Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൗനത്തിന്റെ ഇടിമുഴക്കം

വായന

 

രാഷ്ട്രീയ ദർശനങ്ങൾക്ക് കഥകളുടെ ഓർമ്മച്ചെപ്പിൽ നിന്ന് ഭാവനയുടെ നിറച്ചാർത്തേകി മാനവികതക്ക് വേണ്ടിയുള്ള കലഹങ്ങളാണു കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടിയുടെ 'വഴി തേടുന്നവരുടെ മാനിഫെസ്‌റ്റോ' എന്ന ചെറുകഥാ സമാഹാരം. സാമൂഹ്യ യാഥാർത്ഥ്യങ്ങളെ താൻ കണ്ടും കേട്ടുമറിഞ്ഞ സംഭവങ്ങളുമായി കോർത്തിണക്കി മനുഷ്യ ജീവിതത്തിലെ സ്വാർത്ഥതയേയും മനുഷ്യ രാഹിത്യത്തെയും വിചാരണ ചെയ്യുന്നു. സമൂഹത്തിന്റെ പൊതു ബോധം മനുഷ്യ ജീവിതത്തിൽ ഏൽപിക്കുന്ന കനത്ത ആഘാതങ്ങളെ മാനവിക പക്ഷത്ത് നിന്ന് കഥാകൃത്ത് നോക്കിക്കണുന്നു. വസന്തത്തിന്റെ ഇടിമുഴക്കത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പ്രസ്ഥാനങ്ങളുടെ അപചയത്തിലൂടെ നഷ്ടപ്പെടുന്നത് ആകുലതയോടെ നോക്കുമ്പോഴും വായനക്കാരനു മുന്നിൽ പ്രതീക്ഷകളുടെ തുരുത്തുകൾ സമർപ്പിക്കുന്നു. പോസ്റ്റ്‌മോർട്ടം എന്ന കഥയെക്കുറിച്ച് എൻ പി ഹാഫിസ് മുഹമ്മദിന്റെ ആസ്വാദനവും മൊത്തം കഥകളെക്കുറിച്ച് പി. സുരേന്ദ്രന്റെ കുറിപ്പും പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. 


