Sorry, you need to enable JavaScript to visit this website.

ഇത്തിഹാദ് കിരീടം കൈവിട്ടതെങ്ങിനെ?

ജിദ്ദ - പതിമൂന്ന് വര്‍ഷത്തിനു ശേഷം സൗദി പ്രൊഫഷനല്‍ ലീഗ് ഫുട്‌ബോള്‍ കിരീടം തിരിച്ചുപിടിക്കാനുള്ള അവസരം അല്‍ഇത്തിഹാദിന്റെ കൈവെള്ളയിലൂടെ ചോര്‍ന്നു. 29 റൗണ്ട് മത്സരങ്ങളില്‍ ഇരുപത്തിരണ്ടിലും മുന്നിലായിരുന്ന ജിദ്ദ ക്ലബ്ബ് അവസാന എട്ട് മത്സരങ്ങളില്‍ 13 പോയന്റാണ് കളഞ്ഞുകുളിച്ചത്. അവസാന എട്ട് മത്സരങ്ങളില്‍ മൂന്നില്‍ മാത്രമാണ് ജയിക്കാനായത്. ഇതോടെ അവസാന മത്സരം ജയിച്ച് ഹിലാലിനൊപ്പമെത്തിയാലും ഇത്തിഹാദിന് കിരീടം ലഭിക്കുമായിരുന്നില്ല. പരസ്പരമുള്ള രണ്ടു കളികളിലും ഹിലാലാണ് ജയിച്ചത്.
വലിയ വിജയം അനിവാര്യമായ അവസാന കളിയില്‍ വാലറ്റക്കാരായ അല്‍ബതിനെതിരെ ഇത്തിഹാദ് വിയര്‍ക്കുകയും ഗോള്‍രഹിത സമനില സമ്മതിക്കുകയും ചെയ്തു. അവസാന 12 കളികളില്‍ പതിനൊന്നും ജയിച്ച അല്‍ഹിലാല്‍ രണ്ട് പോയന്റ് വ്യത്യാസത്തില്‍ ഇത്തിഹാദിനെ മറികടന്നു. 2016 ലെ ചാമ്പ്യന്മാരായ അല്‍അഹ്‌ലി തരംതാഴ്ത്തപ്പെട്ടത് ജിദ്ദയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇരട്ടപ്രഹരമായി. 2012 ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായിരുന്നു അല്‍അഹ്‌ലി.
ഫെബ്രുവരിയില്‍ 16 പോയന്റ് മുന്നിലായിരുന്നു ഇത്തിഹാദ്. എന്നാല്‍ റമദാനില്‍ പൂര്‍ണമായും കളിയില്ലാതിരുന്നത് അവരുടെ ഫോമിനെ ബാധിച്ചു. അതേസമയം ഹിലാലിന് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുണ്ടായിരുന്നു.  
അവസാന മത്സരത്തിനു ശേഷം ഇത്തിഹാദിന്റെ ബ്രസീലിയന്‍ ഗോളി മാഴ്‌സെലൊ ഗ്രോഹെ കണ്ണീരോടെയാണ് കളം വിട്ടത്. അല്‍തായി, അല്‍ഫതഹ്, അല്‍ഹിലാല്‍ എന്നീ ടീമുകള്‍ക്കെതിരായ മത്സരങ്ങളിലെ തിരിച്ചടിയാണ് ടീമിന് കിരീടം നഷ്ടപ്പെടുത്തിയതെന്ന് ഗോള്‍കീപ്പര്‍ പറഞ്ഞു. ഇത്തിഹാദ് കിരീടം അര്‍ഹിച്ചിരുന്നു. എന്നാല്‍ ലീഗില്‍ 30 റൗണ്ട് മത്സരങ്ങളുണ്ടെന്ന് നാം മനസ്സിലാക്കണം -ഗോളി പറഞ്ഞു. 


