മലപ്പുറം: സ്‌നേഹ മർമ്മരങ്ങളുടെ മറുപുറം


മലയാള മനോരമയുടെ മലപ്പുറം ബ്യൂറോയിലും യൂണിറ്റിലുമായി നീണ്ട മുപ്പത്തഞ്ചു വർഷം ജോലി ചെയ്തതിന്റേയും മലപ്പുറത്തെ മനുഷ്യർ ചൊരിഞ്ഞ വറ്റാത്ത വാൽസല്യത്തിന്റേയും ആർദ്രസ്മരണകളുടെ പുസ്തകമാണ് കയ്പഞ്ചേരി രാമചന്ദ്രൻ രചിച്ച ഓർമറി. മെമ്മറിയും ഓർമയും സമം ചേർന്നപ്പോഴുണ്ടായ മനോഹരമായ തലക്കെട്ടിൽ തൃശൂർ ഗ്രീൻ ബുക്‌സ് പുറത്തിറക്കിയ ആത്മകഥാപരമായ ഈ പുസ്തകത്തിൽ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക ചലനങ്ങളുടെ മലപ്പുറം മർമരങ്ങളുണ്ട്. ഒരു ഫിക്ഷൻ പോലെ വായിച്ചു പോകാവുന്ന 120 പേജുള്ള ഓർമറിയിൽ അറിയപ്പെടാത്ത മലപ്പുറത്തിന്റെ സ്‌നേഹം വിളയുന്ന നിരവധി മറുപുറങ്ങളുമുണ്ട്. മലപ്പുറം വിട്ട്്് ജന്മനാടായ പാലക്കാട്ടേക്ക് മടങ്ങുമ്പോഴും സ്വദേശമായ നെന്മാറയിൽ വിശ്രമജീവിതം നയിക്കുമ്പോഴും രാമചന്ദ്രനെ ഏറനാടൻ ഗ്രാമഹൃദയങ്ങൾ അദൃശ്യമായൊരു ഒബ്‌സഷൻ പോലെ പിന്തുടരുന്നു. 

മലപ്പുറത്ത് നിന്ന് പോരേണ്ടിയിരുന്നില്ല എന്നു വരെ തോന്നുംവിധം അത്രയും ഗാഢമായൊരു നാഭീനാളബന്ധം സ്ഥാപിക്കപ്പെട്ടിരുന്നു കലയുടെ കൈവഴികളൊഴുകിയ മലപ്പുറവും കയ്പഞ്ചേരി രാമചന്ദ്രൻ എന്ന സർഗസിദ്ധിയുള്ള പത്രക്കാരനും. കയ്പഞ്ചേരി എന്നത് കയ്പില്ലാത്ത, മധുരം മാത്രമുള്ള ഒരു പേരാണ്. എന്റെ മനസ്സിൽ ഈ പേര് കയറിയത് എഴുപതുകളുടെ അവസാനമാണ്. പാലക്കാട് ജില്ലയിൽ നാലു താലൂക്കുകൾ മാത്രമുണ്ടായിരുന്ന കാലം. 
ഒറ്റപ്പാലത്ത് ഞാനും ആലത്തൂരിൽ രാമചന്ദ്രനും മനോരമ റിപ്പോർട്ടർമാരായി. അക്കാലത്ത് തുടങ്ങിയ ചേതോഹരമായൊരു സൗഹൃദം പിന്നീട് മലപ്പുറം മനോരമ ബ്യൂറോയിലെത്തിയ രാമചന്ദ്രനുമായി ഇക്കാലമത്രയും തുടർന്നു പോരുന്നു.

