Sorry, you need to enable JavaScript to visit this website.

ആദ്യ റൗണ്ടില്‍ പുറത്ത്, സെറീന വിരമിക്കുമോ?

ലണ്ടന്‍ - വനിതാ ടെന്നിസിന്റെ സിംഗിള്‍സില്‍ ഒരു വര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവില്‍ സെറീന വില്യംസിന് തോല്‍വി. എക്കാലത്തെയും മികച്ച കളിക്കാരിയെ അവരുടെ പ്രിയപ്പെട്ട വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ടില്‍ സീഡില്ലാത്ത ഹാര്‍മണി ടാനാണ് തോല്‍പിച്ചത്. സ്‌കോര്‍: 7-5, 1-6, 7-6 (10-7). 
ഒരു വര്‍ഷത്തോളം വിട്ടുനിന്നതിനാല്‍ റാങ്കിംഗില്‍ ആയിരത്തിനും താഴേക്ക് പോയിരുന്നുവെങ്കിലും സെറീന ആദ്യ റൗണ്ടില്‍ പുറത്താവുമെന്ന് ആരും കരുതിയിരുന്നില്ല. ഹാര്‍മണി ലോക 115ാം റാങ്കുകാരിയാണ്. സെറീനയുടെ 23 ഗ്രാന്റ്സ്ലാമുകളില്‍ ഏഴെണ്ണം വിംബിള്‍ഡണിലായിരുന്നു. നാല്‍പതുകാരി കഴിഞ്ഞ വര്‍ഷവും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. അന്ന് പക്ഷെ പരിക്കേറ്റ് പിന്മാറുകയായിരുന്നു. അതിനു ശേഷം മുന്‍ ലോക ഒന്നാം നമ്പറിന്റെ ആദ്യ സിംഗിള്‍സ് മത്സരമായിരുന്നു ഇത്. അതിന്റെ സൂചനകള്‍ പ്രകടമായിരുന്നു. ആദ്യ സെര്‍വീസില്‍ തന്നെ സെറീനയെ എതിരാളി ബ്രെയ്ക്ക് ചെയ്തു. 1998 ലാണ് സെറീനയുടെ വിംബിള്‍ഡണ്‍ അരങ്ങേറ്റം. ഇത്തവണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ടൂര്‍ണമെന്റിനെത്തിയത്. 
തോല്‍വി തനിക്ക് പ്രചോദനമാണെന്നും വിരമിക്കില്ലെന്നും സെറീന പ്രഖ്യാപിച്ചു. യു.എസ് ഓപണില്‍ കളിക്കും. ഞാന്‍ ആദ്യ ഗ്രാന്റ്സ്ലാം നേടിയത് യു.എസ് ഓപണിലാണ് -സെറീന പറഞ്ഞു. 
 

Latest News