താൻ ജീവിക്കുന്ന സമൂഹത്തിൽ നിന്ന് സാമൂഹിക യാഥാർത്ഥ്യങ്ങളെ ശക്തമായ ഭാഷ കൊണ്ട് കഥകളാക്കി മാറ്റുന്ന കുഞ്ഞി മുഹമ്മദിന്റെ ശൈലി ഏറെ ആകർഷകമാണ്. രാഷ്ട്രീയ കഥകൾ എന്ന് ഇവയെ വിളിക്കാമെങ്കിലും നേർക്കു നേർ രാഷ്ട്രീയം പറയുന്ന ശൈലിയല്ല ഇതിലുപയോഗിച്ചിരിക്കുന്നത്. സ്വന്തം അനുഭവങ്ങളേയും തന്റെ ജീവിത പരിസരങ്ങളേയും ശക്തമായ ഭാഷ കൊണ്ട് കഥകളാക്കി മാറ്റുന്ന വിസ്മയം ഈ കഥകളിൽ കാണാം. മനുഷ്യ മനസ്സുകളുടെ മനോവ്യാപരങ്ങളും പ്രവാസത്തിന്റെ യാന്ത്രികതയുമൊക്കെ മൗനത്തിന്റെ അകമ്പടിയോടെ കഥകളിലൂടെ കടന്നു പോകുന്നു. വിവിധ മാധ്യമങ്ങളിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച പതിനാലു ചെറുകഥകളുടെ സമാഹാരമാണു 'വഴി തേടുന്നവരുടെ മാനിഫെസ്‌റ്റോ'.
കൊടിയ ദാരിദ്ര്യം കൊണ്ട് വലഞ്ഞ കാദർ കുട്ടിയുടെ മകളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് 'പോസ്റ്റ്‌മോർട്ടം' എന്ന കഥയുടെ ഇതിവൃത്തം. നാട്ടിൻപുറങ്ങളിൽ അപവാദ പ്രചാരണങ്ങൾ മിന്നൽ വേഗത്തിൽ പരക്കുമ്പോൾ ഓടിക്കൂടുന്നവർ ചെറുതായൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമയിരുന്ന ദുരന്തമാണവളുടെ മരണമെന്ന് പറയാതെ പറയുന്നു ഈ കഥയിൽ.. അപവാദ പ്രചാരണങ്ങൾ സാത്വികരായ മനുഷ്യരെപ്പോലും വേട്ടയാടുന്ന സമകാലിക ലോകത്ത് തന്റെ നാട്ടിൽ നടന്ന സംഭവത്തെ സമർത്ഥമായി കഥയിലേക്ക് ആവാഹിച്ചിരിക്കുന്നു. എന്നോ മരിച്ച് മൺമറഞ്ഞ ഔലിയപ്പാപ്പയും വെളിച്ചപ്പാടുമൊക്കെ ജാതിക്കും മതത്തിനുമതീതമായി നാടിനെ ഐക്യപ്പെടുത്തുന്ന വിരോധാഭാസവും ഈ കഥയിൽ കാണാം. അല്ലെങ്കിലും ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചവർക്കാണാല്ലോ നാട്ടിൽ വില കൂടുതൽ!
ജനാധിപത്യ ലോകത്ത് നിയമം പതിവു വഴിയിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും നിസ്സഹയാരായ സദാനന്ദന്മാർ സൃഷ്ടിക്കപ്പെടുന്നു എന്ന തീക്ഷ്ണ യാഥാർത്ഥ്യം വരച്ചു കാട്ടുന്ന കഥയാണു 'നാൽക്കവലയിൽ അവളെ കാണുന്നില്ല' എന്ന കഥ. അതിവേഗം മാറുന്ന നാട്ടിൻ പുറക്കാഴ്ചകൾക്കൊപ്പം അതിനേക്കാൾ വേഗത്തിൽ മാറുന്ന മനുഷ്യരെയും ഈ കഥയിൽ കാണുന്നു. അലക്ഷ്യമായ യാത്രകളിൽ സദാനന്ദൻ താൻ സ്ഥിരമായി കാണാറുള്ള യുവതിയെ എങ്ങനെ പരിചയപ്പെടണമെന്ന ചിന്തകൾ കൊണ്ടുനടക്കുമ്പോൾ ...ഒരു ദിവസം അവളെ കാണാതാവുന്നു.. ഒരേ സമയം ഒരേ വഴിയിൽ സഞ്ചരിച്ചതിനാൽ അവളാരാണെന്നതിനപ്പുറം താനാരായെന്ന യാഥാർത്ഥ്യം ഞെട്ടലോടെ അയാൾ തിരിച്ചറിയുന്നു... സ്ത്രീ പീഡകൻ!.
മുനിഞ്ഞു കത്തുന്ന ബീഡിയുടെ ചുവന്ന വെളിച്ചവുമായി കൂമൻപാറക്ക് മുകളിലിരുന്ന് പാർട്ടി തീരുമാനങ്ങളെടുത്തിരുന്ന ധനപാലന്റെ അസ്വസ്ഥതകളിലൂടെയാണു 'വഴി തേടുന്നവരുടെ മാനിഫെസ്‌റ്റോ' എന്ന കഥ സഞ്ചരിക്കുന്നത്. പുതിയ ലോക സൃഷ്ടിക്കായുള്ള ആവേശപ്പാച്ചിലിൽ ലക്ഷ്യം മറന്ന പാർട്ടിയും വെളിച്ചം നഷ്ടപ്പെട്ട അണികളും മാറുന്ന ലോകത്തെ ഉൾക്കൊള്ളാനാവാതെ പുതുവഴി തേടുന്നു. 
'അതീതനന്ദന്റെ മതേതര വഴികൾ' മത വാദത്തിന്റെ ആസുര കാലത്ത് അതിജീവനത്തിനു പിടയുന്ന കപട മതേതര വദികളുടെ നിസ്സഹായാവസ്ഥ വിളിച്ചു പറയുന്നു. വേലായുധൻ മുസ്‌ലിയാരും ഹമീദാനന്ദനുമൊക്കെ ഈ കഥയിലെ രസകരമായ പാത്രസൃഷ്ടികളാണ്. ചാനൽ പക്ഷികൾ കൊത്തിച്ചികഞ്ഞ് മലീമസമാക്കിയ കേരളിയ ജീവിതത്തെ മുഴക്കമുള്ള മൗനം കൊണ്ട് വിചാരണ ചെയ്യുകയാണിവിടെ. 


