Sorry, you need to enable JavaScript to visit this website.

തിരിച്ചറിയപ്പെടാത്ത തിരസ്‌കാരങ്ങൾ

ലളിതമായ ആഖ്യാനവും ദുർഗ്രഹമല്ലാത്ത ഭാഷാ ഗുണവുമുള്ളതാണ് ജോസഫ് അതിരുങ്കലിന്റെ കഥകൾ. ചിരപരിചിതങ്ങളായ ജീവിതപരിസരങ്ങളും സാധാരണക്കാരായ മനുഷ്യരുടെ ആകുലതകൾ പേറുന്ന കഥാപാത്രങ്ങളെയുമാണ് പൊതുവെ ജോസഫ് തന്റെ കഥകൾക്ക് പശ്ചാത്തലമാക്കാറുള്ളത്. പാരായണക്ഷമതയുള്ള ഒരു കഥാരചനാരീതി കൂടി  ജോസഫിന്റെ കഥകൾക്ക് അവകാശപ്പെട്ടതാണ്.
ഭാഷയിലും ആഖ്യാനത്തിലും പുതുമ തേടാൻ ശ്രമിക്കുന്നില്ലെങ്കിലും ഓരോ കഥയിലും വൈവിധ്യം കൊണ്ടുവരാൻ ജോസഫ് ബോധപൂർവ്വം ശ്രദ്ധിക്കുന്നുണ്ട്. ജോസഫ്  എഴുതിയ പല കഥകളും പിൽക്കാലത്താണ്, അവ  ഭാവികാലത്തെ അടയാളപ്പെടുത്തുന്നവയായിരുന്നു എന്ന് തിരിച്ചറിയപ്പെട്ടിട്ടുള്ളത്.  കാലത്തിനനുയോജ്യമല്ലെന്ന സന്ദേഹം ദ്യോതിപ്പിക്കുക,  വായനക്കാരന് അപരിചിതമോ അവിശ്വസനീയമോ ആയ വിഷയങ്ങളെ കഥയ്ക്ക് നിദാനമാക്കുക,  പിന്നീട് കാലം ഭൂതദിനരാത്രങ്ങളെ പിൻതള്ളി യാഥാർത്ഥ്യ ലോകത്തെ വരവേൽക്കുമ്പോൾ മാത്രം ആ കഥ തിരിച്ചറിയപ്പെടുക. ഇണയന്ത്രം പോലുള്ള കഥകൾ ഇതിന് നിമിത്തമായിട്ടുണ്ട്.
തന്റെ പുതിയ സമാഹാരമായ 'പാപികളുടെ പട്ടണ' ത്തിലും  വൈവിധ്യമാർന്ന വിഷയങ്ങൾ കൊണ്ടുവരാൻ  ജോസഫ് ശ്രദ്ധിച്ചിട്ടുണ്ട്. ആകാശത്തിനു മേലെയുള്ള അദൃശ്യതയെക്കുറിച്ചുള്ളതാണ് ആകാശ ചുംബനം എന്ന കഥ. ഇണയന്ത്രം എന്ന കഥ ജോസഫ് എഴുതുമ്പോൾ അത് പരാമർശിച്ച വിഷയം സർഗാത്മക ഭാവനകളെ മാത്രമല്ല, യുക്തിഭദ്രതയെപ്പോലും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള, സാങ്കൽപ്പിക ഭാവനയ്ക്ക് പോലും ഇണങ്ങാത്തതാണ്  എന്ന ആരോപണത്താൽ  പരിഗണിക്കപ്പെടാതെ പോയിരുന്നു. എന്നാൽ കാലം ആ കഥ വികസിപ്പിച്ചെടുത്ത ഭാവനയെ സത്യമാക്കുകയായിരുന്നു പിന്നീട്. ഇണ യന്ത്രം എന്ന കഥ പോലെ തന്നെ മനുഷ്യ ചിന്തകളുടെ സാമാന്യ ബോധത്തെ മറികടക്കുന്ന  ഒരു രചനയാണ് ആകാശ ചുംബനം  എന്നകഥയും. നെറികെട്ട ലോകത്തിലെ നെറികെട്ട മനുഷ്യരെ ഇരുട്ടിൽ മൂടിക്കളയാൻ വേണ്ടി  ആകാശം താഴെക്കിറങ്ങി വരികയും ഭൂമിയെ ചുംബിക്കും മട്ടിൽ താഴ്ന്നിറങ്ങി മനുഷ്യരെയാകെ ഭയവിഹ്വലരാക്കുകയും മരണത്തിന്റെ ചുടു കാറ്റുമായി വീടിനു മേലെയും ടെറസ്സിലും ചാഞ്ഞിറങ്ങി വരുമ്പോൾ മനുഷ്യർ  പാപബോധത്താൽ സ്വയം തിരിച്ചറിവിന് തയാറാവുകയും ആ സമയം ഭൂമിചുംബനം കഴിഞ്ഞ ആകാശം പതിയെ മേലോട്ട് ഉയർന്നു പൊങ്ങുകയും ചെയ്യുന്നതാണ് കഥ.
