വ്യത്യസ്തനാം ബാലൻ

കാസർകോട് ജില്ലയിലെ ചന്തേര എടാട്ടുമ്മൽ സ്വദേശിയായ ബാലകൃഷ്ണൻ പാലായിയെ നാട്ടുകാർ വിളിക്കുന്ന ഓമനപ്പേരാണ് ഇളനീർ ബാലൻ എന്നത്. അതിന് കാരണമുണ്ട്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ബാലന്റെ പ്രധാന ഭക്ഷണം ഇളനീരാണ്. പച്ചക്കറിയും പഴങ്ങളും കൂട്ടിനുണ്ടെങ്കിലും ദിവസവും രണ്ടും മൂന്നും ഇളനീർ ബാലൻ അകത്താക്കും. പ്രായം അറുപത്തഞ്ചായെങ്കിലും ജീവിതശൈലീ രോഗങ്ങളായ കൊളസ്‌ട്രോളും ഷുഗറും പ്രഷറുമൊന്നും ആ ശരീരത്തെ തേടിയെത്തിയിട്ടില്ല. ദിവസവും നന്നായി കായിക പരിശീലനം നടത്തുന്നതുകൊണ്ടാകാം ഇത്തരം രോഗങ്ങളെ പടിക്കു പുറത്തുനിർത്താൻ കഴിയുന്നതെന്ന് ബാലൻ  പറയുന്നു.

 

ബാലൻ ചില്ലറക്കാരനല്ല. ഗ്യാസ്‌ട്രോ ഇസോഫാജിയൽ റിഫഌക്‌സ് ഡിസീസ് എന്ന ജെർഡ് രോഗത്തെ അതിജീവിച്ച് ഓട്ടത്തിൽ ഏഷ്യാഡ് വരെയെത്തിയ ജീവിതം. മാത്രമല്ല, ആയിരക്കണക്കിന് യുവതീയുവാക്കൾക്ക് ചിട്ടയായ പരിശീലനം നൽകിയ ഒരു കായികാധ്യാപകനും കൂടിയാണ് ഇദ്ദേഹം. ആത്മവിശ്വാസവും ചിട്ടയായ ജീവിതക്രമവും കരുത്താക്കിയ ഇദ്ദേഹം ഓടിയും നടന്നും നേടിയെടുത്തത് നിരവധി മെഡലുകളാണ്.
കാസർകോട് ജില്ലാതിർത്തിയായ കാലിക്കടവിലെത്തിയാൽ ബാലനെ കാണാം. റോഡരികിലെ മൈതാനത്ത് ഒരു കൂട്ടം യുവാക്കളുടെ നടുവിൽ ജേഴ്‌സിയുമണിഞ്ഞ് അവർക്ക് കളിപാഠങ്ങൾ പകർന്നുനൽകുന്ന ഗുരുവായി നിൽക്കുകയാണ് അദ്ദേഹം. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് നേടിയെടുത്ത മെഡലുകൾക്കു പിന്നിലെ തീക്ഷ്ണമായ അനുഭവങ്ങൾ അദ്ദേഹം പറയുന്നതു കേൾക്കാം.

 

