Sorry, you need to enable JavaScript to visit this website.

മധുശങ്കർ രചനയിലാണ്...

മധുശങ്കർ
കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ നടത്തിയ പെയിന്റിംഗ് പ്രദർശനം. 

 

ഒരു പേനയും തന്നാണ് സഹപ്രവർത്തകർ അന്ന് എന്നെ യാത്രയയച്ചത്. ആ പേന ഞാനിതുവരെ താഴെ വെച്ചിട്ടില്ല. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുള്ളിക്കറുപ്പൻ എന്ന നോവൽ, അച്ചടിയിലുള്ള പാനിപൂരി എന്ന കഥാസമാഹാരം, എഴുതിക്കൊണ്ടിരിക്കുന്ന മരിപ്പാഴി എന്ന നോവൽ, എഴുതിയ നൂറിലേറെ കുറിപ്പുകൾ... ഇതിനെല്ലാമിടയിൽ വരച്ച നൂറ്റമ്പതോളം ചിത്രങ്ങൾ. ആ ചിത്രങ്ങൾ ചേർത്ത് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നാലുദിവസം നീണ്ട മത്സ്യന്യായ പ്രദർശനം. ആ പ്രദർശനത്തിലൂടെ ലഭിച്ച 50000 രൂപ കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവിന് കൈമാറാൻ കഴിഞ്ഞതിലുള്ള സംതൃപ്തി. 

 

