കാബൂൾ - അച്ചടക്കലംഘനം ആവർത്തിച്ച വിക്കറ്റ് കീപ്പർ മുഹമ്മദ് ശഹ്സാദിന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്നു ലക്ഷം അഫ്ഗാനി പിഴയിട്ടു. പെഷാവറിലെ പ്രാദേശിക ടൂർണമെന്റിൽ അനുമതിയില്ലാതെ പാക്കിസ്ഥാനിലെ ക്ലബ്ബിന് കളിച്ചതിനാണ് ഒടുവിലത്തെ ശിക്ഷ.
2019 ലെ ലോകകപ്പിന്റെ യോഗ്യതാ ടൂർണമെന്റിൽ അഫ്ഗാനിസ്ഥാൻ കിരീടം നേടിയ ശേഷമാണ് മുപ്പതുകാരൻ പാക്കിസ്ഥാനിലേക്ക് പോയത്. സിംബാബ്വെയിൽ നടന്ന ടൂർണമെന്റിനിടെ ശഹ്സാദിന് രണ്ട് കളിയിൽ വിലക്ക് ലഭിച്ചിരുന്നു. പുറത്തായപ്പോൾ പിച്ചിൽ ബാറ്റ് കൊണ്ട് ഇടിച്ചതിനായിരുന്നു ഇത്. അതിന് മൂന്നു മാസം മുമ്പ് വെടിക്കെട്ട് ബാറ്റ്സ്മാൻ ഉത്തേജക മരുന്നടിച്ചതിന് ഒരു വർഷത്തോളം വിലക്കനുഭവിച്ചിരുന്നു.
എങ്കിലും ശഹ്സാദിനെ ഇന്ത്യയിൽ നടക്കുന്ന ടീമിന്റെ ക്യാമ്പിൽ ഉൾപെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ ടീം പരമ്പര കളിക്കുന്നുണ്ട്. ജൂണിൽ ഇന്ത്യക്കെതിരെ കളിച്ച് അവർ ടെസ്റ്റിൽ അരങ്ങേറുകയും ചെയ്യും. ഇനി അച്ചടക്ക ലംഘനം കാട്ടിയാൽ ശഹ്സാദിനെ വിലക്കുമെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് താക്കീത് നൽകി.