Sorry, you need to enable JavaScript to visit this website.

സംഗീതം, സമാശ്വാസം - അൻസാർ ഇസ്മായിലിന്റെ ആലാപനജീവിതം

അൻസാർ, സഹോദരങ്ങൾക്കൊപ്പം
അൻസാറും, സഹോദരൻ അഫ്‌സലും ഭാര്യമാർക്കൊപ്പം
കുടുംബത്തോടൊപ്പം
ഉംറ നിർവഹിച്ച ശേഷം
അൻസാർ

ഗൃഹാതുരസ്മൃതിയുണർത്തുന്ന ഈണങ്ങളിലൂടെ പാട്ടിന്റെ പാലാഴി തീർത്ത് മ്യൂസിക് തെറാപ്പി അഥവാ സംഗീത ചികിൽസ നടത്തി നൂറുക്കണക്കിന് കിടപ്പുരോഗികളിൽ വേദനസംഹാരിയുടെ അനുപല്ലവി മീട്ടുന്ന 'സംഗീതം ആശ്വാസം' പരിപാടിയിലൂടെ പ്രസിദ്ധ സംഗീതജ്ഞൻ അൻസാർ ഇസ്മായിൽ, നന്മയുടെ പാട്ടുകാരൻ കൂടിയായി മാറുന്നു. പാടിയ പാട്ടുകളിലത്രയും പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തി പകരുന്നതും ഒരു ഗായകനെന്ന നിലയിൽ ചാരിതാർഥ്യം അനുഭവിക്കുന്നതും ആതുരശമനത്തിനായുള്ള രാഗവിസ്താരം നടത്തുമ്പോഴാണെന്നും സംഗീതം പൈതൃകമായി ലഭിച്ച, ഇളയനിലായിലൂടെ പ്രശസ്തിയിലേക്കുയർന്ന അൻസാർ പറയുന്നു. ചില പ്രോഗ്രാമുകളിലായി ബന്ധപ്പെട്ട് സൗദിയിൽ പര്യടനം നടത്തി വരുന്ന അൻസാർ ഇസ്മായിൽ, തന്റെ കലാജീവിതത്തിലെ ചില ഏടുകൾ തുറക്കുന്നു.

