്ദനം തുടങ്ങിയവയാണ്

ഒരു ഭര്‍ത്താവില്‍ നിന്ന്, അയാളുടെ ഭാര്യക്ക് നിരന്തരം ഉണ്ടാകുന്നത്. ശേഷം, അതേ ഭര്‍ത്താവും ബന്ധുക്കളും ഭാര്യയോട്, ''ഭര്‍ത്താവ് ഭാര്യയെ ശാരീരിക ബന്ധത്തിന് ക്ഷണിച്ചിട്ടും അവളതിന് വിസമ്മതിച്ചാല്‍, പ്രഭാതം വരെ മാലാഖമാര്‍ അവളെ ശപിച്ചു കൊണ്ടിരിക്കും'' എന്ന നബിവചനം ചൊല്ലി പേടിപ്പിക്കുന്നതിന് യാതൊരു അര്‍ത്ഥവുമില്ല. ഭര്‍ത്താവിന്റെ നെറികേടുകള്‍ക്ക് മേല്‍ ചുറ്റേണ്ട നിയമപ്പുടവയല്ല ഇത്തരം നബി വചനങ്ങള്‍. മറിച്ച്, ബാധ്യതാ നിര്‍വഹണത്തിന്റെ പൂരണമായി വരുന്ന അവകാശ പ്രഖ്യാപനങ്ങളാവ. നിയമത്തിന്റേതു മാത്രമായ ഭാഷ പ്രമാണങ്ങള്‍ക്കില്ല. നിയമവും ധര്‍മ്മവും ഇഴ ചേര്‍ത്താണ് വേദവും ദൂതനും ജീവിതം പഠിപ്പിക്കുന്നത്. ആയതിനാല്‍, ധര്‍മ്മത്തിന്റെ ഭാഷ വിസ്മരിച്ച്, നിയമത്തിന്റെ ഭാഷ മാത്രം സംസാരിക്കാതിരിക്കുക. ഏകപക്ഷീയത പ്രശ്‌നമാണ്, പരിഹാരമല്ല.

(ഫേസ് ബുക്ക് കുറിപ്പ്)

 

Latest News