Sorry, you need to enable JavaScript to visit this website.

ഡ്യൂറന്റ് കപ്പിൽ എഫ്.സി ഗോവക്ക് ജയം; ബ്ലാസ്‌റ്റേഴ്‌സിന് സമനില

പനാജി- ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ നിലവിലുള്ള ജേതാക്കളായ എഫ്.സി ഗോവക്ക് ജയം. കിഷോർ ഭാരതി മൈതാനത്ത് ഇന്ത്യൻ എയർഫോഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഗോവ ആധിപത്യം ഉറപ്പിച്ചത്. മുഹമ്മദ് നമീലാണ് ഗോവക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. 
ഗ്രൂപ്പ് എയിലെ മത്സരത്തിൽ മലയാളി യുവതാരം മുഹമ്മദ് നമിലിന്റെ ഗോളാണ് എഫ്.സി ഗോവയ്ക്ക് വിജയം നൽകിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മുഹമ്മദൻസിനോട് ഗോവ പരാജയപ്പെട്ടിരുന്നെങ്കിലും അന്നും നമിൽ ഗോൾ നേടിയിരുന്നു. മത്സരം ആരംഭിച്ച് എട്ടാം മിനിറ്റിൽ തന്നെ നമിൽ ഗോവക്ക് ലീഡ് നൽകി. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗോവയ്ക്ക് മൂന്ന് പോയിന്റ് ആണുള്ളത്. ഡുറാൻഡ് കപ്പ് ചരിത്രത്തിൽ ഇതോടകം മുഹമ്മദ് നമീൽ ആറു ഗോളുകൾ നേടി. ആദ്യ ഇലവനിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് എഫ്.സി ഗോവ മത്സരിക്കാനിറങ്ങിയത്. മുഹമ്മദൻസിനെതിരെ കളിച്ച മൂന്നു പേരെ ഇന്നലെത്തെ മത്സരത്തിൽ ഇറക്കിയില്ല. ഈ മാസം 26ന് ജംഷഡ്പൂർ എഫ്‌സിക്കെതിരെയാണ് ഗോവയുടെ അടുത്ത പോരാട്ടം. 
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തിൽ കേരളത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സുദേവ ദൽഹിയെ നേരിട്ട ബ്ലാസ്‌റ്റേഴ്‌സിന് മത്സരം 1-1 സമനിലയിലാണ് പിരിഞ്ഞത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ സുദേവ ആയിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്. എന്നാൽ ആദ്യം ഗോൾ നേടിയത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. 42-ാം മിനിറ്റിലായിരുന്നു ഗോൾ. ഗൗരവ് നൽകിയ ത്രൂ പാസ് സ്വീകരിച്ച് അജ്‌സാൽ മുഹമ്മദ് ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നൽകി.
ഈ ലീഡ് രണ്ട് മിനിറ്റ് മാത്രമെ നീണ്ടു നിന്നുള്ളൂ. ഹാഫ് ടൈമിന് തൊട്ടു മുമ്പ് കുക്കിയുടെ ഒരു ഇടം കാലൻ സ്‌ട്രൈക്ക് സുദേവക്ക് സമനില നൽകി. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. ഓഗസ്റ്റ് 23ന് ഒഡീഷ എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. റിസേർവ്‌സ് ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഡൂറണ്ട് കപ്പിൽ പങ്കെടുക്കുന്നത്.
 

Latest News