മൂന്നര പതിറ്റാണ്ടിന്റെ സമ്പന്നമായ മലപ്പുറം സ്മരണകളുടെ മകരന്ദം തൂകി നിൽക്കുന്ന ഈ പുസ്തകം ഒരു നാടിന്റെ ഹൃദയമിടിപ്പുകൾ കൂടിയാണ്. നിഷ്‌കളങ്കരായ ഒരു പിടി മനുഷ്യരുടെ ദയാർദ്രമായ ചേർത്ത്് പിടിക്കലിന്റെ അനുഭവകഥനം. ലാന്റ് ഫോൺ അറ്റന്റ് ചെയ്യുമ്പോൾ ഘനസാന്ദ്രമായ ശബ്ദത്തിൽ മനോരമ എന്ന മുഴക്കമുള്ള മറുവചനവും മനോഹരമായ കൈപ്പടയും രാമചന്ദ്രനെ വേറിട്ടു നിർത്തുന്നു. വാർത്തയെഴുത്തിലെ ചടുലതയാണ് മറ്റൊരു സവിശേഷത. ടെലിപ്രിന്റർ ഓപ്പറേറ്ററിൽ നിന്ന് തുടങ്ങി ചരമവാർത്തകളിലൂടെ ഫീച്ചറെഴുത്തിലേക്കുള്ള വിസ്മയകരമായ വളർച്ചയും ഓർമറി പങ്ക് വെക്കുന്നുണ്ട്. രാമചന്ദ്രൻ കഥ തുടങ്ങുന്നതിങ്ങനെ:  
 - ഒരു മുർക്ക് വെള്ളം കുടിച്ചു പുവാ?...സ്‌നേഹവും വാത്സല്യവും കിനിയുന്ന ക്ഷണം. മലപ്പുറത്തിന്റെ നാവിൻതുമ്പിലുതിരുന്ന സൗഹൃദം. മൂന്നര പതിറ്റാണ്ടിന്റെ മലപ്പുറം ജീവിതം മതിയാക്കി പോന്നപ്പോഴും കാതിൽ മൂളുന്നത് നല്ല മനസ്സുകളുടെ ഈ മധുരമർമ്മരം- 'ഒരു സുലൈമാനി എടുക്കട്ടേ ?'...
ഒന്നര ഒന്നേമുക്കാൽ ലോറി സാധനങ്ങൾ...ചട്ടിയും കലവും അമ്മിയും ആട്ടുകല്ലും അടക്കം അടുക്കിക്കെട്ടിയ വീട്ടുപകരണങ്ങൾ ലോറിയിൽ വലിച്ചു മുറുക്കുമ്പോൾ വഴിപോക്കരിലാരോ പോർട്ടർ സയ്യിദിനോട് ചോദിക്കുന്നു കേട്ടു. 'ആരാ കാക്കാ മലപ്പുറം വിടുന്നേ ?'.

മനോരമേലെ രാമേന്ദ്രനാ, പാലക്കാട്ടുകാരനാ.
ചെറിയ പൊതിക്കെട്ടുകളുമായി 1982 ൽ മലപ്പുറത്ത് ബസിറങ്ങിയ എന്റെ പാലക്കാട്ടേക്കുള്ള തിരിച്ചുപോക്ക് എനിക്കു തന്നെ അത്ഭുതമായിരുന്നു. നഗരച്ചൊറുക്കൊന്നുമില്ലാതിരുന്ന മലപ്പുറവും ഞാൻ 35 വർഷം ജോലി ചെയ്ത മലയാള മനോരമയും കൊല്ലം തോറും വളർന്നപ്പോൾ ഞാനും വളർന്നു. വീടായി, കുടുംബമായി, കുട്ട്യോളായി. ജീവിതത്തിലുണ്ടായ എല്ലാ നേട്ടങ്ങളും സന്തോഷങ്ങളും മലപ്പുറത്തിന്റേതും മനോരമയുടേതുമാണ്. സ്‌നേഹം മാത്രം തന്ന മലയോളം പോന്ന ഒരു ചങ്ങാതിക്കൂട്ടവും
കാലത്തെ പിന്നോട്ട് നയിക്കാൻ എത്രയെത്ര ഓർമകൾ. മലപ്പുറത്തിന്റെ മധുരിക്കുന്ന ഓർമകൾക്ക് ഏഴല്ല ഏഴായിരം വർണങ്ങളാണ്. 