കൊയിലാണ്ടിക്കാരൻ മധുശങ്കറിനെ നാല് ദശകങ്ങൾക്കപ്പുറം കലാലയ ജീവിത കാലം മുതൽ അറിയാം. കൊയിലാണ്ടിയും വടകരയുമെല്ലാം പഴയ കുറുമ്പ്രനാട് താലൂക്കിന്റെ ഭാഗമായിരുന്നല്ലോ. മീഞ്ചന്ത ആർട്‌സ് കോളജിലെ ബി.എ വിദ്യാർഥി മധുവിനെ മിക്ക ദിവസവും രാവിലെ മാനാഞ്ചിറയിൽ വെച്ചു കാണും. സി.എച്ച് മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്ന അക്കാലത്ത് ഞങ്ങൾ ഗുരുവായൂരപ്പൻസിന്റെ സൗകര്യാർഥം പരശുരാം എക്‌സ്പ്രസും കോയമ്പത്തൂർ ട്രെയിനുമെല്ലാം നളന്ദ ഹോട്ടലിനടുത്ത് നിർത്തുമായിരുന്നു. അങ്ങിനെയാണ് മധുവിനെയും മറ്റു കൂട്ടുകാരെയും നിത്യേന കാണാൻ കഴിഞ്ഞിരുന്നത്. കൊയിലാണ്ടിക്കടുത്ത പൊയിൽകാവിലെ ഹൈസ്‌കൂളിലാണ് മധു എസ്.എസ്.എൽ.സി വരെ പഠിച്ചത്. ആകർഷകമായ കൈയക്ഷരം ശ്രദ്ധിച്ചത് ക്ലാസ് ടീച്ചർ. സ്‌കൂളിന്റെ ബോർഡ് എഴുതാൻ മധുവിനെ ചുമതലപ്പെടുത്തിയത് അങ്ങിനെ. ഗവ. ആർട്‌സ് കോളജിലെ ബിരുദ ശേഷം മധു കാലിക്കറ്റ് സർവകലാശാലയിൽ എം.എ മലയാള സാഹിത്യത്തിന് ചേർന്നു. പഠനത്തിൽ മികവ് പുലർത്തി സര്‍വകലാശാല തലത്തില്‍ ഉന്നത വിജയം നേടിയ  മധു സുകമാർ അഴീക്കോട് എന്ന ഗുരുനാഥന്റെ മനസ്സ് കീഴടക്കിയതും കൈയക്ഷരത്തിന്റെ മികവിലൂടെ. ഏതാനും വർഷത്തെ കലാലയ അധ്യാപനത്തിന് ശേഷം 90 കളുടെ തുടക്കം മുതൽ  ഒരേ ദിനപത്രത്തിന്റെ പത്രാധിപ സമിതി അംഗങ്ങളെന്ന നിലയിൽ  പ്രവർത്തിക്കാനായി. പുതിയ നൂറ്റാണ്ട് തുടങ്ങിയപ്പോൾ ഞങ്ങൾ വീണ്ടും വഴി പിരിഞ്ഞു. മധു മനോരമയിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. ജോലിയിൽ നിന്ന് വിരമിച്ച മധു കൂടുതൽ ഊർജസ്വലനായി. ഫെയ്സ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ കവിതകൾ കുറിച്ചിടുന്ന ശീലം മധു ഇതേ കാലയളവിലും തുടർന്നു. പൊയിൽക്കാവിലെ സ്‌കൂൾ കാലം മുതലേയുള്ളതാണല്ലോ കവിതയും വരയും. ഫേസ്ബുക്ക് പ്രതികരണങ്ങളിലൂടെ വായനക്കാരുടെ അഭിരുചി മനസ്സിലാക്കാനായി. പദ്യത്തിലും കൂടുതലിഷ്ടം ഗദ്യമാണ്. -മധു പറഞ്ഞു. 
കോഴിക്കോട് മലയാള മനോരമയിൽനിന്ന് മധുശങ്കർ പിരിഞ്ഞിട്ട് അധിക കാലമായിട്ടില്ല. 
വിരമിക്കലെന്നത് കേവലം ആലങ്കാരിക വാക്കാണ്.   മനോരമയിൽ നിന്ന് വിരമിക്കുമ്പോൾ എനിക്കുതരാൻ എഡിറ്റോറിയൽ വിഭാഗത്തിനുവേണ്ടി ആർട്ടിസ്റ്റ് ബേബി ഗോപാൽ വരച്ചു തന്ന ചിത്രം പോലെ. 
ഒരു പേനയും തന്നാണ് സഹപ്രവർത്തകർ അന്ന് എന്നെ യാത്രയയച്ചത്. ആ പേന ഞാനിതുവരെ താഴെ വെച്ചിട്ടില്ല. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുള്ളിക്കറുപ്പൻ എന്ന നോവൽ, അച്ചടിയിലുള്ള പാനിപൂരി എന്ന കഥാസമാഹാരം, എഴുതിക്കൊണ്ടിരിക്കുന്ന മരിപ്പാഴി എന്ന നോവൽ, എഴുതിയ നൂറിലേറെ കുറിപ്പുകൾ... ഇതിനെല്ലാമിടയിൽ വരച്ച നൂറ്റമ്പതോളം ചിത്രങ്ങൾ. ആ ചിത്രങ്ങൾ ചേർത്ത് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നാലുദിവസം നീണ്ട മത്സ്യന്യായ പ്രദർശനം. ആ പ്രദർശനത്തിലൂടെ ലഭിച്ച 50000 രൂപ കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവിന് കൈമാറാൻ കഴിഞ്ഞതിലുള്ള സംതൃപ്തി. 
