സചിനെ ട്രോളി ഓസീസ്, കോപാകുലരായി ആരാധകർ

ന്യൂദൽഹി- ജന്മദിനത്തിൽ സചിൻ ടെണ്ടുൽക്കറെ പരോക്ഷമായി പരിഹസിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ പരാമർശം ആരാധകരെ രോഷം കൊള്ളിച്ചു. സചിന്റെ നാൽപത്തഞ്ചാം ജന്മദിനമായിരുന്നു ഇന്നലെ. വിരമിച്ച ഓസ്‌ട്രേലിയൻ പെയ്‌സ്ബൗളർ ഡാമിയൻ ഫ്‌ളെമിംഗിന്റെ ജന്മദിനവും ഇന്നലെയായിരുന്നു. 
ഇന്നലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്. വേഗമേറിയ പന്തിൽ സചിനെ ഫ്‌ളെമിംഗ് ബൗൾഡാക്കുന്ന ചിത്രമാണ് ജന്മദിന സന്ദേശമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ പോസ്റ്റ് ചെയ്തത്. എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തമാശ സചിന്റെ ആരാധകർക്ക് സഹിച്ചില്ല. 
എത്ര പേരെ വിലക്കിയാലും ഓസ്‌ട്രേലിയ പഠിക്കില്ലെന്നാണ് ഒരു സചിൻ ആരാധകൻ രോഷം കൊണ്ടത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ പന്ത് ചുരണ്ടിയതിന് ഓസീസ് കളിക്കാരെ വിലക്കിയതിനെക്കുറിച്ചാണ് പരാമർശം. 
ഫ്‌ളെമിംഗ് ആ പന്ത് ചുരണ്ടാൻ സാന്റ്‌പേപ്പറാണോ പഞ്ചസാരയാണോ ഉപയോഗിച്ചത് എന്ന് മറ്റു ചിലർ ചോദിച്ചു. സചിനെ 2.6 കോടി പേർ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്. സചിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 

Latest News