മലപ്പുറം നേർച്ചയും മലപ്പുറം പത്തിരിയും മലപ്പുറം പൊറോട്ടയും നോക്കിനിൽക്കേ നാലു കാൽ ഓലപ്പന്തലിൽ പെട്ടെന്നുയരുന്ന ചക്കരമുട്ടായിക്കടകളും എങ്ങനെ മറക്കും. മലപ്പുറത്തോട് കൂട്ടി പറയാൻ ഇമ്മിണിയുണ്ട്... മലപ്പുറം കത്തിയും മലപ്പുറം കാക്കയും മലപ്പുറം പടപ്പാട്ടും പത്രക്കാരനായിരുന്ന മലപ്പുറം പി മൂസയും കാൽപ്പന്തുകളിയിലെ പ്രശസ്തരായ മലപ്പുറം അസീസും മലപ്പുറം മൊയ്തീൻകുട്ടിയും..
ഊണിന് അന്ന് രണ്ടു രൂപ. പാലക്കാട്ടുനിന്നു മലപ്പുറത്തേക്കു ബസ് കൂലി ആറു രൂപ. ഇന്ന് ഈ കണക്കൊക്കെ എത്ര പെരുത്തു.  അന്നു കാളവണ്ടികളോടിയിരുന്നു. ചായമക്കാനികൾ നാട്ടുകവലകൾക്ക് അലങ്കാരമായിരുന്നു. വെളുപ്പിനും സന്ധ്യക്കും ഒത്തുകൂടുന്ന സൊറക്കമ്പനികൾ. വെള്ളപ്പൊക്കത്തിന് നടുവിൽ തലയുയർത്തി നിന്ന മലപ്പുറം പട്ടണം പലകുറി കണ്ടു മലപ്പുറത്തിന്റെ മുഴുവൻ ഗ്രാമക്കാഴ്ചയും കാണാൻ അങ്ങാടിപ്പുറത്തുനിന്നു നിലമ്പൂരിലേക്കും ഷൊർണൂരിലേക്കും തീവണ്ടിയിൽ തിരിച്ചും മറിച്ചും യാത്ര നടത്തി.

വരുമ്പോൾ പേടിയായിരുന്നു. തിരിച്ചുപോകുമ്പോൾ വിഷമവും.  മലപ്പുറത്തു നിന്നു മടങ്ങുമ്പോൾ ഉത്തരേന്ത്യക്കാരനായ ജില്ലാ കലക്ടർ പറഞ്ഞുവത്രെ. അതാണ് ശരി. എന്റെ ജീവിതയാത്രയിൽ മലപ്പുറം തന്നതൊക്കെ കെട്ടിപ്പൊതിഞ്ഞ് പാലക്കാട് നെന്മാറയിലെത്തിയിട്ട് അഞ്ചു വർഷമായി. അഞ്ചു നാളുപോലുമായില്ലെന്ന തോന്നലാണിന്നും. ഖൽബു പെടയ്ക്കണത് ഇപ്പോഴും മലപ്പുറത്ത്.

ന്നാ പിന്നെ ഇതൊക്കെ കുറിച്ചു നോക്കിയാലോ. മനസ് തർക്കിച്ചു, ഒന്നല്ല പലവട്ടം.  'ചെലോൽതു റെഡ്യാകും, ചെലോൽത് റെഡിയാകൂല.' കൊണ്ടോട്ടി കുഴിമണ്ണയിലെ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസിന്റെ ആ വർത്താനം  കാതിനു കാതിനു കേരളമാകെ ചർച്ച ചെയ്യപ്പെട്ടതായിരുന്നുവല്ലോ. ഫായിസിന്റെ പ്രയോഗം എനിക്കും ബോധിച്ചു.  എനിക്കു ധൈര്യം തന്നു. വലിയോർക്ക് വലിയ അനുഭവങ്ങൾ, ചെറിയോർക്ക് ചെറുതും. കോവിഡ് ചങ്കുലയ്ക്കുന്ന കാലഘട്ടത്തിലൂടെ ജീവിതം പോക്കുന്ന വർത്തമാനകാലത്ത് തോന്നിയ ചില കുസൃതികളെന്നു കരുതുന്നതും ഇഷ്ടം. നടന്ന വഴികളിലെ സ്‌നേഹത്തിന്റേയും കടപ്പാടുകളുടെയും കെട്ടഴിച്ചു പരത്തി.  എല്ലാ അനുഭവങ്ങളും എല്ലാവർക്കും രസിക്കണമെന്നില്ല. ഓരോരുത്തർക്ക് ഓരോ താൽപ്പര്യം. അനുഭവങ്ങളും സംഭവങ്ങളും ചിട്ടയൊപ്പിച്ചായില്ലെന്ന തോന്നലുണ്ട്. 