കാൽപന്തുകളിയുടെ ലോകം

ഫുട്‌ബോളിന്റെ തട്ടകമെന്നു വിശേഷിപ്പിക്കാവുന്ന തൃക്കരിപ്പൂരിലെ എടാട്ടുമ്മലിലായിരുന്നു ജനിച്ചുവളർന്നത്. ഫുട്‌ബോളിനെ മാറ്റിനിർത്തിയുള്ള ജീവിതം അന്യമായിരുന്നതിനാൽ കുട്ടിക്കാലംതൊട്ടേ സെവൻസ് ഗ്രൗണ്ടിലായിരുന്നു പരിശീലനം നടത്തിയത്. ചെറിയ പ്രായത്തിൽതന്നെ കണ്ണൂരിലെയും കാസർകോട്ടെയും നിരവധി കഌബ്ബുകൾക്കുവേണ്ടി കളിച്ചു. കളിയോടൊപ്പം പഠനത്തിലും ശ്രദ്ധ ചെലുത്തിയ ബാലൻ റവന്യു വകുപ്പിൽ ടൈപ്പിസ്റ്റായാണ് സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്.
കണ്ണൂർ കലക്ടറേറ്റിൽ ജോലി നോക്കവേ മുപ്പത്തഞ്ചാം വയസ്സിലാണ് തന്റെ ജീവിതം മാറ്റിമറിച്ച രോഗം അദ്ദേഹത്തെ തേടിയെത്തിയത്. അന്നനാളത്തിൽ ജെർഡ് എന്ന ഗുരുതരമായ അസുഖം ബാധിക്കുകയായിരുന്നു. മത്സ്യവും ഇറച്ചിയും ചോറുമെല്ലാം കഴിച്ചിരുന്ന ബാലന്റെ ജീവിതം അതോടെ താളം തെറ്റി. എന്തു ഭക്ഷണം കഴിച്ചാലും ഛർദ്ദിക്കുക. എഴുന്നേറ്റിരിക്കാൻപോലും കഴിയാത്ത അവസ്ഥ. മരുന്നുകൾ പലതും മാറി മാറി ഉപയോഗിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിലാണ് പ്രകൃതിചികിത്സാ വിദഗ്ധനായ സി.ആർ. വർമ്മയെ കാണാൻ ചെന്നത്. രോഗവിവരം മനസ്സിലാക്കിയ അദ്ദേഹം ഭക്ഷണക്രമം തന്നെ മാറ്റി നിർദ്ദേശിച്ചു. കുമ്പളനീരും തുളസിയിലയും ഇളനീരും പഴവും പച്ചക്കറി സാലഡുമെല്ലാമാണ് ഭക്ഷണമായി നൽകിയത്. ആറുവർഷത്തെ ചികിത്സ ഫലം കണ്ടു. രോഗം ശമിച്ച് പുതിയൊരു മനുഷ്യനായി. അതോടെ ഇളനീരും പച്ചക്കറിയും മാത്രമായി ഭക്ഷണം. കഴിഞ്ഞ ഇരുപത്തഞ്ചുകൊല്ലമായി ഇളനീരാണ് പ്രധാന ഭക്ഷണം.

 

ദിനചര്യ

പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങുന്നതാണ് ബാലന്റെ ദിനചര്യ. തേനും നാരങ്ങാനീരും ചേർത്ത ഒരു ഗഌസ് വെള്ളം കുടിച്ച് ഗ്രൗണ്ടിലെത്തും. മണിക്കൂറുകളോളം നീളുന്ന പരിശീലനമാണ് അവിടെ നടക്കുന്നത്. പൊലീസിലും പട്ടാളത്തിലും വനംവകുപ്പിലുമെല്ലാം ജോലിക്കായി അപേക്ഷ നൽകിയ നിരവധി യുവാക്കൾ അവരുടെ പ്രിയപ്പെട്ട ബാലേട്ടനെ കാത്ത് ഗ്രൗണ്ടിലുണ്ടാകും. ജോലിക്കാവശ്യമായ കായിക പരിശീലനമാണ് അവിടെ നടക്കുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ വിവിധ വകുപ്പുകളിലായി ഇരുനൂറിലേറെ പേർക്ക് ജോലി നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ കായിക പരിശീലനത്തിലൂടെ സാധിച്ചിട്ടുണ്ട്. കുട്ടിക്കാലംതൊട്ടേ ഫുട് ബോളിനോടും അത്‌ലറ്റിക്‌സിനോടുമെല്ലാം ഏറെ താല്പര്യമുണ്ടായിരുന്ന ബാലൻ അക്കാലത്ത് രണ്ടു മണിക്കൂറോളം വ്യായാമം ചെയ്യുമായിരുന്നു.
കായിക പരിശീലനരംഗത്തേയ്ക്കുള്ള കടന്നുവരവ് തികച്ചും ആകസ്മികമായിരുന്നു. വീടിനടുത്തുള്ള രണ്ടു പെൺകുട്ടികൾ ഒരു ദിവസം വീട്ടിലെത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ച അവർക്ക് കായിക പരിശീലനം നൽകാനാവുമോ എന്നായിരുന്നു അന്വേഷണം. മുൻപരിചയമില്ലെങ്കിലും തനിക്കറിയാവുന്ന പരിശീലനം നൽകാമെന്നു വാക്കുകൊടുത്തു. ഭാഗ്യമെന്നു പറയാം പരിശീലനം നൽകിയ രണ്ടുപേർക്കും ജോലി ലഭിച്ചു.
സംഭവം നാട്ടിൽ പാട്ടായതോടെ  പരിശീലനത്തിനായി നിരവധി യുവതീയുവാക്കളാണ് ബാലനെ തേടിയെത്തിയത്. അക്കാലത്ത് വടക്കൻ ജില്ലകളിൽനിന്നും വിരലിലെണ്ണാവുന്നവർക്കു മാത്രമായിരുന്നു പൊലീസ് സേനകളിൽ ജോലി ലഭിച്ചിരുന്നത്. കായികക്ഷമതാ പരീക്ഷയിൽ പലരും പരാജയപ്പെട്ടിരുന്നു. നാട്ടിലെ യുവജനങ്ങൾക്കു കൂടി സേനകളിൽ അവസരം ലഭിക്കണമെന്ന ചിന്തയിലാണ് കൃത്യമായ പരിശീലനം നൽകാൻ തീരുമാനിക്കുന്നത്. ഇതിനകം ആയിരത്തി ഇരുനൂറോളം പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. അവരിൽ ഇരുനൂറിലേറെ പേർ പല സേനകളിലായി ജോലി നോക്കുന്നു. അതിലും കൂടുതൽ പേർ റാങ്ക് ലിസ്റ്റിലെത്തി നിയമനത്തിനായി  കാത്തിരിക്കുന്നു. സർക്കാർ ജോലിയിലൂടെ ഒട്ടേറെ കുടുംബങ്ങളെ രക്ഷിക്കുകയാണ് ലക്ഷ്യം. മാത്രമല്ല, ഇതെല്ലാം തികച്ചും സൗജന്യമായാണ് നൽകുന്നതെന്നതും അദ്ദേഹത്തിന് ഏറെ ചാരിതാർത്ഥ്യം നൽകുന്നു. ഇനിയും തന്റെ ദൗത്യം തുടർന്നുകൊണ്ടിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകുന്നു.