1998. രാഷ്ട്രപതി കെ.ആർ. നാരായണൻ കോട്ടയം മാമ്മൻമാപ്പിള ഹാളിലെ ആൾക്കൂട്ടത്തിനു മുമ്പിൽ തൊഴുകൈയോടെ നിൽക്കെ, വേദിയിലെത്തിയ അൻസാർ മൈക്കിനു മുമ്പിൽ നിന്ന് പാടി: 
സിരകളിൽ രക്തഗമനം നിൽക്കുന്നു
സ്വരമിടറുന്നെൻ കവിമാതേ
എവിടെ നീ ഗൂഢം നിവസിച്ചിടുന്നീ
എളിയോനിൽ കനിവിയലാതെ...
മനോഹരമായ ആലാപനം. ഈ വരികൾ കേൾക്കെ, രാഷ്ട്രപതിയുടെ കണ്ണുകൾ ഈറനായി. കോട്ടയം ഉഴവൂർ സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ താനെഴുതിയ കവിതയാണല്ലോ ഇതെന്ന വിസ്മയമായിരുന്നു കെ.ആർ. നാരായണന്റെ കണ്ണുകൾ നനയാൻ കാരണമായത്. ഓർമകളിലേക്ക് തിരിച്ചുനടത്തിക്കാൻ പോന്ന ഈ ഗാനാലാപനത്തിൽ അതീവ സന്തുഷ്ടനായ രാഷ്ട്രപതി, പാട്ട് കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങാൻ നിന്ന അൻസാറിനെ അടുത്ത് വിളിച്ച് സ്‌നേഹത്തോടെ ചുമലിൽ തട്ടുകയും ആയിരത്തൊന്ന് രൂപ പാരിതോഷികമായി നൽകുകയും ചെയ്തു.
അൻസാർ എന്ന ഗായകന്റെ ജീവിതത്തിലെ അമൂല്യമായ അംഗീകാരവും പുരസ്‌കാരവും. പഴയ ഫയലിൽനിന്ന് ലഭിച്ച കെ.ആർ. നാരായണന്റെ ഈ കവിത, കാവാലം ശ്രീകുമാറിനെക്കൊണ്ട് ഈണം നൽകി ദൂരദർശൻ അവതരിപ്പിച്ച ഹംസധ്വനി എന്ന പേരിലുള്ള സംഗീത മൽസരത്തിൽ അൻസാറിന് സ്വർണമെഡൽ നേടിക്കൊടുത്തിരുന്നു. ആ പാട്ട് രാഷ്ട്രപതിയ്ക്കു മുമ്പിൽ ആലപിക്കാൻ സംഘാടകർ അൻസാറിനോടാവശ്യപ്പെടുകയായിരുന്നു. ഹംസധ്വനി എന്ന
കേരളത്തിലെ ആദ്യറിയാലിറ്റി ഷോയിലെ പെർഫോമൻസിന് അ്ൻസാറിന് സ്വർണമെഡൽ ലഭിച്ചിട്ടുണ്ട്.  
ജീവൻ ടി.വിയിലെ പ്രസിദ്ധമായ 'ഇളയനിലാ' യിലൂടേയും ഏഷ്യാനെറ്റ് പ്ലസിലെ മ്യൂസിക് ഡ്രീംസിലൂടേയും സഹൃദയത്വത്തിന്റെ കേരളീയ സംവേദനതലങ്ങളോട് സംഗീതാത്മകമായി പ്രതികരിച്ചിട്ടുള്ള അൻസാർ വരുന്നത് എല്ലാ അർഥത്തിലും മട്ടാഞ്ചേരിയുടേയും ഫോർട്ട് കൊച്ചിയുടേയും സംഗീതപൈതൃകം സിരകളിൽ പകുത്തെടുത്ത പാട്ടുകുടുംബത്തിൽ നിന്നുതന്നെ. പാട്ട്ജീവിതം കഴിഞ്ഞേ, അൻസാറിനും അനിയൻ അഫ്‌സലിനും ജ്യേഷ്ഠൻ ഷക്കീറിനുമെല്ലാം മറ്റെന്തെങ്കിലും സ്വപ്‌നം പോലുമുള്ളൂ. ഉമ്മ സുഹറയും നല്ല പ്രോത്സാഹനം നൽകി. രാഗപരാഗങ്ങളുടെ ഇരവുപകലുകളിലാണ് ഈ സംഗീതകുടുംബത്തിന്റെ നിശ്വാസമത്രയും. ഓരോ നിമിഷത്തേയും ഇവർ താളനിബദ്ധമാക്കുന്നു, ലയലാസ്യമാക്കുന്നു. അപ്പോൾ സംഗീതം തന്നെ ജീവിതമായി മാറുന്നു.
പാട്ട് ലഹരിയായി കൊണ്ടു നടക്കുമ്പോഴും ചില ആകസ്മിതകളിലൂടെയാണ് അൻസാറിനു മുന്നിൽ, മറ്റ് പല കലാകാരന്മാരുടേയും മുന്നിലെന്ന പോലെ, ഭാഗ്യനിമിഷങ്ങളുടെ വാതായനം തുറക്കപ്പെട്ടത്. പ്രൊഫഷനൽ ഗായകനെന്ന സോപാനത്തിലേക്ക് പതിയെ കയറാൻ ലഭിച്ച അവസരം. ബഹ്‌റൈനിലുള്ള മൂത്ത സഹോദരന്മാർ അങ്ങോട്ടു പോകാൻ വിസ അയക്കാമെന്ന് പറഞ്ഞിരുന്നു. അത് കാത്തിരിക്കുംകാലം. പാട്ട് പാടി നടന്നാൽ പോരെന്നും അതിജീവനം ഒരു പ്രശ്‌നമാണല്ലോ എന്ന സന്ദേഹത്തിനിടെ, പ്രവാസം തെരഞ്ഞെടുക്കണമെന്ന് നിശ്ചയിക്കുകയായിരുന്നു. അതിനിടെയാണ് യേശുദാസിന്റെ ട്രൂപ്പിലെ പക്കമേളക്കാരനായ ജ്യേഷ്ഠൻ ഷക്കീർ, ഗായകൻ ഉണ്ണിമേനോന്റെ റെക്കാർഡിംഗ് സ്റ്റുഡിയോ കാണാൻ ക്ഷണിക്കുന്നത്. നിസരി കാസറ്റ് പുറത്തിറക്കുന്ന ഒരു മാപ്പിളപ്പാട്ടിന്റെ റെക്കാർഡിംഗാണ് അവിടെ നടക്കുന്നത്. പാടേണ്ടത് കെ.