എന്നാലും കുറിച്ചതൊക്കെ കോർത്തുകെട്ടിയപ്പോൾ ദാ ഒരു പുസ്തകം. കരിങ്കണ്ണാ നോക്കണ്ടാന്നല്ലേ ചൊല്ല്. ഓർമപ്പേരിന്  ഒരുപാടു പരതി. മനോരമയിലെ കോട്ടയത്തെ ചങ്ങാതി ആർട്ടിസ്റ്റ് അജിൻ ജെ. കപ്പൂർ ഒറ്റപ്പേരു കാതിലോതി പ്രശ്‌നം തീർത്തു. ഓർമറി. ഓർമ പ്ലസ്് മെമറി -ഓർമയുടെ മുന്തിയ ഒന്ന് എന്നും പറയാം.

ഓരോ ദിവസപ്പകുതികളും ജീവിച്ചത് മനോരമയിലായിരുന്നു.  അതിനാൽ കുറിച്ചതിലേറെയും മനോരമക്കഥകളായി.  പൊട്ടും പൊടിയുമായി ചിലതൊക്കെ ഈ താളുകളിൽ പങ്കിടുന്നു. പകച്ചുനിന്നതോ ഞെട്ടിത്തരിച്ചതോ ആയ വലിയ അനുഭവങ്ങളൊന്നുമില്ല. എന്നെ ഞാനാക്കിയ മലയാള മനോരമയേയും സഹപ്രവർത്തകരെ പലരെയും ഞാൻ ഇവിടെ ചേർത്തു. എന്നിലെ എന്നെ തിരഞ്ഞു. നിത്യബന്ധമുണ്ടായിരുന്ന കുറെ മലപ്പുറത്തുകാരെയും. 
'എഴുതാപ്പുറം' എന്ന പേരിൽ ഓർമറിക്ക് അവതാരിക എഴുതിയത് പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമയുടെ മുൻ റസിഡന്റ് എഡിറ്ററുമായ കെ. അബൂബക്കറാണ് (അബു). ഗ്രാമവഴിയിലെ ഓർമത്തുടിപ്പുകൾ എന്ന പേരിൽ മനോരമയുടെ പാലക്കാട് യൂണിറ്റിൽ നിന്ന് പിരിഞ്ഞ സുഗുണൻ അഴീക്കോട് ഓർമറിയുടെ പുസ്തക പരിചയവും നടത്തിയിട്ടുണ്ട്. 

അബുസാറിന്റെ വാക്കുകൾ:  
വാർത്ത എന്നാൽ പുതിയത് എന്തുമാണ്. അക്കാരണത്താലാണല്ലോ ഇംഗ്ലീഷിൽ അതിനെ ന്യൂസ് എന്നു വിളിക്കുന്നത്. 
എന്നാൽ അത് എപ്പോഴെങ്കിലും എവിടെയെങ്കിലും സംഭവിക്കുന്നതല്ല. ന്യൂസ് എന്ന വാക്കിലെ അക്ഷരങ്ങൾ സൂചിപ്പിക്കുന്നതുപോലെ അത് നോർത്തിലുണ്ട്, ഈസ്റ്റിലുണ്ട്, വെസ്റ്റിലുണ്ട്, സൗത്തിലുണ്ട്. എല്ലായിടത്തും എപ്പോഴും ഉണ്ടെന്നർഥം.
ഒരു പത്രപ്രവർത്തകനെ സംബന്ധിച്ചിടത്തോളം അതു കണ്ടെത്തുമ്പോഴാണ് വാർത്ത പിറക്കുന്നത്. ദിവസത്തിൽ 24 മണിക്കൂറും അത് സംഭവിക്കുമ്പോഴും അത് അവനെ തിരഞ്ഞ് ഇങ്ങോട്ട് വരില്ല. അത് അവൻ മണത്തറിയണം. എ നോസ് ഫോർ എ ന്യൂസ്.