 

കായികതാരം

സർക്കാർ സർവ്വീസിൽനിന്നും ഫെയർ കോപ്പി സൂപ്രണ്ടായി വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും ബാലന്റെ കായികാഭ്യാസം സർവ്വീസ് കാലത്തും വിരമിച്ചതിനു ശേഷവും തുടരുന്നുണ്ട്. അത്‌ലറ്റിക്‌സിൽ നിരവധി നേട്ടങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മലേഷ്യയിൽ 2010 ൽ നടന്ന ഏഷ്യൻ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ 5000 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനത്തെത്തിയ ബാലൻ, ചണ്ഡീഗഡിൽ നടന്ന ദേശീയ സർവ്വീസ് മീറ്റിൽ 5000 മീറ്ററിൽ ആറാം സ്ഥാനവും 10000 മീറ്ററിൽ എട്ടാം സ്ഥാനത്തുമെത്തി. അമ്പത് വയസ്സിനുശേഷമാണ് കായികരംഗത്ത് ബാലൻ പല നേട്ടങ്ങളും സ്വന്തമാക്കിയത് എന്നതാണ് സവിശേഷത.
സർവ്വീസ് കായികമേളകളിലും വെറ്ററൻസ് കായികമേളകളിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലുമെല്ലാം സാന്നിധ്യമറിയിക്കാൻ ബാലന് കഴിഞ്ഞിട്ടുണ്ട്. സർവ്വീസ് മേളകളിൽ പലപ്പോഴും തന്നെക്കാൾ പ്രായം കുറഞ്ഞവരോടാണ് അദ്ദേഹം ഏറ്റുമുട്ടിയിരുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുമ്പോഴും ഭക്ഷണക്രമത്തിൽ തന്റെ പതിവ് തെറ്റിക്കാറില്ല. ഏഷ്യൻ മാസ്‌റ്റേഴ്‌സ് മത്സരത്തിനായി മലേഷ്യയിൽ എത്തിയപ്പോഴും തന്റെ പതിവു ഭക്ഷണരീതി തന്നെയാണ് അദ്ദേഹം പിന്തുടർന്നത്. മലേഷ്യയിൽനിന്നും ഇളനീർ സംഘടിപ്പിച്ച് കഴിക്കുകയായിരുന്നു. ഇളനീരിന്റെ കരുത്തിലാണ് അക്കാലത്ത് മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്.

