Sorry, you need to enable JavaScript to visit this website.

48 കളിക്കാര്‍, ഏഴ് ക്യാപ്റ്റന്മാര്‍ -ഇന്ത്യന്‍ ടീമില്‍ റിക്രൂട്ട്‌മെന്റ് ബമ്പര്‍

മുംബൈ - മൂന്നു രൂപത്തിലുള്ള ക്രിക്കറ്റും നിരന്തര പര്യടനങ്ങളും കളിക്കാര്‍ക്ക് കടുത്ത പരീക്ഷണമായി മാറുന്ന സാഹചര്യത്തില്‍ ഇന്റര്‍നാഷനല്‍ താരങ്ങളുടെ വലിയ കൂട്ടത്തെ സൃഷ്ടിച്ച് ഇന്ത്യ. 2021 ല്‍ ഇന്ത്യന്‍ പുരുഷ ടീമിനു വേണ്ടി 48 കളിക്കാര്‍ ജഴ്‌സിയിട്ടു. 2022 ല്‍ ഇതുവരെ 39 പേരും. 2021 മുതല്‍ നടന്ന 74 മത്സരങ്ങളില്‍ 54 കളിക്കാര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. 
നിരവധി ക്യാപ്റ്റന്മാരാണ് സമീപകാലത്തെ ടീമിനെ നയിച്ചത്. 2022 ല്‍ മാത്രം ഏഴു പേര്‍. 2017 ല്‍ ശ്രീലങ്കയെ ഏഴു പേര്‍ നയിച്ച റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ. കെ.എല്‍ രാഹുല്‍, വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍ എന്നിവരാണ് ഈ വര്‍ഷം ടീമിനെ നയിച്ചത്. 
ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കളിക്കാരെ കളിപ്പിച്ചതിന്റെ റെക്കോര്‍ഡ് വെസ്റ്റിന്‍ഡീസിനാണ് -2021 ല്‍ 55 പേരെ. ഇന്ത്യയുടെ അവസാന 74 മത്സരങ്ങളില്‍ പകുതിയിലേറെ കളികളില്‍ പങ്കെടുത്തവര്‍ മൂന്നു പേരേയുള്ളൂ -റിഷഭ് പന്തും രോഹിത് ശര്‍മയും വിരാട് കോലിയും. റിഷഭ് 17 ടെസ്റ്റും 11 ഏകദിനങ്ങളും 26 ട്വന്റി20യും കളിച്ചു. 54 മത്സരങ്ങള്‍. രോഹിത് നാല്‍പത്താറും കോലി നാല്‍പതും മത്സരങ്ങളില്‍ ഇറങ്ങി. അഞ്ചില്‍ താഴെ മത്സരങ്ങള്‍ കളിച്ച 15 പേരുണ്ട്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചത് റിഷഭും ചേതേശ്വര്‍ പൂജാരയുമാണ് (17 വീതം). കൂടുതല്‍ ഏകദിനങ്ങള്‍ ശിഖറും (16) ട്വന്റി20 ഭുവനേശ്വര്‍കുമാറുമാണ് (29) കളിച്ചത്. 

Latest News