Sorry, you need to enable JavaScript to visit this website.

പരിശീലന കാലയളവിനുള്ളിൽ ഫൈനൽ എക്‌സിറ്റ് അടിച്ചാൽ റദ്ദാക്കാനാവുമോ?

ചോദ്യം: പുതിയ വിസയിലെത്തി പരിശീലന കാലയളവിനുള്ളിൽ സ്‌പോൺസർ വിസ റദ്ദാക്കി ഫൈനൽ എക്‌സിറ്റ് അടിച്ചു. ഇപ്പോൾ സ്‌പോൺസർ ഫൈനൽ എക്‌സിറ്റ് റദ്ദാക്കി വിസ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു. അതു സാധ്യമാണോ? സാധ്യമാകുമെങ്കിൽ ഫൈൻ അടയ്‌ക്കേണ്ടതുണ്ടോ?

ഉത്തരം: ജവാസാത്ത് നിയമ പ്രകാരം പുതിയ വിസയിലെത്തിയ വിദേശ തൊഴിലാളിയുടെ പരിശീലന കാലയളവിൽ ഫൈനൽ എക്‌സിറ്റ് അടിച്ചാൽ അതു റദ്ദാക്കാൻ കഴിയില്ല. കാരണം പരിശീലന കാലയളവായ മൂന്നു മാസത്തിനുള്ളിൽ ഇഖാമ ഇഷ്യൂ ചെയ്തിട്ടുണ്ടാവില്ല. ഫൈനൽ എക്‌സിറ്റ് റദ്ദാക്കാൻ പറ്റുന്നത് ഇഖാമ ഉള്ളവർക്കു മാത്രമാണ്. ഈ കേസിൽ ഇഖാമ ഇല്ലാത്ത സാഹചര്യത്തിൽ ഫൈനൽ എക്‌സിറ്റ് അടിച്ചിട്ടുണ്ടെങ്കിൽ നിശ്ചിത സമയത്തിനകം രാജ്യം വിടുക മാത്രമേ പോംവഴിയുള്ളൂ. ഫൈനൽ എക്‌സിറ്റ് അടിച്ചാൽ ഇഖാമയുള്ള ആളാണെങ്കിൽ 60 ദിവസം കൂടി രാജ്യത്തു തങ്ങാം. അതിനുള്ളിലായി പോയാൽ മതി. ഈ സമയത്തിനുള്ളിൽ വേണമെങ്കിൽ ഫൈനൽ എക്‌സിറ്റ് റദ്ദാക്കാം. അതിനു പിഴ നൽകേണ്ടതില്ല. അതേ സമയം 60 ദിവസം കഴിഞ്ഞാണ് ഫൈനൽ എക്‌സിറ്റ് റദ്ദാക്കുന്നതെങ്കിൽ 1000 റിയാൽ പിഴ നൽകേണ്ടി വരും. 

ഫൈനൽ എക്‌സിറ്റ് കാലാവധി കഴിഞ്ഞും തുടരാനാവുേമാ?

ചോദ്യം: എന്റെ ഫൈനൽ എക്‌സിറ്റ് വിസ  ജൂലൈ 20 ന് അവസാനിക്കും. എനിക്ക് ഓഗസ്റ്റ് 15 വരെ സൗദിയിൽ തങ്ങേണ്ടതുണ്ട്. അതിന് ഫൈനൽ എക്‌സിറ്റ് വിസ നീട്ടാൻ കഴിയുമോ. അതോ പുതിയ വിസ വേണ്ടിവരുമോ?

ഉത്തരം: ഫൈനൽ എക്‌സിറ്റ് അടിച്ചു കഴിഞ്ഞാൽ നിശ്ചിത സമയപരിധി കഴിഞ്ഞ് രാജ്യത്ത് തങ്ങാൻ കഴിയില്ല. ഫൈനൽ എക്‌സിറ്റ്  അടിച്ച് 60 ദിവസം കൂടി രാജ്യത്തു തങ്ങാം. അതിനുള്ളിൽ രാജ്യം വിട്ടാൽ മതി. അതിനു ശേഷമാണ് രാജ്യം വിടുന്നതെങ്കിൽ ആയിരം റിയാൽ പിഴ നൽകേണ്ടി വരും. ഇഖാമ കാലാവധിയുള്ളതാണെങ്കിൽ ഫൈനൽ എക്‌സിറ്റ് റദ്ദാക്കി തുടരുകയും ചെയ്യാം. കാലാവധി ഇല്ലാത്തതാണെങ്കിൽ ഇഖാമ പുതുക്കി വേണം ഫൈനൽ എക്‌സിറ്റ് റദ്ദാക്കി തുടരാൻ. 

ട്രാഫിക് ഫൈൻ അടയ്ക്കാതെ എക്‌സിറ്റ്-റീ എൻട്രി ലഭിക്കുമോ?

ചോദ്യം: ട്രാഫിക് നിയമ ലംഘനത്തിന് എനിക്ക് 3000 റിയാൽ ഫൈൻ ഉണ്ട്. ഞാൻ എക്‌സിറ്റ് റീ എൻട്രിയിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നു. റീ എൻട്രി അടിക്കുന്നതിന് ട്രാഫിക് ഫൈൻ അടയ്ക്കണണമെന്നാണ് സ്‌പോൺസർ ആവശ്യപ്പെടുന്നത്. ഫൈൻ അടയ്ക്കാതെ എക്‌സിറ്റ് റീ എൻട്രി ലഭിക്കില്ലേ. അതോ ഫൈൻ അതിനു മുൻപ് അടയ്‌ക്കേണ്ടതുണ്ടോ? 

ഉത്തരം:  എക്‌സിറ്റ് റീ എൻട്രി ലഭിക്കണമെങ്കിൽ ഏതു തരത്തിലുള്ള ഫൈൻ ഉണ്ടെങ്കിലും അത് അടച്ചിരിക്കണം. അല്ലാതെ എക്‌സിറ്റ് റീ എൻട്രി ലഭിക്കില്ല. അതുകൊണ്ട് നിങ്ങളുടെ പേരിലുള്ള ഫൈൻ അടച്ചേ മതിയാകൂ. അതിനു ശേഷമേ റീ എൻട്രി ലഭിക്കൂ. 

Latest News