 

കാർഷികവൃത്തി

കായികരംഗത്തു മാത്രമല്ല, കാർഷികവൃത്തിയിലും സജീവമായി നിലകൊള്ളുന്ന ക്ഷീര കർഷകനാണ് ബാലൻ. രാവിലെ കായിക പരിശീലനം കഴിഞ്ഞാൽ പശുക്കളെ മേയ്ക്കലും അവയ്ക്ക് പുല്ലു ശേഖരിക്കലുമെല്ലാമാണ് പ്രധാന ജോലി. കുട്ടിക്കാലംതൊട്ടേ വീട്ടിൽ പശുക്കളെ വളർത്തിയിരുന്നു. സ്‌കൂളിൽ പോകുന്നതിനുമുൻപ് പശുവിനെ കറന്ന് പാൽ സൊസൈറ്റിയിൽ നൽകി തിരിച്ചുവന്ന് അവയ്ക്ക് പുല്ലു ശേഖരിച്ച ശേഷമായിരുന്നു സ്‌കൂളിലെത്തിയിരുന്നത്. ആ പതിവ് ഇന്നും തെറ്റിയിട്ടില്ല. ഉച്ചയ്ക്ക് ഒരു മണിക്കൂർ വിശ്രമിക്കാനും സമയം കണ്ടെത്താറുണ്ട്.

 

രോഗങ്ങളോട് ഗുഡ്‌ബൈ

ചിട്ടയായ ജീവിതശൈലി പുലർത്തുന്നതിനാൽ രോഗങ്ങൾ പലപ്പോഴും അകന്നുനിൽക്കുകയാണ് പതിവ്. ഉറക്കത്തിലും ഭക്ഷണസമയത്തിലും ഉറക്കം ഉണരുന്നതിലുമെല്ലാം കൃത്യനിഷ്ഠത പുലർത്താറുണ്ട്. എന്നിട്ടും കോവിഡ് കാലത്ത് എലിപ്പനി വന്നത് അപ്രതീക്ഷിതമായിരുന്നു. വൈകിയാണ് രോഗം തിരിച്ചറിഞ്ഞത്. എലിപ്പനി കരളിനെയും വൃക്കയെയുമെല്ലാം ബാധിക്കുമെന്നതിനാൽ മരണത്തെ മുന്നിൽ കണ്ടായിരുന്നു ചികിത്സ തുടങ്ങിയത്. തന്റെ ജീവിതശൈലി ഏതു വെല്ലുവിളികളെയും നേരിടാൻ സജ്ജമാണെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. ഭൂമിയിൽ ഇനിയും ഏറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട് എന്നുള്ളതുകൊണ്ടാകാം മരണം തോറ്റ് പിൻമാറിയതെന്ന് അദ്ദേഹം തമാശയായി പറയുന്നു.
കാസർകോട്ടെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നുമാണ് ദൈനംദിനാവശ്യങ്ങൾക്കുള്ള ഇളനീർ ശേഖരിക്കുന്നത്. കൂടാതെ വീടിനടുത്തുള്ള പറമ്പുകളിൽനിന്നും ശേഖരിക്കാറുണ്ട്. വീട്ടിൽ മറ്റുള്ളവരെല്ലാം എല്ലാ ഭക്ഷണവും കഴിക്കുമെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തമായ ഭക്ഷണക്രമത്തിൽ വിശ്വാസമർപ്പിച്ച് മുന്നേറുകയാണ് അദ്ദേഹം.
നീലേശ്വരം പുതുക്കൈ യു.പി. സ്‌കൂളിലെ അധ്യാപികയായിരുന്ന ഗൗരിയാണ് ഭാര്യ. മൂത്ത മകൻ അനഘ് മുൻ സന്തോഷ് ട്രോഫി താരവും പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥനുമാണ്. രണ്ടാമത്തെ മകനായ ആഷിഷ് പെരുമ്പാവൂർ വെങ്ങോല നാഷണൽ കോളേജ് ഫോർ ടീച്ചർ എഡ്യുക്കേഷനിൽ അവസാന സെമസ്റ്റർ ബി.എഡ് വിദ്യാർഥിയാണ്. മാത്രമല്ല, ഫുഡ് വ്‌ളോഗർ കൂടിയാണ് ആഷിഷ്. കേരളത്തിലെ ഭക്ഷണശാലകളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ രംഗത്തെത്തിയതെങ്കിലും അച്ഛനെപ്പോലെ ലളിതജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർക്കുന്നു.


 

Latest News