Sorry, you need to enable JavaScript to visit this website.

എക്‌സിറ്റ് റീ എൻട്രി കാലാവധി കഴിഞ്ഞവർക്ക് പഴയ വിസയിൽ വരാനാവുമോ

എക്‌സിറ്റ് റീ എൻട്രി കാലാവധി കഴിഞ്ഞവർക്ക് പഴയ വിസയിൽ വരാനാവുമോ

ചോദ്യം: എക്‌സിറ്റ് റീ എൻട്രിയിൽ പോയിട്ട് ഇപ്പോൾ രണ്ടു വർഷവും നാലു മാസവും പിന്നിട്ടു. കോവിഡ് പ്രതിസന്ധിയിൽപെട്ട് നിശ്ചിത സമയത്തിനകം തിരിച്ചു വരാൻ കഴിയാതാവുകയും എക്‌സിറ്റ് റീ എൻട്രീ നീണ്ടു പോയി കാലാവധി അവസാനിക്കുകയുമായിരുന്നു. ഇനിയിപ്പോൾ എനിക്ക് അതേ വിസയിൽ തന്നെ സൗദിയിലേക്ക് വരാൻ കഴിയുമോ?  അതോ പുതിയ വിസ എടുക്കേണ്ടി വരുമോ?

ഉത്തരം:  എമിഗ്രേഷൻ നിയമ പ്രകാരം റീ എൻട്രിയിൽ പോയവർ നിശ്ചിത കാലാവധിക്കുള്ളിൽ രാജ്യത്ത് മടങ്ങി എത്തണമെന്നാണ് വ്യവസ്ഥ. അതല്ലെങ്കിൽ എക്‌സിറ്റ് റീ എൻട്രി നീട്ടി അവരവരുടെ രാജ്യത്ത് തങ്ങുകയുമാവാം. പക്ഷേ അതിന് ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കണം. നിങ്ങളുടെ കേസിൽ സ്‌പോൺസർ നിങ്ങളുടെ വിസ റദ്ദാക്കിയിട്ടില്ലെങ്കിൽ നിങ്ങൾക്കു സൗദിയിലേക്കു മടങ്ങിവരാം. അതിന്  ഇഖാമ പുതുക്കുകയും എക്‌സിറ്റ് റീ എൻട്രി കാലാവധി നീട്ടുകയും വേണം. എങ്കിൽ മാത്രമേ അതേ വിസയിൽ മടങ്ങി വരാൻ സാധിക്കൂ. എക്‌സിറ്റ് റീ എൻട്രിയിൽ പോയി ഓരോ മാസവും അവരരുടെ രാജ്യത്ത് തങ്ങുന്നതിന് 100 റിയാൽ വീതം ഫീസ് നൽകേണ്ടതുണ്ട്. നിങ്ങൾ ഇപ്പോൾ എക്‌സിറ്റ് റീ എൻട്രിയിൽ പോയിട്ട് 28 മാസം പിന്നിട്ടിരിക്കുകയാണ്. അങ്ങനെ വരുമ്പോൾ 2800 റിയാൽ ഈ ഇനത്തിലും ഇഖാമ പുതുക്കുന്നതിന്റെ ഫീസ് വേറെയും കൊടുക്കണം. 
പുതിയ വിസയിൽ വരുന്നത് പ്രായോഗികമല്ല, കാരണം എക്‌സിറ്റ് റീ എൻട്രിയിൽ പോയി നിശ്ചിത സമയത്തിനകം തിരിച്ചെത്താതിരിക്കുന്നവർക്ക് പുതിയ വിസയിൽ സൗദിയിലെത്താൻ മൂന്നു വർഷം കാത്തിരിക്കണം. ഇതിനുള്ളിലായി വേണമെങ്കിൽ പഴയ സ്‌പോൺസറുടെ പുതിയ വിസയിൽ വരാൻ കഴിയും. അതേസമയം മറ്റൊരു സ്‌പോൺസറുടെ പുതിയ വിസയിൽ വരണമെങ്കിൽ മൂന്നു വർഷം കഴിഞ്ഞേ സാധിക്കൂ. ഇതാണ് നിലവിലെ നിയമം. 