ആകാശം ടെറസ്സുകളിൽ ചാഞ്ഞ് നിൽക്കുന്നുവെന്നും ചിലയിടങ്ങിൽ ഭൂമിയെ തൊട്ടുരുമ്മി നിൽക്കുന്നുവെന്നുമുള്ള വാർത്തയാൽ ഭയം കൊണ്ട് ചകിതനായ മൈത്രേയനും അവളുടെ സാന്നിധ്യം ആഗ്രഹിക്കുന്നു.
അതേസമയം ജീവിതത്തെ ഇത്രമാത്രം നിസ്സാരമായി കാണുന്ന ഒരാളോടൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് തന്റേടത്തോടെ വീടുവിട്ടിറങ്ങിപ്പോയ ഭാര്യ മല്ലിക രണ്ട് വർഷത്തിനു ശേഷം ഒരിക്കൽ, പൊടുന്നനെ അസ്വാഭാവികതയേതുമില്ലാതെ  കോളിംഗ് ബെല്ലടിച്ചു മൈത്രേയനു മുന്നിൽ സങ്കോചലേശമന്യേ ഇപ്പോൾ മാത്രം പുറത്ത് പോയിവരുന്നതെന്ന മട്ടിൽ പുഞ്ചിരിയോടെ അകത്തേക്ക് കടക്കുകയാണ്. പൊട്ടിക്കരഞ്ഞുകൊണ്ട് മാത്രം പറയേണ്ടുന്ന സുഹൃത്തുക്കളുടെ വിയോഗ വാർത്തകൾ പോലും നിസ്സംഗതയോടെ പറയുന്ന സുഹൃത്ത് കൃഷ്ണദാസിന് പോലും ഭയത്താൽ സ്വരമിടറിയിരിക്കുന്നു.
വീടുകളിലെ ജനാലകൾ പോലും കൊട്ടിയടക്കപ്പെട്ടു. പകലുകൾ പോലും ഇരുട്ട് മൂടി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഭൂമിയുടെ മുഖം മൂടിക്കെട്ടപ്പെട്ടു. മനുഷ്യർ പരസ്പരം കാണാതായി.
ജോസഫ് ഈ കഥയെഴുതുമ്പോൾ  കോവിഡ് എന്ന് നമ്മൾ കേട്ടിട്ടില്ല. ഇത്രയും ഭയാനകമായ നിശ്ശബ്ദതയെ നമ്മൾ അഭിമുഖീകരിച്ചിട്ടില്ല. ലോകം ഇങ്ങനെ വെറുങ്ങലിച്ചിട്ടില്ല. പക്ഷെ, പിൽക്കാലത്ത് വരാനിരിക്കുന്ന ഒരു യാഥാർത്ഥ്യത്തിന്റെ മുന്നറിയിപ്പ്്് പോലെ ഒരു കൽപ്പിത കഥയാൽ ജോസഫ് അതിരുങ്കൽ കഥയിലൂടെയത് പ്രവചിച്ചു.
