Sorry, you need to enable JavaScript to visit this website.

സ്വകാര്യ മേഖല ജീവനക്കാർക്ക് വിവാഹത്തിന് അഞ്ചു ദിവസം അവധി

റിയാദ്- സൗദിയിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് വിവാഹത്തിന് അഞ്ചു ദിവസത്തെ അവധി ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിവാഹാവധി അനുവദിക്കാൻ വിവാഹം സ്ഥിരീകരിക്കുന്ന രേഖകൾ ആവശ്യപ്പെടാൻ തൊഴിലുടമക്ക് അവകാശമുണ്ട്. പുതിയ കുഞ്ഞ് പിറക്കുന്ന സന്ദർഭത്തിൽ മൂന്നു ദിവസം വേതനത്തോടു കൂടിയ അവധി ലഭിക്കാനും അവകാശമുണ്ട്. 
വനിത ജീവനക്കാരുടെ പ്രസവാവധി പത്താഴ്ചയാണ്. നിയമാനുസൃതമുള്ള പ്രസവാവധി അവസാനിച്ച ശേഷം ഒരു മാസത്തേക്കു കൂടി വേതനരഹിത പ്രസവാവധി പ്രയോജനപ്പെടുത്താൻ അവകാശമുണ്ട്. രോഗം ബാധിച്ച കുഞ്ഞോ വൈകല്യമുള്ള കുഞ്ഞോ ആണ് പിറക്കുന്നതെങ്കിലും കുഞ്ഞിന് കൂട്ടിരിക്കേണ്ടത് ആവശ്യമാണെങ്കിലും പ്രസവാവധിക്കു ശേഷം ഒരു മാസം കൂടി പൂർണ വേതനത്തോടു കൂടിയ അവധി ലഭിക്കാൻ അവകാശമുണ്ട്. ഇതിനു ശേഷം ഒരു മാസം വേതനരഹിത അവധി പ്രയോജനപ്പെടുത്താനും നിയമം അവകാശം നൽകുന്നു. 


വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്ന് തുടർപഠനം നടത്താൻ തൊഴിലുടമയുടെ അനുമതി ലഭിക്കുന്ന പക്ഷം പരീക്ഷാവധി ലഭിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്. എത്ര ദിവസത്തെ പരീക്ഷയാണോ ഉള്ളതെങ്കിൽ അത്രയും ദിവസത്തെ പരീക്ഷാവധിയാണ് ലഭിക്കുക. പരീക്ഷാവധിക്ക് പരീക്ഷയുടെ പതിനഞ്ചു ദിവസം മുമ്പ് തൊഴിലുടമക്ക് അപേക്ഷ നൽകിയിരിക്കണം. പരീക്ഷക്ക് ഹാജരാകാൻ പൂർണ വേതനത്തോടെയാണ് അവധി അനുവദിക്കേണ്ടത്. പരീക്ഷാവധി അപേക്ഷ സാധൂകരിക്കുന്ന രേഖകളും പരീക്ഷ എഴുതിയത് സ്ഥിരീകരിക്കുന്ന രേഖകളും ഹാജരാക്കാൻ തൊഴിലാളിയോട് ആവശ്യപ്പെടാൻ തൊഴിലുടമക്ക് അവകാശമുണ്ട്. 

സർവീസ് കാലത്തിനിടെ ഒരു തവണ ഹജ് നിർവഹിക്കാൻ വേതനത്തോടു കൂടി പത്തു മുതൽ പതിനഞ്ചു വരെ ദിവസത്തെ അവധിക്ക് തൊഴിലാളിക്ക് അവകാശമുണ്ട്. ഒരേ തൊഴിലുടമയുടെ അടുത്ത് തുടർച്ചയായി രണ്ടു വർഷമെങ്കിലും ജോലി ചെയ്ത ശേഷമാണ് ഹജ് അവധി ആവശ്യപ്പെടേണ്ടത്. ഹജ് അവധി ലഭിക്കാൻ മുമ്പ് ഹജ് നിർവഹിച്ചിരിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. 
അസുഖബാധിതനായി കഴിയുന്ന ദിവസങ്ങളിൽ രോഗാവധിക്ക് അവകാശമുണ്ട്. ഒരു വർഷത്തെ രോഗാവധി തുടർച്ചയായോ പലതവണയായോ പ്രയോജനപ്പെടുത്താവുന്നതാണ്. വർഷത്തിൽ മുപ്പതു ദിവസം പൂർണ വേതനത്തോടെ രോഗാവധിക്ക് അവകാശമുണ്ട്. തുടർന്നുള്ള അറുപതു ദിവസം 75 ശതമാനം വേതനത്തോടെ രോഗാവധി ലഭിക്കും. ഇതിനു ശേഷം മുപ്പതു ദിവസം വേതനരഹിത രോഗാവധിക്കും തൊഴിലാളിക്ക് അവകാശമുണ്ട്. നിയമാനുസൃത അവധികൾ പ്രയോജനപ്പെടുത്താൻ സ്വകാര്യ മേഖല ജീവനക്കാർ മടിച്ചുനിൽക്കരുതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.

Latest News