ജി മാർക്കോസാണ്. സമയമായിട്ടും മാർക്കോസിനെ കാണുന്നില്ല. കാത്തിരുന്ന് മടുത്ത നിർമാതാക്കൾ ഈ പാട്ട് അൻസാറിനെക്കൊണ്ട് പാടിച്ചു. അൻസാർ ഒന്നാന്തരമായി പാടി. നിർമാതാക്കൾ അതീവ സന്തുഷ്ടർ. അടുത്ത കാസറ്റിലും അവർ അൻസാറിന് അവസരം നൽകി. അങ്ങനെ മാർക്കോസിന്റെ പകരക്കാരനായി പാടിയ അൻസാർ കുറഞ്ഞ കാലയളവിൽ മുന്നൂറിലധികം കാസറ്റുകളിൽ പാടി. പത്ത് സിനിമകളിലും പിന്നണി പാടി. 
പ്രവാസമോഹത്തിനു താൽക്കാലിക വിരാമം. പാട്ട് തന്നെ തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഉടമയായിരുന്ന തഖിയുദ്ദീൻ വാഹിദിന്റെ ക്ഷണമനുസരിച്ചെത്തിയ ഗുലാം അലി, മെഹ്ദി ഹസൻ , പങ്കജ് ഉദാസ് എന്നീ ഗസൽ മാന്ത്രികരുടെ മഹാസദസ്സിൽ കേരളത്തിന്റെ ഗസൽ ഗന്ധർവൻ ഉമ്പായിയോടൊപ്പം സംഗീതാലാപനം നടത്താനും അൻസാറിന് അപൂർവഭാഗ്യം ലഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിൽ അതീവ തൽപരനായ ബാപ്പ എസ്.എം. ഇസ്മായിൽ തന്നെയാണ് അൻസാറിന്റേയും അഫ്‌സലിന്റേയും ആദ്യഗുരുനാഥൻ. കൊച്ചിൻ ജനതാക്ലബിൽ നടേശൻ പള്ളുരുത്തിയുടെ കീഴിൽ എട്ടുവർഷം കർണാടകസംഗീതവും അഭ്യസിച്ചു. കൊച്ചിയിലെ പ്രശസ്തമായ സി.എ.സിയിൽ പാടിക്കൊണ്ടിരിക്കെയാണ് ഇരുന്നൂറ്റമ്പതോളം ഗായകർ മാറ്റുരച്ച, ദൂരദർശന്റെ ഹംസധ്വനി എന്ന സംഗീതമൽസരത്തിൽ അൻസാർ ഒന്നാമനായത്. മലയാളത്തിലെ ആദ്യ റിയാലിറ്റി ഷോയിലെ ആദ്യ ഒന്നാംസമ്മാനക്കാരൻ.
കൊച്ചിയിലെ വിവിധ സംഗീത ട്രൂപ്പുകളിലെ ഗായകരും അൻസാറിന്റേയും അഫ്‌സലിന്റേയും സുഹൃത്തുക്കളുമായ സമദ്, മനോജ് കൃഷ്ണൻ (മനോജ് ഇന്ന് നമ്മോടൊപ്പമില്ല), പ്രദീപ് ബാബു, കിഷോർ വർമ എന്നിവർക്കൊപ്പം അൻസാറും ചേർന്നാണ് പിന്നീട് ഏറെ പ്രശസ്തമായ ഇളയനിലാ എന്ന ഹിറ്റ് പരിപാടിക്ക് തുടക്കമായത്. ഇളയനിലാ, മലയാളികളുടെ സംഗീതഭാവുകത്വത്തിൽ പുതിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്. അൻസാറും അൻസാറിന്റെ സംഗീതവും ഏറെ ജനപ്രിയമാവുകയായിരുന്നു. ജീവൻ ടി.വിയുടെ ഈ പ്രോഗ്രാമിലൂടെ. ഏഷ്യാനെറ്റിലെ മ്യൂസിക് ഡ്രീംസ് എന്ന പരിപാടിയും ഇതേത്തുടർന്ന് അൻസാറിന്റെ കലാജീവിതത്തിൽ പുതിയൊരു അധ്യായം തുന്നിച്ചേർത്തു. കുടുംബസദസ്സുകളിൽ അൻസാർ ഏറെ പ്രിയപ്പെട്ട സംഗീതകാരനായി മാറുകയായിരുന്നു. 2000 - 2007 കാലയളവാണ് ഇളയനിലാ കേരളത്തിന്റെ സംഗീതസംസ്‌കാരമായി മലയാളിമനസ്സുകളിൽ ഇടം നേടിയത്. 