കഥയിലൊരിടത്ത് പറഞ്ഞത് പോലെ ചുവരുകൾ ഇല്ലാത്ത മേൽക്കൂര തകർന്നു വീണതുപോലെ കോവിഡ് കാലം ലോകം മുഴുവൻ ആ കൂരിരുട്ടും
അരക്ഷിതാവസ്ഥയും അനുഭവിച്ചതാണ്. അകലങ്ങൾ പാലിച്ച മനുഷ്യർക്കിടയിൽ പോലും  കോവിഡ് സമ്മാനിച്ച ഒരു മുഹൂർത്തമായിരുന്നു, മനുഷ്യൻ എല്ലാം മറന്ന് പരസ്പരം ഒന്നായതും ഉപാധികൾ വെടിഞ്ഞ് കീഴ്‌പ്പെട്ടതും.
മല്ലിക ഉണ്ടായിരുന്നെങ്കിൽ എന്ന് മൈത്രേയൻ ആഗ്രഹിച്ച സമയം തന്നെ എല്ലാം മറന്ന് മല്ലിക പുഞ്ചിരിയോടെ കയറി വന്നതും മഞ്ഞുരുകും പോലെ ലോകം അവസാനിക്കുമ്പോൾ നീ കൂടെയുണ്ടാവണമെന്ന രണ്ടു പേരുടെയും ആഗ്രഹവും മല്ലിക മൈത്രേയനോട് ചേർന്നതും എല്ലാം പൊറുക്കാനാവുന്ന ദാമ്പത്യപെരുത്തക്കേടുകൾക്ക് പോലും  അപകടങ്ങളുടെ യാദൃഛിതകൾ ഒരു നിമിത്തമാവുകയാണ്.
വാക്കബദ്ധം എന്ന കഥയും പുതുമയുള്ള വിഷയമാണ്. 'വാക്ക് ' എന്ന വിശേഷണത്തിന് ജീവനും ബുദ്ധിയും നൽകുകയും, ചിന്തിക്കാൻ കഴിവുള്ള ഒരു ജീവൽ സ്വരൂപമാക്കുകയും ഒരു മനസ്സും ഔചിത്യബോധവും നൽകി സ്വതന്ത്രമാക്കുകയും സ്വന്തമായി നിലകൊള്ളാൻ കഴിയാത്ത തന്റെ, ദുരിത ജീവിതത്തെക്കുറിച്ച് സങ്കടപ്പെടുന്ന'വാക്ക്'  ഒരിക്കൽ പൊട്ടിത്തെറിക്കാൻ ലഭിച്ച അവസരം ഉപയോഗപ്പെടുത്തിയപ്പോൾ സമൂഹത്തിൽ സംഭവിച്ച  ആഘാതവുമാണ് വാക്കബദ്ധം എന്ന കഥ.
നാടും നാട്ടുവഴികളും മലകളും പുഴകളും തോടുകളും കൃഷിയിടങ്ങളും ഇടവഴികളും നിറഞ്ഞ, നാടിന്റെ സുഗന്ധത്തിന്റെ ഓർമ്മയിൽ, പറിച്ചു നടപ്പെട്ട തീപിടിച്ച   ജീവിതത്തിൽ നിന്നും നാട്ടിലെത്തുന്ന പ്രശാന്തൻ
പൂക്കോട്ടുമല എന്ന തന്റെ നാടിന്റെ ജൈവ സസ്യസമ്പത്തുകൾ നിറഞ്ഞുകിടക്കുന്ന, നാടിന്റെ കാവലെന്നോണം  വാനോളം ഉയർന്നു നിൽക്കുന്ന പൂക്കോട്ടുമലയെ കീറി മുറിക്കുന്നുവെന്ന് കേട്ട് മലയിലെ അപൂർവ്വ ഇനം സസ്യങ്ങളും നിഗൂഢമായ അതിന്റെ ചെരുവുകളിൽ നിന്നും മുള ചെട്ടുന്ന ജലധാരകളും വശങ്ങളിൽ വളരുന്ന ഔഷധസസ്യങ്ങളും ആരാലും കാണാതെ പോകുന്നതറിഞ്ഞാണ് പ്രശാന്തൻ പൂക്കോട്ടുമല എന്ന മനുഷ്യസ്‌നേഹി നാട്ടിലെത്തുന്നത്.