ചുമ്മാര എന്നപേരിൽ നേരിയ കറുപ്പ് വരകൊണ്ട് വരച്ചു തുടങ്ങുമ്പോൾ അവയ്ക്ക് ഇന്നുകാണുമ്പോഴുള്ള നിറമുണ്ടാകുമെന്നോ ആ നിറങ്ങൾ ചേർത്തുപിടിക്കാൻ നിങ്ങളെപ്പോലുള്ള സുമനസ്സുകളുണ്ടാകുമെന്നോ  കരുതിയിരുന്നില്ല. വരപ്പെൻ എന്ന പേരിൽ സുഹൃത്തും സഹപാഠിയുമായ ജോയ് മാത്യുവിനെ വരച്ച് പോർട്രേറ്റ് സീരീസിന് തുടക്കമിട്ടപ്പോഴും അതുതന്നെയായിരുന്നു മനസ്സിൽ. 
'നീ അഴീക്കോടിനെ വരച്ചുതുടങ്ങിയിരുന്നെങ്കിൽ നിന്റെ കട പൂട്ടിപ്പോയേനെ'. ആദ്യചിത്രം എഫ്ബീയിൽ ഷെയർ ചെയ്തപ്പോൾ  ജോയ് മാത്യു തമാശയായെഴുതി. പക്ഷേ ആ തമാശ കാര്യമായി. പോർട്രേറ്റുകൾ വരച്ചുകൊണ്ടേയിരിക്കുന്നു. ആഴ്ചയിൽ ഒന്നെന്ന എന്റെ പ്രഖ്യാപനം തെറ്റിക്കും വിധം. നിലപാട് കോളത്തിലും സ്മൃതിരേഖയിലുമായി  വരച്ചു. ആ ചിത്രങ്ങളുടെ കൂട്ടത്തിൽ എം. ടിയുടെ ചിത്രവുമുണ്ടായിരുന്നു. ഫ്രെയിം ചെയ്ത ആ ചിത്രം എംടി ക്ക് കൈമാറി. അതൊരു സന്തോഷമായി ഇന്നുമുണ്ട് മനസ്സിൽ. 
വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി, പി. വത്സല, പെരുമാൾ മുരുകൻ, പ്രതാപ് പോത്തൻ, അച്യുതൻ കൂടല്ലൂർ, കെ. പി. കുമാരൻ, ബാബു കുഴിമറ്റം, രാഷ്ട്രപതി മുർമു, നഞ്ചിയമ്മ, അട്ടപ്പാടി മധു, ജമാൽ കൊച്ചങ്ങാടി, ഇബ്രാഹിം വെങ്ങര, നീരജ് ചോപ്ര, ഭൂപീന്ദർ സിങ്, ചിന്ത രവി, പി. ടി. ഉഷ, ഡോ. കെ. ലളിത എന്നിവരെ വരയ്ക്കാനായി. കാച്ചിക്കുറുക്കിയ പിടിവാക്കും അർത്ഥം തുളുമ്പുന്ന ഒറ്റവരി ക്യാപ്ഷനും വരപ്പെൻ ആളുകളുടെ ശ്രദ്ധയിലെത്തിച്ചു. ദ ഡെബ്രിസ് (അവശിഷ്ടങ്ങള്‍) എന്ന പുതിയ സീരീസിന്റെ വരയും ഒപ്പം നടക്കുന്നു.  
കവിതയുടെ കൈപിടിച്ചാണ് എഴുത്തുവഴിയിലെത്തിയത്. കസവുകടൽ, അവസാനത്തെ സെൽഫി, ഒരു യുദ്ധത്തിന്റെ മുന്നൊരുക്കം പക്ഷികൾ വായിക്കുന്നത് എന്നിങ്ങനെ മൂന്ന് സമാഹാരങ്ങൾ നിലവിലുണ്ട്. പ്രസിദ്ധീകരിക്കാത്ത കവിതകളുടെ എണ്ണം ഇരുന്നൂറിലേറെയാണ്. 
 ഈ ഒരുവർഷം കൊണ്ട് എന്തുനേടി എന്നു ചോദിച്ചാൽ എനിക്ക് പറയാനിതേയുള്ളൂ... ചിത്രങ്ങൾ വിറ്റുകിട്ടിയ തുകയിൽ നിന്ന് 50,000 രൂപ കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവിന് കൈമാറാനായി. അതിൽപ്പരം സന്തോഷം മറ്റെന്തുണ്ട്!
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മധുശങ്കർ ഡിജിറ്റൽ പെയിന്റിംഗുകളുടെ പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ നടത്തിയത്. 'മത്സ്യന്യായ' എന്ന പേരിലായിരുന്നു പ്രദർശനം.
