Sorry, you need to enable JavaScript to visit this website.

നരേന്ദ്ര മോഡിയും വ്‌ളാഡിമിര്‍ പുടിനും ചര്‍ച്ച നടത്തി

സമര്‍കണ്ഡ്- ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. യുക്രെയ്ന്‍ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന ആവശ്യം മോഡി പുടിനു മുമ്പില്‍ വെച്ചു. ഫെബ്രുവരിയില്‍ യുക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇന്നത്തെ യുഗം യുദ്ധമല്ലെന്നും ജനാധിപത്യവും നയതന്ത്രവും സംഭാഷണവും ലോകത്തെ മുഴുവന്‍ സ്പര്‍ശിക്കുന്ന വിഷയം റഷ്യന്‍ പ്രസിഡന്റുമായി ഫോണില്‍ പലതവണ ചര്‍ച്ച ചെയ്ത കാര്യവും മോഡി പുടിനെ ഓര്‍മിപ്പിച്ചു. ഈ പാതയില്‍ എങ്ങനെ മുന്നോട്ട് പോകാം എന്നതിനെക്കുറിച്ച് സംസാരിക്കാന്‍ അവസരമുണ്ടെന്നും വരും ദിവസങ്ങളില്‍ സമാധാനമുണ്ടാകുമെന്നും മോഡി പറഞ്ഞു.

യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശത്രുത നേരത്തേ അവസാനിപ്പിക്കണമെന്നും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകതയും പ്രധാനമന്ത്രി ആവര്‍ത്തിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്കയെക്കുറിച്ച് തനിക്ക് അറിയാമെന്നും റഷ്യ എത്രയും വേഗം ഇത് അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പുടിന്‍ മോദിയോട് പറഞ്ഞു. അതോടൊപ്പം യുക്രെയ്ന്‍ ചര്‍ച്ചയ്ക്ക് വിസമ്മതിച്ചതായും യുദ്ധഭൂമിയിലെ ലക്ഷ്യങ്ങള്‍ സൈനികമായി കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും തങ്ങള്‍ അറിയിക്കുമെന്നും പുടിന്‍ മോഡിയെ അറിയിച്ചു.

പ്രസിഡന്റ് പുടിനുമായി മനോഹരമായ കൂടിക്കാഴ്ച നടത്തി. വ്യാപാരം, ഊര്‍ജം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ- റഷ്യ സഹകരണം തുടരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചതായും മറ്റ് ഉഭയകക്ഷി, ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്തതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വിവിധ തലങ്ങളിലുള്ള സമ്പര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ സുസ്ഥിരമായ മുന്നേറ്റത്തെ ഇരു നേതാക്കളും അഭിനന്ദിച്ചതായും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന വിഷയങ്ങളും പ്രാദേശിക, ആഗോള താത്പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം 'വളരെ വേഗത്തില്‍' വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും പ്രധാന വിഷയങ്ങളില്‍ ഇരുപക്ഷവും അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണെന്നും പ്രസിഡന്റ് പുടിന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഉഭയകക്ഷി വ്യാപാര വിറ്റുവരവിലെ വര്‍ധനയെക്കുറിച്ചും പുടിന്‍ പരാമര്‍ശിച്ചു.

സംഘര്‍ഷത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ യുക്രെയ്‌നിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചതിന് റഷ്യയ്ക്കും യുക്രെയ്നും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം പലമടങ്ങ് ദൃഢമായിട്ടുണ്ടെന്നും മോസ്‌കോയുമായുള്ള ബന്ധത്തെ ന്യൂദല്‍ഹി വിലമതിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചതിന്റെ ഊഷ്മളമായ ഓര്‍മ്മകളെക്കുറിച്ചും പുടിന്‍ തന്റെ പരാമര്‍ശത്തില്‍ സംസാരിക്കുകയും മോഡിയെ റഷ്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

Latest News