ഒരർഥത്തിൽ തെളിച്ചു പറയുന്നതല്ല, ഒളിച്ചുവെക്കുന്നതാണ് വാർത്ത. ഒരാൾക്ക് വാർത്തയാവുന്നത്, മറ്റൊരാൾക്ക് വാർത്ത ആയിക്കൊള്ളണമെന്നില്ലതാനും.
അക്ഷരാർഥത്തിൽ ഒരു പത്രപ്രവർത്തകൻ അല്ലാതിരുന്നിട്ടും ഏതു പത്രക്കാരനെയും വെല്ലുന്ന ഘ്രാണശക്തിയുമായി നാൽപ്പതിലേറെ വർഷങ്ങൾ അക്ഷരങ്ങളുടെ ലോകത്തു ജീവിച്ച ഒരാളുടെ അനുഭവങ്ങളാണ് അനുസ്മരണക്കുറിപ്പുകളായി കയ്പഞ്ചേരി രാമചന്ദ്രൻ അവതരിപ്പിക്കുന്നത്. 
കൊച്ചുകൊച്ച് അധ്യായങ്ങളായി രൂപപ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥത്തിൽ ചരിത്രമുണ്ട്, ഭൂമിശാസ്ത്രമുണ്ട്, കളിയും കാര്യവുമുണ്ട്. പത്രസ്ഥാപനത്തിനകത്തും പുറത്തുമായി ചെലവിട്ട രാപ്പകലുകളിൽ പരിചയപ്പെട്ട ഓരോരുത്തരേയും രാമചന്ദ്രൻ ഓർമിച്ചെടുക്കുന്നു. 
പത്രത്തിൽ ഒരു പരസ്യം കണ്ടപ്പോൾ നെന്മാറ- പാലക്കാട് റൂട്ടിൽ കൂടല്ലൂരിൽ ഒരു പാലം വരുന്നതായി സ്വപ്‌നം കണ്ടെഴുതിയിടത്തു നിന്നാണ് രാമചന്ദ്രൻ എന്ന പത്രപ്രവർത്തകൻ ജനിക്കുന്നത്. 

തുഞ്ചത്തെഴുത്തച്ഛനും പൂന്താനം നമ്പൂതിരിയും  മോയിൻകുട്ടി വൈദ്യരും അക്കിത്തവും ഉറൂബും എംടിയും എല്ലാം ആ തൂലികക്ക് വഴങ്ങുന്ന കഥകളാണ്. പ്രഭാതസവാരിക്കിടയിൽ കണ്ടു മുട്ടിയ മീശക്കാരെയും താടിക്കാരെയും ഒക്കെ അവതരിപ്പിച്ചുകൊണ്ട് പലരിൽ ചിലർ എന്ന പംക്തി കൈകാര്യം ചെയ്യാനും ഈ മനോരമക്കാരനു സാധിച്ചു.
തിരഞ്ഞുപോയി കണ്ട വാർത്തകൾക്കപ്പുറം, പിന്നാലെ വന്നുകൂടിയ വാർത്തകളും ഈ ഗ്രന്ഥത്തെ മനോഹരമാക്കുന്നു. മലപ്പുറത്തെ ആദ്യത്തെ വായനശാല കണ്ടെത്തുന്ന രാമചന്ദ്രൻ ആ ജില്ല, അങ്ങാടികളുടെ ജില്ലയാണെന്നു വെറുതെ പറഞ്ഞുപോവുകയല്ല. തിരൂരങ്ങാടിയേയും പരപ്പനങ്ങാടിയേയും കൂട്ടിലങ്ങാടിയേയും ചാപ്പനങ്ങാടിയേയും മുസല്യാരങ്ങാടിയേയും വലിയങ്ങാടിയേയും ചെറിയങ്ങാടിയേയും മേലങ്ങാടിയേയും വെട്ടത്ത് പുതിയങ്ങാടി എന്ന ബിപി അങ്ങാടിയേയും ഒക്കെ അണിനിരത്തുകയും ചെയ്യുന്നു. എം.എൽ.എപടിയും മുസല്യാർപടിയും ടീച്ചർപടിയുമൊക്കെ ഉണ്ടെന്നറിയിക്കുമ്പോൾ ചേരുംപടി ചേർക്കുകയും ചെയ്യുന്നു.കോഴിക്കോടൻ ഹലുവയും വടകര നുറുക്കും ആസ്വദിച്ചവരുടെ മനസ്സിലേക്ക് മലപ്പുറത്തിന്റെ തേൻകുഴലും പഴമള്ളൂരിന്റെ സമൂസയും രണ്ടത്താണിയുടെ നാഡീബലവും എടുത്തു വിളമ്പുന്നു അദ്ദേഹം.