ചോരക്കട്ടപ്പഴ മരങ്ങളും തേക്കുകളും ഇടതൂർന്ന് നിൽക്കുന്ന പള്ളിക്കാടും പള്ളിക്കാടിനെ ചുറ്റിയൊഴുകുന്ന പുഴയും പഴയിലെ ആഴം കൂടിയ മോരംകയവും ജിന്നുകളും നിറഞ്ഞ് ഭ്രമകൽപന സൃഷ്ടിക്കുന്ന 'ബീരാനുപ്പാപ്പ' എന്ന കഥയിലെ ബീരാനുപ്പാപ്പയും കുഞ്ഞയിഷാത്തയും വായനയിൽ ഇളം കാറ്റിന്റെ അനുഭൂതി നൽകുന്നു. കാലാവസ്ഥാ വ്യതിയാനത്തിനു കാരണം പരിസ്ഥിതി നശീകരണമാണെന്ന യാഥാർഥ്യം നാടിന്റെ ഉൽസവത്തിന്റെ പുരാവൃത്തത്തിലൂടെ പറയുന്ന കഥയാണു 'മണ്ടേപുരക്കൽ മുത്തപ്പൻ' ഉത്സവങ്ങളും ആഘോഷങ്ങളും വാണിജ്യവൽക്കരിക്കാനും മതത്തിന്റെ പേരിൽ പിടിച്ചടക്കാനുമുള്ള ഫാസിസത്തിനെതിരെയുള്ള സർഗാത്മക കലാപം കൂടിയാണു ഈ കഥ. മലവെള്ളപ്പാച്ചിച്ചിലിൽ മുത്തനെ രക്ഷിച്ചെടുത്ത അത്തൻ മാപ്പിളയുടെ ആത്മാർത്ഥതയും അദ്ദേഹം കാത്തുനിന്ന ആൽ മരവുമൊക്കെ ഉയർന്ന പാരിസ്ഥിതിക ബോധം വിശകലനം ചെയ്യുന്നു.
'സ്വപ്‌നങ്ങളുടെ തടവിൽ' എന്ന് കഥ ഊരും പേരുമില്ലാത്ത പച്ച മനുഷ്യന്റെ ദൈന്യത കോറിയിടുമ്പോൾ 'വരവേൽപ്' നാട്ടിലെത്തിയ പ്രവാസിയുടെ നിസ്സഹായത വരച്ചു കാട്ടുന്നു. പേരുപോലെ മനോഹരമാണു 'മഞ്ഞു പെയ്യുന്ന രാവിൽ' എന്ന കഥ. സന്തുഷ്ടമായ കുടുംബ ജീവിതത്തിൽ ചുരുളഴിയാത്ത രഹസ്യവും പേറി ജീവിക്കുന്ന സുനന്ദക്ക് ഭർത്താവ് തന്റെ കൂട്ടുകാരനും കവിയുമായ ദിനേശന്റെ പുസ്തകം സമ്മാനമായി നൽകുമ്പോൾ വായനക്കാരനിലും പ്രക്ഷുബ്ധതയുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കാതിരിക്കില്ല. 
അവസാന ഭാഗത്തുള്ള കൊച്ചു കഥകളും ശക്തമായ ഭാഷ കൊണ്ടും വിഷയ വൈവിധ്യം കൊണ്ടും വായനയെ രസകരമാക്കുന്നു. 'പേട്രന്റ്' എന്ന കഥ ഇരകളിൽ നിന്ന് തന്നെ ഒറ്റുകാരനെ ലഭിക്കുന്ന അധികാര ശക്തികളുടെ തേരോട്ടം ഈ കാലത്തെ പലതിനോടും ചേർത്തു വായിക്കാവുന്നതാണ്. 'പരോൾ', 'ഒരു പ്രശ്‌നം എളുപ്പത്തിൽ', 'അവകാശവാദം', 'ഒരു പോസ്റ്റ് മോഡേൺ സത്യം' തുടങ്ങിയ കഥകളൊക്കെ വായനക്കാരന്റെ ചിന്താ ജാലകങ്ങളെ പല കോണുകളിലേക്ക് തുറക്കാൻ പര്യാപ്തമായ കഥകളാണ്.
വായനക്കാരനിൽ ചിന്തകളുടെ ഇടിമുഴക്കം സൃഷ്ടിക്കാനുതകുന്ന 'മാനിഫെസ്‌റ്റോ' സമൂഹത്തിലേക്കുള്ള കൂർത്ത നോട്ടങ്ങൾ തന്നെയാണ്. അവ വായനക്കാരന്റെ ചിന്തകളിൽ മൗനങ്ങളുടെ മുഴക്കം സൃഷ്ടിച്ചുകൊണ്ടിരിക്കും.

 

വഴി തേടുന്നവരുടെ മാനിഫെസ്‌റ്റോ
പ്രസാധനം യെസ് പ്രസ് ബുക്‌സ്
വില 70 രൂപ

 

Latest News