അജയ്യയായി ഈഗ,
റെക്കോര്‍ഡിനരികെ

വിംബിള്‍ഡണ്‍- വനിതാ പ്രൊഫഷനല്‍ ടെന്നിസില്‍ ഏറ്റവുമധികം മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച റെക്കോര്‍ഡിലേക്ക് ഈഗ ഷ്വിയോന്‍ടെക്. ക്രൊയേഷ്യയുടെ ക്വാളിഫയര്‍ യാന ഫെറ്റിനെ വിംബിള്‍ഡണ്‍ ആദ്യ റൗണ്ടില്‍ ഈഗ 6-0, 6-3 ന് നിരപ്പാക്കി. ടോപ് സീഡിന്റെ തുടര്‍ച്ചയായ മുപ്പത്താറാം ജയമാണ് ഇത്. വീനസ് വില്യംസിന്റെ 35 വിജയങ്ങളുടെ റെക്കോര്‍ഡ് പോളണ്ടുകാരി മറികടന്നു. 1990 ല്‍ തുടര്‍ച്ചയായി 36 മത്സരം ജയിച്ച മോണിക്ക സെലസിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. 1997 ലെ ഫ്രഞ്ച് ഓപണ്‍ ഫൈനലില്‍ തോല്‍ക്കുന്നതു വരെ തുടര്‍ച്ചയായി 37 മത്സരങ്ങള്‍ വിജയിച്ച മാര്‍ടിന ഹിന്‍ഗിസിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. 
നിലവിലെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനാണ് ഇരുപത്തൊന്നുകാരി ഈഗ. അവസാന തോല്‍വി ഫെബ്രുവരിയിലായിരുന്നു. 
രണ്ടാം റൗണ്ടില്‍ നെതര്‍ലാന്റ്‌സിന്റെ ലെസ്‌ലി പറ്റിനാമ കെര്‍ഖോവുമായി ഈഗ ഏറ്റുമുട്ടും. ക്വാളിഫയിംഗ് റൗണ്ടില്‍ പുറത്തായ ലെസ്‌ലിക്ക് മുഖ്യ റൗണ്ടില്‍ നിന്ന് ഒരാള്‍ പിന്മാറിയതോടെയാണ് അവസരം കിട്ടിയത്. 
അമേരിക്കന്‍ ടീനേജര്‍ കോക്കൊ ഗഫ് ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം എലീന ഗബ്രിയേല റൂസിനെ 2-6, 6-3,7-5 ന് തോല്‍പിച്ചു. ഫ്രഞ്ച് ഓപണ്‍ റണ്ണര്‍അപ്പായ പതിനെട്ടുകാരി 25 ബ്രെയ്ക് പോയന്റ് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും നാലെണ്ണമേ മുതലാക്കിയുള്ളൂ. 

നദാലിന്റെ ഹാഫില്‍
രണ്ട് പ്രമുഖര്‍ പുറത്ത് 

വിംബിള്‍ഡണ്‍ -വിംബിള്‍ഡണ്‍ ടെന്നിസില്‍ രണ്ടാം സീഡ് റഫായേല്‍ നദാലിന് വെല്ലുവിളിയായേക്കാവുന്ന രണ്ട് പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. നിലവിലെ റണ്ണര്‍അപ് മാറ്റിയൊ ബെററ്റീനിയും മുന്‍ ഒന്നാം നമ്പര്‍ മാരിന്‍ സിലിച്ചുമാണ് കോര്‍ടിലിറങ്ങും മുമ്പെ വിടവാങ്ങിയത്. 
ബെററ്റീനിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ നോവക് ജോകോവിച്ചിനോട് തോറ്റ ഇറ്റലിക്കാരന്‍ ഈ വര്‍ഷം സ്റ്റുട്ഗാട്, ക്വീന്‍സ് ക്ലബ് ടൂര്‍ണമെന്റുകളില്‍ കിരീടം നേടി ഉജ്വല ഫോമിലായിരുന്നു. കോവിഡ് കാരണം സിലിച് നേരത്തെ പിന്മാറിയിരുന്നു. 