നിളാനദിയും തുഞ്ചൻപറമ്പും പൂന്താനം ഇല്ലവും പാണക്കാടും കോട്ടയ്ക്കലും പൊന്നാനിയും കരിപ്പൂരും തേഞ്ഞിപ്പലവും ഒക്കെ നിറഞ്ഞു നിൽക്കുന്ന മലപ്പുറത്തോട് കിന്നാരം പറഞ്ഞു നടക്കുന്ന പാലക്കാട്ടുകാരനാണ് രാമചന്ദ്രൻ. മലമ്പുഴയും നെല്ലിയാമ്പതിയും കാവശേരിയും കൂടല്ലൂരും ഒക്കെ ചേർന്നു രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിൽ ജുഗൽബന്ദികൾ നടത്തുന്നത് അദ്ദേഹം കാണാതിരിക്കുന്നില്ല. സാധാരണഗതിയിൽ പത്രവാർത്തകൾക്ക് ഒരു ദിവസത്തെ ആയുസ് മാത്രമേ കൽപ്പിക്കപ്പെട്ടിട്ടുള്ളൂ. അവ തയ്യാറാക്കാനാകട്ടെ മണിക്കൂറുകൾ ഏറെ കിട്ടിയെന്നും വരില്ല. തെറ്റു തിരുത്താൻ പ്രൂഫ് വായനക്കായി മാത്രം ഒരു വിഭാഗം പത്രാധിപസമിതിയിൽ ഉണ്ടാകാറുണ്ടെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചും ചിലവ പത്രങ്ങളിൽ കയറിക്കൂടാറുണ്ട്. കാരണം ചോദ്യക്കടലാസ് പോലെയോ ഗസറ്റ് പോലെയോ വർഷങ്ങൾ എടുത്ത് തയ്യാറാക്കുന്നവയല്ലല്ലോ പത്രങ്ങൾ. ചരമവാർത്തകൾ കൊണ്ട് ജനപ്രീതി ഏറെ സമ്പാദിച്ച പത്രപ്രവർത്തനം മറക്കാനാവാത്ത അനുഭവമാണ് അദ്ദേഹത്തിന്. ഒപ്പം ചില മരണവാർത്തകൾ കൊണ്ട് കബളിപ്പിക്കപ്പെട്ട ഓർമകളും. മംഗലം ഡാമിന്റെ മറുകരയിൽ കൊച്ചിക്കാടരുടെ ആദിവാസി കോളനിയിലുണ്ടായ മഹാദുരന്തം മലമുകളിലെ പട്ടിണിമരണമായി ലോകത്തെ അറിയിച്ചപ്പോൾ രാമചന്ദ്രൻ മാലോകരെല്ലാം അറിയുന്ന ബൈലൈനിന്റെ ഉടമയായതും ചരിത്രം. രാമചന്ദ്രന്റെ രണ്ടാമത്തെ പുസ്തകമാണിത്. 

കയ്പഞ്ചേരി രാമചന്ദ്രൻ ഓർമറി അവസാനിപ്പിക്കുന്നത് കാൽപനികമായ ഒരു കാവ്യഭാവനയോടെയാണ്: മലപ്പുറം പെരുമകളുടെ മണം പേറി ഒരു വടക്കൻ കാറ്റ് വീണ്ടും മെല്ലെ വീശിയടുക്കുന്നു. കല്ലടിക്കോടൻ മല ചുറ്റി പാലക്കാടൻ പാണ്ടിക്കാറ്റുമായി സന്ധി ചെയ്ത് തെന്മല താണ്ടി നെന്മാറ താഴ്‌വരയിലെത്തുമ്പോൾ അതൊരു ഇളംതെന്നലായി മനസ്സിൽ ഏതോ മഞ്ഞുകണം വീഴ്ത്തുന്നു. ജീവിതനിയോഗം കുറെയെല്ലാം നിറവേറ്റിയതിന്റെ നിശ്വാസമുണ്ട്, ആ മഞ്ഞിൻ തണുപ്പിൽ.. 

Latest News