ഡിജിറ്റൽ കലയുടെ സവിശേഷത അതെപ്പോഴും നവീകരണ സാധ്യതകൾ നിലനിർത്തുന്നുവെന്നതാണ്.   ആവിഷ്‌കാരങ്ങൾ അതിന്റെ സൂചകങ്ങളിലൂടെ സമയമെടുത്തു വായിച്ചുപോകുമ്പോൾ ഒരു രാഷ്ട്രീയ നിലപാട് ആവേശിക്കുന്നതായി തോന്നാം. മധുവിന്റെ രചനകളിൽ അങ്ങനെയൊരു ആഭിമുഖ്യം പ്രകടമാണ്. മത്സ്യന്യായ സീരീസിൽ പതിനഞ്ചു ചിത്രങ്ങളാണുണ്ടായിരുന്നത്. വലിയ മത്സ്യത്തിന്റെ വായിൽ എവിടെയെന്ന് തിട്ടമില്ലാതെ സഞ്ചരിക്കുന്ന മീനുകൾ പുതിയ കാലത്തെ പൗരജീവിതം തന്നെയാണ്. മീൻ തൊട്ടു തുടങ്ങുന്ന ആഖ്യാനങ്ങൾ സമകാല രാഷ്ട്രീയ വിമർശവുമാണ്. അതിന്റെ വൈവിധ്യത്തിനു നിദാനമായത് മധുവിന്റെ പത്രപ്രവർത്തകനെന്ന നിലയിലുള്ള അനുഭവമാണ്. 
 ഡിജിറ്റൽ കലയിൽ ആവർത്തനം സ്വാഭാവികമാണ്. അതിനെ അതിജീവിക്കാൻ പ്രതിഭയുടെ മികവു വേണം. വരയുടെ സങ്കേതവും നിറച്ചേർച്ചയുടെ വൈവിധ്യവും പ്രമേയത്തികവും ഒത്തു ചേരുന്ന പെയിന്റിംഗുകളാണ് മധുവിന്റേത്.
കോഴിക്കോട് നഗരത്തിൽ കൊട്ടാരം റോഡിലും രാരിച്ചൻ റോഡിലുമൊക്കെ താമസിച്ചിട്ടുള്ള മധു അടുത്തിടെ എം.ടി വാസുദേവൻ നായരുടെ കൊട്ടാരം റോഡിലെ വസതിയിൽ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സന്ദർശിച്ചിരുന്നു. സഹധർമിണി തൃശൂർക്കാരി നിർമല ടീച്ചറും മധുവിനൊപ്പമുണ്ടായിരുന്നു. 
ഈ അനുഭവം മധു പറയുന്നു- ഇത് മൂന്നാം തവണയാണ് എംടിയുടെ വീട്ടിൽ പോകുന്നത്. കൊട്ടാരം റോഡിൽ അടുത്തടുത്ത് താമസിച്ചിട്ടും ദൂരെനിന്നുകണ്ടാണ് അടുപ്പം. എന്നും കാലത്ത് വീടിനുമുമ്പിലൂടെ മുണ്ടു മടക്കിക്കുത്തി നടന്നുപോകുന്ന എംടിയെ കാണുമ്പോൾ കൂടല്ലൂരിലെ നാട്ടുവഴികൾ ഓർമ്മ വരും. ആ വഴികളിലൂടെ പിച്ചവെച്ചു നമ്മുടെ മനസ്സിൽ കയറിപ്പറ്റിയ കഥാപാത്രങ്ങളെ ഓർമ്മ വരും. ആ ഓർമ്മയാണ് സാഹിത്യത്തിലേയ്ക്ക് എന്നെ കൈപിടിച്ചത്. 
വരപ്പെൻ വരച്ചുതുടങ്ങി ആറാമതായാണ് എംടിയെ വരയ്ക്കുന്നത്. കാലതാമസത്തിന് എംടി തന്നെ കാരണം. ആ മുഖഗൗരവം കണക്കിലെടുക്കണമായിരുന്നു. പരസ്പരം കാണുമ്പോൾ  രണ്ടുവാക്കിലോ ചെറുചിരിയിലോ
ചേർത്തുപിടിക്കുന്ന ആളെ വരയ്ക്കുമ്പോൾ ആ ഗൗരവം നിലനിർത്തേണ്ടതുണ്ടായിരുന്നു. ശ്രീമതിയോടൊത്താണ് ചിത്രം  സമ്മാനിക്കാൻ ചെന്നത്.  പതിവിലേറെ പ്രസന്നവദനനായിരുന്നു എംടി. ഏത് മീഡിയത്തിലാണ് വരയ്ക്കുന്നതെന്ന് ചോദിച്ചു. പുതിയ സിനിമയെപ്പറ്റിയും കൂടല്ലൂരിലെ വീടിനെക്കുറിച്ചും ആരോഗ്യത്തെപ്പറ്റിയും പറഞ്ഞു. 
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുള്ളിക്കറുപ്പൻ നോവൽ കൈമാറുമ്പോൾ മനസ്സിൽ ആശങ്കയായിരുന്നു.  നോവൽ മറിച്ചുനോക്കി പുതിയ രചനയെക്കുറിച്ചായി അടുത്ത ചോദ്യം.  മരിപ്പാഴി... ഞാൻ പേരു പറഞ്ഞു.  മനസ്സിൽ  വാരാണസി കത്തിനിന്നിരുന്നു. ഈ കുറിപ്പെഴുതുന്ന ശനിയാഴ്ച കോഴിക്കോട് ടൗൺഹാളിൽ സീനിയർ ജേണലിസ്റ്റ്‌സ് സമ്മേളന വേദിക്കടുത്തു നിന്ന് മനസ്സു തുറന്ന് സംസാരിച്ചപ്പോഴും മധു വാചാലനായത് വാരാണസി പശ്ചാത്തലമായുള്ള പുതിയ കൃതിയെ കുറിച്ചായിരുന്നു. 

 

 

 

Latest News