അസാധാരണമായ നിര്‍ഭയത്വം; മോഡിയുടെ ഉറക്കം കെടുത്തിയ രണ്ടു പുസ്തകങ്ങള്‍

ഗുജറാത്ത് വംശഹത്യാ ഇരകള്‍ക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ എ.എം ഖാന്‍ വില്‍കറിന്റെ നേതൃത്വത്തിലുള്ള തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ  കുറിച്ചും പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതിന്റെ പിന്നാമ്പുറം തിരിഞ്ഞു കിട്ടണമെങ്കില്‍ ആദ്യം  അറിയേണ്ടത് ആര്‍.ബി ശ്രീകുമാറിനെയാണ്.

നീതിയോടുള്ള പ്രതിബദ്ധതയാണ് ആര്‍.ബി ശ്രീകുമാര്‍ ഐ.പി.എസിന്റെ  ഹൃദയമുദ്ര. നീതിബോധത്തിന് കരുത്ത് പകരുന്ന
രാകിക്കൂര്‍പ്പിച്ച ധിഷണയും ആസൂത്രണ പാടവവും  ഒത്തുചേര്‍ന്ന മലയാളത്തിന്റെ അഭിമാനമായ പൊലീസ് ഉദ്യോഗസ്ഥന്‍!
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റു സമീപനങ്ങള്‍ക്കെതിരെ അതീവ ഇച്ചാശക്തിയോടെ മുഖാമുഖം പോരാടാന്‍ തന്റേടം കാട്ടി എന്നതു മാത്രമാണ് വംശഹത്യാ കാലത്ത് ഗുജറാത്ത് എ.ഡി.ജി.പിയായിരുന്ന ആര്‍.ബി ശ്രീകുമാര്‍ ചെയ്ത 'കുറ്റം!'

ഉന്നത പൊലീസ് മേധാവികളുടെയും ഭരണകൂട നടത്തിപ്പുകാരുടെയും യോഗങ്ങളിലും സ്വകാര്യ ഉത്തരവുകളിലും മോദി പച്ചയായ വര്‍ഗീയത വിളമ്പിയപ്പോള്‍ നെഞ്ചുറപ്പോടെ അവയെ പ്രതിരോധിക്കുകയും ചെറുത്തു നില്‍ക്കുകയും ചെയ്ത ആര്‍.ബി ശ്രീകുമാറിന്റെ ഇതു സംബന്ധിയായ രണ്ടു പുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാണ്.

ഇതില്‍ ഒന്നാമത്തേത് Gujarat Behind the curtain എന്ന വിഖ്യാത രചനയാണ്. 'ഗുജറാത്ത് തിരശ്ശീലക്കു പിന്നില്‍' എന്ന പേരില്‍ ഈ കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് പ്രോഗ്രസ് പബ്ലിക്കേഷന്‍സ്, കോഴിക്കോട് ആണ്. വിവര്‍ത്തനം: എന്‍.എസ് സജിത്.

13 അധ്യായങ്ങളും രണ്ട് അനുബന്ധങ്ങളുമായി 217 പേജുള്ള ഈ പുസ്തകം മോദിയുടെയും സ്തുതിപാഠകരുടെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും ഭീകരമുഖം അനാവരണം ചെയ്യുന്നു. പ്രധാനമന്ത്രിയായ ശേഷവും മാറ്റം വരാത്ത മോദിയുടെ ഹിംസാത്മക വംശീയ മനസ്സ് സഹിക്കവയ്യാതെ ഒരു ഘട്ടത്തില്‍ ആര്‍.ബി ശ്രീകുമാര്‍ മോദിക്ക് എഴുതിയ 10 പേജ് വരുന്ന  കത്തിന്റെ കോപ്പിയും ഈ കൃതിയില്‍ ചേര്‍ത്തിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയുടെ ഭീകരമായ വ്യാപ്തി, സ്ത്രീകളോടു കാട്ടിയ ക്രൂരതകള്‍, ബാബരി മസ്ജിദ് ധ്വംസനം, ജാതീയതയുടെ അപകടങ്ങള്‍, മത സ്വാതന്ത്ര്യത്തിന്റെ മാനങ്ങള്‍, യഥാര്‍ത്ഥ ഹിന്ദുധര്‍മം എന്നിങ്ങനെ 24 ഉപ തലക്കെട്ടുകളുള്ള ഈ കത്ത് മോദിയുടെ ഹൃദയത്തില്‍ സദാ സ്വന്തം കരങ്ങള്‍ ചെയ്തു കൂട്ടിയ പാപ കൃത്യങ്ങളുടെ  തീക്കനലുകള്‍ കോരിയിട്ടു കൊണ്ടിരിക്കും!

ഗുജറാത്ത് മുസ് ലിം വംശഹത്യ അന്വേഷിക്കുന്ന നാനാവതി കമീഷന്‍ മുമ്പാകെ ആര്‍.ബി ശ്രീകുമാര്‍ നിര്‍ഭയം വെളിപ്പെടുത്തിയ നാനൂറിലധികം പേജ് വരുന്ന സത്യവാങ് മൂലത്തിന്റെ അതീവ സംഗ്രഹമാണ് രണ്ടാമത്തെ കൃതി.

'ഗുജറാത്ത് ആര്‍.ബി ശ്രീകുമാര്‍ ഐ പി എസ്സിന്റെ വെളിപ്പെടുത്തല്‍' എന്ന പേരിലുള്ള ഈ പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍ ഭാസുരേന്ദ്രബാബുവാണ്. പരിഭാഷ നല്ല മുട്ടം പ്രസാദ്.  പ്രസാധകര്‍ സിത്താര ബുക്‌സ്, കായംകുളം.

തീയുമായി ഒരു തീവണ്ടി, ഏകാധിപത്യത്തിന്റെ ഇടപെടല്‍, കേന്ദ്ര ഇന്റലിജന്‍സ്  ബ്യൂറോ, തെരഞ്ഞെടുപ്പു കമീഷനെ തെറ്റിദ്ധരിപ്പിക്കുന്നു, ടൈംസ് ഓഫ് ഇന്ത്യ, പിന്‍മാറ്റാന്‍ സമ്മര്‍ദ്ദതന്ത്രം, മോദി സര്‍ക്കാര്‍ നല്‍കിയ കുറ്റപത്രം, കുറ്റപത്രത്തിനുള്ള മറുപടി, വീണ്ടും നാനാവതി കമീഷന്‍ മുമ്പാകെ, മോദി ഉയര്‍ത്തുന്ന അപായസൂചന എന്നിങ്ങനെ പത്ത് അധ്യായങ്ങളായാണ് സ്‌തോഭജനകമായ ഗ്രന്ഥം ഒരുക്കിയിരിക്കുന്നത്.

 

 

 

Latest News