'സംഗീതം ആശ്വാസം' എന്ന പേരിൽ രോഗികൾക്ക് സാന്ത്വനം പകരുന്ന ഗാനാലാപനവുമായി അൻസാർ രംഗത്തെത്തിയത് വിവിധ ആതുരാലയങ്ങളിൽ അഡ്മിറ്റായിക്കിടക്കുന്ന ഒട്ടേറെ രോഗികൾക്ക് തണലായി മാറിയ അനുഭവവുമുണ്ട്. സംഗീത ചികിൽസ എന്ന പുതിയ കാലത്തിന്റെ രോഗശമന സങ്കേതം കൂടിയായിരുന്നു. സംഗീതത്തിലൂടെ രോഗശാന്തി, പാട്ടിലൂടെ കിടപ്പുരോഗികൾക്ക് ആശ്വാസം എന്ന നന്മ നിറഞ്ഞ രാഗാർച്ചന. കോഴിക്കോട് ബീച്ച് ആശുപത്രിയിലും മെഡിക്കൽ കോളേജിലുമായിരുന്നു സംഗീതം ആശ്വാസത്തിന്റെ ആദ്യപരിപാടി സംഘടിപ്പിച്ചത്. ഗൃഹാതുരമായ ഭാവഗാനങ്ങളിലൂടെ രോഗികളുടെ ഓർമകളെ പിറകിലേക്ക് നയിക്കുന്ന നൊസ്റ്റാൾജിക് അനുഭവം- അതാണ് സംഗീതം ആശ്വാസം. കോഴിക്കോട്ട് തുടക്കമിട്ട ഈ പരിപാടി പിന്നീട് എറണാകുളം ജില്ലയിലേയും തുടർന്ന് മറ്റു ജില്ലകളിലേയും സർക്കാർ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. അൻസാറിന്റെ കൂട്ടുകാരായ നിരവധി പേർ ഒപ്പം ചേർന്ന് പാടി. പലയിടങ്ങളിലും രോഗികളും അവരുടെ കൂട്ടിരിപ്പുകാരും കൂടെപ്പാടി. അവിസ്മരണീയമായ അനുഭവമാണിതെന്ന് അൻസാർ പറയുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ കൊച്ചി ബിനാലെയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച രണ്ടു മണിക്കൂർ സംഗീതമേളയാണ് സത്യത്തിൽ രോഗപീഡയിൽ നിന്ന് ജനങ്ങളെ തെല്ലെങ്കിലും മുക്തമാക്കാൻ സംഗീതത്തിനു കഴിയുമെന്നും ആശുപത്രികളിലെ രോഗികളോടൊപ്പം സഹവസിച്ച് അവർക്ക് സംഗീതചികിൽസ നൽകുകയെന്നത് കലാജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണെന്നും അൻസാർ കരുതുന്നു.
കലവൂർ ബാലൻ, ജെ. വിജയൻ, വിദ്യാധരൻ, പെരുമ്പാവൂർ രവീന്ദ്രനാഥ്, സന്തോഷ് വർമ തുടങ്ങിയവരൊക്കെയാണ് അൻസാറിന്റെ പാട്ടുജീവിതത്തിലെ ആദ്യത്തെ വഴികാട്ടികൾ. ഗൾഫ് രാജ്യങ്ങളിൽ മുഴുവൻ സംഗീത പരിപാടി നടത്താൻ അൻസാറിന് യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെ പല ലോകവേദികളിലും പാടാനും പ്രവാസികളുടെ മനസ്സ് കീഴടക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇത്രയും കാലത്തെ സംഗീതജീവിതം കൊണ്ട് തന്നെ ഇഷ്ടപ്പെട്ടവരുടെ അഭിപ്രായം മാനിച്ച് പുതിയ തലമുറയിലെ കുട്ടികളെ സംഗീതം പഠിപ്പിക്കാനും അവരെ വേണ്ട വിധം പ്രോൽസാഹിപ്പിക്കാനും താൻ പരമാവധി ശ്രമങ്ങൾ നടത്തുന്നതായി അൻസാർ പറയുന്നു. ഇക്കാര്യത്തിൽ സർഗസിദ്ധിയുള്ള കുട്ടികളുടേയും 
അവരുടെ രക്ഷിതാക്കളുടേയും താൽപര്യം വലുതാണെന്ന് പല ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയാണ് തെളിവാണ്. അതാകട്ടെ, ഏറെ സന്തോഷം പകരുന്നതുമാണെന്ന് അൻസാർ അഭിമാനപൂർവം പറയുന്നു. 
കലയിലും സംഗീതത്തിലും തൽപരയായ രേഷ്മയാണ് അൻസാറിന്റെ ജീവിതപങ്കാളി. മകൻ മുഹമ്മദ് അമീൻ വിദേശത്ത് ജോലി ചെയ്യുന്നു. അംറ, അബ്ദുൽ അർഹം എന്നിവർ വിദ്യാർഥികളാണ്. അർഹം നന്നായി കീബോർഡ് വായിക്കും.  
    
  


 

Latest News