Sorry, you need to enable JavaScript to visit this website.

പാക് ഇതിഹാസം സഹീര്‍ ഗുരുതരാവസ്ഥയില്‍

ലാഹോര്‍ - പാക്കിസ്ഥാന്‍ ബാറ്റിംഗ് ഗ്രെയ്റ്റ് സഹീര്‍ അബ്ബാസിനെ കോവിഡാനന്തര സങ്കീര്‍ണതകളെത്തുടര്‍ന്ന് ലണ്ടനിലെ ഒരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ദുബായില്‍ നിന്ന് ഈ മാസം 16 ന് ലണ്ടനിലെത്തിയ ശേഷം ന്യൂമോണിയ ബാധിച്ച എഴുപത്തിനാലുകാരന്‍ ഡയാലിസിസിന് വിധേയനാവുന്നുണ്ടായിരുന്നു. ലണ്ടനിലെത്തിയതിന്റെ പിറ്റേന്നാണ് സഹീറിന് അസ്വസ്ഥതയുണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ദുബായിലായിരിക്കെ കോവിഡ് ബാധിച്ചിരുന്നു. 
1969 ല്‍ ന്യൂസിലാന്റിനെതിരെ അരങ്ങേറിയ സഹീര്‍ 72 ടെസ്റ്റ് കളിച്ചിട്ടുണ്ട്. ചന്തമുള്ള ശൈലിയില്‍ കളിച്ച സഹീര്‍ അനായാസം റണ്‍സ് വാരി. നൂറിലേറെ ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്‍ക്കുടമയായ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏക ബാറ്ററായ സഹീര്‍ ഏഷ്യന്‍ ബ്രാഡ്മാന്‍ എന്നാണ് അറിയപ്പെട്ടത്. ആ കാലത്ത് ഏകദിനത്തില്‍ 85 നടുത്ത് സ്‌ട്രൈക്ക് റെയ്റ്റിലും 47 ലേറെ ശരാശരിയിലും റണ്‍സെടുക്കാന്‍ സഹീറിനെ പോലെ അപൂര്‍വം പേര്‍ക്കേ സാധിച്ചിരുന്നുള്ളൂ. 14 ടെസ്റ്റില്‍ പാക്കിസ്ഥാനെ നയിച്ചു. 
ഐ.സി.സി മാച്ച് റഫറിയായും ഐ.സി.സി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 ല്‍ ജാക്ക് കാലിസിനും ലിസ സ്തലേക്കറിനുമൊപ്പം ഐ.സി.സി ഹാള്‍ ഓഫ് ഫെയിമില്‍ അംഗമായി.
 

Latest News