മോര്‍ഗന്‍ വിരമിച്ചു,
ഇന്ത്യയുടെ കളി പറയും

ലീഡ്‌സ് - ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ നായക പദവി ഒഴിഞ്ഞ ഓയിന്‍ മോര്‍ഗന്‍ ഇന്ത്യ-ഇംഗ്ലണ്ട് നിശ്ചിത ഓവര്‍ പരമ്പരയില്‍ കമന്റേറ്ററായി അരങ്ങേറും. പ്രതീക്ഷിച്ചതു പോലെ മോര്‍ഗന്‍ ചൊവ്വാഴ്ച വിരമിക്കല്‍ പ്രഖ്യാപിച്ചു. എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തുടരാനാണ് തീരുമാനം. മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലാണ് 2019 ല്‍ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റില്‍ ലോക ചാമ്പ്യന്മാരായത്. 2016 ലെ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ഫൈനലിലെത്തി. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ സെമി ഫൈനലിലേക്ക് മുന്നേറി. ഏകദിന, ട്വന്റി20 ക്രിക്കറ്റ് റാങ്കിംഗുകളില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തിയതും മോര്‍ഗന്റെ കീഴിലാണ്. ഏകദിനത്തിലും ട്വന്റി20യിലും ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവുമധികം മത്സരം കളിച്ചതും കൂടുതല്‍ റണ്‍സെടുത്തതും മോര്‍ഗനാണ്. എന്നാല്‍ ദീര്‍ഘകാലമായി പരിക്കും ഫോമില്ലായ്മയും അലട്ടുകയാണ്. അവസാനം കളിച്ച നെതര്‍ലാന്റ്‌സിനെതിരായ രണ്ടു മത്സരങ്ങളിലും അക്കൗണ്ട് തുറക്കാനായില്ല. 
അയര്‍ലന്റിന്റെ കളിക്കാരനായിരുന്ന മോര്‍ഗന്‍ 2009 ല്‍ ഇംഗ്ലണ്ടിലേക്ക് കൂടുമാറുകയും 2015 ല്‍ ലോകകപ്പിന് തൊട്ടുമുമ്പ് അവരുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു. ആ ലോകകപ്പില്‍ ഇംഗ്ലണ്ട് ആദ്യ റൗണ്ടില്‍ പുറത്തായി നാണം കെട്ട ശേഷം നിര്‍ഭയമായ ക്രിക്കറ്റിലൂടെ ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന് ചുക്കാന്‍ പിടിച്ചത് മോര്‍ഗനായിരുന്നു. 
നിശ്ചിത ഓവര്‍ ക്രിക്കറ്റിനായി ടെസ്റ്റ് വിട്ട ആദ്യ കളിക്കാരിലൊരാളായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി 16 ടെസ്റ്റും 340 നിശ്ചിത ഓവര്‍ മത്സരങ്ങളും കളിച്ചു. 2010 ല്‍ ട്വന്റി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു. 
ജൂലൈ ഏഴ് മുതല്‍ ഇന്ത്യയുമായി ഇംഗ്ലണ്ട് മൂന്നു മത്സര ട്വന്റി20 പരമ്പര കളിക്കുകയാണ്. ഒക്ടോബറില്‍ ലോകകപ്പും നടക്കാനിരിക്കുന്നു. അതിനു മുന്നോടിയായാണ് സ്ഥാനമൊഴിഞ്ഞത്. ജോസ് ബട്‌ലര്‍ പകരം ക്യാപ്റ്റനായേക്കും. 

