കോടതി വടിയെടുത്തു, തേജസ്വിന്‍ ടീമില്‍

ന്യൂദല്‍ഹി - ഒരു യോഗ്യതാ മാര്‍ക്ക് നിശ്ചയിച്ചാല്‍ അത് മറികടക്കുന്നവരെയെല്ലാം ടീമിലെടുക്കണമെന്നും തോന്നിയതു പോലെ കളിക്കാരെ ഒഴിവാക്കാനാവില്ലെന്നും ദല്‍ഹി ഹൈക്കോടതി പ്രഖ്യാപിച്ചതോടെ ഹൈജമ്പര്‍ തേജസ്വിന്‍ ശങ്കറിനെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തില്‍ ഉള്‍പെടുത്തി. മുപ്പത്താറംഗ സംഘത്തില്‍ 400 മീറ്റര്‍ ഓട്ടക്കാരന്‍ ആരോക്യ രാജീവിനെയാണ് തഴഞ്ഞത്. മലയാളി താരം അമോജ് ജേക്കബിന്റെ റിസര്‍വായാണ് ആരോക്യയെ ആദ്യം പരിഗണിച്ചിരുന്നത്. അമോജിന് കായികക്ഷമത തെളിയിക്കാനാവാതിരുന്നതോടെ ആരോക്യക്ക് ഭാഗ്യം തെളിഞ്ഞുവെന്നാണ് കരുതിയത്. എന്നാല്‍ കോടതി വിധി യഥാര്‍ഥത്തില്‍ ഇടിത്തീയായത് ആരോക്യക്കാണ്. തിരുവനന്തപുരത്ത് നടത്തിയ ട്രയല്‍സില്‍ ആരോക്യക്ക് യോഗ്യതാ മാര്‍ക്ക് മറികടക്കാനും സാധിച്ചിരുന്നില്ല. 
തേജസ്വിന്‍ ഇന്റര്‍സ്‌റ്റേറ്റ് മീറ്റില്‍ പങ്കെടുക്കാതെ അമേരിക്കയിലെ മീറ്റില്‍ മത്സരിച്ചതാണ് ഫെഡറേഷനെ ചൊടിപ്പിച്ചത്. ഹൈജമ്പില്‍ ദേശീയ റെക്കോര്‍ഡിനുടമയാണ് തേജസ്വിന്‍. വിധിയില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ യോഗ്യതാ മറ്റുള്ളവരെയും ഉള്‍പെടുത്തേണ്ടതായിരുന്നുവെന്നും തേജസ്വിന്‍ അഭിപ്രായപ്പെട്ടു. 

Latest News