മലവിളിക്കുന്നു എന്ന കഥയിലെ പ്രശാന്തൻ കോട്ടുമലയെ നമുക്ക്  നമ്മുടെ നാട്ടുമ്പുറങ്ങളിൽ വിവിധ പേരുകളിൽ കാണാം. ഗ്രാമങ്ങളിലടക്കം കൂണുപോലെ മുളച്ച ഇംഗ്ലീഷ് മീഡിയം സ്‌കുളുകൾ ഇന്ന്  സൊസൈറ്റിയിൽ വിദ്യാഭ്യാസത്തിന്റെ  അഭിമാനമായി മുദ്രയടിക്കപ്പെടുമ്പോൾ രക്ഷിതാക്കളുടെ അയോഗ്യതയാൽ  പാവപ്പെട്ടവന് അത് നിഷേധിക്കപ്പെടുന്നതിന്റെ വിലാപമാണ് ഇൻഫന്റ് ജീസസ് ബോർഡിംഗ് സ്‌കൂൾ എന്ന കഥയിൽ വിമർശന വിധേയമാക്കുന്നതെങ്കിൽ സ്ത്രീ പുരുഷ സമത്വത്തിൽ മുന്നിലെന്നഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ   സ്ത്രീയ്ക്ക് ലഭ്യമാകേണ്ട സുരക്ഷിതത്വവും നിർഭയത്വവും  ഇനിയും ഒരുപാട് അകലെയാണെന്ന സത്യം ഓർമ്മിപ്പിക്കുകയാണ് ഇരുട്ട് ഓടി മറയും മുമ്പ് എന്ന കഥയിൽ.
നവകാലത്തെ സ്ത്രീ ചിന്തകളും  പൊതു ഇടങ്ങളിൽ അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവും അവരെ എത്രമാത്രം കൂസലില്ലാത്തവരാക്കി മാറ്റിത്തീർത്തിരിക്കുന്നുവെന്നും അത് അവരുടെ ആത്മവിശ്വാസത്തിന് എത്രമേൽ ധൈര്യം നൽകിയിരിക്കുന്നുവെന്നുമുള്ള സമകാലീന പെൺ അവസ്ഥകളാണ് ഈ കഥ.
യൗവ്വനത്തിന്റെ സുഖലോലുപതയും വന്യമായ ലൈംഗികാസക്തിയും  സദാചാര ബന്ധങ്ങളെ എത്രമാത്രം ബാധിച്ചിരിക്കുന്നു എന്ന് ഒരു യുവതിയുടെയും യുവാവിന്റെയും അവിഹിത ബന്ധത്തിന്റെ കഥയിലൂടെ വിശകലനം ചെയ്യുന്ന കഥയാണ്  'പാപികളുടെ പട്ടണം'.
ദാമ്പത്യ പ്പൊരുത്തക്കേടുകളുടെ കെട്ടുപാടുകളിൽ നിന്നുള്ള മോചനമെന്നോളം രതിജന്യമായ ഒളിച്ചോട്ടങ്ങളിലേക്ക് വീടുവിട്ടു പോകുന്ന അഗമ്യഗമനങ്ങൾ ഇന്ന് സ്ഥിരക്കാഴ്ചയാണ്.  അർമാദ ജീവിതവും സാമൂഹിക അരാജകത്വവുമുള്ള  പാപികളാൽ നിറഞ്ഞ മനുഷ്യനു മുന്നിൽ  പാപത്തിന്റെ കനി തിന്നാൻ പ്രേരിപ്പിച്ച സാത്താൻ പോലും അതിശയിച്ചു തലതാഴ്ത്തുന്നു. പാപപങ്കിലരായ മനുഷ്യ ദുരകൾക്ക് മുന്നിൽ സാത്താനും മനുഷ്യനും തമ്മിലുള്ള അകലം കുറഞ്ഞു വരികയും ലോകം പാപികളായ മനുഷ്യരുടെ പറുദീസയായി മാറുകയും ചെയ്യുന്ന ദുരവസ്ഥ ചിത്രീകരിക്കുന്ന, പൊൻകുന്നം വർക്കി അവാർഡ് നേടിയ ഈ കഥയുൾപ്പെടെയുള്ള പത്ത് കഥകളടങ്ങിയ പാപികളുടെ പട്ടണം വായനക്കാരെ നിരാശരാക്കില്ല.

Latest News