പ്രണോയ് രണ്ടാം റൗണ്ടില്‍;
പ്രണീത്, സമീര്‍ പുറത്ത്

ക്വാലാലംപൂര്‍ - ആതിഥേയ താരം ഡാരന്‍ ലൂവില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും എച്ച്.എസ് പ്രണോയ് മലേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണില്‍ രണ്ടാം റൗണ്ടിലെത്തി. എന്നാല്‍ ബി. സായ്പ്രണീതും സമീര്‍ വര്‍മയും ആദ്യ റൗണ്ടില്‍ പുറത്തായി. ഡബ്ള്‍സില്‍ സത്വിക് രങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടില്‍ സ്ഥാനം പിടിച്ചു. 
ഈ മാസമാദ്യം ഇന്തോനേഷ്യ ഓപണില്‍ സെമി ഫൈനലിലെത്തിയ പ്രണോയ് മലേഷ്യയിലും ആ ഫോം തുടര്‍ന്നു. 21-14, 17-21, 21-18 നാണ് ജയിച്ചത്. റാങ്കിംഗില്‍ ആദ്യ പത്തിലുണ്ടായിരുന്ന തിരുവനന്തപുരത്തുകാരന്‍ ഇപ്പോള്‍ 21ാം സ്ഥാനത്താണ്. നാലാം സീഡ് ചൂ ടിയേന്‍ ചെന്നുമായാണ് ഇരുപത്തൊമ്പതുകാരന്‍ രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടുക. 
സായ്പ്രണീതിനെ ലോക ആറാം നമ്പര്‍ ഇന്തോനേഷ്യയുടെ ആന്റണി ഷിന്‍സുക ഗിന്‍ഡിംഗ് മൂന്നു ഗെയിമില്‍ തോല്‍പിച്ചു (15-21, 21-19, 9-21). ലോക എട്ടാം നമ്പര്‍ ജോനാഥന്‍ ക്രിസ്റ്റിയാണ് സമീര്‍ വര്‍മയെ 21-14, 13-21, 21-7 ന് തോല്‍പിച്ചത്. 
ഡബ്ള്‍സില്‍ സത്വിക് രങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യംവെയ് ചോംഗ് മാന്‍-കായ് വുന്‍ തീ ജോഡിയെ 21-18, 21-11 ന് തകര്‍ത്തു. എന്നാല്‍ വനിതാ ഡബ്ള്‍സില്‍ അശ്വിനി പൊന്ന-എന്‍. സിക്കി റെഡ്ഢി സഖ്യം ജപ്പാന്‍ ജോഡിയോട് തോറ്റ് ആദ്യ റൗണ്ടില്‍ പുറത്തായി. 


സൗദി ലീഗിലേക്ക് 
കൂടുതല്‍ താരങ്ങള്‍

വാഷിംഗ്ടണ്‍- സൗദി പിന്തുണയോടെ അരങ്ങേറുന്ന എല്‍.ഐ.വി ഗോള്‍ഫ് സീരീസിലെ രണ്ടാം മത്സരം അമേരിക്കയിലെ ഓറിഗോണില്‍ ഈയാഴ്ച ആരംഭിക്കാനിരിക്കെ കൂടുതല്‍ കളിക്കാര്‍ കരാറൊപ്പിട്ടു. ഇംഗ്ലണ്ടിലെ ആദ്യ ടൂര്‍ണമെന്റില്‍ പങ്കെടുത്തവരെ വിലക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് കൂടുതല്‍ കളിക്കാര്‍ എല്‍.ഐ.വി സീരീസില്‍ ചേര്‍ന്നത്. മെക്‌സിക്കോയുടെ കാര്‍ലോസ് ഓര്‍ടിസും അമേരിക്കയുടെ ലോക എഴുപത്തേഴാം നമ്പറായ ഇരുപത്തിമൂന്നുകാരന്‍ മാത്യു വുള്‍ഫുമാണ് അവസാനം കരാറൊപ്പിട്ടത്. വുള്‍ഫിനും ഓര്‍ടിസിനുമൊപ്പം മേജര്‍ ചാമ്പ്യന്മാരായ ബ്രൈസന്‍ ദെഷാംബുവും ബ്രൂക്‌സ് കോപ്കയും പാട്രിക് റീഡും അബ്രഹാം ആന്‍സറും ലോക അമച്വര്‍ രണ്ടാം നമ്പര്‍ യൂജിനൊ ചകാരയും എല്‍.ഐ.വി സീരീസില്‍ അരങ്ങേറും. 
വ്യാഴാഴ്ച ഓറിഗോണില്‍ രണ്ടാം ടൂര്‍ണമെന്റ് ആരംഭിക്കും. 48 കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 36 പേരുടെ പട്ടിക പ്രഖ്യാപിച്ചു. 