എക്‌സിറ്റ് റീ എൻട്രിയും ഇഖാമ കാലാവധിയും

ചോദ്യം: ഇഖാമയുടെ കാലാവധി ആറു മാസത്തിൽ താഴെയാണെങ്കിൽ എക്‌സിറ്റ് റീ എൻട്രി ലഭിക്കുന്നത് ഏതു വിധത്തിലായിരിക്കും?  എക്‌സിറ്റ് റീ എൻട്രി ലഭിക്കാൻ ഇഖാമക്ക് നിശ്ചിത കാലാവധി ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടോ?

ഉത്തരം:  ഇഖാമക്ക് ആറു മാസമോ അതിൽ കൂടുതലോ കാലാവധി ഉണ്ടായിരിക്കുന്നതാണ് എക്‌സിറ്റ് റീ എൻട്രിക്ക് ഉത്തമം. ആറു മാസത്തിൽ താഴെയാണ് കാലാവധിയെങ്കിൽ അയാൾക്ക് ഇഖാമയുടെ അവസാനം ദിവസം വരെ കണക്കാക്കി എക്‌സിറ്റ് റീ എൻട്രി സമ്പാദിക്കാം. പക്ഷേ, അങ്ങനെ വരുമ്പോൾ എക്‌സിറ്റ് റീ എൻട്രി അടിച്ച ദിവസം മുതൽ മടങ്ങി വരേണ്ട ദിവസം കണക്കാക്കാൻ തുടങ്ങും. കൂടുതൽ ദിവസം നാട്ടിൽ നിൽക്കണമെങ്കിൽ  എക്‌സിറ്റ് റീ എൻട്രി അടിച്ച ദിവസം തന്നെ നാട്ടിൽ പോകുന്നതായിരിക്കും നല്ലത്. എങ്കിൽ മാത്രമാണ് എക്‌സിറ്റ് റീ എൻട്രി അടിച്ച ദിവസം പൂർണമായി ലഭിക്കൂ. അതേസമയം, ഇഖാമക്ക് ആറുമാസത്തിൽ കൂടുതൽ സമയമുണ്ടെങ്കിൽ  30, 60, 90, 120 ദിവസം എന്ന തോതിലായിരിക്കും റീ എൻട്രി അടിക്കുക. അങ്ങനെയാണെങ്കിൽ എക്‌സിറ്റ് റീ എൻട്രി അടിച്ച് മൂന്നു മാസത്തിനകം പോയാൽ മതിയാകും. ഇങ്ങനെ ലഭിക്കുന്നവരുടെ എക്‌സിറ്റ് റീ എൻട്രി ദിവസം കണക്കാക്കുക അവർ രാജ്യം വിടുന്ന ദിവസം മുതലായിരിക്കും. എക്‌സിറ്റ് റീ എൻട്രി അടിച്ച ദിവസം മുതൽ കണക്കു കൂട്ടില്ലെന്നർഥം. 

ചോദ്യം: സൗദിയിൽനിന്ന് യാത്ര പോകുന്നതിന് കോവിഡ് വാക്‌സിനേഷൻ ഇമ്യൂണൈസേഷൻ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?

ഉത്തരം:  സൗദിയിൽനിന്ന് വിദേശത്തേക്കു പോകുന്നതിന് നിലവിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ടതില്ല. റീ എൻട്രി, പാസ്‌പോർട്ട് അടക്കമുള്ള മതിയായ രേഖകൾ മാത്രം മതിയാകും. പോകുന്ന രാജ്യത്തെ നിയമമാണ് ഇക്കാര്യത്തിൽ പാലിക്കേണ്ടത്. അവിടെ സർട്ടിഫിക്കറ്റ് നിർബന്ധമാണെങ്കിൽ അതു കൈവശം വെച്ചുവേണം യാത്ര ചെയ്യാൻ. സൗദിയിൽനിന്ന് പോകുന്നതിന് നിലവിൽ സർട്ടിഫിക്കറ്റ് വേണ്ടതില്ല.
 

Latest News