ഇന്ത്യയെ വിറപ്പിക്കാന്‍ ഇംഗ്ലണ്ട്

ലീഡ്‌സ് - കഴിഞ്ഞ വര്‍ഷം അഞ്ചു മത്സര പരമ്പരക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തുമ്പോള്‍ ജോ റൂട്ടും സംഘവും ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലായിരുന്നു. നാല് ടെസ്റ്റ് പിന്നിട്ടപ്പോള്‍ ഇന്ത്യ 2-1 ന് മുന്നിലായിരുന്നു. എന്നാല്‍ ടീമില്‍ കോവിഡ് പടര്‍ന്നതോടെ ഇന്ത്യന്‍ കളിക്കാര്‍ അസ്വസ്ഥരാവുകയും അഞ്ചാം ടെസ്റ്റ് കളിക്കാന്‍ വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്തു. അന്ന് ഉപേക്ഷിച്ച ആ ടെസ്റ്റിനായി ഇംഗ്ലണ്ടില്‍ ടീം തിരിച്ചെത്തിയപ്പോള്‍ ആതിഥേയ ടീം അത്യുജ്വല ഫോമിലാണ്. ന്യൂസിലാന്റിനെ 3-0 ന് തൂത്തുവാരിയാണ് ഇംഗ്ലണ്ട് മത്സരത്തിന് ഒരുങ്ങിയത്. നിര്‍ഭയമായ ക്രിക്കറ്റ് തുടരുമെന്ന് പുതിയ നായകന്‍ ബെന്‍ സ്റ്റോക്‌സ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ചയാണ് ടെസ്റ്റ് ആരംഭിക്കുന്നത്. 
ഇന്ത്യക്കെതിരെ നാലാം ടെസ്റ്റ് കളിച്ച ടീമിലെ നാലു പേരേ പരമാവധി അഞ്ചാം ടെസ്റ്റിലുണ്ടാവൂ. ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റൊ, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍. മാനസികാസ്വാസ്ഥ്യം കാരണം വിട്ടുനില്‍ക്കുകയായിരുന്നു സ്‌റ്റോക്‌സ്. ഇന്ത്യക്കെതിരായ പരമ്പരക്കു ശേഷം വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തിയ ഇംഗ്ലണ്ട 0-1 തോല്‍വിയുമായാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് കോച്ച് ക്രിസ് സില്‍വര്‍വുഡും ക്യാപ്റ്റന്‍ ജോ റൂട്ടും രാജിവെച്ചു. ബ്രന്‍ഡന്‍ മക്കല്ലവും സ്‌റ്റോക്‌സും ചുമതലയേറ്റു. ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന്റെ പ്രകടനം എതിരാളികളില്‍ ഭയത്തിന്റെ അലയിളക്കിവിട്ടിരിക്കുകയാണെന്ന് മക്കല്ലം അവകാശപ്പെട്ടു. 
മത്സരത്തില്‍ ഇന്ത്യയെ ആര് നയിക്കുമെന്ന് വ്യക്തമല്ല. രോഹിത് ശര്‍മക്ക് കോവിഡ് ബാധിച്ചിരിക്കുകയാണ്. രോഹിത് ലഭ്യമല്ലെങ്കില്‍ ഓപണിംഗ് ജോഡിയിലും മാറ്റമുണ്ടാവും. ശുഭ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പൂജാരയോ കെ.എസ്. ഭരതോ മായാങ്ക് അഗര്‍വാളോ ഓപണറായി വന്നേക്കും. പരിശീലന മത്സരത്തില്‍ ഭരത് മിന്നുന്ന ഫോമിലായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓപണറായിരുന്നു. പൂജാര കൗണ്ടി ക്രിക്കറ്റില്‍ റണ്‍സ് വാരിയെങ്കിലും ലെസ്റ്ററിനെതിരായ സന്നാഹ മത്സരത്തില്‍ പരാജയമായിരുന്നു. മറ്റൊരു വണ്‍ഡൗണ്‍ ബാറ്റര്‍ ഹനുമ വിഹാരിയും ഫോമിലല്ല.
പൂജാരയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. എന്നാല്‍ സമീപകാലത്ത് ശ്രേയസും റണ്‍സെടുക്കാന്‍ പ്രയാസപ്പെടുകയാണ്. ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റിലും വിരാട് കോലിയും രവിശാസ്ത്രിയുമടങ്ങുന്ന ടീം മാനേജ്‌മെന്റ് ആര്‍. അശ്വിനെ കളിപ്പിച്ചിരുന്നില്ല. രവീന്ദ്ര ജദേജയായിരുന്നു ഏക സ്പിന്നര്‍.  


 

Latest News